അധികമാരും അറിയാത്ത ഒരു ഗ്രാമത്തിൽ അവൻ ജനിച്ചു; ഒരു
ഗ്രാമീണകന്യകയുടെ കടിഞ്ഞൂൽ പുത്രൻ. മറ്റൊരു ഗ്രാമത്തിലാ
ണവൻ വളർന്നത്. മുപ്പതുവയസ്സുവരെ അവൻ പണിയെടുത്തു,
ഒരു മരയാശാരിയുടെ പണിപ്പുരയിൽ. പിന്നീടുള്ള മൂന്നുവർഷം
ധർമ്മോപദേശപ്രഭാഷണം നടത്തി, സഞ്ചരിച്ചു.
ഒരു സർവകലാശാലയിലും അവൻ പഠിച്ചിട്ടില്ല, പഠിപ്പിച്ചിട്ടില്ല.
ഒരു പുസ്തകവും അവൻ എഴുതിയിട്ടില്ല, പ്രസിദ്ധീകരിച്ചിട്ടില്ല.
യാതൊരു ഔദ്യോഗികസ്ഥാനവും അവൻ വഹിച്ചിട്ടില്ല. ഒരു
വീടിന്റെ പോലും ഉടമയായിരുന്നില്ല. വലിയ നഗരങ്ങളിലൊന്നും
അവൻ കാലുകുത്തിയിട്ടില്ല. ജന്മസ്ഥലത്തുനിന്നും ഇരുന്നൂറു
മൈൽ അപ്പുറത്തേക്ക് അവൻ സഞ്ചരിച്ചിട്ടില്ല.
സ്ഥാനവലിപ്പത്തിനുതകത്തക്ക കാര്യങ്ങളൊന്നുംതന്നെ അവൻ
ചെയ്തിട്ടില്ല. അവന്റെ അസ്തിത്വത്തിന്റെ സാക്ഷ്യപത്രം അവൻ
മാത്രമായിരുന്നു. അധികാരിവർഗ്ഗം അവന്റെ പ്രബോധനങ്ങളെ
കുറ്റപ്പെടുത്തി. ദൈവനിന്ദ നടത്തിയതായി അവൻ ആരോപിക്കപ്പെട്ടു.
പൗരോഹിതമേധാവികൾ അവന്റെമേൽ കുറ്റപത്രം ചാർത്തി. ശിഷ്യൻമാർ അവനെ കൈവെടിഞ്ഞു. നിസ്സാരമായ ഒരു തുക കൈപ്പറ്റിക്കൊണ്ട് ശിഷ്യരിൽ ഒരാൾ അവനെ ശത്രുക്കകൾക്ക് ഒറ്റിക്കൊടുത്തു.മറ്റൊരാൾ അവനെ തള്ളിപ്പറഞ്ഞു. പരിഹാസ്യമായ
ഒരു വിചാരണപ്രകടനത്തിനവൻ വിധേയനായി. കുറ്റക്കാരായ
രണ്ടു കള്ളന്മാരുടെ നടുവിൽ, ഒരു മരക്കുരിശിൽ അവൻ
മൂന്ന് ആണികളാൽ തറക്കപ്പെട്ടു.
ആ കുരിശിൽ അവൻ പിടഞ്ഞുമരിക്കുന്പോൾ, അവനീ
ഭൂമിയിലുണ്ടായിരുന്ന ഒരേയൊരു സന്പത്ത് - അവന്റെ
മേലങ്കി - പങ്കുവയ്‌ക്കുന്നതിൽ തർക്കിക്കുകയാരുന്നു
വധശിക്ഷ നടത്തിയവർ. മരണശേഷം ഒരു സുഹൃത്തിന്റെ
ഔദാര്യത്താൽ കടമെടുത്ത ഒരു കല്ലറയിൽ അവൻ അടക്ക
പ്പെട്ടു.
20 നൂറ്റാണ്ടുകൾ പിറന്നു, മറഞ്ഞു. ഇന്നും
മനുഷ്യവർഗ്ഗത്തിന്റെ ഉൽക്കൃഷ്ടനായ രാജാധിരാജനായി
മനുഷ്യസ്നേഹത്തിന്റെ ഉജ്വല തേജസ്സായി അവൻ പ്രശോഭിക്കുന്നു!
ഇന്നോളം മുന്നേറിയിട്ടുള്ള എല്ലാ ലോകസൈന്യങ്ങളും,
വിന്യസിക്കപ്പെട്ടിട്ടുള്ള എല്ലാ കപ്പൽപ്പടകളും, സമ്മേളിച്ചിട്ടുള്ള എല്ലാ നിയമനിർമ്മാണസഭകളും, അധികാരം കയ്യാളിയിട്ടുള്ള എല്ലാ ഭരണാധികാരികളും ഒന്നിച്ചുകൂടിയാലും ഭൂമുഖത്തൊരു മനുഷ്യന്റെ ജീവിതത്തെപ്പോലും ഇത്രകണ്ട് ഗാഢമായി സ്വാധീനിച്ചിട്ടില്ല
ആ താപസന്റെ വിനീത ജീവിതം പോലെ !
(കടപ്പാട്: ഡോ. ജെയിംസ് അലൻ ഫ്രാൻസീസ്.)
#Christ_article_by_Jmathews