Image

കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാരോ? നിന്റെ തന്ത! :എസ്. ബിനുരാജ്

Published on 03 April, 2023
കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാരോ? നിന്റെ തന്ത! :എസ്. ബിനുരാജ്

സമൂഹമാധ്യമത്തില്‍ ഈയിടെ കറങ്ങി നടന്ന ഒരു വീഡിയോയില്‍ കണ്ടതാണ്. ഏതോ കോളേജിലോ കോളേജ് പിള്ളേരുടെ കൂട്ടായ്മയിലോ ആവണം, ഒരു പാട്ടുകാരന്‍ ഈ പാട്ട് പാടുമ്പോള്‍ കുട്ടികള്‍ കൂട്ടത്തോടെ പറയുന്ന മറുപടിയാണ് നിന്റെ തന്ത എന്ന്. 
ആ പാട്ടെഴുതിയ ഒ എന്‍ വി സാറിനെ ഞാന്‍ ഓര്‍ത്തുപോയി. സങ്കടം വന്നു. 
ആ  വീഡിയോയില്‍ കണ്ട കുട്ടികള്‍ ഇരുപതിന്റെ പടിവാതിലില്‍ എത്തിയതേ ഉള്ളൂ എന്ന് തോന്നുന്നു. പുതിയ കുട്ടികള്‍ പാട്ടിന്റെ രചനയും മറ്റും ശ്രദ്ധിക്കാത്തത് ആണോ അവരെ സ്വാധീനിക്കുന്ന തരത്തില്‍ എഴുതാനും സംഗീതം നല്‍കാനും ആര്‍ക്കും കഴിയാത്തത് ആണോ?

ഒരു സ്വകാര്യ സദസിലാണെന്ന് തോന്നുന്നു ജോണ്‍സണ്‍ മാസ്റ്ററും ചിത്രയും ജയചന്ദ്രനും 'പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍' എന്ന ഗാനം ഒരു ഹാര്‍മോണിയത്തിന്റെ മാത്രം അകമ്പടിയോടെ ആലപിക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു. അത് പങ്ക് വച്ചപ്പോള്‍ പാട്ടിനെ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരി ചോദിച്ചു:

"ആ വരികള്‍ക്ക് ഒക്കെ ഇനി പ്രസക്തിയുണ്ടോ എന്തോ, പുതിയ പിള്ളേരുടെ കാലത്ത് "

ഞാന്‍ ആലോചിച്ചു. ശരിയാണല്ലോ. പുതിയ കുട്ടികള്‍ ഈ വരികളൊക്കെ ശ്രദ്ധിക്കുമോ? അവര്‍ക്ക്  ഇതിലൊക്കെ താല്‍പര്യം ഉണ്ടാവുമോ? 

'ഹൃദയസരസിലെ പ്രണയ പുഷ്പമേ' എന്ന ഗാനമെഴുതിയ ശ്രീകുമാരന്‍ തമ്പിക്കാണ് ആ ഗാനം ആലപിച്ച യേശുദാസിന് കിട്ടിയതിനേക്കാള്‍ പ്രതിഫലം കിട്ടിയതെന്ന് തമ്പി സാര്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തു. ആ കാലമൊക്കെ പോയി. പാട്ടിലെ വരികളൊന്നും ആരും ശ്രദ്ധിക്കുന്നില്ല, പാട്ടിന് വേണ്ടി ഒരു പാട്ട് വേണം. അത് ആരെങ്കിലും എഴുതിയാല്‍ മതി എന്നാവും. 

ഇങ്ങനെ വരികളൊക്കെ നോക്കി ഇരിക്കുന്ന നമ്മളൊക്കെ കാലഹരണപ്പെട്ടുവല്ലേ എന്ന് ഞാന്‍ ആ സുഹൃത്തിനോട് ചോദിച്ചു. 
"അതെ നമ്മളൊക്കെ കാലഹരണപ്പെട്ടു. നമ്മുടെ ഉള്ളിലെ പാട്ടുകള്‍ക്ക് മാത്രം മരണമില്ല. അവ നമ്മുടെ ഉള്ളില്‍ മാത്രം മരിക്കാതെ ജീവിക്കുന്നു."
"നമ്മളൊക്കെ മരിച്ചു കഴിഞ്ഞാല്‍, ആ പാട്ടുകളും വരികളുമൊക്കെ മരിച്ചു പോകുമോ?"
ഞാന്‍ ചോദിച്ചതിന് അവള്‍ ഉത്തരം പറഞ്ഞില്ല.

മലയാളം പാട്ടുകളെ കുറിച്ച് ചാറ്റ് ജി പി ടി എന്ത് പറയുന്നുവെന്ന് അറിയാമല്ലോ എന്ന് കരുതി ഞാന്‍ ചാജിപിടി (മലയാളത്തില്‍ ഒരു ചുരുക്കെഴുത്ത് ഇരിക്കട്ടെ) യോട് ചോദിച്ചു:
Which is the best malayalam song written by P Bhaskaran?
ചാജിപിടി തന്ന ഉത്തരം വായിച്ച് എന്റെ കിളി പോയി.

"Manjal Prasadavum" from the movie "Ningalenne Communistakki" - This song is a classic example of P. Bhaskaran's mastery over lyrics. The song is a beautiful tribute to the spirit of communism and is still popular among the masses.
എടാ മണ്ടന്‍ കൊണാപ്പീ...മഞ്ഞള്‍ പ്രസാദവും എഴുതിയത്  ഓ എന്‍ വി ആണെടാ..നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ പാട്ടുകള്‍ എഴുതിയത് വയലാര്‍ ആണെടാ. എന്ന് പറഞ്ഞ് ഞാന്‍ തലയില്‍ കൈ വച്ചിരുന്നു.

തീര്‍ന്നില്ല, ചാജിപിടി വീണ്ടും മണ്ടത്തരം എഴുന്നള്ളിച്ചു.

"Kudajadriyil" from the movie "Ambalapuzha Unni Kannanodu" - This song is a devotional song that describes the beauty of Lord Krishna and his divine presence in our lives

എടാ കുടജാദ്രിയും അമ്പലപ്പുഴ ഉണ്ണിക്കണ്ണനും തമ്മില്‍ ബന്ധമൊന്നുമില്ല. ദേവീ മൂകാംബികേ, ചാജിപിടിയോട് ഇത് ചോദിച്ച എന്നോട് നീ ക്ഷമിക്കണേ എന്ന് പറഞ്ഞു പോയി. 

തീര്‍ന്നുവെന്ന് കരുതുമ്പോള്‍ പിന്നെയുമലറുന്നവന്‍ വിവരക്കേട്. ഇതാ വീണ്ടും

"Aayiram Padasarangal" from the movie "Nizhalkuthu" - This song is a haunting melody that talks about the pain of separation and the longing for lost love.
നിഴല്‍ക്കുത്തില്‍ അടൂര്‍ പാട്ടും ഉള്‍പ്പെടുത്തിയോ?

അവസാനം ഒരെണ്ണമെങ്കിലും ശരിയാവുമല്ലോ എന്ന ആശ്വാസത്തില്‍ നോക്കിയപ്പോള്‍ അതും തെറ്റ്. 
"Thaliritta Kinakkal" from the movie "Kuttikkuppayam" - This song is a beautiful lullaby that celebrates the innocence and joy of childhood
ഭാസ്ക്കരന്‍ മാഷ് എഴുതിയ പാട്ട് തന്നെ. പക്ഷേ പടം കുട്ടിക്കുപ്പായമല്ല, മൂടുപടമാണ്. (ഗൂഗിള്‍ ഹീറോയാടാ ഹീറോ) അത് മാത്രമല്ല ഈ ഗാനം എപ്പോഴാണ് lullaby  അഥവാ താരാട്ട് പാട്ട് ആയത്? 

മാധ്യമങ്ങള്‍ എഴുതിയെഴുതി ഒരു ഭീകരനാക്കി മാറ്റിയ ചാജിപിടി വന്ന് പിടികൂടുമെന്ന് കരുതി ഈ കടുത്ത വേനലില്‍ പോലും ജാലകങ്ങളും വാതിലുമടച്ച് തലവഴിയേ പുതപ്പ് മൂടി കിടന്ന ഞാന്‍ ആശ്വസിച്ചു. വാതിലില്‍ മുട്ട് കേട്ടപ്പോള്‍ ചാജിപിടി എന്ന് കരുതി മിന്നാരത്തിലെ പപ്പുവിനെ പോലെ തുറക്കൂലടാ പട്ടീ എന്നലറി. ഇപ്പോ മനസിലായി ഒക്കെ വെറുതെ ആയിരുന്നുവെന്ന്. നീയൊന്നും ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ലെടാ പുല്ലേ. 

ഇതിന്റെ ദുരന്തം വരാനിരിക്കുന്നതേ ഉള്ളൂ. 

കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചത് നിന്റെ തന്ത എന്ന് വിളിച്ചു പറഞ്ഞ കുട്ടികളാരെങ്കിലും മുതിര്‍ന്ന് വലിയ മാധ്യമപ്രവര്‍ത്തകരൊക്കെ ആവും. കഷ്ടകാലത്തിന് പി ഭാസ്ക്കരന്‍ ജന്മശതാബ്ദിക്ക് മാഷിനെ കുറിച്ച് എഴുതാന്‍ ആ കുട്ടിക്ക് ആയിരിക്കും നറുക്ക് വീഴുക. അത് നേരെ ചാജിപിടിയോട് ചോദിക്കും. ശേഷം ചിന്ത്യം.
[10:41 am, 03/04/2023] Binuraj: 

Join WhatsApp News
Jayan varghese 2023-04-03 14:27:34
ആണവ മിസൈലിന്റെ അതി ഭീകരമായ ഹുംകാരവം അടിമനസ്സിൽ ആവാഹിച്ച് അനിശ്ചിതത്വത്തിന്റെ അര നാഴിക നേരം ആസ്വദിക്കാൻ വിധിക്കപ്പെട്ട ഒരു തലമുറയിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാനാണ് സുഹൃത്തേ ? ആധുനിക ശാസ്ത്രം ആഗോള മനുഷ്യ രാശിക്ക് സമ്മാനിച്ച ഈ ദുരവസ്ഥയെ പടിപ്പുകഴ്ത്താൻ മടിയിൽ കനമുള്ള കുറേ ഭൗതിക വാദ പാണന്മാരും. മാറ്റം വിപ്ലവമാണെങ്കിൽ അത് നയിക്കാൻ ഒരു രക്ഷകനെ തേടുകയാണ് ലോകം. ഇന്നല്ലെങ്കിൽ നാളെ അയാൾ വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വ്ലാഡിമീറിന്റെയും എസ്ട്രെഗോനിന്റെയും സന്തതികൾ ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക