Image

രാഹുലിന് തിളക്കം കൂട്ടുന്നത് മോദിജി ! : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 30 March, 2023
രാഹുലിന് തിളക്കം കൂട്ടുന്നത് മോദിജി ! : (കെ.എ ഫ്രാന്‍സിസ്)

രാഹുലിനെ തിളങ്ങും താരമാക്കാന്‍ തന്നെയാണ് മോദിയുടെ ശ്രമം! മോദിയുണ്ടാക്കിയ വ്യാജ പ്രചാരണത്തില്‍ മോദി എന്നത് ഗുജറാത്തിലെ ഒരു ഒ.ബി.സി സമുദായമാണെന്നായിരുന്നല്ലോ നാമൊക്കെ ധരിച്ചു വച്ചിരുന്നത്. ഈ കോളത്തില്‍ തന്നെ മോദി സമുദായത്തോട് അവരെല്ലാം കള്ളന്മാരാണെന്ന് പറഞ്ഞത് വേദനിപ്പിച്ചെങ്കില്‍ രാഹുലിന് മാപ്പ് പറയാമായിരുന്നില്ലേ എന്ന് നാം സംശയം ഉന്നയിച്ചിരുന്നു. മോദി എന്ന് പറയുന്നത് 'പണിക്കര്‍' എന്നതുപോലെ വിളിപ്പേരാണ്. ഹിന്ദുക്കളിലും  ക്രിസ്ത്യാനികളിലും ഉണ്ടല്ലോ 'പണിക്കര്‍'. ഗുജറാത്തിലെ തന്നെ നൂറിലേറെ വരുന്ന ഒ.ബി.സികളില്‍ മോദിയില്ല പോലും !ഇപ്പോഴിതാ  ലളിത് മോദി രാഹുലിനെതിരെ ബ്രിട്ടനില്‍ കേസ് കൊടുക്കുമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. തന്നെ കള്ളന്‍ എന്ന് വിളിച്ചതിന്റെ പ്രൂഫുമായി വരാനാകും ലളിത് രാഹുലിനോട്  കോടതി മുഖേന ആവശ്യപ്പെടുക. 

ഈ വരുന്ന കര്‍ണാടക ഇലക്ഷന്‍ 'മോദിജി - രാഹുല്‍ജി വാറാ'യി മാറും. രാഹുല്‍ രണ്ടും കല്‍പ്പിച്ചുള്ള കളി തന്നെയാണ്. അപ്പീലിന് പോകുന്നതിലൊന്നും അദ്ദേഹത്തിന് തിരക്കില്ല. രാഹുലാകെ വിരണ്ടു പോകുമെന്ന മോദിയുടെ കണക്കുകൂട്ടലുകള്‍  തന്നെ തെറ്റിയല്ലോ. പാര്‍ട്ടിയെ പഴയപടി ഊര്‍ജ്ജസ്വലമായി കൊണ്ടുവരികയാണ് രാഹുലിന്റെ  ആദ്യ ദൗത്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അനിയത്തി പ്രിയങ്കയെ പാര്‍ലമെന്റ് ഇലക്ഷനില്‍ മുന്നില്‍നിര്‍ത്തി കളിക്കുന്നതല്ലേ ബുദ്ധിയെന്ന്  അദ്ദേഹം പല സുഹൃത്തുക്കളോടും ചോദിച്ചു കഴിഞ്ഞു. പ്രിയങ്കയുടെ ഭര്‍ത്താവ് വധേരയെ മോശക്കാരനാക്കിയുള്ള  പ്രചാരണത്തില്‍ ഒന്നും കാമ്പില്ലെന്ന് തിരിച്ചറിഞ്ഞില്ലേ എന്ന് അദ്ദേഹം അവരോട് പറഞ്ഞു പോലും. പ്രിയങ്കയുടെ പുതിയ അരങ്ങേറ്റം വയനാട്ടില്‍ നിന്ന് തന്നെ ആകാനാണ് സാധ്യത. അതും രാഹുലിന്റെ മനസ്സിലുണ്ട്. സഹോദരങ്ങള്‍ എന്നതിലേറെ സുദൃഢമാണ് അവര്‍ തമ്മിലുള്ള കെമിസ്ട്രി. 

കോണ്‍ഗ്രസിന് ഉണര്‍വ് : 

കര്‍ണാടകയിലെ സര്‍വ്വേ ഫലങ്ങള്‍ കോണ്‍ഗ്രസിന് തുടക്കത്തില്‍ അനുകൂലമാണ്. സിദ്ധരാമയ്യയും  ഡി.കെ ശിവകുമാറും എത്ര സൗഹൃദം നടിച്ചാലും ഉള്ളിലിരിപ്പ് വേറെ ആകും. ദള്‍ അവിടെ നല്ലൊരു ശക്തിയാണ് അതിനാല്‍ ത്രികോണമത്സരമാവും. ബി.ജെ.പി മേഖലകളില ല്ല ദളിന്റെ ശക്തികേന്ദ്രങ്ങള്‍. അതിനാല്‍ ദള്‍ ഇലക്ഷനില്‍  നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചിലയിടങ്ങളിലെങ്കിലും വിഭജിച്ചു പോകും. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാലും, അത് കേവലഭൂരിപക്ഷം ആണെങ്കിൽ  ബിജെപി-ദള്‍  സര്‍ക്കാര്‍ വരാം. കര്‍ണാടക ഇലക്ഷനു പ്രാധാന്യം കൂട്ടുന്നത് ഇടക്കിടെയുള്ള മോദിയുടെ റാലികള്‍ ആണ്. ഇലക്ഷന്‍ പ്രഖ്യാപിക്കും മുന്‍പു തന്നെ അമ്മാതിരി 7 എണ്ണം നടന്നുകഴിഞ്ഞു. ഇനി രാഹുലിന്റെ ശ്രദ്ധാ കേന്ദ്രവും കര്‍ണാടകയാകും. കര്‍ണാടകയില്‍ വിജയിച്ചാല്‍ 2024 ല്‍ കോണ്‍ഗ്രസിന് ഒരു കൈ നോക്കാനുള്ള ധൈര്യം ആകും. 

പൂതനകള്‍ : 

സി.പി.എമ്മിലെ വനിതാ നേതാക്കള്‍ അഴിമതി നടത്തി തടിച്ചുകൊഴുത്തു പൂതനകളായി  എന്ന തന്റെ  പരാമര്‍ശത്തില്‍ എന്താണ് തെറ്റ് എന്നാണ് കെ.സുരേന്ദ്രന്‍ ചോദ്യം. അഴിമതി കാണിച്ചു കൊഴുക്കുക എന്നത് സാധാരണ ഉപയോഗിക്കുന്ന പ്രയോഗം. അസുര ശക്തിയുടെ പ്രതീകമായി ഉപയോഗിക്കുന്ന വാക്കാണ് പൂതന. അതിനെതിരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള സി.എസ് സുജാത കേസുകൊടുത്തത്  എന്തിനാണെന്നാണ് സുരേന്ദ്രനു മനസ്സിലാകാത്തത്. സി.പി.എം വനിതകള്‍ പരാതിയുമായി വരട്ടെ അപ്പോള്‍ പറയാം വിശദീകരണം എന്നാണ് സുരേന്ദ്രന്റെ  നിലപാട്. തടിച്ചുകൊഴുത്ത സി.പി.എം വനിതകളാകട്ടെ പരാതികളുമായി മുന്നോട്ടു വരുന്നുമില്ല. സുരേന്ദ്ര പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് വീണ എസ് നായര്‍ ആണ് ആദ്യം പരാതി നല്‍കിയതെങ്കിലും സുജാതയുടെ പരാതിയിലാണ് കേസെടുത്തത്. വീണയെ പോലീസ് സാക്ഷിയാക്കിയിരിക്കുകയാണ്. 

ലഹരിയും പാര്‍ട്ടിയും : 

സി.പി.എമ്മിലെ  ലഹരികടത്തു  വീരന്മാര്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന നാണക്കേട് ചില്ലറയല്ല. ആലപ്പുഴ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസും കൂട്ടുകാരും ആലപ്പുഴയില്‍ എന്തൊക്കെ കാട്ടികൂട്ടിയാലും രക്ഷിക്കാന്‍ ആളുണ്ട്. ഹാരീസ് മജീദ് എന്ന ലഹരിമരുന്ന് വിതരണക്കാരനും  ഇന്ന് പിടിയിലായി. ഷാനവാസിന്റെ കൂട്ടുകാരന്‍ തന്നെ; പാര്‍ട്ടി ഭാരവാഹിയും. സ്‌കൂട്ടറില്‍ പുകയില പാക്കറ്റ് വില്‍പ്പനയില്‍ ആയിരുന്ന ആ കക്ഷിയെ  15 പായ്ക്ക് പുകയിലയുമായി എക്‌സൈസ് വിഭാഗം പിടികൂടി. പിന്നാലെ സഖാക്കള്‍ എത്തി ആ കേസ് ഒതുക്കാനുള്ള ശ്രമവും തുടങ്ങി. ഇപ്പോള്‍ കള്ളനും പോലീസും ഒന്നുപോലെയാണല്ലോ. 

അരികൊമ്പന്‍ : 

ഇടുക്കിയിലെ 10 പഞ്ചായത്തുകളിലെ സ്ത്രീകളും കുട്ടികളും അടക്കം ഉള്ള എല്ലാവരും റോഡ് ഉപരോധത്തിലാണ്. ഏഴ് പേരെ കൊന്ന അരികൊമ്പനെ  മാത്രമല്ല ചക്കകൊമ്പനെയും മുറിവാലനെയും ഡോ. അരുണ്‍ സക്കറിയയും  സംഘവും  പിടിച്ചുകൊണ്ടുപോകും വരെ അവര്‍ സമരം തുടരും. ഹൈക്കോടതിയിലൊന്നും അവര്‍ക്ക് വിശ്വാസമില്ല. കോടതിവിധിയും  ശാശ്വത പരിഹാരവും നല്ലതുതന്നെ. അതൊക്കെ പിന്നെ ആലോചിക്കാം. ഇപ്പോള്‍ വേണ്ടത് ഉപദ്രവകാരികളായ മൂന്ന് ആനകളെ അവരുടെ താമസസ്ഥലത്ത് നിന്ന് മാറ്റുകയാണ്. അത് വരെ ആ വഴി ആരും വാഹനത്തില്‍ പോകേണ്ട എന്നാണ് നാട്ടുകാരുടെ തീരുമാനം. കേസുകൊടുത്ത ആന പ്രേമിയോടും  കോടതിയോടും അവര്‍ കലിപ്പില്‍ തന്നെ. 

മധു വധം : 

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരിച്ച കേസില്‍ വിധി അടുത്ത ചൊവ്വാഴ്ച. വിശപ്പു കാരണം മുക്കാലി ജംഗ്ഷനിലെ കടകളില്‍നിന്ന് അഞ്ചു വര്‍ഷം മുമ്പ് അരിയും മറ്റു മോഷ്ടിക്കുക പതിവാക്കിയ മധുവിനെ തേടി 16 പേര്‍ കാട്ടിലെത്തി ഒരു ഗുഹയില്‍ നിന്ന് മധുവിനെ കണ്ടെത്തി. ഉടുമുണ്ടഴിച്ചു ഇരു കൈയ്യിലും കെട്ടി നാലുകിലോമീറ്റര്‍ നടത്തി ഒപ്പം മര്‍ദ്ദനമുറകളുമായി 16 പേരും. ഒട്ടേറെ സാക്ഷികള്‍ ഉണ്ടായിരുന്നു അവരെല്ലാം മൊഴിമാറ്റി. ഒടുവില്‍ തെളിവായി സ്വീകരിച്ചത് പ്രതികള്‍ തന്നെ ഷൂട്ട് ചെയ്തു  അവര്‍ തന്നെ പ്രചരിപ്പിച്ച വീഡിയോ. ഒന്നാം പ്രതി ഹുസൈന്റെ ഒരൊറ്റ ചവിട്ടിനു മധു തലതല്ലി വീഴുന്ന ദൃശ്യംവരെ ആ വീഡിയോയില്‍ ഉണ്ട്. അവര്‍ക്കെതിരായ കുഴി  തോണ്ടിയത്  അവര്‍ തന്നെ. 

വാല്‍ക്കഷണം : ഐ.എ.എസുകാരായ ജ്യോതിലാലും രാജന്‍ ഖോബ്രഗഡെയും വലിയ ഉടക്കിലാണല്ലോ. കൃഷ്ണന്‍കുട്ടി മന്ത്രി പാമ്പിനെയും കീരിയെയും ലാഘവത്തോടെ ഒന്നിച്ചു കൊണ്ടുനടക്കാനുള്ള ശ്രമത്തിലാണ്. പല  ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരും  തിളങ്ങിയത് സീനിയേഴ്‌സിന്റെ ഈ പോര് മുതലെടുത്താണ്. രാജു നാരായണസ്വാമി ഇത്തരം തല്ലില്‍ മുന്നിലായിരുന്നു. ബിജു പ്രഭാകരനും  സ്വാമിയും തമ്മിലുള്ള വൈരാഗ്യത്തിന്റെ വീറ്  അതിരുവിട്ടത്  നാമൊക്കെ ഓര്‍ക്കുമല്ലോ. ബിജു  പ്രഭാകരന്റ്‌റെ ഐ.എ.എസ് വ്യാജമാണെന്ന് വരെ സ്വാമി സ്ഥാപിക്കാന്‍ തുടങ്ങി. ബി.അശോകിന്റെ പോരാട്ടങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. കെ.ജയകുമാര്‍ സെക്രട്ടറിയായിരിക്കെ അശോക് പരസ്യമായി പോരിന്  ഇറങ്ങി. ഭരത് ഭൂഷണ്‍  ചീഫ് സെക്രട്ടറി ആകുന്നതിനു മുന്‍പ് തന്നെ ജി.സുധാകരന്‍ മന്ത്രിയുടെ ആക്ഷേപങ്ങള്‍ക്കും പാത്രമായി. ഡല്‍ഹിയില്‍ ചേക്കേറിയ അദ്ദേഹം ചീഫ് സെക്രട്ടറിയാണ് തിരിച്ചെത്തിയത്. പല സീനിയര്‍ ഓഫീസര്‍മാരും അദ്ദേഹവുമായി വഴക്കിലായിരുന്നു. അക്കൂട്ടത്തിലും അശോക്  ഉണ്ടായിരുന്നു. എബ്രഹാം ചീഫ് സെക്രട്ടറി ആയിരിക്കുമ്പോഴും അശോക് വഴക്കാളിയായി  അറിയപ്പെട്ടുവെങ്കിലും വൈദ്യുത ബോര്‍ഡ് ചെയര്‍മാനായി വന്നതോടെ നല്ല ഇമേജ് കിട്ടി. ഇപ്പോള്‍ കൃഷി കാര്യങ്ങളുമായി ഒതുങ്ങി കഴിയുന്നു. 

ടോം ജോസ് വീട്ടില്‍ നല്ല കാശുള്ള ചീഫ് സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. റിട്ടയര്‍മെന്റിനു ശേഷം ഇരിങ്ങാലക്കുടയിലെ  ഒരു കാലിത്തീറ്റ എം.ഡി ആണിപ്പോള്‍. ഡോ. വേണു പി.എച് കുര്യന്‍ എന്നിവരുമായി പലവിധ പോരുകളുണ്ടായിട്ടുണ്ട്. ജേക്കബ് തോമസ് ഐ.പി.എസ്സുമായി ടോം പലതവണ ഏറ്റുമുട്ടി. നളിനി നെറ്റോ പക്ഷേ നീണ്ട ഒരു കാലം ഡോ. ജേക്കബ്  തോമസിനെ കൂടെ കൂട്ടി. ഒടുവില്‍ പിണങ്ങി. പക്ഷേ നെറ്റൊ വിജയാനന്ദുമായി നടത്തിയ പോരാട്ടങ്ങളായിരുന്നു പ്രസിദ്ധം. ശാരദാ മുരളീധരനും  ടി.കെ ജോസും തമ്മില്‍ ആശയപരമായ അകല്‍ച്ചയും  അറിയാത്തവരുണ്ടോ? 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക