Image

നാണിക്കൂ, പിണറായി ലോകായുക്തിനെ സംശയിച്ചതിന് ! : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 31 March, 2023
നാണിക്കൂ, പിണറായി ലോകായുക്തിനെ സംശയിച്ചതിന് ! : (കെ.എ ഫ്രാന്‍സിസ്)

ഈ പാവം ലോകായുക്തയെ പേടിച്ചാണോ നിയമസഭ പ്രത്യേകം ചേര്‍ന്ന് ഒരു പുതിയ ബില്‍ ഉണ്ടാക്കി പിണറായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചത്? ഒടുവില്‍ ലോകായുക്തയുടെ അധികാരങ്ങളെല്ലാം പുതിയ ബില്ലില്‍ വെട്ടിക്കുറച്ചിരുന്നു. ആ ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ പഴയപടി 'ഫുള്‍ ഫോമി'ലാണ് ഇപ്പോള്‍. മൂന്നു കാര്യങ്ങളില്‍ ദുര്‍വിനിയോഗം നടത്തിയോ എന്നാണ് ലോകായുക്ത പരിഗണിക്കേണ്ടത്. അത് സംബന്ധിച്ച വാദപ്രതിവാദങ്ങളൊക്കെ എന്നോ നടന്നുകഴിഞ്ഞു. പക്ഷേ വിധി മാത്രം വന്നിരുന്നില്ല. പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ ഇതേച്ചൊല്ലി ഹൈക്കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം വീണ്ടും പരാതിക്കാരന്‍ ലോകായുക്തയില്‍ എത്തിയപ്പോഴാണ് വിധിയുടെ കാര്യം നീതിപാലകര്‍ ഓര്‍ക്കുന്നത് തന്നെ. 

ഇടയിളക്കം : 

ലോകായുക്തയും രണ്ടു ഉപലോകായുക്തകളില്‍ ഒരാളും അടങ്ങിയ ബെഞ്ച് വിധി വായിച്ചപ്പോള്‍ ഇവരില്‍ ഒരാള്‍ക്ക് ഇടയിളക്കം ! കേസ് ഫുള്‍ ബെഞ്ചിന് വിട്ടു. ഫുള്‍ബെഞ്ച്  എന്നാല്‍ ഒരു ഉപലോകായുക്ത കൂടി ചേര്‍ന്നത്. ഇക്കാര്യത്തില്‍ ഇനി എന്താണ് ഉണ്ടാവാന്‍ പോകുന്നത് എന്ന് ആര്‍ക്കാണ് അറിയാത്തത് ? അങ്ങനെ വല്ല സംശയവും ബാക്കിയുള്ളവര്‍ നിയമമന്ത്രി രാജീവിന്റെ അതോടൊപ്പം നടത്തിയ പ്രസ്താവന ചേര്‍ത്തുവായിക്കുക. എല്ലാം വേണ്ടപോലെ അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലാവും. സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗമായ ശശികുമാര്‍ നീറ് പോലെ പിന്നാലെ കടിച്ചു തൂങ്ങി നില്‍ക്കുന്നത് മാത്രമാണ് ഇതിലെ കൗതുകം! സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്നത് അധരവ്യായാമം ആണെന്ന് നമുക്കൊക്കെ അറിയാം. അത് അവര്‍ക്കും അറിയാം. കേസ് നിലനില്‍ക്കുമോ എന്നു  അവസാനഘട്ടത്തില്‍ നീതി നടപ്പാക്കുന്നവരില്‍ ഒരാള്‍ക്ക് ഇപ്പോള്‍ തോന്നുന്നതും വിചിത്രം തന്നെ എന്നേ പറയുന്നുള്ളു. ഇവര്‍ക്കൊക്കെ സൈബര്‍ ആക്രമണം പേടിയില്ലെന്ന് പറയാനാവില്ല. 

വീണത് മന്ത്രി : 

ഇതിനിടെ റവന്യൂ മന്ത്രി കെ.രാജന്‍ പുത്തൂര്‍ സുവോളജിക്ക് പാര്‍ക്കില്‍ ചവിട്ടുപടി ഇറങ്ങുന്നതിനിടെ പി.ജയരാജിന്റെ ഖാദി ബോര്‍ഡ് വക മുണ്ട് ചവിട്ടി മറിഞ്ഞങ്ങു വീണു. മന്ത്രിയല്ലേ, കൂടെയുള്ളവര്‍ അദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചു. വീണ മന്ത്രി നോക്കി നടത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയില്ലെന്ന കാര്യം പ്ലീസ് നോട്ട്. മന്ത്രി വീണ ജോര്‍ജ് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഒരുക്കുന്ന തിരക്കിലാണ്. ഷവര്‍മ ദുരന്തം തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും ഹെല്‍ത്ത് കാര്‍ഡ് വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്ന ഒരു ഓര്‍ത്തഡോക്‌സുകാരിയാണല്ലേ വീണ ? അതങ്ങു നടക്കട്ടെ. നാളെ മുതല്‍ ഭക്ഷ്യവിഷബാധ നമ്മുടെ ഹോട്ടലുകളിലും മറ്റും ഉണ്ടാവില്ലെന്ന് വീണയുടെ  ഉറപ്പ്. 

ശശി പറഞ്ഞതുപോലെ : 

ഇടുക്കി ചിന്നക്കനാല്‍ ശാന്തന്‍പാറയിലെ മനുഷ്യരോടു കാട്ടുന്നതിലും വലിയ കരുണയും അനുതാപവുമാണ് അവരില്‍ ഏഴ് പേരെ കൊന്ന അരികൊമ്പനോട് എന്ന് നാം  ഉറക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ കേസ്സാകും കൂട്ടമാകും.  അതിനാല്‍ മന്ത്രി ശശി പറയുന്നതുപോലെ പറയുകയാണെങ്കില്‍ ഞാന്‍ പറഞ്ഞതും അറിവ് കുറവുകൊണ്ടും നിയമ കാര്യത്തിലെ അജ്ഞത കൊണ്ടും വിടാം. എന്തായാലും യുവറോണറോട്  ഒന്ന് ചോദിച്ചോട്ടെ : മൃഗ സ്‌നേഹത്തേക്കാള്‍ ഒരു പണത്തൂക്കം മനുഷ്യസ്‌നേഹം പ്രകടിപ്പിച്ചത് കൊണ്ട് ആരെങ്കിലും പ്രകൃതിസ്‌നേഹി ആവാതിരിക്കുമോ ?  ആദ്യമൊക്കെ അരി കട്ട് തിന്നുന്ന ആനക്കൊമ്പനും  ചക്ക മാത്രം തുമ്പിക്കൈ ഉയര്‍ത്തി വിഴുങ്ങുന്ന ചക്ക കൊമ്പനും  വാലുമുറിയനും ഇടുക്കിക്കാര്‍ക്ക് ഒരു തമാശയായിരുന്നു. 

വാല്‍ക്കഷ്ണം : നാളെ സര്‍ക്കാര്‍ കൂടി നമ്മെ മണ്ടന്മാരാക്കുന്ന ഏപ്രില്‍ ഫൂള്‍ ! പെട്രോളിനും ഡീസലിനും ഒരു ലിറ്ററിനു മേല്‍ രണ്ടു രൂപ വര്‍ധന. ഇതോടെ ഇന്ത്യയിലെ മിക്ക വലിയ നഗരങ്ങളില്‍ ഉള്ളവരേക്കാള്‍ ഏറ്റവുമധികം പെട്രോള്‍ വില നല്‍കുന്നവര്‍ നമ്മള്‍ എന്ന് വേണമെങ്കില്‍ അഹങ്കരിക്കാം. കൂട്ടത്തില്‍  ഒന്നുകൂടി ഓര്‍മ്മിപ്പിക്കാം. ഈ സതീശന്റെ സമരവീര്യവും കൂട്ടിയ സെസ് സമരം ചെയ്ത കുറപ്പിച്ചു കളയാം എന്ന വിലയിരുത്തലും ഇല്ലായിരുന്നെങ്കില്‍ ഗോവിന്ദന്‍ മാഷ് പിണറായി സഖാവിന്റെ കാലുപിടിച്ചാണെങ്കിലും ഈ ക്രൂരകൃത്യത്തില്‍ നിന്ന് പിണറായിയെ പിന്‍മാറ്റിയേനെ. സതീശന്റെ  അമിതാവേശവും പിണറായിയുടെ ഈഗോയും കാരണം പോക്കറ്റ് കാലിയാവുന്നത്  നമ്മുടെ! ഇനിയെങ്കിലും സതീശാ ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് മുഖ്യമന്ത്രി പിണറായി! 

മദ്യം കഴിച്ചും  ലോട്ടറി ടിക്കറ്റ് വാങ്ങിയും നിത്യേന  സര്‍ക്കാറിന് വരുമാനം ഉണ്ടാക്കി തരുന്ന തൊഴിലാളിവര്‍ഗ്ഗം ഉണ്ട്. അവരിലേറെയും സഖാക്കള്‍ തന്നെ. 999 വരെ വിലയുള്ള മദ്യത്തിന്റെ ഓരോ കുപ്പിക്കും 20 രൂപയും അതിനുമുകളില്‍ വിലയുള്ളതിനു 40 രൂപയും നാളെ മുതല്‍ അധികം നല്‍കണം. സാധാരണക്കാര്‍ക്കായി ഉണ്ടാക്കുന്ന ജവാന്‍ മദ്യം ശുദ്ധമായ പട്ടയായതിനാല്‍ ബുദ്ധിജീവികളും സമ്പന്നരും ഉദ്യോഗസ്ഥരുമായ സഖാക്കളും ഇത് സ്വന്തം ബ്രാന്റാക്കിയതോടെ അതിനും വലിയ ഡിമാന്‍ഡ് ! എന്തായാലും മദ്യക്കച്ചവടം പ്രധാന വരുമാനമാര്‍ഗമാക്കിയ ഒരു സംസ്ഥാനമെന്ന നിലയില്‍ അതിന്റെ വകുപ്പ് മന്ത്രിക്കും (പേര് പറയുന്നില്ല) സര്‍ക്കാറിനും അഭിമാനിക്കാം ! ഇപ്പോള്‍ ലഹരിയെന്നൊക്കെ പറയുന്നത്  രാസലഹരിയാണ്. നമ്മുടെ മദ്യത്തിന് ഒരു ലഹരിയുമില്ല. ഇപ്പോള്‍ അത് കഴിച്ചവരെ വഴിക്ക് തടഞ്ഞുനിര്‍ത്തി പോലീസ് ഊതിക്കുന്നുമില്ലല്ലോ.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക