Image

സുരബാല (നോവൽ -17: വൈക്കം സുനീഷ് ആചാര്യ )

Published on 31 March, 2023
സുരബാല (നോവൽ -17: വൈക്കം സുനീഷ് ആചാര്യ )


"സാർ ഈ ട്രെയിന് മുംബൈ എത്തുന്നതിന് മുമ്പ് ദാദർ എന്ന സ്റ്റേഷൻ മാത്രമേയുള്ളൂ."

എസ് പിക്ക്‌ കാര്യങ്ങൾ കുറച്ചു എളുപ്പമായതുപോലെ തോന്നി. പെട്ടന്ന് തന്നെ ദാദർ പോലീസിനെ വിവരമറിയിച്ചു.
സെക്യൂരിറ്റി ദാദറിൽ തന്നെ ഇറങ്ങിയതിൽ എന്തോ ഉദ്ദേശ്ശമുണ്ടെന്ന് എസ് പിക്ക്‌ മനസ്സിലായി. നിഗൂഢതകൾ ഇനിയും മറനീക്കി പുറത്തു വരാനുണ്ട്.

രാം കുമാറും സംഘവും നിരാശയോടെ മടങ്ങിയെത്തി.
"എന്താണ് സാർ.. എന്താവും സംഭവിച്ചത്..നമുക്ക് കിട്ടിയ വിവരം തെറ്റാണോ... അതോ അയാൾ ഇതിന് മുമ്പ് എവിടെയെങ്കിലും ഇറങ്ങിയോ "

"കല്യാൺ സ്റ്റേഷൻ കഴിഞ്ഞപ്പോഴും ടി ടി ടിക്കറ്റ് പരിശോധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ ഇവിടെ എത്തുന്നതിനു മുമ്പ് ദാദർ മാത്രമാണ് സ്റ്റേഷനായിട്ടുള്ളത്. അങ്ങോട്ടേക്ക് ഞാൻ വിവരം കൈമാറിയിട്ടുണ്ട്. ഞങ്ങളും അങ്ങോട്ടേക്ക് പോകുന്നു."

"ഞങ്ങൾ വരേണ്ട ആവശ്യമുണ്ടോ സാർ.. "

"വേണ്ട.. അവിടത്തെ സ്റ്റേഷനിൽ നിന്നുള്ളവരുണ്ടല്ലോ.. അതുമതി. എന്തായാലും നിങ്ങൾ നല്ലൊരു ജോലിയാണ് ചെയ്തത്... സഹകരണത്തിന് പ്രത്യേകം നന്ദി "

എസ് പി എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തിറങ്ങി. ഷോലെ വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടു.

"എങ്കിലും അയാൾ നമ്മളെ വട്ടം ചുറ്റിച്ചല്ലോ സാർ "

"അവനെ നമ്മുടെ കയ്യിൽ കിട്ടും. മുംബൈ പോലീസ് ആരാണെന്ന് അവനറിയും "

"ദാദറിൽ ഇറങ്ങിയിട്ടുണ്ടെങ്കിൽ തന്നെ അവിടെന്ന് എങ്ങോട്ട് പോയെന്നറിയണം. അത് കണ്ടു പിടിക്കുക ബുദ്ധിമുട്ടല്ലേ സാർ "

"അവൻ മുംബൈയിലുണ്ടോന്നറിഞ്ഞാൽ മതി. ഒരുപാട് കാലം ഒളിച്ചു കഴിയാൻ പറ്റില്ലല്ലോ. അതിനു മുമ്പ് പൂട്ടുവീഴും "

"അതും ശരിയാണ് "

ജീപ്പിൽക്കയറി ദാദറിലേക്ക് തിരിക്കുന്നതിന് മുമ്പ് ഷോലെ ഫയൽ യഥാസ്ഥാനത്ത് ഉണ്ടോയെന്ന് പരിശോധിച്ചു.

" ഓഹ് ഭാഗ്യം.. ഇത് കൊണ്ട് നടക്കുന്നത് വലിയ ടെൻഷനാണ്. എല്ലാത്തിന്റെയും ഒറിജിനൽ ഈ ഫയലിലാണല്ലോ "

"നമുക്ക് അതിന്റെ കോപ്പികൾ തയ്യാറാക്കി വെക്കാം. എന്നിട്ട് ഒറിജിനൽ രഹസ്യമായി സൂക്ഷിക്കാം "

"അത് ശരിയാണ് "

ഷോലെ ജീപ്പ് പുറത്തേക്കിറക്കി. നേരെ ദാദറിലേക്ക് തിരിച്ചു.
പോകുന്നവഴി എസ് പി ദാദർ പോലീസിനെ വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരുന്നു.

"കഴിഞ്ഞ ദിവസം..നടന്ന കൊലപാതകം ദാദറിലെ ഫ്ലാറ്റിൽ.. ഷോലെ ഫോറെൻസിക് ഓഫീസിൽ കണ്ടതല്ലേ ഫോട്ടോസ്. അതിന്റെ ടെൻഷനിലാണ് ദാദർ പോലീസ് "

"എന്തായാലും നമുക്ക് അവിടെയെത്തുമ്പോൾ എന്തെങ്കിലും മാർഗ്ഗം തെളിഞ്ഞു കിട്ടും "

എസ് പി യുടെ മനസ്സ് പ്രഷുബ്ധമായിരുന്നു.
നല്ല ട്രാഫിക്കുള്ള സമയമാണ് നേരം സന്ധ്യയോടടുത്തു. ഇനിയിപ്പോൾ രാത്രിയിൽ എന്ത്‌ ചെയ്യാൻ സാധിക്കും.

എസ് പിക്ക്‌ മനസ്സിൽ ആരോടെന്നില്ലാതെ അമർഷം തോന്നി. രണ്ടുദിവസത്തെ തയ്യാറെടുപ്പുകൾക്ക് ഒരു ഫലവുമില്ലാതെ പോയി.ദാദർ എത്തിയപ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു. പോലീസ് സ്റ്റേഷന്റെ മുമ്പിൽ
ജീപ്പ് നിർത്തിയതും എസ് ഐ അടുത്തേക്ക് വന്നു സല്യൂട്ട് ചെയ്തു.

"സാർ.. സി സി ടി വി നിരീക്ഷിച്ചപ്പോൾ സെക്യൂരിറ്റി ഗോപാൽ ദാസിനോട് സാമ്യം തോന്നിക്കുന്ന ഒരാൾ പുറത്തു കാത്തുകിടന്ന കറുത്ത സ്കോർപ്പിയോയിൽ കയറി പോകുന്നത് കണ്ടു. പോലീസ് വിവരം ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട് "

"കറുത്ത സ്കോർപ്പിയോ ആണെന്ന് ഉറപ്പാണോ?"

"അതെ സാർ.. കറുത്ത സ്കോർപ്പിയോ.."

കറുത്ത സ്കോർപിയോയിൽ വന്നവരെക്കുറിച്ച് പോസ്റ്റുമാർട്ടം ചെയ്ത ഡോക്റും ഒരിക്കൽ തങ്ങളെ പിന്തുടർന്നതായി ജയദേവും പറഞ്ഞത് എസ് പി ഓർത്തെടുത്തു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് കരുതി എസ് പി ദാദർ സ്റ്റേഷനിലെ എസ് ഐക്കൊപ്പം കണ്ട്രോൾ റൂമിലേക്ക് പോയി.

പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാലും മുംബൈ പോലെ തിരക്കുള്ള നഗരത്തിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് പോവുക എളുപ്പമാണ്.വണ്ടിയുടെ നമ്പർ അറിഞ്ഞാൽ കാര്യങ്ങൾ കുറച്ച് എളുപ്പമായി. എസ് ഐ ദൃശ്യങ്ങൾ ഓരോന്നായി വലുതാക്കി കാണിച്ചുകൊണ്ടിരുന്നു. എസ് പി സൂക്ഷ്മമായി പരിശോധിച്ചു. നമ്പർ പ്ലേറ്റ് കൃത്രിമമാണെന്ന് തോന്നി.

"എസ് പി സാർ.. ഈ നമ്പർ പ്രകാരം വണ്ടിയില്ല. ഇതു അവർ പോലീസിന്റെ കണ്ണുവെട്ടിക്കാൻ വെച്ചിരിക്കുന്നതാണ്. ഒരുപക്ഷെ യഥാർത്ഥ നമ്പർ അതിനടിയിൽ കണ്ടെക്കും."

"ശരിയാണ് ക്രിമിനൽ ബുദ്ധി പ്രയോഗിച്ചിട്ടുണ്ടാവും ഇതുപോലുള്ള സന്ദർഭങ്ങളിൽ പുറമെ കള്ള നമ്പർ വെക്കുന്നതാവാം "

എസ് പി എല്ലാ സ്റ്റേഷനുകളിലേക്കും വീണ്ടും സന്ദേശം കൊടുത്തു. എല്ലാ അരമണിക്കൂർ കൂടുമ്പോഴും അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട്‌ ചെയ്യണമെന്ന് അറിയിച്ചു.

ഓടുന്ന പട്ടിക്ക് ഒരുമുഴം കയർ മുമ്പേ ഏറിയുന്ന പോലെയാണ് പ്രതികൾ ഓരോ പദ്ധതിയും തയ്യാറാക്കിയിരിക്കുന്നതെന്ന് എസ് പിക്ക്‌ മനസ്സിലായി. ജയദേവിനോടും സുഹൃത്തിനോടും മുംബൈയിലേക്ക് തിരിച്ചു വരാൻ പറയണം. ഇനിയാണ് അന്വേഷണം കൂടുതൽ വഴിത്തിരിവിലേക്ക് കടക്കാൻ പോകുന്നത്. ഇതുവരെയുള്ള ഔദ്യോഗിക ജീവിതത്തിൽ ഇത്രയും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കേസ് കിട്ടിയിട്ടില്ല.

അന്വേഷണത്തിന്റെ ആരംഭത്തിൽ കാണിച്ച അലസതയാണ് ഇതിനെല്ലാം കാരണം. അല്ലെങ്കിൽ തന്നെ പ്രതികളെ സംരക്ഷിക്കുകയായിരുന്നല്ലോ മാരുതിയുടെ ഉദ്ദേശം. എസ് പി യുടെ ചിന്തകളിൽ ലക്ഷ്യം മാത്രം നിറഞ്ഞു നിന്നു.പ്രതികൾ പിടിക്കപ്പെടുമെന്ന തോന്നലാണ് നാടുവിട്ടു പോയ സെക്യൂരിറ്റിയുൾപ്പടെ മാളത്തിൽ നിന്ന് പുറത്തു വന്നത്. ഇനി ഒളിച്ചിരുന്നിട്ട് കാര്യമില്ലന്ന് മനസ്സിലായിക്കാണും. പക്ഷെ അവരുടെ പടയൊരുക്കം കീഴടങ്ങാനല്ല മറിച്ച് രക്ഷപെടാനുള്ള തന്ത്രങ്ങൾ മെനയാനാണ്.
അതിന്റെ സൂചനയാണ് സെക്യൂരിറ്റി മുംബൈയിലെത്തിയ ശേഷം അപ്രത്യക്ഷമായത്.

വി എച്ച് എഫ് റേഡിയോയിൽ സംഭാഷണങ്ങൾ ഉയർന്നു കേട്ടുകൊണ്ടിരുന്നു. എസ് പി യുടെ ചെവിയിൽ കേൾക്കാൻ ആഗ്രഹിക്കുന്നതൊന്നും തന്നെ കേട്ടില്ല. എസ് പി അക്ഷമനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എസ് ഐ ഒരു ചായ കുടിക്കാൻ പറഞ്ഞിട്ടും മറുപടി പറഞ്ഞില്ല. സ്വഭാവം അറിയാവുന്ന കാരണം എസ് ഐ ഒന്നും മിണ്ടാതെ മാറിയിരുന്നു. അന്വേഷണത്തിന് പുറപ്പെട്ട പോലീസ് സംഘത്തിന് സ്കോർപിയോ എങ്ങോട്ട് പോയെന്ന് വിവരമൊന്നും കിട്ടിയില്ല.

"സാർ ഇപ്പോൾ എട്ടുമണിയായി.. ഇനിയിപ്പോൾ ഈ രാത്രിയിൽ തെരഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല."

എസ് പി അർത്ഥഗർഭമായി ഒന്നു മൂളുക മാത്രം ചെയ്തു.

"സാർ.. ടെൻഷനാവാതെ ഞങ്ങളും സാറിന്റെ കൂടെയുണ്ട്. ഇനി അങ്ങോട്ട്‌ വീഴ്ചകളില്ലാതെ പോകാൻ നമുക്ക് സാധിക്കും. സെക്യൂരിറ്റി വീണ്ടും അപ്രത്യക്ഷമായത് കാര്യമാക്കണ്ട. ബാക്കി കാര്യങ്ങൾ അന്വേഷിച്ചു വരുമ്പോൾ അയാൾക്ക് ഒളിച്ചിരിക്കാൻ കഴിയില്ല."
അപ്പോഴാണ് എസ് പി യുടെ മുഖമൊന്നു തെളിഞ്ഞത്.

"നാളെ രാവിലെ തന്നെ അന്വേഷണം വ്യാപിപ്പിക്കണം.എല്ലാ സ്റ്റേഷനുകളിലും ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചു കൊണ്ടിരിക്കാൻ പറയണം.അതിപ്പോൾ ഏത് പാതിരാത്രിയായാലും. മുംബൈയിൽ എത്തിയിട്ട് അവനെ പിടിക്കാൻ കഴിഞ്ഞില്ലങ്കിൽ മുംബൈ പോലീസിന് തന്നെ നാണക്കേടാണ്."

"തീർച്ചയായും സാർ.. ഈ കാര്യത്തിൽ ഞാൻ സാറിന്റെ കൂടെത്തന്നെയുണ്ട്. വേണ്ട കാര്യങ്ങൾ ഞാൻ നീക്കിക്കോളാം "

അപ്പോൾ ഷോലെ പരിഭ്രാന്തനായി അങ്ങോട്ടേക്ക് കടന്നുവന്നു.

"സാർ.. നമ്മുടെ ആ ചായക്കടക്കാരൻ പയ്യനെ ആരൊക്കെയോ ചേർന്ന് പിടിച്ചു കൊണ്ടുപോയെന്ന് വിവരം കിട്ടി. നമ്മുടെ സ്റ്റേഷനിൽ നിന്നാണ് വിളിച്ചത്. അവർക്ക് പരാതിയായി കിട്ടിയതാണ്. ഈ കേസുമായി പയ്യനുള്ള ബന്ധം അവർക്കറിയില്ലല്ലോ."

"മൈ ഗോഡ്.. ഒന്നിനു പുറകെ ഒന്നായി പിഴച്ചു കൊണ്ടിരിക്കുകയാണല്ലോ.. അവന്റെ വിവരങ്ങൾ എങ്ങനെ പുറത്തു പോയി. നമ്മൾ ആരോടും പറഞ്ഞിട്ടില്ലല്ലോ "

"സാർ.. ഉത്തരം ലളിതം.. നമ്മളെ ആരൊക്കെയോ രഹസ്യമായി പിന്തുടരുന്നുണ്ട്. നമ്മുടെ പോലീസ് ഡിപ്പാർട്മെന്റിൽ നിന്നുതന്നെ."

അതു ശരിയാണന്ന് എസ് പിക്ക്‌ തോന്നി. അല്ലാതെ ഇരുചെവിയറിയാതെ നടന്ന അന്വേഷണം എങ്ങനെ പുറത്തറിഞ്ഞു. 

"ഷോലെ .. നമുക്ക് അങ്ങോട്ട്‌ പോകാം.. എത്രയും പെട്ടന്ന് എന്തെങ്കിലും ചെയ്തില്ലങ്കിൽ ആ പയ്യന്റെ ജീവൻ അപകടത്തിലാകാൻ സാധ്യതയുണ്ട്.."

എസ് പിയും ഷോലെയും ജീപ്പിൽ കയറി ആർട്ട്‌ ഗാലറിയിലേക്ക് പുറപ്പെട്ടു. സമയം എട്ടരയാകുന്നു. അവിടെയെത്തുമ്പോൾ ഒമ്പതുമണിയെങ്കിലും ആകും.

"ഷോലെ പരാതിപ്പെട്ടത് ചായക്കട നടത്തുന്നവരാണോ പയ്യന്റെ വീട്ടുകാരാണോ.. എന്താണ് സ്റ്റേഷനിൽ നിന്നു പറഞ്ഞത്."

"ചായക്കടക്കാരനാണ് സാർ.. സംഭവം നടന്നയുടനെ അയാൾ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു "

ഷോലെ ജീപ്പിൽ എമർജൻസി ബീകൊൺ ഇട്ടകാരണം ട്രാഫിക് ഒഴിവാക്കി  പെട്ടന്ന് ആർട്ട്‌ഗാലറിക്കു സമീപമെത്താൻ കഴിഞ്ഞു.
ദൂരെ നിന്നുതന്നെ ആളുകൾ കൂടി നിക്കുന്നത് കാണാമായിരുന്നു.
ജീപ്പ് നിർത്തിയതും ആളുകൾ ഇരുവശത്തേക്കും മാറി.

ചായക്കടക്കാരൻ ജീപ്പിന്റെ അടുത്തേക്ക് ഓടിവന്നു. അയാളുടെ മുഖത്ത് ഭയം നിഴലിച്ചിരുന്നു.

(തുടരും )
    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക