Image

പനിപിടിച്ച ദിവസം (ചിഞ്ചു തോമസ്)

Published on 02 April, 2023
പനിപിടിച്ച ദിവസം (ചിഞ്ചു തോമസ്)

രാവിലെ എഴുന്നേറ്റപ്പോൾ തൊണ്ട പഴുത്ത് ഉമ്മിനീർ ഇറക്കാൻ പറ്റാത്ത പരുവത്തിലാണ് ഉണ്ടായിരുന്നത്. ചൂട് വെള്ളവും ചൂട് ചായയും ചെന്നതിന് ശേഷമാണ് സംസാരിക്കാൻ പറ്റിയത്. ദേഹം അനക്കാൻ പറ്റാത്തതുപോലെ വേദന. ഈ ഇടയായി തൊണ്ടക്ക് വേദന വന്നിട്ടാണ് പനിയാകുന്നത്. പണ്ടും ഇങ്ങനെ ആയിരുന്നു. എനിക്ക് തൊണ്ടവേദന എപ്പോഴും ഉണ്ടായിരുന്നു. ടോണ്സില്സ് പഴുത്ത് ചുവന്ന്. ചിലപ്പോൾ അത് എടുത്തു കളയേണ്ടിവരുമെന്നു ഡോക്ടർ പണ്ട് പറഞ്ഞിരുന്നു. അതുകൊണ്ട് അന്ന് തണുത്തത് തൊടില്ലായിരുന്നു. ഞാൻ അന്ന് പനിയായി രാജൻ ജോർജ് ഡോക്ടറിനെ കാണാൻ പോകുമ്പോൾ ഡോക്ടർ ആദ്യം പറയുന്നത് ‘കണ്ടിട്ട് പനിയുടെ ലക്ഷണം ഇല്ലല്ലോ ‘ എന്നാണ്. ശെരിയാണ് എനിക്ക് പനി വന്നാൽ അത് വന്നതിന്റെ ലക്ഷണം പുറമേ നോക്കിയാൽ കാണത്തില്ലായിരുന്നു. ആ കാര്യമൊക്കെ  ഇന്ന് രാവിലെ എന്റെ  ചിന്താ മണ്ഡലത്തിൽകൂടി ഓടി വന്നു. അതൊക്കെ ഞാൻ ഭർത്താവിനോട് പറയുന്നുണ്ടായിരുന്നു. 

ഞാൻ പറയുന്നതൊന്നും കേൾക്കാൻ കഴിയുന്നില്ലേ? , ഞാൻ സംശയത്തോടെ ചോദിച്ചു.

കേൾക്കാമെല്ലോ. 
എന്റെ സംശയത്തിന് കാരണം ഒന്നിനും പ്രതികരണം ഇല്ലായിരുന്നതുകൊണ്ടാണ്.

ലുലുവിൽനിന്ന് പച്ചക്കറികൾ വാങ്ങിക്കൂട്ടുന്നതിന്റെ ഇടയ്ക്കു ദേഹം കുളിരാൻ തുടങ്ങി. തണുത്തു വിറയ്ക്കാൻ തുടങ്ങി. പനി ഉള്ളത് പോലെ. എന്നത്തേയുംപോലെയുള്ള പനി അല്ല. കിടുങ്ങൽ ഉണ്ട്. കൂടുതൽ ആലോചിച്ചില്ല.  സാധനങ്ങൾ വാങ്ങിയിട്ട് ആശുപത്രിയിലേക്ക് പോയി. 
ഇന്ത്യൻ  ഡോക്ടറിനെ കാണാൻ അപ്പോയിന്മെന്റ് എടുത്തു. ഇന്ത്യൻ ഡോക്ട്ടേഴ്സിനാണ് വില. ഉണ്ണി എന്നായിരുന്നു ഡോക്ടറിന്റെ പേര്. മലയാളിയാണ്. എന്റെ പേര് വിളിച്ചപ്പോൾ ഞാൻ ഡോക്ടറിന്റെ മുറിയിലേക്ക് പോയി. 
എന്റെ പ്രശ്നങ്ങളെല്ലാം പറഞ്ഞു. ഡോക്ടർ എന്റെ തൊണ്ട പരിശോധിച്ചു. “ടോണ്സില്സ് ഉണ്ട്. അവിടെ വെള്ള കളറിൽ പാച്ചസ് ഉണ്ട്”,ഡോക്ടർ പറഞ്ഞു. പനി മുപ്പത്തിയൊമ്പതു ഡിഗ്രി. 
ഇതിന് മുൻപ് ടോണ്സില്സ് വന്നിട്ടുണ്ടോ?
ഉണ്ട്. എന്റെ കൊച്ചിലേ.
അതുകേട്ടപ്പോൾ ഡോക്ടർ കുഞ്ഞുങ്ങളെപ്പോലെ ചിരിച്ചു.
ഞാൻ ആ സത്യം ഒളിച്ചുവെച്ചില്ല. ഡോക്ടറിന്റെ ചിരി കുട്ടികളുടേതുപോലെ ഉണ്ട് എന്ന് ഞാൻ പറയുന്നതുകേട്ട് ഡോക്ടർ പിന്നെയും പൊട്ടിച്ചിരിച്ചു.
വെള്ള പാച്ചസ് വരാൻ കാരണമെന്താ ? , ഞാൻ ചോദിച്ചു.
ബാക്റ്റീരിയൽ ആകാം. വൈറൽ ആകാം. ഡോക്ടർ പറഞ്ഞു.
മോനും ഇതുപോലെ പാച്ചസ് ഉണ്ടായിരുന്നു. അവന് അഡിനോ വൈറസ് ആയിരുന്നു.
ഉം. ഡോക്ടർ മൂളി കേട്ടു.
ഡോക്ടർ എനിക്ക് കിടുങ്ങൽ ഉണ്ട്. മോനും ഉണ്ടായിരുന്നു.
ഉം.
ദേഹവേദനയുണ്ടോ?
ഉണ്ട്. അനങ്ങാൻ വയ്യ.
ഇഞ്ചക്ഷൻ എടുക്കണോ? അപ്പോൾ കുടുങ്ങലും വേദനയും കുറയും.

എടുക്കാം, ഞാൻ പറഞ്ഞു. ഇന്ന് എന്റെ അനിയത്തീടെ മോന്റെ പിറന്നാൾ ആഘോഷമാണ്. അവിടെ പോകാൻ ഇഞ്ചക്ഷൻ എടുക്കുന്നതാകും നല്ലത്.
ഉം. ഡോക്ടർ മൂളിക്കേട്ടു.
മൂന്ന് ഇഞ്ചക്ഷനും ബ്ലഡ് ടെസ്റ്റിനും ഡോക്ടർ എഴുതി. പോരാഞ്ഞ് ആന്റിബയോട്ടിക്‌സും മറ്റ് മരുന്നുകളും. ഞാൻ ഡോക്ടറിനോട് നന്ദി പറഞ്ഞു പുറത്തിറങ്ങി. നേഴ്സ് മൂന്ന് പേപ്പറുകൾ കാണിച്ചു. രണ്ടെണ്ണം ഇൻഷുറൻസ് അപ്പ്രൂവലിനും ബില്ലിംഗ് സെക്ഷനിനും കൊടുക്കാനും മറ്റൊരെണ്ണം ഫാർമസിയിൽ കാണിക്കാനും. 
കൂടെ ആരേലും ഉണ്ടോ, നേഴ്സ് ചോദിച്ചു.
ഉണ്ട്. ഞാൻ ഭർത്താവിനെ വിളിച്ചു. അവർ ആ പേപ്പറുകൾ ഭർത്താവിനെ ഏല്പിച്ചിട്ടു ചെയ്യാനുള്ള  കാര്യങ്ങൾ പറഞ്ഞുകൊടുത്തു. എന്നോട് കസേരയിൽ ഇരിക്കാൻ അവർ പറഞ്ഞു. എന്റെ കിടുങ്ങൽ കൂടി കൂടി വന്നു. ഞാൻ ആ കസേരയിൽ കൂനിക്കൂടി ഇരുന്നു. അവർ പിന്നെ എന്നെകൊണ്ട് ഒരു മുറിയിൽ കിടത്തി. കമ്പിളി പുതപ്പിച്ചു. 
പാരസെറ്റമോൾ ഡ്രിപ്സ് ഇടാൻ നേഴ്സ് എന്റെ ഞരമ്പ് കിട്ടുന്നതിന് കൈയ്യിൽ മൂന്ന് പ്രാവശ്യം ബെൽറ്റ് കെട്ടി അവരുടെ വിരൽകൊണ്ട് അടിച്ചു.  
ഭക്ഷണം കഴിച്ചതാണോ?, അവർ ചോദിച്ചു.
രാവിലെ കഴിച്ചു.
എന്ത് കഴിച്ചു?
പുട്ട് കടല.
ഞരമ്പ് കിട്ടുന്നില്ലേ ? , ഞാൻ ചോദിച്ചു.
പേടിയുണ്ടെല്ലേ? അവർ അതിന് മറുപടിയായി മറുചോദ്യം ചോദിച്ചു. ഇങ്ങനെ പേടിച്ചാൽ ഞരമ്പ് കിട്ടത്തില്ല , അവർ പറഞ്ഞു. എന്നോട് തള്ള വിരൽ ഉള്ളിലാക്കി ബാക്കി വിരൽ കൊണ്ട് കൈ ഇറുക്കി പിടിക്കാൻ അവർ ആവശ്യപ്പെട്ടു. ഞാൻ അതുപോലെ ചെയ്തു. അവർ സ്പിരിറ്റ് തൂക്കുന്നുണ്ട്. 

 ഞരമ്പ് കിട്ടിയോ?, ഞാൻ ചോദിച്ചു. 

കിട്ടിയെന്ന് തോന്നുന്നു നോക്കട്ടെ അവർ പറഞ്ഞു. അവർ സൂചി കുത്തിയിറക്കി. 

ചിലർ സൂചി കുത്തുമ്പോൾ അലച്ചുകൂവും അപ്പോൾ ഞങ്ങളുടെ നെഞ്ചോന്നു പിടയും. ഞങ്ങൾ ദൈവമേ എന്നൊന്ന് വിളിക്കും, അവർ പറഞ്ഞു.
ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത് ഞാനും അലച്ചു വിളിക്കുകയായിരുന്നു. ഞാൻ അലപ്പ് നിർത്തി.
അവർ തുടർന്നു, രണ്ട് ജീവനെല്ലേ , ഒന്ന് രോഗിയുടെയും ഒന്ന് നേഴ്സിന്റെയും. അലക്കുന്നവർ അറിയുന്നില്ലല്ലോ ഞങ്ങളും മനുഷ്യരാണ് ഞങ്ങളുടെ ശ്രദ്ധ അപ്പോൾ പോകുമെന്ന്! ആ സമയം ഞങ്ങൾ ദൈവത്തെ വിളിക്കും, നേഴ്സ് പറഞ്ഞു. 
ഇത് എന്തിനുള്ള ഡ്രിപ്സ് ആണ്?, ഞാൻ ചോദിച്ചു.
പനിക്ക്.
കിടന്നോ. ബാക്കി ഇഞ്ചക്ഷനുള്ള മരുന്ന്  ഇൻഷുറൻസ് അപ്പ്രൂവ് ആയിട്ട് കൊണ്ട് വരട്ടെ. ഉറങ്ങിക്കോ. അവർ പുറത്തേക്ക് പോയി. 
ഞാൻ ഒരു കൈകൊണ്ട്  കമ്പിളി കഴുത്തുവരെ മൂടി. 
ഡ്രിപ്സ് ഇട്ട് ആശുപത്രി കിടക്കയിൽ മമ്മിയുടെ മടിയിലെ ചൂട് പറ്റി കിടക്കുന്നത് എന്റെ എല്ലാ മാസങ്ങളിലുമുള്ള ശീലമായിരുന്നു. വയർ വേദനയെടുത്തു തിരിഞ്ഞും മറിഞ്ഞും കിടന്ന് പിടഞ്ഞു കരയുമ്പോൾ താഴത്തെ കടയിലുള്ള രാജേന്ദ്രൻ വരെ താടിക്ക് കൈയ്യും കൊടുത്തു ഞങ്ങളുടെ വീട്ടിലേക്കും നോക്കി ഇരിക്കും. എന്റെ അലപ്പുവിളികൾ കേട്ട് ജോലിക്കാരി ഭാരതി മോണ മൂടിച്ചിരിക്കും. ഇതിനൊക്കെ ഇങ്ങനെ അലച്ചാൽ എങ്ങനാ? ഭാരതി എന്റെ അടുത്തു വന്ന് ചോദിക്കും. ഞാൻ അത് കേൾക്കുമ്പോൾ രണ്ടലപ്പു കൂടുതൽ അലയ്ക്കും. പിന്നെ ആശുപത്രിയിൽ പോകാൻ ഡാഡി ഓട്ടോ വിടും. അവിടെപ്പോയി ഡ്രിപ്സ് ഇട്ട് കിടക്കും. അവിടെക്കിടന്നുറങ്ങും. വേദന കഴിയുമ്പോൾ വീട്ടിൽ പോകും. ഞാൻ ഇതൊക്കെ ഓർത്ത് ഓർമ്മകളുടെ ചൂട് തട്ടി ഉറങ്ങി ഉറങ്ങിയില്ല എന്ന മാതിരി കിടക്കുവാണ്. എന്റെ കൈയ്യും കാലും ഒച്ചുപോലെ തണുത്തു മരവിച്ചു. 
എന്നെ പൊന്നുപോലെ നോക്കിയ ഡാഡിക്കും മമ്മിക്കും ഒപ്പം അവരുടെ വയസാംകാലം ഒരുകാര്യത്തിനും ഞാൻ കൂടെയില്ല. എന്നെക്കൊണ്ട് അവർക്ക് ഒരുപകാരവും ഇല്ല. അതുപോലെ എന്റെ മകൻ. അവനെ എന്റെ കൈയിൽ കിടത്തി ഉറക്കിയ വർഷങ്ങൾ! ഇപ്പോൾ ഞാൻ കിടുങ്ങി വിറച്ചു ഇരിക്കുമ്പോൾ അവൻ എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവന്റെ അപ്പന്റെ കൂടെ ചാഞ്ചാടി നടക്കുന്നു. ഞാൻ എന്റെ അപ്പനും അമ്മയ്ക്കും എങ്ങനെയോ അതുപോലെ അവൻ എനിക്കും.  മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്. മമ്മി ഇടയ്ക്ക് പറയാറുള്ളതുതന്നെ !
ഇൻഷുറൻസ് കിട്ടി മരുന്നുമായി ഭർത്താവും മകനും വന്നു. അവർ എന്നെ കാണാൻ മുറിയിൽ വന്നു. ‘നീ പറഞ്ഞത് ശെരിയാണല്ലോ , ഒരു ലുക്ക് ഉണ്ടായിരുന്നില്ല’, ഭർത്താവ് അത് പറഞ്ഞിട്ട് എന്റെ ആശുപത്രികിടക്കയിലുള്ള പടം എടുത്തു. വേണ്ട എന്നെനിക്ക് പറയണം എന്നുണ്ടായിരുന്നു. അതിന് മിനക്കെടാതെ ഞാൻ തിരിഞ്ഞു കിടന്നു. പടം പകർത്തുന്നത് അനിയത്തിക്ക് അയച്ചു കൊടുക്കാനാണ് എന്നെനിക്ക് അറിയാമായിരുന്നു. അനിയത്തിയുടെ കുഞ്ഞിന്റെ ബർത്ഡേയ്ക്ക് പോകാൻ കഴിയില്ല എന്നെനിക്ക് ഇതിനോടകം മനസ്സിലായിക്കഴിഞ്ഞിരുന്നു. എന്റെ മകൻ എന്റെ കൈയ്യിൽ കുത്തിയിരുന്ന ട്യൂബ് വലിച്ചു. ഞാൻ വേദന കൊണ്ട് കരഞ്ഞു. അവൻ എന്റെ ബെഡ് തട്ടിക്കളിച്ചു. ഈ മുറിയിൽനിന്ന് പോകാൻ ഞാൻ രണ്ടുപേരോടും ആവശ്യപ്പെട്ടു. അവർ പോയി. ഞാൻ പിന്നെയും  നൂറ് കാര്യങ്ങൾ തലച്ചോറിലിട്ടു കുഴച്ചു മറിച്ചു. 
ഉറങ്ങുകയാണോ ? , നേഴ്സ് കിടുങ്ങൽ മാറാനുള്ള ഡ്രിപ്സ് ഇടുകയായിരുന്നു. 
എനിക്ക് അറിയില്ല, ഞാൻ പറഞ്ഞു.
ഈ ഡ്രിപ്സ് കഴിഞ്ഞു ഏണിൽ ഒരു ഇഞ്ചക്ഷൻ ഉണ്ട്, അവർ ഓർമ്മിപ്പിച്ചു. ആ ഡ്രിപ്സ് കഴിഞ്ഞപ്പോൾ അവർ ഏണില്‍ കുത്തിവെച്ചിട്ടു അമർത്തി തിരുമ്മി. 

ഏണില്‍ ഇഞ്ചക്ഷൻ കിട്ടിയ കാലം മറന്നു, ഞാൻ പറഞ്ഞു. 
തിരുമ്മിയില്ലെങ്കിൽ കല്ലിക്കുമോ?
ഏയ് ഇല്ല.
ഇപ്പോൾ കുറവുണ്ടോ?
ഉണ്ട്. കഞ്ഞി കുടിച്ചാൽ മതി എന്ന് അവർ എന്നെ ഓർമ്മപ്പെടുത്തി. വീട്ടിൽ പോയി ഉറങ്ങണം, അവർ പറഞ്ഞു. 
അവർക്ക് നന്ദി പറഞ്ഞു ആശുപത്രിയിൽ നിന്ന് നേരേ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ പോയി. റംസാൻ നൊയമ്പ് ആയതുകൊണ്ട് അടച്ചും മൂടിയും ഇട്ട സ്ഥലത്തിരുന്നേ ഭക്ഷണം കഴിക്കാൻ പറ്റുകയുള്ളൂ.  ഹോട്ടലിൽ കയറി ചെല്ലുന്ന ഇടത്ത് പലഹാരങ്ങൾ നിരത്തി വെച്ചിരിക്കുന്നു. നടക്കുംവഴി ഞാൻ പലഹാരങ്ങളിലേക്കു കൊതിയോടെ നോക്കി. ഞങ്ങൾക്ക് കാണിച്ചുതന്ന ഇരിപ്പിടത്തിൽ ഇരുന്നു. 

ചോറ് വേണം.

ചോറ് കഴിഞ്ഞു. ബിരിയാണിയുണ്ട്. പൊറോട്ടയുണ്ട്. 

മോന് ബിരിയാണിയും. എനിക്കും ഭർത്താവിനും പൊറോട്ടയും കറിയും പറഞ്ഞു.

ഞാൻ എന്റെ വലത്തും ഇടത്തും ഇരിക്കുന്നവരെ നോക്കി. വലത്തിരിക്കുന്ന ഒരു കുഞ്ഞുകുട്ടി ചെറുക്കൻ ബിരിയാണി നാക്കിൽ വെച്ചിട്ട് രുചിച്ചുനോക്കാതെ വിഴുങ്ങുന്നു. ഇടത്തിരിക്കുന്ന കുടുംബത്തിൽ ഒരു ചെറുക്കൻ ചോറ് കഴിക്കുകയാണ്. വൻപയർ ഇട്ട് കാച്ചിയ മോര് ഒഴിച്ചു അച്ചാറുമിട്ട് ഇളക്കി കഴിക്കുന്നു. ഞാൻ അവന്റെ ചോറിൽ കൊതിയോടെ നോക്കി. എന്റെ ഇരുപ്പ് വാടിതൂങ്ങി ദീനം പിടിച്ചിരിക്കുന്ന ഒട്ടകത്തെ  പോലെയായിരുന്നു. അവൻ എന്നെ തുറിച്ചു നോക്കി. ഞാൻ അവന്റെ പപ്പടത്തിൽ നോക്കി. എനിക്കപ്പോൾ ഭർത്താവ് കപ്പലണ്ടിമുട്ടായി കൊണ്ട് തന്നുതന്നു. വെയ്റ്റർ ചിക്കൻ സമൂസയും. ഞാൻ അതൊക്കെ ആർത്തിയോടെ കഴിച്ചു. കപ്പലണ്ടി മുട്ടായിയിൽ ഇടത്തുഭാഗത്തിരിക്കുന്ന ചെറുക്കന് കണ്ണുണ്ടായിരുന്നു. എനിക്ക് അവന്റെ ചോറിലും. ഒരു വെയ്റ്റർ വന്ന് ചോദിച്ചു, സമൂസ കിട്ടിയില്ലേ?
ഞാൻ അത് വിഴുങ്ങുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് അതൊക്കെ അപ്രത്യക്ഷമായത്. 
കിട്ടി കിട്ടി, ഞാൻ പറഞ്ഞു.
ചൂട് ചായ വന്നു. പൊറോട്ടയും കറിയും വന്നു.
ഈ കറിക്ക് ചിക്കന്റെ രുചി ഇല്ല. ഇത് മട്ടനാണോ?, ഞാൻ ഭർത്താവിനോട് ചോദിച്ചു. 
ഇത് ബീഫ് ആണ്. ഒന്നിനും രുചിയില്ല. കുറച്ചു ബിരിയാണി ചമ്മന്തിയും നാരങ്ങയും കൂട്ടി കഴിച്ചു.

 അപ്പോൾ ആ ഹോട്ടലിലെ മാനേജർ മോന്റെ അടുത്തു വന്നു. അയാൾ ഓരോന്ന് അവനോട് ചോദിക്കുന്നുണ്ട്. അയാൾക്ക്‌ ശബ്ദം കുറവാണ്. അയാൾ ശബ്ദം കുറച്ചു ചോദിക്കുന്നതാണ്. എനിക്ക് അയാളെ നേരത്തേ അറിയാം. അയാൾ പണ്ട് മോന്റെ വയറിൽ തിരുമ്മി ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചതാണ്. എനിക്ക് അത് ഇഷ്ട്ടപ്പെട്ടിരുന്നില്ല. ഞാൻ അവന്റെ കൈയിൽ മുറുക്കി പിടിച്ചു. അയാൾ അവനോട് ചോദിച്ചതിനൊക്കെ ഞാൻ മറുപടി കൊടുത്തു. ഭർത്താവ് കൈ കഴുകാൻ പോയിരുന്നു. എനിക്ക് തല നേരേ നിന്നിരുന്നില്ല എങ്കിലും അവന്റെ കൈ ഞാൻ വിട്ടിരുന്നില്ല. ഭർത്താവ് വന്നപ്പോൾ അയാൾ എന്തോ പറഞ്ഞു എങ്ങോട്ടോപോയി.
ഞാൻ ദുബൈയിൽ വന്ന സമയം ഒറ്റയ്ക്ക് സൂപ്പർ മാർക്കറ്റിൽ പോയപ്പോൾ ഒരു അറബി എന്റെ അടുത്ത് വന്ന് എന്തൊക്കെയോപറഞ്ഞു തുറിച്ചു നോക്കി. പിന്നെ അയാൾ എന്നെ എപ്പോൾ കണ്ടാലും എന്റെ അടുത്ത് വരും. അയാൾക്ക്‌ മാനസിക വിഭ്രാന്തിയായിരുന്നു. ഞാൻ അയാളെ കാണുമ്പോൾ ഭർത്താവിന്റെ പുറകിൽ  ഒളിക്കും. ഈ ഇടയ്ക്കു അയാളെ വീണ്ടും കണ്ടു. അയാൾ ക്ഷീണിച്ചു പോയിരുന്നു. അയാൾ ഒരു മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. അയാളിപ്പോൾ ആൾക്കാരുടെ കൈയിൽനിന്നും പണം ചോദിച്ചു മേടിക്കുകയാണ്. എനിക്ക് അയാളെ ഇപ്പോൾ കാണുമ്പോൾപോലും പേടിയാണ്. 
നൂറ് കാര്യങ്ങളാണ് എന്റെ തലച്ചോറിൽ ഇളകി മറിയുന്നത്. ഭക്ഷണം കഴിഞ്ഞു കാറിൽ കയറി സീറ്റ് ബെൽറ്റ് ഇട്ടു. ബെൽറ്റ് സ്വയം എന്നെ മുറുക്കി. എനിക്ക് അത് ഇഷ്ട്ടമാണ്. ബിഎംഡബിൾയു വിനുള്ള പ്രത്യേകതയാണ്. മറ്റ് കാറുകൾക്ക് ഈ പ്രത്യേകതയുണ്ടോ എന്ന് അറിയില്ല. സ്വന്തം പോലെ കെട്ടിപ്പിടിച്ചു ചേർത്തു വെക്കും. എനിക്ക് എപ്പോഴും ബിഎംഡബ്ലിയു വേണം, ഞാൻ പറഞ്ഞു. തിരിച്ചു വീട്ടിലേക്ക് പോകും  വഴി കാറിൽ  ഉറക്കമായിരുന്നു. വീട്ടിൽ വന്നിട്ടും കുറേ നേരം ഉറങ്ങി. 
ഉറങ്ങണമെന്ന് നേഴ്സ് പറഞ്ഞിരുന്നു. 

#feverday_Article

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക