Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 30 March, 2023
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

വിവാദമായ മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് പാട്ന കോടതിയുടെയും നോട്ടിസ്. ഏപ്രില്‍ 12ന് നേരിട്ട് ഹാജരായി മൊഴി നല്‍കാനാണ് നിര്‍ദ്ദേശം. 'എല്ലാ കള്ളന്മാരുടേയും പേര് മോദിയെന്ന് ആയതെങ്ങനെ' എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. 2019 ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിലായിരുന്നു ഈ വിവാദ പരാമര്‍ശം.
**************
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങാന്‍ മൂന്ന് നിബന്ധനകള്‍ പോലീസിന് മുന്‍പാകെ വച്ചതായി സൂചന. താന്‍ കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം, തന്നെ പഞ്ചാബ് ജയിലില്‍ പാര്‍പ്പിക്കണം, പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്നാണ് വിവരം. കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അമൃത്സറിലടക്കം സുരക്ഷ ശക്തമായി തുടരുകയാണ്.
**************
പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു. നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചത്. നിലവില്‍ പാക് സര്‍ക്കാരിന്റെ '@GovtofPakistan' എന്ന ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കില്ല.
***************
തൃശൂര്‍ മുപ്ലിയത്ത് ആറ് വയസ്സുകാരന്‍ അതിദാരുണമായി കൊല്ലപ്പെട്ടു. അതിഥി തൊഴിലാളിയുടെ മകനായ നാജുര്‍ ഇസ്ലാം ആണ്. കുട്ടി വെട്ടേറ്റ് മരിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും തമ്മിലുണ്ടായ അടിപിടിക്കിടെയാണ് സംഭവം.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. കുട്ടിയുടെ അമ്മ നജ്മയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരുടെ പരിക്കും ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മാവന്‍ ജമാലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 
*******************
കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊലക്കേസിലെ വിധി ഏപ്രില്‍ നാലിന് പ്രഖ്യാപിക്കും. മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതിയാണ് വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. ഈ മാസം പത്തിനാണ് കേസിലെ അന്തിമവാദം പൂര്‍ത്തിയായത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപെടുന്നത്. 
*********************
സൂര്യഗായത്രിക്കൊലക്കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി. വിവാഹ ആലോചന നിരസിച്ചതിനാണ് സൂര്യഗായത്രി എന്ന യുവതിയെ അരുണ്‍ കുത്തികൊന്നത് കേസില്‍ നാളെ വിധി പറയും. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി സൂര്യഗായത്രിയെയാണ് വീട്ടില്‍ കയറി സുഹൃത്തായിരുന്ന അരുണ്‍ കുത്തി കൊലപ്പെടുത്തിയത്.ഭിന്ന ശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് 20 വയസ്സുകാരിയായ മകളെ 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്. 
**************************
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ യുകെയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യവസായിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ ലളിത് കുമാര്‍ മോദി. യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാരനാണെന്നും ലളിത് മോദി പറഞ്ഞു. അന്താരാഷ്ട്ര കോടതിയും ഇന്റര്‍പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു. തനിക്കെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വ്യാജപ്രചരണങ്ങളാണ് നടത്തുന്നതെന്നും ലളിത് മോദി പറഞ്ഞു. 
**************************
സോണ്‍ട ഇന്‍ഫ്രാടെക്കിന് എതിരെ കേസ്.  ബംഗളുരു കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോണ്‍ടയില്‍ നിക്ഷേപം നടത്തിയ ജര്‍മന്‍ പൗരനായ പാട്രിക് ബോര്‍ ആണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.
**************************
അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍ നടന്നു. ഹര്‍ത്താലില്‍ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴി്വാക്കി. രാജാക്കാട്, സേനാപതി, ബൈസണ്‍വാലി എന്നീ മൂന്ന് പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഉള്‍പ്പെടെ പരിഗണിച്ചാണ് തീരുമാനം. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികള്‍ നടന്നു.

main news -kerala - india 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക