ഇന്നലെയാണാ വാര്‍ത്ത ട്വിറ്ററിലൂടെ ലോകം കണ്ടത്. ചെന്നൈയിലെ പ്രശസ്തമായ രോഹിണി തീയറ്ററില്‍ ടിക്കറ്റ് എടുത്ത് സിനിമ കാണാനെത്തിയ നരി കുറവ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തീയറ്റത്തുള്ളില്‍ പ്രവേശിപ്പിക്കാതെ പോ, കടന്നു പോ എന്ന് ആട്ടിയിറക്കാന്‍ ശ്രമിച്ച തീയറ്ററുകാര്‍ക്ക് പിന്നീട് സംഭവം വിവാദമായതോടെ ന്യായീകരണവാദങ്ങള്‍ ഇറക്കിയിട്ടാണെങ്കിലും അവരെ തീയറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
ഫോണ്‍ ക്യാമറകള്‍ക്കും സോഷ്യല്‍ മീഡിയക്കും നന്ദി.
അല്ലായിരുന്നെങ്കില്‍ ഈ സംഭവവും പുറം ലോകമറിയാതെ മാഞ്ഞു പോകുമായിരുന്നു.
ആദിവാസികള്‍, ദളിത് സമൂഹം തുടങ്ങിയവര്‍ക്കു നേരെ ഇന്നും സമൂഹത്തിന്റെ ചിന്തയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്ന് ഈ സംഭവം വീണ്ടും തെളിയിക്കുകയാണ്. സിമ്പു അഭിനയിച്ച പത്തു തെലെ എന്ന ചിത്രം കാണാനാണ് ഒരു കുടുംബം വന്നെത്തിയത്. പക്ഷേ, ഇവരെ പ്രവേശിപ്പിക്കാനാവില്ല എന്നതായിരുന്നു തീയറ്റര്‍ ജീവനക്കാരുടെ നിലപാട്. ആ നിലപാട് ഉരിത്തിരിയുന്നത് കാലാകാലങ്ങളായി സാമാന്യജനം ഉള്ളില്‍ സൂക്ഷിക്കുന്ന അയിത്ത ചിന്തകളുടെ ബാക്കിപത്രമായിട്ടാണ്. അതുകൊണ്ടാണ് ടിക്കറ്റ് കാണിക്കുമ്പോഴും നീയൊന്നും കയറി ഇരിക്കാനുള്ളതല്ല ഇവിടമെന്ന ചിന്ത വളരെ സ്വാഭാവികമായി അയാളില്‍ ഉണ്ടാകുന്നത്. അതുകൊണ്ടാണ് രണ്ടാമതൊന്ന് ഓര്‍ക്കാതെ അയാള്‍ക്ക് അവരെ തടയാനാകുന്നത്.
എന്നാല്‍ സംഗതി വിവാദമായപ്പോള്‍ ഒരു ന്യായീകരണം വേണ്ടി വന്നു. അപ്പോഴത് യു/ എ സര്‍ട്ടിഫിക്കറ്റ് ഉള്ള ചിത്രമായതിനാലാണ് പന്ത്രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഉള്ളതിനാലാണ് തടഞ്ഞത് എന്നായി തീയറ്ററുകാര്‍. എന്നാല്‍ വീഡിയോയില്‍ കാര്യം വളരെ കൃത്യമാണ്, പ്രത്യേകിച്ച് ഒന്നും പറയാതെ കടന്നു പോ എന്ന് ആട്ടി അകറ്റാനാണ് തീയറ്റര്‍ ജീവനക്കാരന്‍ ശ്രമിക്കുന്നത്.
നരി കുറവ സമുദായമോ മറ്റേതൊരു ദളിത് വിഭാഗത്തിലെ മനുഷ്യരോ ആകട്ടെ, അവര്‍ ഇന്ത്യന്‍ പൗരന്മാരാണ്. മറ്റുള്ളവരില്‍ നിന്നും അല്പവും കുറഞ്ഞതല്ല അവര്‍ക്ക് അവരുടെ മാതൃരാജ്യത്തുള്ള അവകാശം. അതില്‍ വിവേചനം ചിന്തിക്കുന്ന സമൂഹത്തിനാണ് ചികിത്സ വേണ്ടത്.
കാലം ഇത്ര കടന്നു പോയിരിക്കുന്നു, ഇന്നും രാജ്യത്തെ ജനങ്ങളെ വിവേചനത്തോടെയല്ലാതെ കാണാനാകുന്നില്ലെങ്കില്‍പ്പിന്നെ എന്തു വികസനമാണ്, എന്തു പുരോഗതിയാണീ നാടിന് ഉണ്ടായിരിക്കുന്നത്?