Image

അച്ഛനെ കൊല്ലാന്‍ വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുമായി മകന്‍; സിനിമയെ വെല്ലുന്ന തിരക്കഥ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 04 April, 2023
അച്ഛനെ കൊല്ലാന്‍ വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുമായി മകന്‍; സിനിമയെ വെല്ലുന്ന തിരക്കഥ (ദുര്‍ഗ മനോജ് )

അച്ഛനെയാണ് കൊല്ലാനുദ്ദേശിച്ചത് എന്ന് മകന്‍ ഉറപ്പിച്ചു പറയുമ്പോള്‍ ആ അച്ഛന്‍ മരിച്ചു മരവിച്ചിട്ട് നേരത്തോടു നേരം കഴിഞ്ഞിരുന്നു. മകന്‍ ഉദ്ദേശിച്ചതും അല്പം കൂടുതലും സംഭവിച്ചു. തൃശ്ശൂരില്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് രക്തം ശര്‍ദ്ദിച്ചു മരിച്ച സംഭവത്തില്‍ ആദ്യം സംശയിച്ചത് ഹൃദ്രോഗമാണ്. എന്നാല്‍ പിന്നീട്, വീട്ടിലുള്ള മറ്റുള്ളവരും, ആ വീട്ടില്‍ പറമ്പിലെ ജോലിക്കു വന്നവരും കുഴഞ്ഞു വീഴുകയും ആശുപത്രിയിലേക്കു മാറ്റേണ്ടി വരികയും ചെയ്തതോടെ സംശയം ഭക്ഷ്യവിഷബാധ എന്ന മട്ടിലായി. പ്രഭാത ഭക്ഷണമായ ഇഡ്ഢലിയും കടലക്കറിയും പ്രതിക്കൂട്ടിലായി. എന്നാല്‍ കുഴപ്പമൊന്നും സംഭവിക്കാത്ത വീട്ടിലെ ഏക അംഗമായ മരണപ്പെട്ട ശശീന്ദ്രന്റെ മകന്‍, ആയുര്‍വേദ ഡോക്ടറായ മയൂര്‍നാഥിനെ വിശദമായി ചോദ്യം ചെയ്തതോടെ അച്ഛനോടു മകനുള്ള വിദ്വേഷത്തിന്റെ കഥ പുറത്തു വന്നു.

മയൂര്‍നാഥിന് കഴുത്തില്‍ ഒരു മുഴ വന്നു. അതു വെച്ചു കെട്ടി വീട്ടിലെത്തിയപ്പോള്‍ ഭയന്നു പോയ അവന്റെ അമ്മ ബിന്ദു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു. ഇത് മകന് ഇഷ്ടമായില്ല. അവിടെയാണ് വിദ്വേഷത്തിന്റെ ആരംഭം. പഠിക്കാന്‍ മിടുക്കനായിരുന്ന മയൂര്‍ നാഥ്, എം ബി ബി എസ്‌നു കിട്ടിയ അഡ്മിഷന്‍ വേണ്ടെന്നു വെച്ചാണ് ആയുര്‍വേദം പഠിച്ചത്. തുടര്‍ന്ന് ആയുര്‍വേദത്തില്‍ സ്വയം ഗവേഷണം നടത്താന്‍ വീടിനു മുകളില്‍ ലാബ് സജ്ജീകരിച്ചു. ഇതിനായി ധാരാളം പണം അച്ഛനോടു വഴക്കിട്ടു വാങ്ങിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷമേതെന്നു തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് പോലീസിന് ഇതൊരു ആസൂത്രിത കൊലപാതകമാകാം എന്ന സംശയം ഉണ്ടായത്.

തുടര്‍ന്നാണ് മകനാണ് കൊലപാതകത്തിനു പിന്നില്‍ എന്ന യാഥാര്‍ത്ഥ്യം പുറത്തുവന്നത്. ശശീന്ദ്രന്റെ ഭാര്യ ഗീത, അമ്മ കമലാക്ഷി, തൊഴിലാളികളായ രാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. ഓണ്‍ലൈനായി വരുത്തിയ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത രാസവിഷക്കൂട്ട് അച്ഛന്റെ ഭക്ഷണത്തില്‍ കലര്‍ത്തുകയായിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ കഴിക്കാനെടുത്ത പാത്രത്തില്‍ ബാക്കിവന്ന കറി മറ്റുള്ളവരും എടുത്തതോടെ എല്ലാവര്‍ക്കും വിഷബാധയേറ്റു.

പണ്ടൊക്കെ മക്കള്‍ക്ക് ബുദ്ധിയുണ്ടാകണേ പഠിക്കാന്‍ മിടുക്കരാകണേ എന്നൊക്കെയാണ് മാതാപിതാക്കള്‍ പ്രാര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ ബുദ്ധികൂടിയ, പഠിക്കാന്‍ അതിസമര്‍ത്ഥരായവര്‍ തയ്യാറാക്കുന്ന തിരക്കഥയില്‍പെട്ടു പോകുന്ന അടുത്ത ബന്ധമുള്ളവര്‍, അവര്‍ മാതാപിതാക്കളോ, സുഹൃത്തുക്കളോ ആകട്ടെ, ചതിയറിയാതെ അപകടത്തില്‍ ചെന്നുചാടുന്നു. ജ്യൂസിന്റെ രൂപത്തിലോ കടലക്കറിയായോ വെച്ചുനീട്ടുമ്പോഴതു വിഷമാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിയുന്നതെങ്ങനെ?

The son prepared for years to kill his father.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക