Image

അമേരിക്കൻ മലയാളിക്ക് ആദരവുമായി ഫൊക്കാന കൺവൻഷനിൽ മന്ത്രിമാർ, നേതാക്കൾ 

Published on 31 March, 2023
അമേരിക്കൻ മലയാളിക്ക് ആദരവുമായി ഫൊക്കാന കൺവൻഷനിൽ മന്ത്രിമാർ, നേതാക്കൾ 

കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് വലുത്: സ്പീക്കര്‍ എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ഫൊക്കാനയുടെ പങ്ക് അഭിനന്ദനീയമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷന്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫൊക്കാനയുടെ കണ്‍വെന്‍ഷനില്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. അതൊരു അഭിമാനമായാണ് കാണുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ പ്രവാസികളുടെ സംഭാവന വളരെ വലുതാണ്. ലോകത്തെ 124 രാഷ്ട്രങ്ങളിലും ഇന്ത്യക്കാരുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം വളരെയധികം ആളുകള്‍ പോകുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി നടത്തിയ പ്രത്യേക പരാമര്‍ശ പ്രകാരം കേരളത്തില്‍ 60 വയസു കഴിഞ്ഞ ആളുകളുടെ എണ്ണം കൂടുന്നു, 20 വയസുള്ള ആളുകളുടെ എണ്ണം കുറയുന്നു എന്നും എടുത്തു പറഞ്ഞിരുന്നു. ഇതിനു കാരണം ധാരാളം ചെറുപ്പക്കാര്‍ വിദശത്തേക്ക് ചേക്കേറുന്നു. ഗള്‍ഫിലേക്ക് പോകുന്നവര്‍ നാട്ടിലേക്ക് പണമയക്കാറുണ്ട്. എന്നാല്‍ യു.എസിലേക്ക് പോകുന്നവര്‍ അവിടെ സ്ഥിരതാമസമാക്കുകയാണ്. പക്ഷേ ഫൊക്കാന വ്യത്യസ്തമാണ്. ഒരു സംഘടനയെന്ന നിലയ്ക്ക് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി എന്തു ചെയ്യാന്‍ കഴിയുമെന്ന് ഫൊക്കാന തെളിയിച്ചിട്ടുണ്ട്.

കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള ആളുകളെ ഫൊക്കാനയുടെ നേതൃത്വത്തില്‍ യു.എസിലേക്ക് കൊണ്ടു പോകുന്നു. അത് കലയോടുള്ള സ്‌നേഹം കൊണ്ടാണ്. ഇപ്പോഴത്തേത് മികച്ച നേതൃത്വമാണ്. അമേരിക്കയുടെ രാഷ്ട്രീയ രംഗത്തേക്ക് ഇന്ത്യക്കാരെ കൊണ്ടു വരാന്‍ ഫൊക്കാന ശ്രമിക്കുന്നു. അമേരിക്കയില്‍ ഇതു പോലെ മികച്ച നേതൃപാടവവമുള്ള ഒരു സംഘടനുള്ളതും അവിടുത്തെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്നതും അഭിനന്ദനാര്‍ഹമാണ്. ഇന്നലെകളില്‍ എങ്ങനെയാണോ ഫൊക്കാന കേരളത്തെ സഹായിച്ചത് അതു പോലെ ഇനിയും പിന്തുണ നല്‍കണം. ഫൊക്കാനയുടെ സഹായം അത്യാവശ്യമുള്ള ഘട്ടമാണിത്. ഫ്‌ളൈറ്റ് ചാര്‍ജ്ജ് തോന്നിയതു പോലെ വര്‍ധിപ്പിക്കുകയാണ്. എല്ലാവര്‍ക്കും അത് താങ്ങാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദംചെലുത്താന്‍ ഫൊക്കാനയ്ക്ക് കഴിയണം.

ആഗോള സന്തോഷ സൂചിക പോലെ, ആഗോള ജനാധിപ്യ സൂചികയുമുണ്ട്. എന്നാല്‍ ആഗോള ജനാധിപ്യ സൂചികയില്‍ ഇന്ത്യതാഴേക്ക് പോകുന്നു. പൗരസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം ഇവയെല്ലാം കണക്കിലെടുത്താണ് ആഗോള ജനാധിപ്യ സൂചികയില്‍ ഒരു രാജ്യത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ ഇന്ത്യക്ക് തല താഴ്ത്തി നില്‍ക്കേണ്ടി വരുന്നു. പ്രതിഷേധം, അഭിപ്രായം ഇവയൊന്നും രേഖപ്പെടുത്താന്‍ കഴിയുന്നില്ല. എന്നാല്‍ ഇന്ത്യ മുന്നോട്ടു കുതിക്കുക തന്നെ ചെയ്യും. 2020ല്‍ കോവിഡ് പാന്‍ഡമിക് വന്നതു പോലെ ഇപ്പോള്‍ റീനെയിമിങ്ങ് പാന്‍ഡമിക് ആണ് ഇന്ത്യയില്‍. പണ്ടും പേരു മാറ്റിയിരുന്നു. എന്നാല്‍ അത് പ്രാദേശികമായിരുന്നു. പേരിന്റെ കാര്യത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചാലും അത് തിരുത്താനുള്ള ശക്തി ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ട്. ഫൊക്കാനയുടെ ഈ കണ്‍വെന്‍ഷന്‍ കേരളത്തിനു വേണ്ടി ഏറ്റവും മികച്ചൊരു കാര്യം ചെയ്യുമെന്ന തീരുമാനമെടുക്കുന്ന വേദിയായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഫൊക്കാന പിന്തുണ നല്‍കുമെന്ന് പ്രതീക്ഷ: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ പരിരക്ഷയ്ക്കും എന്തു ചെയ്യാന്‍ കഴിയുമെന്ന് ഫൊക്കാന ഗൗരവമായി ചിന്തിക്കണമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി വി,ശിവന്‍കുട്ടി പറഞ്ഞു. കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുളള ക്‌ളാസുകളില്‍ 47 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 1,92,000 അദ്ധ്യാപകരും ഉണ്ട്. ഇതില്‍ 70 ശതമാനം അധ്യാപികമാരാണ്. ഒരു കാലത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. ഇന്ന് സംസ്ഥാനത്തെ മിക്ക സ്‌കൂളുകളും ഹൈടെക്ക് ആക്കി. പത്തര ലക്ഷം പുതിയ വിദ്യാര്‍ത്ഥികളാണ് സര്ക്കാര്‍ സ്‌കൂളിലേക്ക് വന്നത്. ഇപ്രാവശ്യത്തെ ബജറ്റിലും വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റം വന്നു. പാഠപുസ്തകങ്ങളും യൂണിഫോമും രണ്ടു മാസം മുമ്പു തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു.

ഈ വിജയത്തിന്റെ കാരണം ജനങ്ങളും രക്ഷകര്‍ത്താക്കളും പൊതുവിദ്യാഭ്യാസത്തെ ഏറ്റെടുത്തതാണ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട കുട്ടികള്‍, മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ എന്നിവര്‍ പഠിക്കുന്ന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഫൊക്കാനയുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ അമേരിക്കയിലിരുന്നും ഫൊക്കാന മനസ്സിലാക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

കേരള കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ സന്തോഷം: ഗതാഗത വകുപ്പ് മന്ത്രി ആന്റിണിരാജു

ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തി ഗതാഗത വകുപ്പ് മന്ത്രി ആന്റിണിരാജു പറഞ്ഞു. ഓഖി, രണ്ട് പ്രളയം, കോവിഡ് തുടങ്ങി സംസ്ഥാനം പ്രതിസന്ധി നേരിട്ട അവസരങ്ങളിലെല്ലാം ഫൊക്കാന സഹായവുമായെത്തി. അടിസ്ഥാന സൗകര്യ വികസനം, മുടക്കമില്ലാത്ത വൈദ്യുതി, തൊഴില്‍ സമരങ്ങളില്ലാത്ത വ്യവസായ മേഖല തുടങ്ങി കേരളത്തിലെ നിരവധി വികസ കുതിപ്പുകള്‍ ഫൊക്കാന കാണുന്നുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഏറ്റവും വേഗത്തില്‍ കാണുന്ന സംസ്ഥാനമായി കേരളം മാറി കഴിഞ്ഞു.

കോവിഡ് കാലത്ത് സമ്പന്ന രാജ്യങ്ങള്‍ പോലും പകച്ചു നിന്നപ്പോള്‍ കൊച്ചു കേരളത്തില്‍ അങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടായില്ല. കോവിഡ് ബാധിതരെ വീട്ടില്‍ വന്ന് ആശുപത്രികളിലെത്തിക്കുകയും ആവശ്യമായ മരുന്ന് ഭക്ഷണം എന്നിവ നല്‍കി തിരികെ വീട്ടില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. ഈ പ്രതിസന്ധിയിലും ഫൊക്കാനയുടെ സഹായം കേരളത്തിന് ലഭിച്ചു. കേരളത്തോട് ഫൊക്കാന കാണിക്കുന്ന സ്‌നേഹത്തിനും കരുതലിനും വളറെ നന്ദിയുണ്ടെന്നും മന്ത്രി ആന്റിണി രാജു പറഞ്ഞു.

നന്‍മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം: മോന്‍സ് ജോസഫ് എം.എല്‍.എ

പാവപ്പെട്ട മനുഷ്യരെയും കേരളത്തെയും സഹായിക്കുന്നതിനായി ഫൊക്കാന ചെയ്യുന്ന നന്‍മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. റോഡ്, ടൂറിസം, ആരോഗ്യമേഖലകളില്‍ കേരളത്തിന്റെ സാധ്യതകള്‍ക്കനുസരിച്ച് വളരാന്‍ സഹായിക്കുന്നതിനായി ഫൊക്കാന മുന്നോട്ടു വരണം. ബാബു സ്റ്റീഫന്റെ നേതൃത്വം ഫൊക്കാനയ്ക്ക് പുതിയൊരു മുഖച്ഛായ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനും നഴ്‌സിങ്ങ് പഠനത്തിനും ഫൊക്കാന മികച്ച രീതിയില്‍ സാമ്പത്തിക സഹായം നല്‍കുന്നു. രാഷട്രീയത്തിനതീതമായി വികസനത്തിനു വേണ്ടി കേരളവും ഫൊക്കാനയും ഒരുമിച്ചു നില്‍ക്കണം. മുമ്പ് അമേരിക്കയില്‍ സംഘടിപ്പിച്ചിരുന്ന കണ്‍വെന്‍ഷന്‍ ഇപ്പോള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നതില്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്നും മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.

ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ.കലാ ഷാഹി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു. ഡബ്‌ളിയു.എച്ച്.ഓ മുന്‍ കണ്‍സള്‍ട്ടന്റ് ഡോ.എസ്.എസ് ലാല്‍, ഫൊക്കാനയുടെ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ പോള്‍ കറുകപ്പള്ളില്‍, കേരളീയം ചെയര്‍മാന്‍ പി.വി അബ്ദുള്‍ വഹാബ് എം.പി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാമ്മന്‍.സി.ജേക്കബ്ബ് നന്ദി പറഞ്ഞു. 

see also

ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം  പ്രവീൺ രാജിനു സമ്മാനിച്ചു 

ഇന്ത്യയിലും ലിഞ്ചിംഗ് വന്നു; ജനാധിപത്യ ഇൻഡക്സിൽ  പിന്നോക്കം പോയി: സ്പീക്കർ ഷംസീർ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക