Image

ട്രംപിന്റെ മേൽ 34 കുറ്റങ്ങൾ ചുമത്തി, വൈകാതെ  അറസ്റ്റ് ഉണ്ടാവുമെന്നു സൂചന; രാഷ്ട്രീയ ലക്‌ഷ്യം വച്ചുള്ള വേട്ടയാടൽ എന്നു മുൻ പ്രസിഡന്റ് 

Published on 31 March, 2023
ട്രംപിന്റെ മേൽ 34 കുറ്റങ്ങൾ ചുമത്തി, വൈകാതെ  അറസ്റ്റ് ഉണ്ടാവുമെന്നു സൂചന; രാഷ്ട്രീയ ലക്‌ഷ്യം വച്ചുള്ള വേട്ടയാടൽ എന്നു മുൻ പ്രസിഡന്റ് 

 

ഡൊണാൾഡ് ട്രംപിന്റെ മേൽ മൻഹാട്ടൻ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി. മുൻ പ്രസിഡന്റ് വെള്ളിയാഴ്ചയോ ചൊവാഴ്ചയോ കീഴടങ്ങി അറസ്റ്റ് വരിച്ചേക്കും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 34 കുറ്റങ്ങളാണ് ചുമത്തുക എന്നാണ് സി എൻ എൻ പറയുന്നത്. 

"രാഷ്ട്രീയമായ വേട്ടയാടൽ" എന്നാണ് 76 കാരനായ റിപ്പബ്ലിക്കൻ നേതാവ് പ്രതികരിച്ചത്. 

സ്വകാര്യ ബന്ധം അവകാശപ്പെട്ട നീലച്ചിത്ര നടി സ്റ്റോർമി ഡാനിയൽസിനെ നിശ്ശബ്ദയാക്കാൻ ട്രംപ് $130,000 നൽകി എന്ന ആരോപണത്തിലാണ് കേസ്. യുഎസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റ് ക്രിമിനൽ കേസ് നേരിടുന്നത്. 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രചാരണത്തിലാണ് ട്രംപ്. ന്യൂ യോർക്ക് നിയമം അനുസരിച്ചു, പൗര പ്രമുഖർ അടങ്ങുന്ന ഗ്രാൻഡ് ജൂറിക്കു ആരോപണങ്ങൾ ബോധ്യപ്പെട്ടാൽ മാത്രമേ കുറ്റം ചുമത്താറുള്ളു. 

2024ൽ ഡെമോക്രാറ്റുകൾക്ക് അടിയേൽക്കുന്ന കേസായി ഇതു മാറുമെന്നു ട്രംപ് പറഞ്ഞു. കേസെടുത്ത മൻഹാട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗ് ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. "രാജ്യത്തെ രക്ഷിക്കുക," ട്രംപ് അനുയായികളോട് ആഹ്വാനം ചെയ്തു. 

മൻഹാട്ടൻ ഗ്രാൻഡ് ജൂറി ഔദ്യോഗികമായി പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എന്നാൽ ബ്രാഗിന്റെ ഓഫീസിലെ ചില വൃത്തങ്ങളെ ഉദ്ധരിച്ചു മാധ്യമങ്ങൾ പറയുന്നത് വെള്ളിയാഴ്ചയോ ചൊവാഴ്ചയോ അറസ്റ്റ് ഉണ്ടാവാം എന്നാണ്. 

ഡാനിയൽസിനു പണം കൈമാറി എന്ന കുറ്റമേറ്റ് ജയിലിൽ പോയ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ വാർത്ത സ്ഥിരീകരിച്ചു. 

നടിയുമായുള്ള ബന്ധമോ പണം കൊടുത്തതോ കുറ്റകരമല്ലെങ്കിലും പണം കൊടുത്തു എന്ന കാര്യം മറച്ചു വയ്ക്കാൻ ട്രംപ് തന്റെ ട്രംപ് ഓർഗനൈസേഷനിലെ ബിസിനസ് രേഖകൾ തിരുത്തി എന്ന ആരോപണം ഏറെ ഗൗരവമുള്ളതാണ്. തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടിയാണ് ആ നീക്കങ്ങൾ നടത്തിയതെന്നതും ഗൗരവമുള്ള കുറ്റമാണ്. 

ന്യൂ യോർക്ക് തയാറെടുപ്പിലാണ്. കോടതി കെട്ടടത്തിനു ചുറ്റും ഉരുക്കു വേലിക്കെട്ടുകൾ ഉയർന്നു കഴിഞ്ഞു. വെള്ളിയാഴ്ച ജോലിക്കു എത്തണമെന്ന് ന്യൂ യോർക്ക് പോലീസിൽ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. 

ഡിസന്റിസ് കൈകഴുകി 

ട്രംപിനെ ന്യൂ യോർക്ക് അധികൃതർക്ക് ഏല്പിച്ചു കൊടുക്കാൻ താൻ കൂട്ടു നിൽക്കില്ലെന്നു ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് പറഞ്ഞു. ഒരു സംസ്ഥാനത്തു നിയമത്തിൽ നിന്നു മറഞ്ഞിരിക്കുന്നവരെ പിടികൂടി കൈമാറ്റം ചെയ്യാൻ ഗവർണർ നടപടി എടുക്കണം എന്നാണ് നിയമവ്യവസ്ഥ. എന്നാൽ ട്രംപ് ന്യൂ യോർക്കിലേക്കു പോകുന്നതു തടയാൻ അദ്ദേഹത്തിന് അധികാരമൊന്നുമില്ല. ട്രംപിന്റെ കീഴടങ്ങലിനു വഴിയൊരുക്കാൻ ന്യൂ യോർക്ക് അധികൃതർ അദ്ദേഹത്തിന്റെ അഭിഭാഷകരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 

ട്രംപിനെതിരെ റിപ്പബ്ലിക്കൻ നോമിനേഷനു മത്സരിക്കും എന്നു കരുതപ്പെടുന്ന ഡിസന്റിസ് ആൽവിൻ ബ്രാഗിനെ വിമർശിച്ചു. "ഇത് അമേരിക്കാ വിരുദ്ധമാണ്," അദ്ദേഹം പറഞ്ഞു. ശതകോടീശ്വരൻ ജോർജ് സൊറോസ് ആണ് ബ്രാഗിന്റെ പിന്നിലലെന്നു അദ്ദേഹം ആരോപിച്ചു. 

ട്രംപിനെതിരായ നിയമ നടപടികൾ അതിക്രമം ആണെന്ന് അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസ് പറഞ്ഞു. "ഇതു വെറും രാഷ്ട്രീയ പീഡനമാണ്. ഗ്രാൻഡ് ജൂറിയുടെ തീരുമാനം രാജ്യത്തിനു ദുഖകരമാണ്." 

ഡെമോക്രാറ്റിക് പാർട്ടി നേതാക്കളുടെ പൊതുവായ പ്രതികരണം ഒന്നു തന്നെ: "ആരും നിയമത്തിനു അതീതരല്ല." 

Trump indicted, surrender expected soon 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക