Image

ഞാനും ഗോസ്റ്റ് ടൗണ്‍ ജില്ലക്കാരി ..(ഉയരുന്ന ശബ്ദം-79: ജോളി അടിമത്ര)

Published on 02 April, 2023
ഞാനും ഗോസ്റ്റ് ടൗണ്‍ ജില്ലക്കാരി ..(ഉയരുന്ന ശബ്ദം-79: ജോളി അടിമത്ര)

 കേരളത്തില്‍ ഒരു പ്രേതനഗരം !
  
പ്രേതനഗരത്തില്‍ താമസിക്കുന്നവര്‍ സ്വാഭാവികമായും പ്രേതാത്മാക്കള്‍ ആയിരിക്കുമല്ലോ..
 ഹമ്പെടാ,നമ്മളാരും ഈ ' ഠ ' വട്ടത്തിലുള്ള കേരളത്തില്‍ ജനിച്ചു വളര്‍ന്നിട്ട് ഇതുവരെ അറിയാതെ പോയ മഹാത്ഭുതം കണ്ടുപിടിക്കാന്‍ ഒടുവില്‍  ബിബിസി എത്തേണ്ടിവന്നു.അവരത് തമ്പേറുകൊട്ടി ലോകംമുഴുവന്‍ അറിയിച്ചുകഴിഞ്ഞു.രണ്ടു വയോജനങ്ങളുടെ  മുഖം സഹിതമാണ് വാര്‍ത്ത കാച്ചിയത്.ഒരമ്മച്ചിയെ ജനലഴിയ്ക്കപ്പുറത്തു നിര്‍ത്തി പോട്ടം പിടിച്ചത് മന:പ്പൂര്‍വ്വമാണ്.ജയിലഴിക്കുള്ളില്‍ നില്‍ക്കുന്ന പ്രതീതിയുളവാക്കാനുള്ള തന്ത്രം .ആ കണ്ണുകളിലെ നിസ്സഹായത മുതലെടുത്ത് ബിബിസിലേഖകന്‍ വിജയക്കൊടി പാറിപ്പറപ്പിച്ചു.പത്തനംതിട്ട ജില്ലയിലെ കുമ്പനാടാണ് ബിബിസിയുടെ പ്രേതനഗരം.എന്റെ വീടും പത്തനംതിട്ട ജില്ലയിലാണ്.എന്റെ ഉറ്റബന്ധുക്കള്‍ പലരും കുമ്പനാട്ട് താമസിക്കുന്നുണ്ട്.അതിലേറെ സുഹൃത്തുക്കളും ആത്മമിത്രങ്ങളും അവിടെയുണ്ട്.എന്നിട്ടും ഈ പ്രേതനഗരത്തെ ഞാനറിയാതെ പോയി !.
                              
മദ്ധ്യതിരുവിതാംകൂര്‍ കേരളത്തിന്റെ നട്ടെല്ലാണ് .തെക്കുമല്ല ,വടക്കുമല്ല മധ്യത്തിലങ്ങനെ പരിലസിച്ചുകഴിയുന്ന ജില്ലകള്‍.ഭാഷയുടെ കാര്യത്തിലാണ് മദ്ധ്യതിരുവിതാംകൂറുകാര്‍ പിടിച്ചുനില്‍ക്കുന്നത്.നീട്ടിക്കുറുക്കില്ല,സ്പീഡില്ല,ഒന്നാന്തരം അച്ചടിഭാഷ..നല്ല വിദ്യാഭ്യസവും വിവരവുമുള്ളവരാണ്.പരിഷ്‌ക്കാരികളാ,നല്ലതെന്തുകണ്ടാലും അത് പിന്തുടരും.തന്റേടമോ ? പറയാനില്ല.കുടിയേറ്റക്കാരെന്നൊക്കെ പറഞ്ഞുകേട്ടിട്ടില്ലേ ..മലമ്പനിയും വസൂരിയും  പെടപെടപ്പിക്കുന്ന കാലത്ത്  അങ്ങ് മലബാറിലും വയനാട്ടിലുമൊക്കെ പിള്ളാരുടെ കൈയ്യുംപിടിച്ച് ഒരു വെട്ടുകത്തീം രണ്ടുപായും പെണ്ണുമ്പിള്ളയുമായി വണ്ടി കയറിപ്പോയ ഇരട്ടചങ്കന്‍മാരുടെ നാടുകൂടിയാണ് മദ്ധ്യതിരുവിതാംകൂര്‍ .അവരുടെ മക്കളൊക്കെ ഇന്നവിടുത്തെ രാജാക്കന്‍മാരാ.പിന്നെ  മദ്ധ്യതിരുവിതാംകൂറിനെ 'മദ്യ' തിരുവിതാംകൂറെന്നൊക്കെ പരിഹസിക്കുന്ന അയല്‍ജില്ലക്കാരുണ്ട്.അതിനിപ്പം എന്നാ വേണം.അവരവരുടെ പോക്കറ്റിലെ കാശുകൊടുത്ത് കുടിക്കുന്നതിന് മറ്റുള്ളവരെന്തിനാ അസൂയപ്പെടുന്നത്.അതൊക്കെപ്പോട്ടെന്നേ,ഇപ്പം ഇന്നാട്ടുകാരെ കൊച്ചാക്കാന്‍ കച്ചകെട്ടി കുറെപ്പേരിറങ്ങിയിട്ടുണ്ട്.അവസാനം വന്നത് ബിബിസിക്കാരാണ്.
    
 ' അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ' ,എന്നൊരു ചൊല്ലുണ്ട്.ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്നു വെളിപ്പെടുത്തി  ബിബിസി ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്തിരുന്നു.അതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് ,മൂന്നുദിവസം വെള്ളംകുടിപ്പിച്ച റെയ്ഡ് നടത്തിയിരുന്നു..ബിബിസിക്കെതിരെ വലിയ വിമര്‍ശനം ഉപരാഷ്ട്രപതി തന്നെ ഉന്നയിച്ചിരുന്നു.രാജ്യത്തെ വികസനപാതയില്‍നിന്നും പിന്നോട്ടടിക്കാനുള്ള ഊതിപ്പെരുപ്പിച്ച ആഖ്യാനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തെണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഭാരതത്തെ ഇകഴ്ത്തിക്കാട്ടുന്ന  വ്യത്യസ്ത വാര്‍ത്തകള്‍ ലോകത്തിനു നല്‍കി ഇപ്പോള്‍ മുഖം രക്ഷിക്കാനുള്ള പണിയാണോ ബിബിസി ചെയ്യുന്നതെന്നൊരു സംശയം ഇല്ലാതില്ല.മദ്ധ്യതിരുവിതാംകൂറിലെ കുമ്പനാട് അടങ്ങിയൊതുങ്ങി കിടക്കുകയായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് 22 വരെ.അപ്പോഴാണ് ആ ബിബിസി  വാര്‍ത്ത. ' കുമ്പനാട് ഒരു  ഗോസ്റ്റ് ടൗണ്‍ ..'.ഒന്നാന്തരം പേര് -പ്രേതനഗരം !.കാര്യമായ പ്രതിഷേധങ്ങളൊന്നും നാട്ടുകാര്‍ ഉന്നയിച്ചില്ല ഇതുവരെ.അല്ലെങ്കില്‍ തന്നെ കുമ്പനാട്ടുകാര്‍ ഈ ചീളുകേസിനൊന്നും പ്രതികരിക്കുന്നവരല്ലല്ലോ !.
           
ബിബിസി ലേഖകന്‍ വള്ളോം വണ്ടീം കയറി രാവിലെ കുമ്പനാട്ടെത്തി ഒരു ചായക്കടയില്‍ കയറി രണ്ടുകുറ്റി പുട്ടും ഒരുപ്‌ളേറ്റ് കടലക്കറിയും അകത്താക്കിക്കഴിഞ്ഞ് ന്യൂസ് ബീറ്റിനിറങ്ങി.വാര്‍ത്ത വേട്ടയാടി ലോകത്തെ  ഞെട്ടിക്കാനുള്ള യാത്രയായിരുന്നു അത്.റെയ്ഡിന്റെ ക്ഷീണം മാറാന്‍ സ്‌കൂപ്പുകള്‍ തേടി ലേഖകര്‍ രാജ്യത്തിന്റെ നാനാഭാഗത്തേക്കും പായുകയായിരുന്നു.
 
ആരാണ്ടു പണ്ടെങ്ങോ പറഞ്ഞതു കേട്ട് ആവേശം മൂത്തിറങ്ങിയതാണ്.അഞ്ചാറു വലിയ ഗള്‍ഫ് വീടുകളൊക്കെ കണ്ടെത്തി.അവിടൊക്കെ ഒറ്റയ്ക്കു കഴിയുന്ന അമ്മച്ചിമാരും അപ്പച്ചന്‍മാരും ഉണ്ടെന്നുള്ളത് ഉറപ്പാക്കിയിരുന്നു..മുന്തിയ മാര്‍ബിളിട്ട രണ്ടുനില വീടുകളാണ്,എല്ലാം .മീനംമേടംമാസത്തിലെ തീവെയിലത്തോട്ട് ഒറ്റയ്ക്ക് നോക്കിയിരിക്കുമ്പോഴാണ് ക്യാമറയും തൂക്കിയിട്ട് പേനയും പിടിച്ച്  രണ്ടാണുങ്ങള് വന്നത്.അപരിചതരെ വീട്ടിക്കേറ്റരുതെന്ന് മക്കളു പറഞ്ഞിട്ടുള്ളതുകൊണ്ട് മുറ്റത്തു നിര്‍ത്തി കതകു തുറന്നും  തുറക്കാതെയും ഏതാണ്ടൊക്കെ മിണ്ടിപ്പറഞ്ഞു.പ്രമേഹവും ബിപിയും വലിവും ഹാര്‍ട്ടും കൊളസ്‌ട്രോളും വേരിക്കോസും ഉണ്ടെന്നു പറഞ്ഞ് മൂക്കുചീറ്റി.ബിബിസിക്കാരന്  അത്രയുംമതിയായിരുന്നു.പിന്നൊരു കാച്ചായിരുന്നു,' കുമ്പനാട് ഒരു പ്രേതനഗരം ' !.
                   പാവം  ലേഖകന്‍ അറിയാത്ത ചില കാര്യങ്ങളുണ്ട്. കുമ്പനാട്ടുമാത്രമല്ല പത്തനംതിട്ട ജില്ലയിലെ മിക്കഗ്രാമങ്ങളിലും ഏകാന്തവൃദ്ധരുടെ വന്‍പടതന്നെയുണ്ട്.തൊട്ടടുത്ത ജല്ലകളിലേക്കും കോവിഡ് പോലെ അതു വ്യാപിക്കയാണ്.കോട്ടയത്തും ആലപ്പുഴയിലും കൊല്ലത്തും കൊച്ചിയിലും ഒറ്റയാള്‍ പട്ടാളങ്ങളുടെ തേരോട്ടം എന്നേ  തുടങ്ങിക്കഴിഞ്ഞു.അതില്‍ ഇന്നാട്ടുകാര്‍ക്ക് ഒരു പുതുമയും ഇല്ലെന്നു മാത്രമല്ല മുന്‍പേ പോയ ഗോക്കളുടെ പിന്നാലെ ചെറുഗോക്കള്‍ പാഞ്ഞുതുടങ്ങുകയുമാണ്.മാതാപിതാക്കള്‍ക്ക് അതില്‍ സങ്കടമില്ലേ എന്നു ചോദിച്ചാല്‍, സത്യസന്ധമായിപ്പറഞ്ഞാല്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ പടികയറിയെത്തുമ്പോള്‍ ഇത്തിരി വിഷമം ഉണ്ടാവുന്നുണ്ട്.പക്ഷേ മക്കള്‍ നാട്ടില്‍ തെക്കും വടക്കും അലഞ്ഞുതിരിഞ്ഞ് പാപ്പരായി ജീവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ നല്ലജോലിയും കൂലിയുമായി അന്യനാട്ടിലായാലും കഴിയുന്നതെന്ന മറുചോദ്യമാണ് അവര്‍ നല്‍കുക.
       
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നമ്മുടെ നാട്ടില്‍ തകരപോലെ മുളച്ച് വളര്‍ന്ന ചില സ്ഥാപനങ്ങളുണ്ട്.ഐ ഇ എല്‍ ടി എസ് ,ഒ ഇ ടി ,ജര്‍മന്‍ ഭാഷാ പഠനം,സ്‌പോക്കണ്‍ ഇംഗ്‌ളിഷ് എന്നിങ്ങനെ..വിദേശത്ത് പോകാനുള്ള കടമ്പള്‍ കടത്താന്‍ സഹായിക്കുന്ന വഴികാട്ടികളാണിവര്‍. കിടപ്പാടം പണയംവച്ചായാലും കുട്ടിയെ പ്‌ളസ്ടു കഴിഞ്ഞ് യുകെ,കാനഡ,അയര്‍ലണ്ട്,ജര്‍മനി എന്നിങ്ങനെ ലോകരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കണം.പഴയ കുടിയേറ്റക്കാരന്റെ പിന്‍തലമുറയല്ലേ ,മലബാറിലെ  കാട്ടുപന്നിയേയും കാട്ടാനയേയും മെരുക്കിയെടുത്തവരുടെ പിന്‍ഗാമികള്‍ക്കുണ്ടോ ഐ ഇ എല്‍ ടി എസ് -ഒ ഇ ടി പേടി.പുഷ്പം പോലെ കൊച്ച് കടമ്പ കറിയാല്‍ കിടപ്പാടം ഈടുവച്ച് ഒറ്റപ്പോക്കാ..പോയവരൊക്കെ ക്‌ളച്ചുപിടിച്ചു.അപൂര്‍വ്വം ചിലര്‍ ജീവിതപ്പരീക്ഷയില്‍ തോറ്റുപോയിക്കാണും,അവരെ നോക്കിക്കരയാതെ ജയിച്ചവനെ നോക്കി മുന്നോട്ടുപോകുന്നവരാ മദ്ധ്യതിരുവിതാംകൂറുകാര്.പോയവരാരും വരുന്നില്ല.അവിടവിടെ പൗരത്വം നേടി സസുഖം കഴിയുന്നു.നാടും വീടും പച്ചപിടിച്ചു.കിടപ്പാടം ജപ്തിയായില്ല.
             
പത്തെഴുപതു വര്‍ഷം മുന്‍പേ ഗള്‍ഫിലേക്കായിരുന്നു ഇന്നാട്ടിലെ ഒഴുക്ക്.ഒരു ഗള്‍ഫുകാരനെങ്കിലും ഇല്ലാത്ത വീട് വിരളം.ക്രിസ്ത്യന്‍ ഭവനങ്ങളാണ് വിദേശജോലിക്ക് തുടക്കമിട്ടത്.അവരുടെ വീടുകള്‍ സാമ്പത്തികമായി വളര്‍ന്നത് കണ്‍മുന്നില്‍ കണ്ട മറ്റുള്ളവരും അവരെ  പിന്തുടര്‍ന്ന്  ഗള്‍ഫിലേക്ക് യാത്രയായി.മലയാളി ഇപ്പോള്‍ ഗള്‍ഫ് വിട്ടു പിടിച്ചു.റിട്ടയര്‍ചെയ്താല്‍ മടങ്ങിനാട്ടിലേക്കു വരാനുള്ള മടിതന്നെ കാരണം.അതോടെ യൂറോപ്യന്‍ രാജ്യത്തേക്കായി ഒഴുക്ക്.സെറ്റില്‍ ചെയ്യാം ,പൗരത്വവും കിട്ടും .അമേരിക്കയിലും കാനഡയിലുമൊക്കെ പോയവര്‍  മാതാപിതാക്കളെ ഒപ്പം കൂട്ടുന്നു,മിക്കവരും വിദേശത്ത് മരിച്ച് അടക്കപ്പെടുന്നു.ഇപ്പോള്‍ ഇവിടെയുള്ള വൃദ്ധജനങ്ങളില്‍ മിക്കവരും ഗള്‍ഫിലെ പ്രവാസിജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവരാണ്.    
         
സത്യം പറഞ്ഞാല്‍ കേരളനാട്ടില്‍ നിന്നാല്‍ വിദ്യാസമ്പന്നരായ എത്രചെറുപ്പക്കാര്‍ രക്ഷപ്പെടും.നല്ലൊരു ജോലി കിട്ടണമെങ്കില്‍ സര്‍ക്കാരില്‍ പിടി വേണം.നെറ്റും സെറ്റും കിറ്റും ഉണ്ടായിട്ടു കാര്യമില്ല,കോഴ കൊടുക്കാന്‍ ലക്ഷങ്ങള്‍ വേണം.കോളേജ് അധ്യപകജോലിക്ക് അരക്കോടിയാണ് പടിയെന്ന് കേള്‍ക്കുന്നു.ഇനി നാട്ടില്‍ ഒരു ബിസിനസ് ചെയ്തു ജീവിക്കാമെന്നു വച്ചാലോ.. കയറ്റിറക്കു തൊഴിലാളി മുതല്‍ പടയിളകി വരും.കിറ്റക്‌സ് മുതലാളിപോലും ജീവനുംകൊണ്ട് ഒടിയ കഥ പരസ്യമാണല്ലോ.എന്നാല്‍ ഉള്ള സ്ഥലത്ത് കൃഷി ചെയ്ത് ജീവിക്കാമെന്നു തീരുമാനിച്ചാലോ..ഒരു തെങ്ങില്‍ കയറാന്‍ 125 രൂപ വരെ കൂലി.കൂലിപ്പണിക്കാരന് 1000രൂപ.കാര്‍ഷികവിളയ്ക്ക് വിലയിടിവും.അല്ലാതെ നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ടെന്നു പാടിയിരുന്നാല്‍ പട്ടിണി കിടക്കാം.ഈ സാഹചര്യത്തിലാണ് മക്കളെ മറുനാട്ടിലേക്ക് അച്ഛനമ്മമാര്‍ പറഞ്ഞയയ്ക്കുന്നത്.
                    
പിന്നെ കുമ്പനാട് ഇത്തിരി മുമ്പേ പറന്നെന്നേയുള്ളൂ.കേരളത്തിലെ മറ്റുഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം ഇതേവഴിയിലാണ്.എല്ലാവരും ജീവിക്കാന്‍വേണ്ടി യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റ പ്രയാണത്തിലാണ്.അവരെല്ലാം അച്ഛനമ്മമാരുടെ അക്കൗണ്ടിലേക്ക്  മാസാമാസം  പണം അയയ്ക്കുന്നുണ്ട്.ദിവസവും  വീഡിയോ ചാറ്റ് നടത്തുന്നുണ്ട്.വീട്ടില്‍ സിസി ക്യാമറ ഫിറ്റ് ചെയ്തിട്ടുണ്ട്.ബിബിസിക്കാരന്‍ വന്ന് വര്‍ത്തമാനം പറഞ്ഞുപോയതും ക്യാമറ ഒപ്പിയിട്ടുണ്ട് !.
  മക്കളെ നോക്കെത്താദൂരത്തേക്കു  പറഞ്ഞുവിട്ട ഒറ്റ അപ്പനും അമ്മയും അവര്‍ നോക്കാനെത്തുന്നില്ല എന്നു പറഞ്ഞ് കരയില്ല.ശപിക്കയുമില്ല.പിന്നെ ഏകാന്തത ഇത്തിരി വിഷമിപ്പിക്കും.ഒറ്റയ്ക്ക് രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍  വല്ലതും സംഭവിച്ചാലോ എന്നൊക്കെയുള്ള ആശങ്കയൊക്കെ മറ്റുള്ളവര്‍ക്കാണ്.കര്‍ത്താവ് എപ്പം വിളിച്ചാലും പോകാന്‍ റെഡിയാണവര്‍.മക്കള്‍ ഒപ്പം കൊണ്ടുപോകാഞ്ഞിട്ടല്ല,പക്ഷേ അന്യനാട്ടില്‍ കഴിയുന്നതിനേക്കാള്‍ സ്വന്തംനാട്ടില്‍ മലയാളം കേട്ട്,പള്ളിയിലൊക്കെപ്പോയി,അയല്‍ക്കാരൊട് ഇത്തിരി നുണയും കുശുമ്പും പറഞ്ഞ് ,കപ്പപ്പുഴുക്കും ചക്കപ്പുഴുക്കും മീന്‍കറിയും കഴിച്ച്,ദൈവത്തെ വിളിച്ച് കിടന്നുറങ്ങുന്നതാണ് അവര്‍ക്ക് പഥ്യം.അതാണ് കുമ്പനാട്ട് കാണുന്ന ബിബിസി കാഴ്ച.അതിനെയാണ് അവര്‍ പ്രേതനഗരമായി വിശേഷിപ്പിച്ചത്.
      
കുമ്പനാട് ഒരു സമാധാന പട്ടണമാണ്.മൂന്നു മതവിഭാഗങ്ങളില്‍പ്പെട്ടവരും ഐക്യതയോടെ കഴിയുന്ന ഗ്രാമം.പ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്ന പമ്പമണല്‍പ്പുറവും പെന്തക്കോസ്തുകാരുടെ ഹെബ്രോന്‍പുരവും ഇവിടെയാണ്.ആറന്‍മുള വള്ളംകളി,പ്രശസ്ത ക്ഷേത്രങ്ങള്‍ ...ഗള്‍ഫ്മണി ഒഴുകിയ ഒരു കാലത്ത് മിക്ക ബാങ്കുകളും മത്സരിക്കയായിരുന്നു ഇവിടെ ശാഖകള്‍ തുടങ്ങാന്‍.കാര്യമായ ഒരു കുറ്റകൃത്യവും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലാത്ത  ഈ ചെറുനഗരത്തെ പ്രേതഭൂമിയായി താറടിക്കുക മാത്രമായിരുന്നോ ലക്ഷ്യം.ഒറ്റപ്പെട്ട മാതാപിതാക്കള്‍,അടച്ചിടപ്പെട്ട വീടുകള്‍ ,വെറുതെയിട്ടിരിക്കുന്ന ഏക്കറുകണക്കിനു ഭൂമി..അതോ ഹിഡന്‍ അജന്‍ഡയുടെ  ലക്ഷ്യബോധത്തോടെയുള്ള വെളിപ്പെടുത്തലായിരുന്നോ അത് .അങ്ങനെയെങ്കില്‍ ഇനി കുമ്പനാടിന്റെ മുഖഛായ ആകെ മാറും.പരദേശികള്‍ ഇവിടേയ്ക്ക് ഇനി ഒഴുകിയെത്തും.വസ്തുവിന് വിലയേറും.സ്വദേശികള്‍ അപ്രത്യക്ഷരാകും.പരദേശികള്‍ സ്വദേശികളാകും..
         

എന്തായാലും  കുമ്പനാടിനെ പ്രേതഭൂമിയാക്കിയപ്പോള്‍ ഇവിടുള്ള വയോജനങ്ങളെ പ്രേതങ്ങളെന്ന് പരോക്ഷമായി വിളിച്ച് അപമാനിക്കകൂടിയായിരുന്നില്ലേ.. 

#Ghosttown_kerala

Join WhatsApp News
Ansan Thomas 2023-04-02 18:05:06
Well said Jolly. Thank you for supporting my home town. Its not a ghost town, its a blessed town in all ways.
George Adichithara 2023-04-02 18:39:33
ജോളി, നിങ്ങൾ കുമ്പനാട് അടുത്തുള്ള ആളാണ് എന്ന് പറയുന്നുവെങ്കിലും നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഈ ഞാനും ഈ പറയുന്ന നാട്ടുകാരനാണ്. കഴിഞ്ഞ വളരെ വർഷങ്ങൾ ആയി തിരുവല്ല കിഴക്കോട്ട് എല്ലാ സ്ഥലങ്ങളിലും കാര്യമായി ജനസംഖ്യ കുറഞ്ഞു എന്നുള്ള സത്യം വസ്തുതാപരമാണു. അതിൻ്റെ ഉദഹരണമായി പത്തനംതിട്ടയിൽ രണ്ടു നിയോജകമണ്ഡലങ്ങൾ നഷ്ടമായി. സ്‌കൂളിലും, കോളേജുകളിലും പഠിക്കുവാനോ പഠിപ്പിക്കുവാനോ, കുട്ടികളും യോഗതയുള്ള അദ്ധാപകരോ ഇല്ലാ. പല സ്‌കൂളുകളിലും ടീച്ചേർസ് പോയി കുട്ടികളെ ഭക്ഷണവും മറ്റ്‌പല ഇൻസെന്റീവ്‌സ് കൊടുത്താണ് സ്‌കൂൾ നടത്തി കൊണ്ടുപോകുന്നത്. കുമ്പനാട്‌ അടുത്ത് ഒന്നാം ക്ലാസ് മുതൽ plus-two വരെ ഉള്ള ഒരു സ്കൂളിൽ കഴിഞ്ഞ വർഷം 34 കുട്ടികളാണ് പഠിച്ചിരുന്നത്‌. കഴിഞ്ഞ പ്രാവിശ്യം നാട്ടിൽ പോയപ്പോൾ പൂട്ടിക്കിടക്കുന്ന പല വീടുകളും, ഒരു ആദമോ ഹൗവ്വായോ ഉള്ള വീടുകളാണ് ഞാൻ കൂടുതലും കണ്ടത്. ധാരാളം വീടുകളും സ്ഥലങ്ങളും വിൽപ്പനക്ക്. എൻ്റെ സ്ഥലത്തോട് ചേർന്നു ഒരു അര മൈൽ നീളത്തിൽ എല്ലാ സ്ഥലങ്ങളും വിൽക്കാൻ നാളുകളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആൾക്കാർ കൊഴിഞ്ഞു പോയിക്കൊണ്ടേയിരിക്കുന്നു, പ്രതേകിച്ചു ചെറുപ്പകാർ. ഈ പ്രദേശങ്ങളിൽ എല്ലായിടവും ഗണ്ണിമായി ജനസംഖ്യ കുറഞ്ഞു കൊണ്ടുയിരിക്കുന്നു. അതിൻ്റെ കാര്യങ്ങളാണ് ഈ ലേഖകൻ ചൂണ്ടിക്കാണിക്കുന്നത്. ഇതു വാസ്തവമാണ്. ജോർജ് അടിച്ചിത്ര
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക