Image

പതറിപ്പോയ പീലാത്തോസ് (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 02 April, 2023
പതറിപ്പോയ പീലാത്തോസ് (കവിത: മാര്‍ഗരറ്റ് ജോസഫ്)

അധികാരത്തിന്‍ ചെങ്കോലേന്തി,
ഭരണം കയ്യാളുന്നവരില്‍,
പതറിപ്പോയ പീലാത്തോസിന്‍,
പിന്‍ഗാമികളിന്നെത്ര പേര്‍?
നീതിപീഠം വിധിയോതുന്നു,
നിയമം നടപ്പിലാക്കുന്നു;
നിരപരാധികളീഭൂവില്‍-
ബലിയാടുകളായ്ത്തീരുന്നു;
സ്‌നേഹവെളിച്ചം തെളിയിച്ച്,
മാടിവിളിച്ച രക്ഷകനെ,
ശാന്തിദായകനേശുവിനെ,
ആനയിച്ചു സ്വജനമാ-
ദേശാധിപന്റെ തിരുമുമ്പില്‍,
ദൈവദൂഷണമാരോപിച്ച്,
ശിക്ഷാവിധികള്‍ക്കിരയാക്കാന്‍;
എന്തൊരു കഷ്ടം! ദയനീയം!
ചോദ്യോത്തരങ്ങള്‍ നീളുന്നു,
കുറ്റവിചാരണ തുടരുന്നു,
തെറ്റുകാരനല്ലാത്തതിനാല്‍,
ചാട്ടയടികള്‍ക്കുത്തരവായ്;
കല്പന കേട്ടവര്‍ ക്ഷോഭിച്ചു-
ക്രൂരതയുടെയാള്‍രൂപങ്ങള്‍;
ആക്രോശിച്ച് കലിമൂത്ത്-
'ക്രൂശിക്കവനെ ക്രൂശിക്ക,'ക്രൂശിക്കവനെ ക്രൂശിക്ക,
ബറാബാസിനെ മോചിപ്പിക്കുക,
ബറാബാസിനെ മോചിപ്പിക്കുക'
അധര്‍മ്മമേ, നിന്‍ വിളയാട്ടം,
മാറ്റൊലിക്കൊള്‍വൂ കാതുകളില്‍.
അപരാധം ചെയ്യാത്തവന്,
ശിക്ഷവിധിച്ചാ സ്ഥാനപതി, 
കഠോരമായ പീഡകളാല്‍,
കുരിശുമരണം, ദയയെന്യേ
ത്യാഗം രൂപമെടുത്തവര്‍ തന്‍,
രക്തം തിന്മകള്‍ കഴുകട്ടെ;
അന്ധതയോലുമരങ്ങുകളില്‍
പുതിയ വെളിച്ചം പകരട്ടെ. 
നിയമ വിദഗ്ധന്മാരായി,
അഗ്രാസനസ്ഥരായവരെ,
'പീലാത്തോസുകളാകരുതേ,
സത്യാന്വേഷികളായീടുവിന്‍. 

 

 

Join WhatsApp News
നിരീശ്വരൻ 2023-04-02 15:55:28
ദൈവത്തെ ചീത്തവിളിക്കുന്നത് മരണകരമായ ഒരു കുറ്റമാണോ ? അങ്ങനെയാണെങ്കിൽ ദൈവം സ്നേഹമാണെന്ന് പറയുന്നതും അദ്ദേഹത്തിയതിന്റെ പുത്രൻ എന്ന് നിങ്ങൾ അവകാശപ്പെടുന്ന യേശു ' ഒരു കരണത്ത് അടിച്ചപ്പോൾ മറുകരണം കാണിച്ചു കൊടുത്തതും പരസ്പര വിരുദ്ധമല്ലേ ? ദൈവത്തിന്റെ പിന്ഗാമികൾക്കുള്ള ഒരു വലിയ പ്രശ്നമാണിത്. അവർ പറയുന്നതൊന്ന് പ്രവർത്തിക്കുന്നതൊന്ന് . മാനസികമായി ഉറപ്പില്ലാത്തവരാണ് ദൈവത്തിന്റെ പിന്നാലെ പോകുന്നത്. ഉള്ളിൽ ഭയം കയറിയാൽ പിന്നെ പറയുന്നതെന്താ ചെയ്യുന്നതെന്താ എന്നൊന്നും ഇവർക്ക് ഒരു വെളിപാടുമില്ല. പീലാത്തോസിന്റെ പതറിച്ച ' ഒരു അധികാരമോഹിയായ ' രാഷ്ട്രീയാക്കാരന്റെ പതറിച്ചയാണ്. നൂറ്റാണ്ടുകളായി ഇന്നുവരെ നടമാടിക്കൊണ്ടിരിക്കുന്ന നാടകത്തിന്റെ പുനരാവിഷ്കാരമായിരുന്നു യേശുവിന്റെ കാര്യത്തിലും നടന്നത് . അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു . അന്നും ഇന്നും ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന രണ്ടു വർഗ്ഗങ്ങളാണ് മത നേതാക്കളും രാഷ്ട്രീയ നേതാക്കളും . അത് ഇന്നും നമ്മളുടെ ചുറ്റുപാടും കാണാം . 80 % ക്രിസ്ത്യാനികൾ വോട്ടു ചെയ്ത് അധികാരത്തിൽ കൊണ്ടുവന്ന ഒരു രാഷ്ട്രീയ നേതാവാണ് 'ദൈവം തിരഞ്ഞെടുക്കപ്പെട്ടവൻ എന്ന് അവകാശപ്പെടുന്ന ട്രംപ് " യേശു കടന്നുപോയ എല്ലാ ഘട്ടങ്ങളിലൂടെയും ആയാളും കടന്നുപോകും . അയാളെ ക്രൂശിക്കാൻ വിധിയെഴുതിയിരിക്കുന്ന ന്യുയോർക്കിലെ ഡിസ്ട്രിക്ട് അറ്റോർണി , പീലാത്തൊസായി അഭിനയിക്കുന്ന ജഡ്ജ് എല്ലാം നൂറ്റാണ്ടുകളായി ഈ ഭൂമിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന തുടർ നാടകമാണ് . യേശുവിനോ , ബുദ്ധനോ, നബിക്കോ കൃഷ്‌ണനോ ആർക്കും ആരേയും രക്ഷിക്കാൻ കഴിയില്ല . രക്ഷിക്കാൻ കഴിയുന്നത് അവനവനു മാത്രം. തെറ്റും ശരിയും ഒരു അഗ്നിപർവ്വതം പോലെ പൊട്ടിത്തെറിക്കാൻ നിന്ന് പുകയുമ്പോൾ, അതിനെ നിയന്ത്രിക്കാൻ വ്യക്തികൾക്ക് മാത്രമേ കഴിയു . മേല്പറഞ്ഞവരെല്ലാം, ജീവിച്ചിരുന്ന മനുഷ്യർ ആയിരുന്നെങ്കിൽ, അങ്ങനെ പടവെട്ടി മരിച്ചവരാണ് . നിങ്ങൾ പറഞ്ഞത് ശരിയാണ് നിരപരാധികൾ വഞ്ചിക്കപ്പെടുകയും ബലിയാടുകൾ ആകുകയും ചെയ്യുന്നു . അതിന് കൂട്ട് നിൽക്കുന്ന,ഗുണദോഷങ്ങളെ വിവേചിച്ചറിയാൻ കഴിവുള്ള കവികൾ, കവയത്രികൾ മനുഷ്യവർഗ്ഗത്തോട് ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണ് . ഇത് ബറാബസ്സുകളുടെ സമയമാണ് . അവർക്ക് വേണ്ടി പടപൊരുതുന്ന കവികളുടെയും പാസ്ട്രിൻമാരുടെയും സമയമാണ് . 'ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല' ഇവർ എന്നെപ്പോലെയുള്ളവരെ തിരഞ്ഞു കൊണ്ടിരിക്കുന്നു . ഇവർ എഡിറ്ററെ വിളിച്ച് നിയമലംഘനത്തിലൂടെ പേരുകൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നു. മനസ്സിന്റെ അടിത്തറ ഇളകിപ്പോയ ഇവർ ഒന്നിക്കുന്നു . ഒരുത്തൻ മറ്റൊരുത്തനെ പുകഴ്ത്തുന്നു . പക്ഷെ യഥാർത്ഥ കവികളും കവയിത്രികളും സ്വതന്ത്ര ചിന്താകരായി " നിങ്ങളെ സ്വീകരിക്കാത്ത സ്ഥലങ്ങളിൽ നിന്ന് പൊടി തട്ടി പൊയ്‌ക്കൊള്ളുക " സത്യത്തിന്വേണ്ടി നിലകൊള്ളുന്നവർ പീഡിപ്പിക്കപ്പെടും . അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ നിങ്ങളെ വാനോളം പുകഴ്ത്തുന്നവർ എന്ന് അറിഞ്ഞുകൊള്ളുക . ഒരു നിരീശ്വരി ആകു , ഭയരാഹിത്യത്തിന്റെ അനന്തവിഹായസ്സിൽ സ്വതന്ത്രയായി കഴുകനെ പോലെ ചിറകടിച്ചു പറന്നുയരു. പക്ഷെ താഴെ നിൽക്കുന്ന കോഴികുഞങ്ങളെ വെറുതെ വിട്ടേക്കൂ .
Sudhir Panikkaveetil 2023-04-02 18:10:06
പീലാത്തോസുമാർ പതറുമ്പോൾ നിരപരാധികൾ ക്രൂശിക്കപ്പെടുന്നു. ഈ പതർച്ചക്ക് ഒരു മാറ്റവും കാണുന്നില്ല. മനുഷ്യർ അവരുടെ ആരാച്ചാർമാരെ തിരഞ്ഞെടുത്തു സ്വയം കഷ്ടപ്പെടുന്നു. ഒരു മാറ്റം ഉണ്ടാകാൻ ഈ കവിത സഹായകമായേക്കാം. ശ്രീമതി മാർഗരറ്റ് ടീച്ചർക്ക് അഭിനന്ദനം.
Jayan varghese 2023-04-03 01:35:38
താൻ ജീവിക്കുന്ന കാലഘട്ടത്തിന്റെ നെഞ്ചിടിപ്പുകൾ ഏറ്റു വാങ്ങുന്നവനാണ് കവി. ഈ നെഞ്ചിടിപ്പുകൾക്ക് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനമുണ്ടണ്ടാവുന്നത് സ്വാഭാവികം മാത്രം. പൊന്തിയോസ് പീലാത്തോസിന്റെയും അയാളാൽ മരണ ശിക്ഷക്ക് വിധിക്കപ്പെട്ട നസറായനായ യേശുവിന്റെയും ജീവിത രേഖ ചരിത്ര സാക്ഷ്യങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ടോ എന്നും, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നും നിശ്ചയമില്ല. എങ്കിലും നിരപരാധിയായ ഒരു മുപ്പത്തി മൂന്നുകാരൻ യുവാവിനെ പച്ചയിറച്ചിയിൽ ഇരുമ്പാണികൾ അടിച്ചു കയറ്റി പീഡിപ്പിച്ചു കൊന്നുവെന്ന യാഥാർഥ്യം ഹൃദയാലുവായ ഒരു കവി മനസ്സിനെ മുറിപ്പെടുത്തുക തന്നെ ചെയ്യും. അവിടെ അയാൾ / അവൾ തന്റെ ആയുധമായ പേനയെടുക്കുന്നത് ലബോറട്ടറികളിൽ തെളിയിക്കപ്പെട്ട ടെസ്റ്റുട്യൂബുകളുടെ സഹായത്തോടെയല്ല. മാനവികതയുടെ മാറ്റത്തോറ്റങ്ങൾക്ക് മനുഷ്യ വേദനകളുടെ മുറിപ്പാടുകളിൽ സ്നേഹലേപനങ്ങളാവാൻ സാധിച്ചേക്കും എന്ന പ്രതീക്ഷകളോടെയാണ്. എന്തും ശാസ്ത്രീയമായേ അംഗീകരിക്കൂ എന്ന് വാശി പിടിക്കുന്നവർക്ക് സ്വന്തം വയറ്റിൽ കിടക്കുന്ന തീട്ടത്തിനു പകരം സുഗന്ധ വാഹിയായ നല്ല വെളുത്ത പേസ്റ്റിനെപ്പറ്റി ചിന്തിക്കാവുന്നതാണ്. ബറാബാസുമാർക്ക് ഹുറേയ് വിളിക്കുന്ന അധർമ്മികൾ എന്നുമുണ്ട്. എങ്കിലും ഒരു നിരപരാധിയെയെങ്കിലും രക്ഷിച്ചെടുക്കുവാനുള്ള തീവ്രമായ വിധി ന്യായങ്ങളാണ് യഥാർത്ഥ കവികളുടെ ഓരോ കവിതകളും. അങ്ങിനെയെങ്കിൽ അവ തിളക്കമുള്ളതും വർണ്ണാഭവുമായ മുത്തുകൾ തന്നെയാണ്. അത്തരം മുത്തുകളെയാണ് അമേധ്യത്തിൽ ആഞ്ഞു പുളക്കുന്ന പന്നികളുടെ ഇടയിൽ ഇട്ടുകളയരുതെന്ന് നൈൽ നദീതടത്തിൽ നിന്ന് എഴുന്നേറ്റു വന്ന ഒരു കവി പണ്ടേ പറഞ്ഞു വച്ചത്. കാലിക പ്രസക്തിയുള്ള കവിതയ്ക്ക് ശ്രീമതി മാർഗരറ്റ് ജോസഫിന് അഭിവാദനങ്ങൾ. ജയൻ വർഗീസ്.
Mary mathew 2023-04-04 11:20:46
Excellent kavitha for the time .Now a days most Barabases are releasing .There is no value for truth .There is another truth hiding ,see Jesus select that poor least ass for his journey . Remember there is a living God watching us and there is an everlasting life . Do good and capture the most Devine .
Joy parippallil 2023-04-05 02:13:08
അധികാര സ്ഥാനത്തെയും ആൾക്കൂട്ടത്തെയും ഭയപ്പെടുന്ന പീലാത്തൊസുമാർ ഇന്നും ന്യായാസനങ്ങളിൽ ഇരുന്ന് വിധി പറയുന്നുണ്ട്....!! നല്ല കവിതയ്ക്ക് നല്ല അഭിനന്ദനങൾ... 🌹🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക