Image

ട്രംപ് ഞെട്ടിപ്പോയെന്നു അഭിഭാഷകൻ;  വിലങ്ങു വച്ചാൽ തിരിച്ചടിക്കുമെന്നു താക്കീത് 

Published on 31 March, 2023
ട്രംപ് ഞെട്ടിപ്പോയെന്നു അഭിഭാഷകൻ;  വിലങ്ങു വച്ചാൽ തിരിച്ചടിക്കുമെന്നു താക്കീത് 



മൻഹാട്ടനിൽ ഗ്രാൻഡ് ജൂറി തന്റെ മേൽ കുറ്റം ചുമത്താൻ തീരുമാനിച്ചു എന്ന വാർത്ത കേട്ടു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞെട്ടിപ്പോയെന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ. "ഞാനും ഞെട്ടി," ജോ ടാകോപിന വ്യാഴാഴ്ച ഫോക്സ് ന്യൂസിനോടു പറഞ്ഞു. 

"മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. മൻഹാട്ടൻ ഡി എ ആൽവിൻ ബ്രാഗിന്റെ ഓഫിസിൽ നിന്നല്ല." 

ട്രംപിനെതിരെ 34 കുറ്റങ്ങൾ പ്രതീക്ഷിക്കുന്നു എന്ന്  ടാകോപിന സ്ഥിരീകരിച്ചു. "അദ്ദേഹം പൊരുതും. ഇത്ര കരുത്തനായ ഒരാളെ ഞാൻ കണ്ടിട്ടില്ല. 

"ഞാൻ ഇത്ര രോഷം കൊണ്ട ദിവസമില്ല. യുഎസിൽ നിയമവാഴ്ച മരിച്ചു. മരിച്ചു, മരിച്ചു." 

ചൊവാഴ്ചയാണോ ട്രംപ് ന്യൂ യോര്കിൽ എത്തുക എന്നു ചോദിച്ചപ്പോൾ അക്കാര്യം അന്തിമമായി തീരുമാനിച്ചില്ലെന്നു  ടാകോപിന പറഞ്ഞു. "ഞങ്ങൾ അവരുമായി സംസാരിക്കയാണ്. സുരക്ഷാ വകുപ്പിനും ഇതിൽ പങ്കുണ്ട്. 

"മുന്പുണ്ടാവാത്ത പോലെ ചില കാര്യങ്ങൾ." 

ട്രംപിനെ വിലങ്ങു വയ്ക്കുമോ എന്നു ചോദിച്ചപ്പോൾ  ടാകോപിന തറപ്പിച്ചു പറഞ്ഞു: "ഇല്ല."

"അങ്ങിനെ ചെയ്താൽ തിരിച്ചടിക്കും. കാരണം ഞങ്ങൾ ഈ കേസ് ജയിക്കാൻ പോകയാണ്. ഞങ്ങൾ അവരെ നാണം കെടുത്തും. അവർ അതിനു വില നൽകേണ്ടി വരും." 

വിലങ്ങു വച്ചില്ലെങ്കിലും ട്രംപിനു വിരലടയാളം നൽകേണ്ടി വരും. ഫോട്ടോ എടുക്കുകയും ചെയ്യും.  യുഎസ് നീതിന്യായ വ്യവസ്ഥിതി മുൻപ് കാണാത്ത മേഖലകളിലേക്കു നീങ്ങുകയാണെന്നു നിയമവിദഗ്ധർ പറഞ്ഞു. 

കേസ് ദുർബലമാണെങ്കിൽ കുറ്റം ചുമത്താൻ ഗ്രാൻഡ് ജൂറിയുടെ അനുമതി ലഭിക്കില്ലായിരുന്നു. പൗര പ്രമുഖർ അടങ്ങുന്ന ഗ്രാൻഡ് ജൂറിയുടെ ഇടപാടുകൾ രഹസ്യമാണ്. തീരുമാനം അവർ ജഡ്ജിക്കു നൽകുന്നു. 

നാലു വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് കാണുന്നതെന്നു വിദഗ്ദർ പറഞ്ഞു. 

ഫ്ലോറിഡയിൽ നിന്നു പറന്നാവും ട്രംപ് വരിക. 

Trump was shocked at indictment news 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക