Image

ജനാധിപത്യത്തിന്റെ പുനർജന്മവും രാഹുൽ ഗാന്ധിയും (ലീലാ മാരേട്ട്)

Published on 31 March, 2023
ജനാധിപത്യത്തിന്റെ പുനർജന്മവും രാഹുൽ ഗാന്ധിയും (ലീലാ മാരേട്ട്)

രാജ്യത്തിനുവേണ്ടി ജീവൻ തന്നെ നൽകിയ ഒരു മനുഷ്യന്റെ കുടുംബത്തെ അതേ രാജ്യത്തിന്റെ ഭരണകൂടം തന്നെ വേട്ടയാടി വീഴ്ത്തുന്ന കാഴ്ച ലോക ചരിത്രത്തിൽ ഇതാദ്യമാണ്.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം അദ്ദേഹത്തിന്റെ പിൻമുറക്കാർ എല്ലാം ഗ്രാമങ്ങളിലേക്ക് ഇറങ്ങി നടന്നത്. ഇന്ദിരയും സോണിയയും എല്ലാം തങ്ങളുടെ സുരക്ഷിതതാവളങ്ങൾ വിട്ട് ഭൂമിയിലേക്ക് ഇറങ്ങി വന്നതും, രാജീവും രാഹുലും വേട്ടയാടപ്പെടും എന്ന് അറിഞ്ഞിട്ടും ശത്രുക്കൾക്കു മുൻപിലേക്ക് നടന്നു നീങ്ങിയതും അവരുടെ രക്തത്തിൽ ഒരു ഗാന്ധിയൻ പ്ലേറ്റ്ലെറ്റ് ഒട്ടിപ്പിടിച്ചിരിക്കുന്നത് കൊണ്ടാണ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരതകളിൽ നിന്ന് ഇന്ത്യയെ മോചിക്കാൻ കൽപ്പുള്ള ഒരേയൊരു നേതാവെ ഇന്നുള്ളൂ, അദ്ദേഹത്തിന്റെ  പേര് രാഹുൽ ഗാന്ധി എന്നാണ്. പാൽക്കുപ്പിയെന്ന് നമ്മളൊക്കെ വിളിച്ച് അധിക്ഷേപിച്ച അതേ മനുഷ്യനിൽ മാത്രമാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ നിലനിൽക്കുന്നത്. കോടികൾ കൊടുത്ത് പട്ടേൽ പ്രതിമ ഉണ്ടാക്കുന്നതിൽ അല്ല, ക്രൂര പീഡനത്തിനിടയായ ഒരു പെൺകുട്ടിയുടെ വീട്ടിലേക്ക് കടന്നു ചെന്ന് അവരുടെ മാതാപിതാക്കളുടെ തോളത്തു തട്ടി അവരെ ചേർത്തുപിടിക്കുന്നതിൽ ആണ് ജനാധിപത്യത്തിന്റെ നീതി കുടികൊള്ളുന്നതെന്ന് വിശ്വസിക്കുന്നവരാണ് ഗാന്ധി കുടുംബം. അതുകൊണ്ട് കെട്ടകാലത്ത് തീ ആവാൻ, വെന്ത കാലത്ത് മഴയാകാൻ, ഇന്ത്യക്ക് ആ മനുഷ്യനെ ആവശ്യമുണ്ട്.

എത്ര കല്ലേറുകൾ കൊണ്ടിട്ടുണ്ട് രാഹുൽഗാന്ധിക്ക്, അതൊന്നും ശരീരത്തെ മുറിപ്പെടുത്തിയിട്ടില്ലെങ്കിലും ആ മനുഷ്യന്റെ മനസ്സിന് അത് അനേകം മുറിവുകൾ സമ്മാനിച്ചിട്ടുണ്ടായിരിക്കും. എന്തിനും ഏതിനും അയാൾ ഇന്ത്യയുടെ മുൻപിൽ ഉണ്ട്, തോറ്റാലും ജയിച്ചാലും അയാൾ ജനങ്ങൾക്കൊപ്പം ഉണ്ട്. ഇതിൽപരം ഒരു നേതാവിനെ വാർത്തെടുക്കാനുള്ള മറ്റെന്ത് സാഹചര്യമാണ് ഇന്ത്യയിൽ ഉണ്ടായിരിക്കേണ്ടത്. ഇന്ത്യക്ക് വേണ്ടത് ഈ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ വേണ്ട കുറച്ചു മനുഷ്യരെയാണ്. അല്ലാതെ ഭരണഘടന തിരുത്തുന്നവരെയും ദളിതരെ വേട്ടയാടുന്നവരെയും കുത്തക മുതലാളിമാർക്ക് സീറ്റ് വലിച്ചിട്ട് കൊടുക്കുന്നവരെയും അല്ല. അതുകൊണ്ട് രാഹുൽ ഗാന്ധി എന്ന മനുഷ്യന് ഇന്ത്യയ്ക്കുവേണ്ടി ഒരുപാട് ചെയ്യാനുണ്ടെന്ന് തന്നെയാണ് ഇപ്പോഴും ഇവിടെ ജനങ്ങൾ വിശ്വസിക്കുന്നത്. ആ വിശ്വാസം അവർ ചരിത്രത്തിന്റെ പിൻബലത്തോടുകൂടി നേടിയെടുത്തതാണ്. എത്രയൊക്കെ തോറ്റുപോയിട്ടുണ്ടെന്ന് പറഞ്ഞാലും അതിനേക്കാൾ ഭംഗിയിൽ തിരിച്ചു വന്ന ചരിത്രം ഇന്ത്യൻ നാഷണൽ കോൺഗ്രസിനുണ്ട്. ഒരിക്കൽ അതുതന്നെ സംഭവിക്കും, അന്ന് ഇന്ത്യയുടെ കൺട്രോൾ പ്രിയ രാഹുൽ ഗാന്ധിയുടെ കൈകളിൽ തന്നെ ഭദ്രമായിരിക്കും.

സുരക്ഷിത പ്രശ്നങ്ങൾ ഉള്ള, ഇപ്പോൾ വേണമെങ്കിലും ആരും ആക്രമിക്കാൻ സാധ്യതയുള്ള ഒരു മനുഷ്യൻ ഇന്ത്യയുടെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് സമാധാനത്തിന്റെ പദയാത്ര നടത്തുമ്പോൾ, മഞ്ഞിനെ പോലും വകവയ്ക്കാതെ കാശ്മീരിലെ ജനങ്ങളോട് അയാൾ സമാധാനത്തെ കുറിച്ച് സംസാരിക്കുമ്പോൾ എങ്ങനെയാണ് ആ മനുഷ്യനെ ഇഷ്ടപ്പെടാതെ പോകാൻ ആവുക. ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ ഒരു തെറ്റ് തിരുത്താനുള്ള അവസരമാണ് രാഹുൽ ഗാന്ധി. ഗാന്ധിയുടെ ചരിത്രവും അതുതന്നെയാണ് നമ്മളെ പഠിപ്പിക്കുന്നത്. അർദ്ധനഗ്ധനായ ആ ഫക്കീർ നിന്നും ഇരുന്നും നടന്നും നേടിയെടുത്ത് തന്നതാണ് നമുക്ക് ഈ സ്വാതന്ത്ര്യം. അന്ന് തോക്കുകൾക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ അങ്ങനെയൊരു മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ, ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെല്ലാം ചിതറിത്തെറിച്ചു പോയേനെ. അത്തരത്തിൽ ഒരു പുതിയ മാറ്റത്തിന് രാഹുൽ ഗാന്ധി ഇന്ത്യയിൽ അനിവാര്യമാണ്.

ഒരിക്കലും തന്നെ ജയിപ്പിക്കൂ ഈ നാട് ഞാൻ നന്നാക്കി തരാമെന്ന് രാഹുൽ എവിടെയും വാഗ്ദാനം നൽകിയിട്ടില്ല. പക്ഷേ കാശ്മീരിലെ ജനതയുടെ സംസാരിക്കുമ്പോൾ അയാൾ പറഞ്ഞിരുന്നു, നിങ്ങൾക്ക് നഷ്ടപ്പെട്ട നിങ്ങളുടെ സ്വാതന്ത്ര്യം ഞാൻ തിരിച്ചു തരും എന്ന്. അതൊരു വലിയ ഉറപ്പാണ്, നഷ്ടപ്പെട്ടത് തിരിച്ചു നൽകിയിട്ടുള്ള ചരിത്രമേ കോൺഗ്രസിനുള്ളൂ. ഭരണകൂടം പലപ്പോഴും പിറകിൽ നിന്ന് കുത്തിയും, മറ്റും രാഹുലിനെ തകർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്റെ പേര് സവർക്കർ എന്നല്ല രാഹുൽഗാന്ധി എന്നാണ് എന്ന് ഉറക്കെ പറയാൻ ഇന്ന് ഇന്ത്യയിൽ ആ മനുഷ്യന് മാത്രമേ സാധിക്കൂ. അതുകൊണ്ട് ഈ രാജ്യത്തിന് ഇവിടെയോ നഷ്ടപ്പെട്ടുപോയ ജനാധിപത്യം തിരിച്ചെടുക്കാൻ രാഹുലിന്റെ നേതൃത്വം കൂടിയേ തീരൂ. രാഹുൽ  ഒരിക്കലും ഒരു പാർട്ടിക്കും എതിരായിരുന്നില്ല, ചില മനുഷ്യരുടെ വികലമായ ചിന്തകൾക്കും ആശയത്തിനും മാത്രമായിരുന്നു രാഹുൽ ഗാന്ധി എതിര് നിന്നിരുന്നത്. ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും പാഴ്സികളെയും ദളിതരെയുമെല്ലാം ഒരുപോലെ ചേർത്തു പിടിച്ചവനാണ്. ആ ചേർത്തു പിടിക്കൽ പലപ്പോഴും മാധ്യമങ്ങളിലും മറ്റുമായി ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ കണ്ടതാണ്. അതുകൊണ്ട് ഈ വെളിച്ചം നമ്മൾ കാത്തു സൂക്ഷിച്ചേ മതിയാകൂ.

ലീല മാരേട്ട്
(ഐ.ഒ.സി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ്)

Join WhatsApp News
Brigit J 2023-03-31 17:07:26
I fail to understand the author's intend on this article. Is she calling upon the emalayalee readers to promote Rahul Gandhi? Is she a United States citizen? If she is working to promote Rahul Gandhi, she should embrace Indian citizenship and go to India and get involved in politics there.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക