Image

സഖാവ് നസീറിന്റെ ഒളിവു ദിനങ്ങൾ (യഹിയാ മുഹമ്മദ്)

Published on 30 March, 2023
സഖാവ് നസീറിന്റെ ഒളിവു ദിനങ്ങൾ (യഹിയാ മുഹമ്മദ്)

ഗോവിന്ദൻ കുട്ടി മരിച്ചിട്ട് ഇന്നേക്ക് ഒരാഴ്ചയാവുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ആ മരണം ചെറിയ കോലാഹലമൊന്നുമല്ല നാട്ടിൽ സൃഷ്ടിച്ചത്. ഓർക്കാട്ടേരി ടൗണിലും പരിസര പ്രദേശങ്ങളിലും കരിങ്കൊടി നിറഞ്ഞു. അനുശോചന സമ്മേളനം, വിലാപയാത്രകൾ, ഹർത്താലുകൾ, അതിനു പുറമേ പലയിടങ്ങളിലായുള്ള കയ്യാങ്കളികൾ...  വീടുകൾക്ക് നേരെയുള്ള കല്ലേറുകൾ!.

അദ്ദേഹമൊരു സമൂഹിക പ്രവർത്തകനായിരുന്നു. ജനസേവകൻ എന്നു പറയുന്നതിലും തനി രാഷ്ടിയക്കാരൻ എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.

അങ്ങാടിയിലും ,നാട്ടിൻ പുറങ്ങളിലും റോന്തുചുറ്റിയ പോലീസുകാരെ ഇന്നലെയാണ് പിൻവലിച്ചത്. ഒരു പൂട പോലിസ് ബസ്സ് കാവലുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിലും. ഇവിടെ യായിരുന്നല്ലോ ഗോവിന്ദൻ കുട്ടിയുടെ വീട്. ഇപ്പോൾ കാര്യങ്ങൾ ഏറെക്കുറേ ശാന്തമാണ്.

സഖാവ് രാമേട്ടനെയും, രാഘവേട്ടനെയും, ബഷീറിനെയും വിളിച്ചിട്ടു കിട്ടുന്നേയില്ലല്ലോ. ഒളിവിൽ പോയെന്നാണ് പുറം വർത്തമാനം. എന്തു തന്നെയായാലും രാമേട്ടൻ എന്നെ വിളിക്കാതിരിക്കില്ല.

ഉച്ചമയക്കത്തിലേക്ക് കണ്ണൊന്ന് വലിഞ്ഞതേയുള്ളൂ. അപ്പോഴാണ് ഫോൺ ശബ്ദിച്ചത്. വല്ലാത്ത ശബ്ദമാണതിന്. അതൊരു കണക്കിന് നല്ലതു തന്നെ. പറമ്പിലോ ആലയിലോ ആയിരിക്കും ഉമ്മ.
ഈ അടുത്തായി ചെവി ഇത്തിരി കുറവാണ്. മൊബൈൽ വന്നതിൽ പിന്നെ ഉമ്മയല്ലാതെ മറ്റാരും ലാൻഡ്ഫോണുപയോഗിക്കാറില്ല.
ഉമ്മ ഫോണെടുത്തു.

ഉറക്കം പിടിവിടാതെ നസീറിനെ ബെഡിൽ തന്നെ അമർത്തിക്കിടത്തി. രാത്രി ഉറക്കത്തെക്കാളും പ്രാധാന്യമുണ്ട് നസീറിന് ഉച്ചമയക്കം. നിന്നോ കിടന്നോ ഇരുന്നോ അവനുറങ്ങും. ഗൾഫിൽ നിന് കിട്ടിയ  ശീലമാണ്. പ്രവാസത്തോട് വിട പഞ്ഞിട്ട് ആറേഴ് വർഷമായെങ്കിലും ഈ ശീലം അങ്ങനെ വിട്ടൊഴാതെ നിന്നു.

കുറേയൊക്കെ സമ്പാദിച്ചു. പിന്നെ വീടുവെക്കണ്ട മക്കളില്ല ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാലോ. വടകര ക്യൂൺസ് റോഡിൽ ഒരു റെഡിമെയ്ഡ് കട തുടങ്ങി. അല്ലറ ചില്ലറ റിയൽ എസ്‌റ്റേറ്റും. ആവശ്യത്തിന് രാഷ്ട്രിയ പ്രവർത്തനവും. ഇപ്പോൾ നട്ടിൽ തട്ടില്ലാതെ ജീവിച്ചു പോവാൻ രാഷ്ട്രീയത്തിൻ്റെ ഒരു പിടിവള്ളി നല്ലതാണ്. അതൊരു കവചയാണ് നസീറിന്.

"നസീറേ രാമേട്ടനാ ഫോണില്"

അതുവരെ പുണർന്നു കിടന്ന ഉടക്കിനെ കുടഞ്ഞു മാറ്റി നസീർ ചാടി എണീറ്റു.

"ഹലോ രാമേട്ടാ"

"നസീറേ ഞങ്ങള് ഒളിവിലാ.. ഇന്നോ നാളയോ നിന്നെ തേടി പോലീസു വരും. നീ പിടികൊടുക്കരുത്, ഒളിക്കണം"

"എന്താ രാമേട്ടാ ഇതൊക്കെ?"

"രണ്ട് ദിവസത്തെ വിഷയേ ഉള്ളൂ. പിന്നെ നായ്മനോജും കപ്പിത്താൻ ജാഫറും കുറ്റമേൽക്കും. പിടി കൊടുക്കും"

"അതിന് എന്നെ എന്തിനാ പോലീസ് പിടിക്കുന്നേ അതുമായിട്ട് നമുക്കാർക്കും ഒരു ബന്ധവുമില്ലല്ലോ പിന്നെന്താ?"

"അതൊക്കെ പിന്നെ പറയാം. ഹാ നസീറെ
നാട്ടുകാർക്കിടയിലും ഇതിനു പിന്നിൽ നീയാണെന്നൊരു സംസാരമുണ്ട്. ഗോവിന്ദൻ കുട്ടിയുമായിട്ട് ഏറ്റവും അവസാനം ശണ്ഠ കൂടിയത് നീയല്ലേ!! അന്ന്  നീ കൊന്നുകളയുമെന്നൊക്കെ പറഞ്ഞില്ലേ "

"അത് അപ്പണത്തെ ദേഷ്യത്തിന്"

നസീറിൻ്റെ തൊണ്ട ഇടറാൻ തുടങ്ങി.
ഫോൺ പെട്ടെന്നു കട്ടായി. വല്ലാത്തൊരു വെപ്രാളം. രാമേട്ടൻ പറഞ്ഞതു പോലെ ചെയ്യാം. പിടികൊടുക്കരുത്.

വടകരയുടെ പ്രാന്തപ്രദേശങ്ങളിലെവിടെയെങ്കിലും ഒരു ഇലയനക്കമുണ്ടായാ അത് രാമേട്ടൻ അറിയാതിരിക്കില്ല.

രാമേട്ടനറിയാതെ പാർട്ടിയിൽ ഒരു വിരലു പോലും അനങ്ങില്ല. ആരെ കൊല്ലണമെന്നും ആര് സറണ്ടറാകണമെന്നും രാമേട്ടൻ പറയും. അവർ ഒരു വിഷമവുമില്ലാതെ അതേറ്റെടുക്കും. അവർക്കൊക്കെ എല്ലാത്തിനേക്കാളും വലുത് പാർട്ടിയാണ്

*** *** *** *** *** ***

"മണ്ണിനൊക്കെ ഇപ്പം നല്ല വിലയാണ്. നസീർക്കാൻ്റെ മേലേ പറമ്പീന്ന് നന്നായൊന്ന് താത്തിവലിച്ചാ 200 ലോഡെങ്കിലും കിട്ടും". ടിപ്പറ് മധു രണ്ട് ദിവസായി ഇതും പറഞ്ഞ് പിന്നാലെ കൂടീട്ട്.

"ലോഡിന് 650 തരുവേ നീ വലിച്ചോ"  നസീറ് തീർത്തു പറഞ്ഞു. അധികം തർക്കിക്കാനൊന്നും നിന്നില്ല, മധു സമ്മതം മൂളി
"ഹാമധു അതോടൊപ്പം  തന്നെ ആ കുറുപ്പാളെ പറമ്പൂടി ഒന്നു വൃത്തിയാക്കണം. കൈതക്കാടും കുളവുംനേത്തി. വയസൻ മാവും മുറിച്ച പാതി വൃത്തിയായി "

"അതൊക്കെ നമുക്ക് ശരിയാക്കാന്ന് നാളെക്കാലത്ത് 7 മണിയാവുമ്പോഴെക്ക് ജെസിബി വരും കെട്ടാ"

ആദ്യമൊക്കെ നന്നായി കല്ലുകൊത്തിയ പറമ്പാ ഇപ്പം കല്ല് പൊടിയുന്നു അതോടെ കൊത്തല് നിർത്തി. മണ്ണ് വലിച്ച് നിരപ്പാക്കി കുറുപ്പാളെ പറമ്പും കൂട്ടി ഒരു ഫ്ലോട്ടാക്കിയാ നല്ല വില കിട്ടും. അതു വരെ വേണേകുറച്ച് വാഴയോ മരച്ചീനിയോ വെക്കലൊ. 


പാർട്ടി ഓഫീസിൽ രാമേട്ടൻ തനിച്ചാണ്. മണ്ണു വലിയുടെ കാര്യം പറഞ്ഞു. 

"പ്രകൃതി വിരുദ്ധമാണ് പഞ്ചായത്തറിഞ്ഞാ ഇടപെടും. ആരും പരാതിപ്പെട്ടില്ലേ പ്രശ്ണേന്നുല്ല. പാർട്ടിക്കാരിടപെടില്ല. നിൻ്റെ കാര്യം നമ്മളെങ്ങനയാ മുടക്കുക! നടക്കട്ടെ."

"ശരി രാമേട്ടാ"

"ഹാ പിന്നൊരു കാര്യം. അഥവാ വല്ല പ്രശ്ണേ ഉണ്ടവു ആണേ അപ്പം നിർത്തിക്കോ. പിന്നെ എപ്പ വേണേലും വീണ്ടും വലിക്കാലോ "

കൃത്യം ഏഴു മണിക്കു തന്നെ ജെസിബി വന്നു. നാല് ട്രിപ്പ് പോയി. 
"എടേലും റോഡുമ്മലും ആൾക്കാര് കൂഡീക്ക്ണ്." ലോറി ഡ്രൈവറാണ് പറഞ്ഞത്. 
അവർ നസീറിൻ്റെ വിട്ടുമുറ്റത്തെത്തി.
ഗോവിന്ദൻ കുട്ടിയുടെ നേതൃത്വത്തിൽ ഒരു പറ്റം കോൺഗ്രസ് പ്രർത്തകർ.

"നസീറേ മണ്ണു വലി നിർത്തണം. ഇത് പ്രകൃതി ചൂഷണമാണ്"

ഇത് പ്രകൃതി സ്നേഹമൊന്നുമല്ലെന്ന് നസീറിന് നന്നായറിയാം. എത്ര വയലുകൾ ഗോവിന്ദൻ കുട്ടി നികത്തിയിട്ടുണ്ട്. നസീർ പാർട്ടിക്കാരനായത് കൊണ്ട് എതിർക്കുന്നു. അല്ലെങ്കിലും രാഷ്ട്രീയക്കളി അങ്ങനെയാണല്ലോ സ്വന്തം പാർട്ടിക്കാരുടെ ചെയ്തികളെ അംഗീകരിക്കുകയും എതിർ പാർട്ടിക്കാരെ എതിർക്കുകയുംചെയ്യുക.

വഴക്കു മൂത്തു മണ്ണ് വലി നിർത്തിവെച്ചു. ശണ്ഠക്കിടയിൽ അറിയാതെ "നിന്നെ കൊന്നുകളയും" എന്നു പറഞ്ഞത് നേരാണ്.
അങ്ങനെ എന്തൊക്കെ നമ്മള് പറയുന്നു അതും ഇതുമായി എന്തു ബന്ധം!! ചില സമയങ്ങളിലെ നാക്കിൻ്റെ കസർത്ത് അത്രമാത്രം.

"അവനെ കൊല്ലേണ്ടതു തന്നെയാണ്" പാർട്ടിയോഫീസിൽ വച്ച് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ രാമേട്ടൻ പ്രതികരിച്ചു. ആ കണ്ണുകൾ ഒരു കൊലക്കത്തിയുടെ മൂർച്ചയേറിയ മിനുമിനുപ്പ് എന്നിലേക്ക് പാഞ്ഞു വന്നു.

**********************

രണ്ടു ദിവസത്തേക്ക് ഒളിക്കാൻ ഒരിടം. ഉമ്മ നസീറിനെയും കൂട്ടി വീടിൻ്റെ പിന്നാമ്പുറത്തെ ഗോവണി കയറി. ടെറസിൻ്റെ മുകളിൽ ഓലമേഞ്ഞ വിറകു മുറിയായിരുന്നു അത്.
"ഈ വീടിൽ ഇങ്ങനെ ഒരു ഇടമോ? ഞാൻ കണ്ടില്ലല്ലോ"

"അതിനൊക്കെ നിനക്കെവിടെയാ നേരം. നേരം വെളുത്ത ബൈക്കു എടുത്തിറങ്ങും. പിന്നെ നാടുറങ്ങിയാ കേറി വരും. നിൻ്റെ ചുറ്റുള്ളത് എന്തേലും നീ കാണുന്നുണ്ടോ.?
വടക്കേലെ മാതു ഏട്ടത്തി രണ്ടൂസം മുമ്പ് പറഞ്ഞിരുന്നു. നസീറിൻ്റെ പൊടിപോലും  കാണുന്നില്ലല്ലോ എന്ന്"

ഒരു പ്രായം കഴിഞ്ഞാപിന്നെ നമ്മൾ ചുറ്റുമുള്ളതൊന്നും കാണില്ല. സമയമില്ലാത്ത ഓട്ടം. ഉമ്മ പറഞ്ഞതും ശരിയല്ലേ.. ഇത്രയും കാലം ഞാൻ അന്ധനല്ലേ. ഒന്ന് ആസ്വദിച്ച് ബാത്ത് റൂമിലിരിക്കാൻ പോലും നേരമില്ലാത്ത ഓട്ടം.

നേരം ഇരുട്ടുമൂടി. നസീർ അവിടുന്ന് എഴുന്നേറ്റ് കുറുപ്പാളെ
പറമ്പിലേക്ക് നടന്നു വിജനമായ കുറ്റിക്കാടുകൾ നിറഞ്ഞ പറമ്പിലെ കുളത്തിന് ചുറ്റുമുള്ള കൈതക്കാടിന്റെ പൊന്തയിൽ ചെന്നിരുന്നു. ഇവിടെ ആരും അത്ര പെട്ടെന്ന് എത്തിപ്പെടില്ല. ഈ പറമ്പ് അവന് പെറ്റമ്മയെ പോലെ സുപരിചിതമാണ്. ഒരോ ഭാഗത്തേക്ക് നോക്കുമ്പോഴും ഓർമ്മയുടെ കോളിളക്കങ്ങൾ.

നല്ല നിലാവുണ്ട്. പൂർണ്ണചന്ദ്രൻ പുഞ്ചിരിച്ചു നിൽക്കുന്നു. ചുറ്റുപാടുകൾ തന്നെ വാരിപ്പുണരുന്നതുപോലെ അവനു തോന്നി. എൻ്റെ ഒരു വരവിനെ പ്രതീക്ഷിച്ചു നിന്നിരുന്നോ ഇവർ. ചിലപ്പൊ ഉണ്ടായിരിക്കും. ഈ കുളത്തിൻ്റെ മാറിൽ തുള്ളിക്കളിച്ച കുട്ടിക്കാലം.
 മുങ്ങാംകുഴിയിട്ടും, മലക്കം മറഞ്ഞും ഈ കുളത്തിൽ ആർത്തുല്ലസിച്ച കാലം. അന്നൊക്കെ  കുളത്തിലെ എൻ്റെ കസർത്ത കാണാൻ ആൺകുട്ടികളും പെൺകുട്ടികളുംകരയിൽ ആവേശത്തോടെ വന്നു നിൽക്കും ഞാനും മുഹമ്മദും സഫീറും മുങ്ങാംകുഴിയിടും.കരയിൽ നിന്നവർ എണ്ണും .ഒന്ന്, രണ്ട്, മൂന്ന് ,പതിനാല്, പതിനഞ്ച്, ഇരുപത്, ഇരുപത്തഞ്ച് ഏറ്റവും അവസാനം ഞാനാണ് പൊന്തുക. ബാപ്പയോടൊപ്പം ആന്ധ്രയിലെ കൃഷ്ണാ നദിയിൽ നിന്നാണ് നീന്തല് പഠിച്ചത് എന്ന ഖ്യാതി എനിക്കുണ്ടായിരുന്നു അത് കൊണ്ടു തന്നെ നാട്ടിലെ ഏറ്റവും മികച്ച നീന്തക്കാരൻ്റെ പട്ടം എനിക്ക് ലഭിച്ചു.
അന്നൊന്നും ഒരു ദിവസം പോലും വരവ് മുടക്കാറില്ലല്ലോ. കുളം തൻ്റെ തണുപ്പു കൊണ്ട് നസീറിനെ പുതപ്പിച്ചു. കൈതയുടെ കൈകൾ അവനെ ഒന്നുകൂടി തൊട്ടു നോക്കി. 

കണ്ണാരം പൊത്തിക്കളിക്കുമ്പോൾ ഒളിച്ചിരുന്ന മൂവാണ്ടൻ മാവവനെ മാടി വിളിച്ചു. കുട്ടിക്കാലത്ത് ഓടിത്തളരുമ്പോൾ തളർന്നിരുന്ന അതിൻ്റെ വലിയ വേരുകൾക്കിടയിൽ മാവവനെ കിടത്തി തലോടി. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത നിർവൃതിയിൽ അവൻ മുകളിലേക്ക് നോക്കി.

ഈ മരത്തിനു മുകളിൽ ഇപ്പോഴും പക്ഷികളുടെ കൂട്ടുണ്ടാവുമോ. ഉണ്ടാവും. അന്നൊക്കെ ഒരു പാട് പക്ഷികൾ ഈ മരത്തിൽ കൂട്ടുകൂട്ടിയിരുന്നു. അവറ്റകൾ ഇപ്പോഴും അങ്ങനെ തന്നെയായിരിക്കും. വികസനങ്ങളും മാറ്റങ്ങളും അവയ്ക്ക് ബാധകമല്ലല്ലോ. പൗരത്വ പ്രശ്നങ്ങളോ ഊരുവിലക്കോ, അധികാര തർക്കങ്ങളോ അവർക്കിടയിലില്ലല്ലോ. അവരിപ്പോഴും പഴയതുപോലെ തന്നെ. മാറിയത് ഞാനാണ്, നമ്മളാണ്...

നിലാവിൽ കുളിച്ച് കിടക്കുന്ന ഒരു മരമാണ് ഇപ്പോൾ നസീർ. ആ മരം ആകാശത്തോളം വലുതായി അമ്പിളിമാമനെ തൊട്ടു. കുട്ടിക്കാലത്ത് എനിക്കൊപ്പം യാത്ര ചെയ്തവന്നല്ലേ നീയ്യ്. അന്ന് ബാപ്പക്കൊപ്പം കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ കാല് കഴച്ച് നടക്കാതെ മടച്ച് നിൽക്കുമ്പോൾ ബാപ്പ അമ്പിളിമാമനെ കാണിച്ചു തരും. 

"മോൻ നടക്കുമ്പ അമ്പിളിമാമൻ മോനോടൊപ്പം വരും " നടന്നു. അമ്പിളിമാമനും വന്നു വീടുമുറ്റം വരെ. എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരൻ.

കാമുകിയുടെ വിവാഹ ദിവസം. നെഞ്ച് തകർന്ന് നിന്നപ്പോ ഒരു കുടം നിലാവ് കൊണ്ടവന്നെന്നെ പൊതിഞ്ഞു. ഇപ്പോൾ ഈ ഏകാന്തയിലും. ക്ഷമിക്കുക.. അതിനിടയിൽ ഞാനല്ലേ നിങ്ങളെ മറന്നത്.

ആ പറമ്പിൻ്റെ കിഴക്കേ ഭാഗത്തെ ഇടിഞ്ഞു പൊളിഞ്ഞ നായർ തറവാടിൻ്റെ മുറ്റത്ത് നസീർ ചെന്നു നിന്നു. അതിൻ്റെ മുറ്റത്തെ ദ്രവിച്ച തുളസി തറക്ക് ചുറ്റും അവൻ്റെ ബാല്യം ഓടിക്കളിക്കുന്നുണ്ടായിരുന്നു. എന്നോ കെട്ടുപോയ ഒരു തിരിയിൽ  വിളക്കു കൊളുത്താനായെത്തി ഗോപിക ടീച്ചർ വന്നു.

''എടാ ചെക്കാ, കളിക്കാതെ ഉമ്മറത്ത് പോയിരുന്ന് പടിക്കെടാ"

ഉമ്മറത്തെ ചാരുകസേരയിൽ നാരായണക്കുറുപ്പ് ഇരിക്കുന്നുണ്ട്. വീട്ടിൻ്റെ ഉള്ളിൽ നിന്നും ഒരു കുറിഞ്ഞിപ്പൂച്ച ഓടി വന്ന് കലിനു ചുവട്ടിൽ വട്ടംചുറ്റി. പുഞ്ചിരിച്ചു നിൽക്കുന്ന അമ്മാളു അമ്മ, മുട്ടോളം മുടിയുള്ള ഗോപികേച്ചി, ചാരുകസേരയിൽ ചാരിയുറങ്ങുന്ന നാരായണക്കുറുപ്പ്, എൻ്റെ ബാല്ല്യം, മൂവാണ്ടൻ മാവ്, അമ്പിളിമാമൻ, കുളം, കൈതക്കാടുകൾ, കുളത്തിൻ്റെ ഓരം പറ്റിയ പൊന്തക്കാട്, കോക്ക്രാച്ചിത്തവളകൾ, എല്ലാം എല്ലാം എൻ്റെ വരവും കാത്ത് എന്നെങ്കിലും വരാതിരിക്കില്ല എന്ന പ്രതീക്ഷയിൽ. ഞാനല്ലേ എല്ലാം മറന്നത്.

ആ രണ്ടു ദിവസങ്ങൾ നസീർ അവിടെ കഴിച്ചു കൂട്ടി. പഴയ കളിച്ചങ്ങാതിയെ തിരിച്ചു കിട്ടിയ ആവേശത്തിൽ അവരവനെ നെഞ്ചോടു ചേർത്തു. അതു വരെ കിട്ടാത്ത ഏതോ നിർവൃതിയിൽ അവൻ പൊന്തക്കാട്ടിലെ  കുളത്തോടു ചേർന്നുള്ള ചെരിവിൽ അന്തിയുറങ്ങി. ക്രോക്കാച്ചിത്തവളകൾ മിഴിയടക്കാതെ അവനു കാവലിരുന്നു.

*****************

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക