ജീവിത ഗന്ധിയായ പുതിയ കഥ നാളെ മുതൽ... സിനിമാരംഗത്തെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു, മറക്കാതെ കാണുക... അലസമായ ഒരു സായാഹ്നത്തിൽ അവൾ TV ഓൺ ചെയ്തപ്പോൾ മെഗാ പരമ്പരയുടെ പരസ്യം നിറഞ്ഞോടുന്നു.. കൈ പതുക്കെ റിമോട്ടിന്റെ ഓഫ് ബട്ടണിലേക്ക് നീങ്ങി. കുട്ടികൾ പാർക്കിൽ കളിക്കാൻ പോയിരിക്കുന്നു.
ഭർത്താവ് പുറത്തേക്കെവിടെയോ ഇറങ്ങിയിരിക്കുന്നു. അപ്പോഴാണ് ഒന്ന് കടയിലേക്കിറങ്ങിയാലോ എ ന്ന് ആലോചിച്ചത്. കാറെടുത്ത് പതുക്കെ പുറത്തേക്കിറങ്ങി. വെയിൽ താണിട്ടില്ല.
സ്വർണ നിറമുള്ള ചില മുടിയിഴകൾ കാറ്റിൽ അവളുടെ ക്ഷീണിച്ച കണ്ണുകളെ തലോടി കൊണ്ടിരുന്നു.
സ്വപ്നലോകത്തു കാറോടിക്കുന്നത് പതിവായതിനാൽ കടയുടെ പാർക്കിംഗ് സ്ഥലത്ത് എത്തിയത് അവൾ അറിഞ്ഞില്ല.
കാർ ഓഫ് ചെയ്തു പുറത്തേക്കിറങ്ങാൻ തുടങ്ങിയ അവൾ പെട്ടെന്ന് കടയിൽ നിന്നും പുറത്തിറങ്ങിയ ബാലനെ ശ്രദ്ധിച്ചു. പാർക്കിൽ കളിക്കാൻ പോയ തന്റെ മകൻ. ഒരു കവർ പൊതിയുമായി കടയുടെ പുറത്തേക്കിറങ്ങുന്നു.
അവളൊന്നു ഞെട്ടി. തന്റെ മകൻ തന്നെ ആണോ.. അതേ തന്റെ മകൻ തന്നെ.
പുറത്തു നിർത്തിയ സൈക്കിളിന്റെ അടുത്തേക്ക് അവൻ നീങ്ങി. അത് അവന്റെ സൈക്കിൾ അല്ല. അത് തീർച്ച. കാർ സ്റ്റാർട്ട് ചെയ്തു അവൾ അവനെ പിൻതുടർന്നു. അവൻ തിരിച്ചു പാർക്കിലേക്കാണ്.
ചെറിയ ഊടുവഴിയിയിലൂടെ പോയാൽ അവനെക്കാൾ മുന്നിൽ എത്താം. കാറിന്റെ സ്പീഡ് അവളുടെ സ്ഥിരം പകൽ കിനാവിനെക്കാൾ വേഗത്തിലായി. കാർ റോഡരികിൽ നിർത്തി അവൾ വേഗം നടന്നു.
അതാ അവൻ പതിയെ വരുന്നേ ഉള്ളു.
അവന്റെ മുഖത്ത് വല്യ ഭാവവ്യത്യാസം ഇല്ല. അവളുടെ അടുത്തായി പതുക്കെ സൈക്കിൾ നിർത്തി.
എവിടെ പോയതാ എന്ന അവളുടെ ചോദ്യത്തിന് അവൻ പതറാതെ ഉത്തരം പറഞ്ഞു. സുഹൃത്ത് കുറച്ചു സാധനം വാങ്ങാൻ പറഞ്ഞു, അങ്ങനെ പോയതാ.. ഒരു ചിപ്സ് പാക്കറ്റ് കയ്യിലുള്ള കവറിന്റെ പുറത്ത് നിന്ന് തന്നെ കാണാം ആയിരുന്നു.
പാർക്കിൽ പോകാൻ മാത്രേ അനുവാദം തന്നുള്ളൂ അല്ലാതെ, അനുവാദമില്ലാതെ കടയിൽ പോകാൻ അല്ല എന്ന അവളുടെ ഉറച്ച ശബ്ദത്തിൽ ഉള്ള വാക്കുകൾ കേട്ടു ഇനി അങ്ങനെ ഉണ്ടാകില്ല എന്നു അവൻ ആവർത്തിച്ചു പറഞ്ഞു.
അവളുടെ മനസ്സിലെ ഒരു ഞെട്ടൽ മാറിയിട്ടില്ലായിരുന്നു.
മക്കൾ വലുതാകുന്നു. ഒരു കണ്ണ് വേണം.. ഒരു കരുതൽ വേണം.. കാറിനെ ലക്ഷ്യമാക്കി അവൾ പതുക്കെ നടന്നു...