Image

ശാകുന്തളത്തിലെ കാൽപനികോദ്യാനം പോലെയല്ല ഹൈറേഞ്ച് വാസികളുടെ വന്യജീവികളുടെ കൂടെയുള്ള ഗതികെട്ട മനുഷ്യജീവിതം : ഉഷാകുമാരി

Published on 30 March, 2023
ശാകുന്തളത്തിലെ കാൽപനികോദ്യാനം പോലെയല്ല ഹൈറേഞ്ച് വാസികളുടെ വന്യജീവികളുടെ കൂടെയുള്ള ഗതികെട്ട മനുഷ്യജീവിതം : ഉഷാകുമാരി

ഞാനൊരു കുടിയേറ്റക്കാരന്റെ മകളാണ്. എന്റെ പിതാമഹൻ ഏകാഗ്രതയോടെ മണ്ണിൽ പണിയെടുത്തു. മറ്റുവിനോദങ്ങളോ സാമൂഹ്യ ബന്ധങ്ങളോ ആ മനുഷ്യനില്ലായിരുന്നു.

ഇല്ലിക്കാടുകൾ, ഇഞ്ചക്കാടുകൾ ,പലതരം മുൾവനങ്ങൾ , വന്യജീവികൾ ഇവരുടെയിടയിൽ അകാലത്തിൽ ഭാര്യ മരിച്ചുപോയ ആ മനുഷ്യൻ ഒറ്റക്കു വിയർപ്പൊഴുക്കി ജീവിച്ചു ,  മക്കളെപ്പോലും നമ്പിയില്ല. ഹൈറേഞ്ചിലേയ്ക്ക് അന്നൊക്കെ വന്നവർ ഏതാണ്ട് അങ്ങനെ തന്നെയാണ് ജീവിച്ചത്.

റിസോർട്ട് കെട്ടാനോ, വൻതോട്ടങ്ങൾ കരസ്ഥമാക്കി ബംഗാളികളെ പിഴിയാനോ ആയിരുന്നില്ല അവർ ജീവിച്ചത്. കഠിനമായി പരിശ്രമിക്കാനുള്ള ആത്മബലം മാത്രമായിരുന്നു അവരുടെ മൂലധനം.

ആനത്താര എന്നതൊക്കെ അയകൊയമ്പൻ വാക്കാണ്. പണ്ട് കാട്ടാനകൾ ഹൈറേഞ്ചിൽ മൊത്തം വിഹരിച്ചിരുന്നു. ട്രഞ്ച് നിർമിച്ചും പാട്ടകൊട്ടിയുമൊക്കെ കുടിയേറ്റക്കാരും അവരുടെ ജീവിതം ജീവിച്ചു. ഇന്ന് അന്നത്തേതുപോലെ യാഥാർത്ഥ്യബോധമോ ആത്മശക്തിയോ ഉള്ള തലമുറയല്ല.

ഹൈറേഞ്ചിൽ ജീവിക്കുക എന്നാൽ ഇന്ന് വലിയ വെല്ലുവിളിയാണ്. ഒരു കൃഷിക്കും വിലയില്ല , വിലയുറപ്പില്ല.  സാമ്പത്തിക കോഞ്ഞാണന്മാർ പലവിധത്തിലുള്ള അന്തർദേശീയ ഉടമ്പടികളുണ്ടാക്കി കുളിപ്പിച്ച് കൊച്ചിനെക്കൊന്നു. ഒരു ലിറ്റർ പാൽ ഉണ്ടാക്കിയാൽ 30 രൂപ ഉണ്ടാക്കുന്നവർക്ക് കൊടുത്തിട്ട് 20 രൂപ മിൽമ പിടിച്ചുപറിക്കും.
 

എന്തെങ്കിലും നട്ടുംപെറുക്കിയും തിന്നിരുന്നവർ കുരങ്ങും കാട്ടുപന്നികളും കാരണം ഗ്രാമങ്ങൾൾ തന്നെ ഉപേക്ഷിച്ച് ജീവിതം എവിടെയൊക്കെയോ കെട്ടിത്തൂക്കുന്നു.

ഒരു തെങ്ങിലേക്ക്  കുരങ്ങ് കയറിയാൽ അതിന്റെ വെള്ളയ്ക്കവരെ അവർ പറിച്ചെറിയും. എല്ലാ ഭക്ഷ്യവിളകളും ഇത്തരത്തിൽ നശിപ്പിക്കപ്പെടുകയാണ്.വന്യജീവികളുടെ സങ്കേതങ്ങൾ ഭൂരിഭാഗം മനുഷ്യരും കയ്യേറുകയല്ല, അവരുടെ ജീവിതചര്യകൾ അവിടെയായിരുന്നു.

നഗരത്തിൽ ജീവിക്കാൻ ദരിദ്രരായ ജനതയ്ക്ക് എന്തു ശേഷിയാണുള്ളത് ? ധനവാന്റെ ഒരു പൂച്ചട്ടിയുടെ വിലപോലും ഏതെങ്കിലും കുന്നിൻചരിവിൽ കുടിൽകെട്ടി ജീവിക്കുന്നവർക്ക് മൂലധനമായി ഇല്ലന്ന് ആരറിയുന്നു!

ശാകുന്തളത്തിലെ കാൽപനികോദ്യാനം പോലെയല്ല ഇവിടെ വന്യജീവികളുടെ കൂടെയുള്ള ഗതികെട്ട മനുഷ്യജീവിതം. അത്യന്നതങ്ങളിലെ ജീവിതങ്ങൾ ഹൈറേഞ്ച് വാസികളുടെ ജീവിതംകൊണ്ട് കളിക്കാൻ നിൽക്കരുത്.

മനുഷ്യരെ അവരുടെ വാസസ്ഥലത്തുനിന്ന് ഒഴിപ്പിച്ചാൽ അവരെ എവിടെ ജീവിപ്പിക്കും?

ഹൈറേഞ്ചിലെ മനുഷ്യരെ മുഴുവൻ വെടിവച്ച് കൊന്നാലും ആനത്താരകൾ നഗരത്തിലേയ്ക്ക് വരാതിരിക്കില്ല.

ആനക്ക് അരി കിട്ടുന്നിടം വരെ അത് യാത്രതുടരും. അവരെ അലട്ടുന്നത് ബൈബിളോ ഗീതയോ അല്ല, വയറുമാത്രമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക