Image

മധു: ഭക്ഷണം കഴിക്കാനുള്ളതാണ്, കൊടുക്കാനുള്ളതാണ്  (ചിഞ്ചുതോമസ്) 

ചിഞ്ചുതോമസ് Published on 06 April, 2023
മധു: ഭക്ഷണം കഴിക്കാനുള്ളതാണ്, കൊടുക്കാനുള്ളതാണ്  (ചിഞ്ചുതോമസ്) 

ഭക്ഷണം കഴിക്കാനുള്ളതാണ്. ഭക്ഷണം ഇല്ലാത്തവന് ഒരു നേരം ഭക്ഷണം കൊടുത്താല്‍ അതിലും വലിയ ഒരു പുണ്യമില്ല. വിശക്കുന്ന വയര്‍ കാണാതെ നിങ്ങള്‍ എവിടെ പോയി പ്രാര്‍ത്ഥിച്ചാലും ഒരു പ്രയോജനവുമില്ല. അങ്ങനെ ഉള്ളവരെ നോക്കി  കര്‍ത്താവ് നേരത്തേ പറഞ്ഞിട്ടുണ്ട് ' എന്നോട് കര്‍ത്താവേ കര്‍ത്താവേ എന്ന് പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ  എന്റെ പിതാവിന്റെ  ഇഷ്ട്ടം ചെയ്യുന്നവനത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്. യേശു ക്രിസ്തു തന്നെ പിറ്റേന്ന് വെളുപ്പിനെ ഒറ്റിക്കൊടുക്കാന്‍ വെള്ളിക്കാശ് വാങ്ങി കൈയില്‍ വെച്ച യൂദാസിന്റെ കൂടെയിരുന്ന് അപ്പവും വീഞ്ഞും കഴിച്ചതാണ്. അതാണ്! ഭക്ഷണം കഴിക്കാനുള്ളതാണ്. 

മധു അരി മാത്രമേ മോഷ്ടിച്ചിട്ടുള്ളൂ. ഭക്ഷണം മോഷ്ട്ടികുമ്പോല്‍ അത് മോഷണം എന്ന് പറഞ്ഞുകൂടാ. അത് വിശപ്പാണ്. മധു കുറച്ചു മാനസിക പ്രശ്‌നമുള്ള ആളായിരുന്നു. അവിടെ കൂടി നിന്ന് മധുവിനെ അടിച്ചു കൊന്നവര്‍ക്കോയാതൊരു മാനസിക പ്രശ്‌നവും ഇല്ലാത്തവര്‍. മാത്രമല്ല ആരോഗ്യമുള്ളവര്‍. സമ്പന്നര്‍. ഒരു നേരത്തെആഹാരം കൊടുക്കാന്‍ കഴിവുള്ളവര്‍. 

നമ്മള്‍ കഴിക്കാന്‍ എടുക്കുന്ന ഭക്ഷണം മുഴുവന്‍ കഴിക്കുന്നവരാണോ? ഭക്ഷണം വേണ്ടാഞ്ഞിട്ട് വെറുതേ കളയുന്നവരെല്ലേ നമ്മള്‍ ? നമുക്ക് ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തവന് കൊടുക്കാന്‍ കഴിയില്ലേ ? തലാബാത് , ഡെലിവെറൂ എന്നിവിടങ്ങളില്‍ നിന്ന് നമുക്ക് ഭക്ഷണം കൊണ്ടുത്തരുന്നവര്‍ ചിലപ്പോള്‍ കഴിച്ചിട്ടുണ്ടാകില്ല. നിങ്ങള്‍ അവരെ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന സ്ഥലത്തു വെച്ച് കണ്ടാല്‍ അവര്‍ക്ക് ഒരുനേരത്തെ ആഹാരം വാങ്ങി കൊടുക്കാന്‍ കഴിയില്ലേ? നിങ്ങള്‍ കേക്ക് ഷോപ്പില്‍ കയറിയാല്‍ അവിടെ പുറത്തിരുന്നു നിങ്ങളോട് കൈ നീട്ടി പൈസ ചോദിക്കുന്ന, വയര്‍ വിശന്നിരിക്കുന്ന മനുഷ്യര്‍ക്ക് അവിടുന്ന് ഒരു കേക്ക്, ഒരു ക്രോസാന്റ്, ഒരു ഓറഞ്ച് ജ്യൂസ് ഇതൊക്കെ വാങ്ങി അവര്‍ക്കും കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിവില്ലേ ? ഇതിനൊക്കെ എത്രെ രൂപ ചിലവാകും ? നിങ്ങളെ സംബന്ധിച്ചു അതൊക്കെ നിസ്സാരമായ ചിലവുകളാണ് എങ്കില്‍ അവര്‍ക്ക് അത് കടയ്ക്കുള്ളില്‍ എത്തി നോക്കി കണ്ടു വെള്ളമിറക്കുന്ന കിട്ടാ കനിയും. നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. നിങ്ങള്‍ ആരോഗ്യമുള്ളവരാണ്. നിങ്ങള്‍ ബുദ്ധിശക്തി ഉള്ളവരാണ്. ഭക്ഷണം ഇല്ലാത്തവന് അത് കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിവുണ്ട്.  

ചൂട് കാലത്തു ദുബൈയില്‍ മലമുകളിലേക്ക് യാത്രപോയാല്‍ വഴിയരികില്‍ കൈ കാണിക്കുന്ന ചിലരെ കാണാം. അപ്പോള്‍ കാര്‍ നിര്‍ത്തി അവരോട് കാര്യം തിരക്കി വെള്ളവും ഭക്ഷണവും കൊടുക്കും. അവരോട് നിങ്ങള്‍ ഏത് നാട്ടുകാരനാണ് എന്ന് അന്വേഷിക്കുമോ ? ജാതിയോ മതമോ പ്രശ്‌നമുണ്ടോ ? നിങ്ങള്‍ ചിലപ്പോള്‍ വണ്ടി നിര്‍ത്തി ഇട്ടേക്കുവാണെങ്കില്‍ക്കൂടി  അവിടെ വരുന്നവര്‍ കാര്‍ പതുക്കെയാക്കിയിട്ടു ചോദിക്കും എന്തേലും സഹായം വേണോ എന്ന് ? ഭക്ഷണം ഇല്ലാതാകാന്‍ സാഹചര്യം മോശമായാലും മതി, എത്രെ പണം ഉള്ളവര്‍ക്കും എന്നാണതിന്റെ സാരം. ഭക്ഷണം കഴിക്കാനുള്ളതാണ്. കൊടുക്കാനുള്ളതാണ്. 
 
ഒന്നാം പ്രതി ഹുസ്സൈന്റെ ചവിട്ടേറ്റ് മധു തലയടിച്ചു ഭണ്ഡാരത്തിലേക്കു വീണു. മൂന്നാം പ്രതി ഷംസുദീന്‍ വടി കൊണ്ട് അടിച്ചു. അടിയില്‍ ഇടത് വാരിയെല്ല് പൊട്ടി . പതിനാറാം പ്രതി മുനീര്‍ കാല്‍മുട്ടുകൊണ്ട് നടുവിന് ചവിട്ടി. എന്നിട്ട് എല്ലാവരേയും നോക്കി ഗമക്കൊന്നു ചിരിച്ചു. മധു അയാളെ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു. ചവിട്ട് പുറകില്‍ നിന്നാണെല്ലോ!  അടികൊണ്ട് അവശനായി ഒരു തുള്ളി വെള്ളം പോലും കിട്ടാതെ നിലത്തിരുന്ന മധുവിനോട് ഏതോ കേമന്‍ ചോദിക്കുന്നുണ്ട് 'മധു ഒന്ന് ചിരിച്ചേ ഒരു ഫോട്ടോഎടുക്കട്ടേ'. ശരീരത്തില്‍ ഉണ്ടായിരുന്നത് നാല്പത്തിഅഞ്ചിലേറെ മുറിവുകള്‍. 

നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങള്‍ കാണാതെ ഒരു കപ്പലണ്ടിമുട്ടായി എടുത്താലോ ഒരു മീന് വറുത്തത് എടുത്താലോ ഒരു ചിക്കന്‍ ഫ്രൈ എടുത്താലോ നിങ്ങള്‍ അവരെ ഇതുപോലെ കൊന്നു കളഞ്ഞേക്കുമോ? അതോ അവരുടെ കുറുമ്പ് കണ്ട് ചിരിക്കുമോ? ഓരോ വിശന്ന വയറിലും നിങ്ങള്‍ മധുവിന്റെ മുഖം കാണട്ടെ. മധു മനുഷ്യത്വമില്ലാ കാലത്തിന്റെ രക്തസാക്ഷിയാണ്. 
ഒന്നാം പ്രതിയുടെ മകനും മരുമകനും  പ്രോസിക്യൂഷന്റെ കൂടെയാണ് നിന്നത്. നില്‍ക്കണം അല്ലാത്തപക്ഷം നിങ്ങള്‍ എങ്ങനെ നിങ്ങളുടെ മക്കള്‍ക്ക് ചോറ് കൊടുക്കും?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക