Image

സമാവർ ചായ (കഥ: വിനീത് വിശ്വദേവ്)

Published on 30 March, 2023
സമാവർ ചായ (കഥ: വിനീത് വിശ്വദേവ്)

ലോകത്തിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന രാജ്യം ചൈനയണ്. തേയില ഉൽപ്പാദിപ്പിക്കുന്ന മിക്ക രാജ്യങ്ങളിലും മെയ് മാസത്തിൽ തേയില വിളവെടുപ്പ് സീസൺ ആരംഭിക്കുന്നതിനാൽ ഭക്ഷ്യ-കാർഷിക ഐക്യരാഷ്ട്രസഭ മെയ് 21 അന്താരാഷ്ട്ര തേയില ദിനമായി പ്രഖ്യാപിച്ചു. തേയില ഉൽപാദകരാജ്യമായ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം ഇന്തോനേഷ്യ, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട താൻസാനിയ തുടങ്ങിയ രാജ്യങ്ങളാണ് മേയ് 21ന് ചായ ദിനമായി ആചരിക്കുന്നത്.

സെൽഫ് ബോയിലർ എന്നു അർത്ഥംക്കുറിക്കുന്ന റഷ്യൻ വാക്കാണ് സമാവർ. ഓടോ ചെമ്പോകൊണ്ട് ഉണ്ടാക്കിയ ഈ ലോഹപ്പാത്രത്തിന്റെ ജന്മദേശവും റഷ്യ തന്നെയായിരുന്നു. റഷ്യൻ വീടുകളിൽ ധാരാളം ആയി ഉപയോഗിക്കപ്പെട്ടിരുന്നു. ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ മുഴുവൻ കാര്യക്ഷമതയും പാഴാകാതെയും ചൂട് നഷ്ടപ്പെടുത്താതെയും വെള്ളം പാഴാക്കുന്നില്ല എന്നിങ്ങനെയുള്ള മേന്മകൾ ഒരേസമയം പ്രയോജനമാംവിധം ലഭ്യമാക്കിയതുകൊണ്ടാവാം ചായക്കടകളിൽ ഇവ വളരെയധികം സ്വീകാര്യമായിത്തീർന്നത്. ഇന്ന് നാട്ടിൻ പുറങ്ങളിലെ അപൂർവ്വം ചില ചായക്കടകളിൽ മാത്രമാണ് സമവർ പാത്രം ഉപയോഗിക്കുന്നത്. ചില പുരാവസ്തു ശേഖരണ ശാലകളിൽ അമൂല്യ പാത്രം പോലെ കാണാറുണ്ട്. എന്നിരുന്നാലും പഴമക്കാർ ഇപ്പോഴും തേടുന്നത് ആ സമാവർ ചായ തന്നെയാണ്. 

മലയാളിയുടെ ദൈനംദിനം ജീവിതത്തിലെ പ്രഭാതങ്ങൾ തുടങ്ങുന്നതുതന്നെ ആവി പറക്കുന്ന ചായയുമായിട്ടായിരിക്കും. മഴയും ആകാശവാണി വാർത്തകളും, പത്രവായനയും, നാട്ടു ചർച്ചകളും രാഷ്ട്രീയവും ഉൾക്കൊണ്ട ചായപ്പീടികയും അവിടുത്തെ കാലപ്പഴക്കംവന്ന ബെഞ്ചും ഡെസ്കും ചായക്കോപ്പയും, ചായസഞ്ചിയും സമവാർ ചായപ്പാത്രവും തെറുപ്പു ബീഡിയുടെ പിൻബലത്തിൽ പരദൂഷണം പറയുന്ന വയോധികന്മാരെയും പഴയകാത്തതിന്റെ  ഓർമയിൽ സ്മരിക്കാത്തവർ ഉണ്ടാകുമോ. അതുപോലെ തന്നെ ഒട്ടു മിക്ക മലയാളിയുടെയും ബാല്യകാലം ഓർമയിൽ കുടികൊള്ളുന്നത് കൈയ്യിൽ ചായയുമായി കോലായിയിൽ ഇരിക്കുന്ന ഗൃഹനാഥൻറെ ചിത്രം കണ്ടു വളർന്നുതുമായിരിക്കും. 

ഉമ്മറ കോലായിൽ കോച്ചിയിൽ മലർന്നുകിടന്നു വെള്ളെഴുത്തിനു വെയ്ക്കുന്ന നേർത്ത കണ്ണട മൂക്കിൻത്തുമ്പിലായി കൈകൾകൊണ്ട് ഒന്നുകൂടി ചേർത്തുവെച്ചുകൊണ്ടു മനോരമ പത്രം അതിരാവിലെ തന്നെ ചിക്കിചികയുന്ന കൂട്ടത്തിൽ അടുക്കള വാതിലുകളിലേക്കു നോക്കി ബാണാസ്ത്രം തൊടുത്തുവിട്ട പോലെ ബാബു നീട്ടി വിളിച്ചു... സുമേ ചായാ...

ആരോടോ സ്വകാര്യമായി പിറുപിറുക്കുന്ന പോലെ ബാബു പറഞ്ഞു ഇത്രയും നേരമായിട്ടും അവൾ ചായ കൊണ്ടുവന്നില്ല, അവൾ അവിടെ എന്തെടുക്കുകയാണോ ആവൊ? പിന്നീട് ഒന്നുമറിയാത്ത മട്ടിൽ ബാബു തന്റെ കൃത്യനിർവ്വഹണമായ പത്രവായന തുടർന്നുകൊണ്ടിരുന്നു. അൽപസമയത്തിനു ശേഷം വീണ്ടും സ്വരം ഒന്നുകൂടി ഘനപ്പിച്ചു വിളിച്ചു സുമേ...

കേട്ട പാതി കേൾക്കാത്ത പാതിയിൽ കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻതുള്ളൽപോലെ കറിച്ചട്ടികളോടും കഞ്ഞിക്കലത്തോടും ഉറഞ്ഞു തുള്ളികൊണ്ടു അവൾ ചോദിച്ചു? ഈ അടുക്കളയിൽ ഒരു സാദനം വെച്ചാൽ വെച്ചപ്പാട്ടിൽ കാണില്ല. എവിടെ ആ ചായപ്പാത്രം.?  തനിയെ പുലമ്പുന്ന അവളെ നോക്കി ചിമ്മിനിയുടെ ചാരേയുള്ള ജനൽ വഴിയിലൂടെ അരിച്ചിറങ്ങിയ നേരിയ വെളിച്ചം അടുപ്പുപാതകത്തിന്റെ കോണിലായി ഒളിഞ്ഞിരിക്കുന്ന ചായപ്പാത്രത്തെ കാട്ടിക്കൊടുത്തു. ചായക്കുള്ള വെള്ളം കുറ്റിയടുപ്പിൽ വെച്ചശേഷം തേയിലയും പഞ്ചസാരയും എടുക്കുന്നതിനായി സെൽഫിലേക്കു കൈ ഉയർത്തിയപ്പോഴേക്കും ഉമ്മറത്ത് നിന്നും ബാബുവിന്റെ അടുത്ത വിളി വന്നു സുമേ... നീ അവിടെ എന്തെടുക്കുവാണ്? എത്രനേരമായി ഞാൻ വിളിക്കുന്നു 

ബാബുവേട്ടാ ദേ വരുന്നു… ഇപ്പോൾ കൊണ്ടുവരാമെന്നു പറഞ്ഞുകൊണ്ടു സുമ സമാധാനപരമായി ഉമ്മറത്ത് നിന്നുള്ള ശകാരം ഒന്ന് ശമിപ്പിച്ചു.   അപ്പോഴേക്കും വലതുകൈയ്യിൽ സാരിത്തുമ്പുചേർത്തു തടപിടിച്ച ചായപ്പാത്രവും ഇടതുകൈയ്യിൽ അരിപ്പയും ചേർത്തുപിടിച്ചുകൊണ്ടു തെയ്യമാടുന്നപോലെ സുമയായി അടുക്കളയിൽ വിഹരിക്കുകയായിരുന്നു. ആവിപാറുന്ന ചായ ഗ്ലാസ്സിലേക്കു പകർത്തികൊണ്ടു മനസ്സിൽ പിറുപിറുത്തു. അല്ലേലും ഈ മനുഷ്യനു ചായ ഒരു അഞ്ചു മിനിറ്റു വൈകിക്കുടിച്ചാൽ എന്താ? ഉം ആകാശമിടിഞ്ഞു വീഴുമോ...?

ഈറൻമുടിത്തുമ്പു കറ്റകെട്ടിവെയ്ക്കുന്നതുപോലെ തോർത്തുമുണ്ടുകൊണ്ടു ചുറ്റിവരിഞ്ഞുവെച്ചായിരുന്നു സുമയുടെ രംഗപ്രവേശം. ഉദയസൂര്യന്റെ കിരണങ്ങളേറ്റു ശോഭയിലാണ്ടു മുന്നിൽവന്നു നിന്നു അവൾ പറഞ്ഞു ഇതാ ചായ. കൈയ്യിൽപിടിച്ച പത്രം പാതിമടക്കി തലയൊന്നുയർത്തിക്കൊണ്ടു ബാബു സുമയുടെ കൈയ്യിൽ നിന്നും ചായ വാങ്ങി പറഞ്ഞു, എന്റെ പതിവ് ചായ സമയത്തിന് തന്നെ തരണമെന്ന് നിനക്ക് അറിയാവുന്നത് അല്ലെ സുമേ എന്ന ശകാരഭാവത്തിൽ ബാബു ആ ചായ ഒന്നുമൊത്തി തൂണിനോടുചേർന്നുള്ള സിറ്റ് ബെഞ്ചിൽ ചേർത്തുവെച്ചു.  

ബാബുവിന്റെ നോട്ടത്തിന്റെ പൊരുൾ മനസിലാക്കിയ സുമ രണ്ടും കൽപ്പിച്ചു പറഞ്ഞു ഇന്നുമുതൽ ബാബുവേട്ടാ നിങ്ങളുടെ ചായകുടിക്കു ഞാൻ കണക്കു വെയ്ക്കുന്നുണ്ട്. ഇന്നലെ ചെക്കപ്പിന് ചെന്നപ്പോൾ ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലേ? ഓ ഓർമ്മയുണ്ട് ഓർമ്മയുണ്ട്, ഒരു അനുരഞ്ജനത്തിന്റെ പുറപ്പാട് പോലെ ബാബു ശബ്ദമൊന്നു താഴ്ത്തി പറഞ്ഞു. എന്റെ സുമേ ഈ അറുപത്തഞ്ചു കടന്നവന്റെ ചായയോടുള്ള ആസ്വാദനത്തിന്റെ മുമ്പിൽ എന്ത് കണക്കാണ് നിനക്ക് നിരത്താനുള്ളത്. അതിരാവിലെ കിട്ടുന്ന ഈ ചായയ്ക്ക് ഒരു മനുഷ്യന്റെ ദിവസംതന്നെ നിശ്ചയിക്കാനുള്ള കഴിവുണ്ട് അത് നിനക്ക് അറിയുമോ..? പോരെങ്കിലും ഇന്നത്തെ ദിവസത്തിന്റെ പ്രേത്യേകത നിനക്കറിയോ? എനിക്കൊന്നുമറിയില്ല സുമ കൈമലർത്തി ആ ആർക്കറിയാം. എന്നാ നീ കേട്ടോ സുമേ ഇന്ന് മെയ് 21 ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര തേയില ദിനമായി ആചരിക്കാനായി പ്രഖ്യാപിച്ച ദിനം. കൃഷ്ണദേവൻ തേയിലയുടെ പരസ്യമാണ് ഇന്നത്തെ പത്രത്തിന്റെ മുഖമുദ്ര തന്നെ. ദാ സുമേ നീ കണ്ണുതുറന്നു നോക്കൂ. പത്രത്തിന്റെ ഫ്രന്റ് പേജിലേക്ക് ഒന്നു കണ്ണുപരതിയ സുമ കണ്ടത് പണ്ടെപ്പോഴോ പോയപ്പോൾ കണ്ട മൂന്നാറിലെ തേയിലത്തോട്ടത്തിന്റെ ചിത്രത്തിൽ വെണ്ടയ്ക്കാ മുഴുപ്പിൽ എഴുതി ചേർക്കപ്പെട്ട വാചകം ഒന്നു വായിച്ചെടുത്തു. "മയലാളിയുടെ ദിവസത്തെ തൊട്ടുണർത്താൻ കൃഷ്ണൻദേവന്റെ സ്വന്തം തോട്ടത്തിനിന്നും തനതു രുചിയുമായി കൃഷ്ണദേവൻ ചായ." എന്റെ ബാബുവേട്ടാ എനിക്ക് ഈ വക കൊസാറാകൊള്ളി ന്യായങ്ങളൊന്നുമറിയില്ലേ എന്നമട്ടിൽ സുമ തലയാട്ടി.  ചെറു ചൂട് പാറുന്ന ചായ ഒന്നുകൂടി നുകർന്നുകൊണ്ടു ബാബു തുടർന്നു നീയും ഈ ചായയും ഒരു ലഹരി തന്നാണു പെണ്ണേ...

ബാബുവിന്റെ വാക്കും ചെറു പുഞ്ചിരികലർത്തിയ ആ കണ്ണേറിലും നാണം പൂത്തുവിടർന്ന അവളുടെ മനസ്സിനെ മുപ്പതുകൊല്ലം പിന്നിലേക്കുകൊണ്ടുപോയി. ഒന്നു പോയേ മനുഷ്യാ, നിങ്ങളുടെ പ്രേമത്തിനൊത്തു കിണുങ്ങാൻ എനിക്ക് ഇപ്പൊ സമയമില്ല. വയസാംകാലത്തു ഒരു കിന്നാരവുമായി വന്നിരിക്കുന്നുയെന്ന മട്ടിൽ സാരിത്തുമ്പു പിന്നിലോട്ടു വീശിയെറിഞ്ഞു ബാബുവിന്റെ മുഖത്ത് പതിപ്പിച്ചുകൊണ്ടു കൈകൾ ചൊടിപ്പിച്ചുകൊണ്ടവൾ അടുക്കളയിലേക്കു പതിയെ നടന്നു നീങ്ങി.

കഞ്ഞിയടുപ്പത്തെ പുകമറയെ വിറകുകൊള്ളികളെ ഊതിയുരുക്കി തീ ജ്വലിപ്പിച്ചപ്പോൾ തങ്ങളുടെ പ്രേമം നാമ്പിട്ട പാടവരമ്പുകളും വയലോരങ്ങളും നാട്ടുവഴികളും ബസുകാത്തുനിൽപ്പുരകളും എല്ലാം ഒന്നു ഓടിയൊളിക്കുംപോലെ സുമയെ ഒരിക്കൽക്കൂടി ഇക്കിളിപ്പെടുത്തികൊണ്ടു കടന്നുവന്നു. അല്ലേലും ഈ പ്രേമം എന്നുപറയുന്നത് എല്ലാകാലത്തും പൈങ്കിളിതന്നെയാണെന്നു ബാബുവേട്ടൻ പറഞ്ഞത് അവൾ ഓർത്തെടുത്തു. ജ്വലിക്കുന്ന തീ നാളങ്ങളിൽ വർണ്ണശബളമായ പ്രണയകാലത്തെ ചിത്രങ്ങൾ അവളിലേക്ക് ഒഴുകിയെത്തി. ആഴപ്പരപ്പിലേ ഒളിമങ്ങാത്ത ഓർമ്മകളിൽ ആഴ്ന്നിറങ്ങിക്കൊണ്ടു അവൾ അടുപ്പുപാതകത്തെ ചാരിനിന്നപ്പോൾ കഞ്ഞി തിളച്ചുപതഞ്ഞിറങ്ങിയ ശബ്ദതരംഗങ്ങൾ അവളെ സ്വപ്നലോകത്തുനിന്നും താഴെയിറക്കി. തടത്തുണിപിടിക്കാതെ കൈകൊണ്ടു കലത്തിന്റെ മൂടി പൊക്കിയപ്പോൾ കൈ പൊള്ളിയതുപോലെ അന്നത്തെ അവരുടെ പ്രേമ വിവാഹവും ജീവിതത്തിൽ ചെറിയ പൊള്ളലേൽപ്പിച്ച കാര്യം ചെറിയൊരു കണ്ണീർ നനവോടെ സുമ അയവിറക്കി.

ഇളം മഞ്ഞിന്റെ നേർത്ത പാളികളെ കീറിമുറിച്ചു സൂര്യ രശ്മികൾ വടക്കിനി തൊടിയിലെ പുൽനാമ്പുകളിലേ മഞ്ഞുകണങ്ങളെ ഉമ്മവെക്കുന്നതു നോക്കിയ ബാബുവിന്റെ മനസ്സിലും പ്രണയത്തിന്റെ ചാമരം വീശിയ കുളിർകാറ്റു വന്നു പതിച്ചു. മെല്ലേ നുകർന്ന ചായയുടെ ആസ്വാദന ലഹരിയിൽ പ്രണയത്തിന്നോർമ്മയിലേക്കാണ്ടുപോയി ബാബുവും. സുമയുടെ പിന്നാലെ പ്രേമതൽപരനായി നടന്നതും വിപ്ലകരമായി രണ്ടുവീട്ടുകാരെയും വെല്ലുവിളിച്ചു വിവാഹം നടത്തിയതും എല്ലാം ഓർമയുടെ ഇന്ദ്രിയങ്ങളിൽ ഒരു മിന്നൽപടർപ്പുതന്നു പോയി. ചിന്തയുടെ ശകലങ്ങൾ കാടുകേറിത്തുടങ്ങിയപ്പോൾ തലേന്ന് ചെക്കപ്പിനുപോയി കണ്ട ഡോക്ടറുടെ ചോദ്യങ്ങളുടെ നീണ്ട ലിസ്റ്റുകൾ ഉത്തരത്തിൽ നിന്നും കോവണിലായി താഴ്ന്നിറങ്ങുംപോലെ ഇറങ്ങി വന്നു.

നിങ്ങൾ ഒരുദിവസം എത്ര ചായകുടിക്കും? 
ഇത്രയും ചായകുടിയ്ക്കുന്നത് എന്തിനാണ്?
എത്ര കാലമായി ഈ ചായകുടി തുടങ്ങിയിട്ട്? 
ഇത്രയധികം ചായകുടിക്കുന്നതിൽ നിന്നും എന്താണ് നിങ്ങൾക്ക് കിട്ടുന്നത്?

പാതി നുകർന്ന ചായ ഗ്ലാസിൽ നോക്കികൊണ്ട് ബാബു തന്റെ ചായയോടുള്ള അടങ്ങാത്ത ആസ്വാദനത്തെയോ അല്ലെങ്കിൽ ഇഷ്ടത്തെയോ ഒന്നു അവലോകനം ചെയ്യാൻ ശ്രമിച്ചു. സ്പോർട്സ് പേജ് വരെ എത്തിനിന്ന പ്രത്രവായന മുഴുവിപ്പിക്കാതെ ചാരുകസേരയിൽ ഒന്നു നിവർന്നു കിടന്നു. മടക്കിയ പത്രം നെഞ്ചിൽ ചേർത്തുകൊണ്ട് ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്കു നടന്നുതുടങ്ങി.

ആദ്യമായി വീട്ടിൽ 'അമ്മ തിളപ്പിച്ചുതന്ന ചായ, ഇപ്പോഴും ആ രുചിയും മണവും വല്ലാണ്ട് അമ്മയുടെ കൈപ്പുണ്യത്തെ ഓർമപ്പെടുത്താറുണ്ട്. ആ ചായകുടിയുടെ തുടർ യാത്രകളിലേക്കു പതിയെ നടന്നു നീങ്ങി. അച്ഛനും ബന്ധുക്കളും ഇപ്പോഴും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ശാരദയുടെ കൈയ്യലുണ്ടാക്കിയ ചായയുടെ സ്വാദു കുടുംബത്തിലെ മറ്റേതു പെണ്ണ് ഉണ്ടാക്കിയാലും കിട്ടില്ലെന്ന്. ആ വാക്കുകൾ ചിലപ്പോൾ പരാമർത്ഥമാണെന്നു എനിക്കും ബന്ധുജനങ്ങളുടെ വീട്ടിൽ സർക്കീട്ടിനു ചെല്ലുമ്പോൾ തരുന്ന ചായകുടിക്കുമ്പോൾ തോന്നിട്ടുണ്ട്. പിന്നീട് പത്താം ക്ളാസ് പരീക്ഷയ്ക്ക് ഉറക്കമിളച്ചു പഠിക്കാൻ വേണ്ടി തിളപ്പിച്ചു തന്ന കട്ടൻ ചായ മുതൽ പല യാത്രയിലും പല ദേശങ്ങളിലും ചെന്നെത്തിയപ്പോൾ നുകർന്ന ചായയിലൂടെ അനുഭൂതിയുണർത്തിയ ആസ്വാദനം. കടുപ്പത്തിലും ഗുണത്തിലും മണത്തിലും ഗമിക്കുന്ന ചായയുടെ കണക്കുകൾ അങ്ങനെ നീണ്ടു നീളുന്നു.

സ്കൂൾ പഠനകാലത്തും മാതാപിതാക്കളുടെകൂടെ പോയ യാത്രകളിലും നിരവധി അനവധി ചായയുടെ രസക്കൂട്ടുകൾ നുകർന്നതും വിരുന്നു സൽക്കാരങ്ങളിലും ബന്ധുജനങ്ങളുടെ veettil നിന്നും കുടിച്ച ചായയുടെ കണക്കുകളും നിരനിരയായി വന്നുപോയിക്കൊണ്ടിരുന്നു. ഡിഗ്രി പഠനത്തിന് ശേഷം വീട് വിട്ടു ജോലിതേടിയുള്ള പ്രയാണത്തിൽ പുസ്തകങ്ങളെ ആർത്തിയോടെ തിന്നുതീർക്കുമ്പോൾ മനസ്സുനിറഞ്ഞിരുന്നു പക്ഷേ ശരീരത്തിന്റെ വിശപ്പിനെ അതിജീവിക്കാൻ ഒതുക്കിത്തീർത്ത ചായകുടികൾ മാത്രമായിരുന്നു. അങ്ങനെ എത്ര എത്ര ചായയുടെ രസക്കൂട്ടുകൾ ജീവിതത്തിൽ കുടിയേറിപ്പാർത്തു.  

അതിജീവനത്തിന്നും ഓട്ടപ്പാച്ചലിലും ഇടയിൽ വീണു കിട്ടിയ കോയമ്പത്തൂർ ഐ .റ്റി. കമ്പനിയിലെ ജോലിയും അവിടേക്കു കൂടുമാറിപ്പാർത്തപ്പോൾ നൈറ്റ് ഷിഫ്റ്റുകളിൽ കുടിച്ച എണ്ണമറ്റ ചായകൾ. പിന്നീട് ചെന്നൈയിലേക്ക് ജോലിമാറ്റം തേടിപ്പോയപ്പോൾ അവിടെ നിന്നും കുടിക്കേണ്ടി വന്ന വിവിധയിനം ചായയുടെ രുചിക്കൂട്ടുകൾ ആസ്വാദനത്തിന്റെ മറ്റൊരനുഭവമായി ഞാൻ എന്റെ ജീവിതപുസ്തകത്തിൽ എഴുതിച്ചേർത്ത്. മനുഷ്യർ പല തലങ്ങളിലൂടെ കടന്നുപോകുമ്പോൾ സാഹചര്യങ്ങളിൽ വശംവദനായി ചിലപ്പോൾ ലഹരികൾക്കോ അടിപ്പെട്ടുപോകാറുണ്ട്.  മറ്റൊരു ലഹരിക്കും അടിപ്പെടാത്ത എന്നെ മത്തുപിടിപ്പിക്കുന്ന ലഹരിപോലെ ചായക്ക് എന്നെ കീഴ്പ്പെടുത്താൻ കഴിഞ്ഞിരുന്നു. ദേശാന്തരങ്ങളിലൂടെ ഒരുപാടു ഓർമ്മകൾ സമാവർ പാത്രത്തിൽ പാലൊഴിക്കുംപോലെ എന്നിലേക്കു കുത്തിനിറച്ചുകൊണ്ട് കടന്നുപോയിരുന്നു.

ചെന്നൈയിലെ വടപഴനി മുരുകൻ കോവിലിൽ ആഴ്ചയിലൊരിക്കൽ സന്ദർശകനായിരുന്നു സമയത്തു തൊട്ടടുത്തുള്ള ശരവണഭവ ഹോട്ടലിലേ സ്റ്റീൽ ഗ്ലാസിൽ കിട്ടുന്ന ഒരു തുടം ചായക്കും ഉഴുന്ന് വടയ്ക്കും ഇന്നും എന്നോട് സ്വകാര്യമായി പറയാൻ തമിഴ് പുടവയിലും ദാവണിയിലും മല്ലിപ്പൂവും കനകാംബരവും കൊളുന്തും ചൂടിവന്ന പെണ്കൊടിമാരുടെയും വാസനയേറ്റതും നയനമനോഹാരിതമാക്കിയതുമായ ഒരുപാടു കഥകളുണ്ടാകും. വിശ്രമ വേളകളിലും ചങ്ങാതിമാരൊത്തു കൂടുമ്പോളും ചില നേരംപോക്കുകളേ തള്ളി മാറ്റിക്കൊണ്ട് ഒരു മേശക്കപ്പുറവും ഇപ്പുറവും ഇരുന്നു സൊറപറച്ചിലുകൾക്കു കൂട്ടായി കുടിച്ചുതീർത്ത ചായകളും. മണിശങ്കർ അണ്ണന്റെയും മുരുകാണ്ണന്റെയും കൽപാത്തിക്കാരൻ വെങ്കിട്ട ഷേണായിയുടെയും പ്രേത്യേകമായി സമോവർ പത്രത്തിൽനിന്നും വിളമ്പിത്തന്ന ചായയുടെ രുചിയും മണവും സ്വാദും കടുപ്പവും എല്ലാം തന്നെ ഇപ്പോഴും തന്റെ നാവിൻ തുമ്പിൽ നിന്നും വിട്ടുപോയിട്ടില്ല എന്ന കാര്യം ബാബു ഓർത്തെടുത്തു.

സമാവർ പാത്രത്തിൽ തിളച്ചു മറിയുന്ന പാലിന് ആനുപാതികമായി ചേർത്ത് കൂട്ടുന്ന കട്ടൻ ചായയും അതിനു മേൻപൊടിയായി സ്നേഹത്തിൽ ചാലിച്ചു പുഞ്ചിരിയാൽ ചേർക്കുന്ന മധുരവും ഒരു ലഹരിയായി തന്നെ മാറ്റിമറിച്ചത് ചെന്നൈലെ ജീവിതമാണെന്ന് ബാബു ഓർത്തെടുത്തുകൊണ്ടു പാതി നുകർന്ന ചായ ഗ്ലാസിൽ നിന്നും വീണ്ടും ഒന്ന് മൊത്തിക്കുടിച്ചു തീർത്തുകൊണ്ടു ചായ ഗ്ലാസ് തൂണിനു താഴെ മാറ്റി വെച്ചു. തന്റെ പ്രഭാത പത്ര പാരായണം മുഴുവിപ്പിക്കാനായി ചാരുകസേരയിൽ ഒന്നുകൂടി നിവർന്നിരുന്നുകൊണ്ടു വായന മുഴുവിപ്പിച്ച പത്രം മടക്കുമ്പോൾ ചായപ്രേമം മൂത്ത ഗതകാല സ്മരണപോലെ ഒന്നുകൂടി ചേർക്കപ്പെട്ടു. പിന്നീട് ആ ചായപ്രേമം സൗഹൃദ സംഭാഷണങ്ങളിൽ, നേരമ്പോക്കുകൾക്കായി, യാത്രാമധ്യത്തിൽ, മീറ്റിങ്ങുകളിൽ അങ്ങനെ ജീവിതത്തിന്റെ നാനാതുറകളിൽ അഭിവാജ്യമായി മാറ്റപ്പെട്ടിരുന്നു. 

അന്ന് ലഹരിയോടോ മദ്യത്തിനോടോ അടിപ്പെടാതെ താൻ ആസ്വാദന രസം കണ്ടെത്തി നുകർന്ന ചായകൾക്കുള്ള മണവും രുചിയും ഗുണവും എല്ലാം ഇപ്പോഴും ബാബുവിനെ ഒരു ലഹരിപോലെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. വിദൂരതയിലേക്ക് നോക്കികൊണ്ട് ബാബു ഒന്നുകൂടി മനസ്സിൽ പറഞ്ഞു പൂർത്തിയാക്കി. മനുഷ്യജീവിതത്തിൽ നാം എന്തിനെങ്കിലും അടിമപ്പെടാതെ ജീവിതം താതാത്മ്യം പ്രാപിക്കില്ലല്ലോ? ചിലർക്ക് പ്രേമമാകാം ചിലർക്ക് മദ്യവും മയക്കുമരുന്നോ മറ്റുചിലർക്ക് കാമമോ അങ്ങനെ വൈവിധ്യമാർന്നു ഉൽഭവിക്കുന്നു എന്നുമാത്രം. തന്റെ ജീവിതത്തിലെ സുമയോടുള്ള അടങ്ങാത്ത പ്രേമവും ചായയോടുള്ള ആസ്വാദന ഭ്രമവും ഇന്നും ബാബു കൂടെ കൂട്ടായി കൊണ്ടുപോകുന്നു.

കുളിക്കുന്നതിനുള്ള ചൂടുവെള്ളം ബാത്ത് റൂമിൽ എടുത്തു വെച്ചിട്ടുണ്ട് ബാബുവേട്ടാ എന്നു സുമയുടെ വിളി വന്നപ്പോഴേക്കും തന്റെ ദിനചര്യയിലേക്കു ബാബു കടന്നു. ഇതിനിടയിൽ സുമ അടുക്കളയിലെ മദ്ധ്യാഹ്നത്തിന് വരെയുള്ള പാചക കസർത്തുകൾ ഒരു പരിധി വരെ പൂർത്തിയാക്കിയിരുന്നു. പ്രാതലിനായി ബാബുവേട്ടന് ഇഷ്ടപ്പെട്ട ഇഡ്ഡലിയും മല്ലിയിലയിട്ട സാമ്പാറും വെള്ളചമ്മന്തിയും ചമ്മന്തിപ്പൊടിയും നല്ലെണ്ണയും ഡൈനിംഗ് ടേബിളിൽ നിരന്നിരുന്നു. പൂജാമുറിയിൽ വിളക്കുകൊളുത്തി രാസ്നാദിപ്പൊടി തലയിൽ തിരുമ്മി ഈറൻ കച്ചതോർത്തു മാറ്റി ഒറ്റമുണ്ടുടുത്തു ബാബുവും ഹാളിൽ വന്നിരുന്നു. സുമേ വരൂ നമുക്ക് കഴിക്കാം ... എന്നത്തേയും പോലെ വളരെ സന്തോഷവതിയായി സുമയും തന്റെ പ്രിയ ഭർത്താവിന്റെ അരുകിൽ വന്നിരുന്നു. പതിവുപോലെ ആദ്യത്തെ ഒരു ഉരുള അവൾക്കു നൽകി. മുപ്പത്തഞ്ചു വർഷത്തെ പ്രണയവും ദാമ്പത്യവും ഊട്ടിയുറപ്പിച്ച സ്നേഹബന്ധത്തിന്റെ അതി വിശിഷ്ടമായ സ്വാദു അന്നും അവൾ കൊതിയോടെ കഴിച്ചു. ഏലക്കായിട്ടു തിളപ്പിച്ച ചായ ഒന്ന് കുടിച്ചുകൊണ്ട് ബാബു സുമയോട് പറഞ്ഞു. ആളൊന്നൊഴിച്ച പാലും പാകത്തിനൊത്ത മധുരവും വെന്ത തേയിലയുടെ മണവും ഗുണവും ചേർന്ന ചായപോലെ നമ്മുടെ ജീവിതവും എത്ര സുന്ദരമായി ഇപ്പോഴും തുടരുന്നു.

 

 

Join WhatsApp News
Joy 2023-03-30 10:14:47
രസക്കൂട്ട് നിറഞ്ഞ ചായക്കഥ.
Divya Sabil 2023-03-30 10:16:59
നല്ല കഥ.
Jayalakshmi A 2023-03-30 10:20:04
Nice Story..
Karthika 2023-03-30 10:22:45
Good story.
Anuraj A 2023-03-30 10:26:16
നല്ലൊരു ചായകുടിച്ചപോലേ പറഞ്ഞ കഥ.
Ansal 2023-03-30 10:29:18
ആസ്വാദനമികവുറ്റ നല്ല കഥ.
Sudhir Panikkaveetil 2023-03-30 12:59:07
നല്ല കഥ... ഒരു ചായ എടുക്കട്ടോ
vipin 2023-03-30 15:07:07
good one
Mahmoud 2023-03-30 15:11:39
ചായ ഇഷ്ടപ്പെട്ടുന്നപോലെ നല്ലൊരു കഥ
Dheeraj 2023-03-30 15:23:35
സുമയുടെയും ബാബുവിന്റെയും പ്രേമംപോലെ നല്ല ഒരു ചായകുടിച്ച അനുഭവം തന്ന കഥ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക