അങ്ങനെയൊടുവിൽ വീട്ടിൽ മടങ്ങിയെത്തി. അപ്പോൾ ആരെങ്കിലും ചോദിച്ചേക്കാം, എങ്ങനെയൊടുവിൽ
എന്ന് ?.
കാരണം ഇപ്പോൾ കുറേ പുതിയ സുഹൃത്തുകളും ഫ്രെണ്ട് ലിസ്റ്റിൽ കടന്നു വന്നിട്ടുണ്ട്. കരൾ രോഗിയായി
Aster Medcity യിലേക്ക്പോയി. ഇപ്പോൾ രോഗിയല്ലാത്ത കരളിൻ്റെ ഉടമയായി മടങ്ങിയെത്തി. കരളുതന്ന പ്രിയ പാതിയ്ക്ക് നന്ദി.
പ്രതീക്ഷിക്കുന്നതൊന്നും സംഭവിക്കാത്ത ജീവിതത്തിൽ അപ്രതീക്ഷിതമായ കടന്നു വരുന്ന രോഗങ്ങൾ, ജീവിതത്തെയാകെ തകിടം മറയ്ക്കും. അശാസ്ത്രീയ ഭക്ഷണക്രമവും, വ്യായായമില്ലായ്മയും, പുതിയ തലമുറയെ അസുഖങ്ങളിലേക്ക് നയിക്കും. ചിലപ്പോൾ എൻ്റെ കാര്യത്തിലും അതു തന്നെയാവാം സംഭവിച്ചതും. നമ്മൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിലെ സൂക്ഷ്മതക്കുറവുകൾക്ക് നല്കേണ്ടിവരുന്ന വില വലുതാണ് എന്ന പാഠം ഓർമ്മിക്കാം.
എന്നെ നോക്കിയിരിക്കുന്ന വീട്
..................................................
വീട്, ഏറ്റവും വലിയ ഭാഷയാണ്. അതെന്നെ നോക്കുമ്പോഴും, ഞാൻ അതിനെ നോക്കുമ്പോഴും ഞങ്ങൾക്കിടയിൽ സംസാരിക്കുന്ന പലതുമുണ്ട്. ഓരോ ചുവരും എന്നെ നോക്കുന്നു. എൻ്റെ വിരലിൻ്റെ തലോടൽ മോഹിക്കുന്നു. ഞാൻ നട്ട ചെടികളും, വാഴകളും ഉണങ്ങി നില്ക്കുന്നു. ചിലതൊക്കെ മരണത്തിൻ്റെ വക്കിൽ. ചിലതൊക്കെ എന്നെക്കാണാൻ മരിയ്ക്കാതെ പിടിച്ചു നില്ക്കുന്നു. ഞാൻ മോഹിച്ചതും അവരെത്തന്നെ കാണാനാകും.
വീട് സ്വകാര്യമായി എന്നോടു ചോദിച്ചു.
എവിടെയായിരുന്നു?
ഒരു ദിവസംപോലും വീടു മാറിയുറങ്ങാത്ത കവീ... താങ്കൾ കുറേ ദിവസങ്ങളായി, എന്നെയുപേക്ഷിച്ച് എവിടേയ്ക്ക് പോയി.
വേനലിൻ്റെ പൊള്ളുന്ന യാഥാർത്യത്തിൽ നിന്നും, ശീതീകരിച്ച വാസനിലങ്ങളിലേക്ക്...
ജോലി തേടിപ്പോയ മനുഷ്യനിലേക്ക്....
ചെറുപ്പത്തിൽ നാടുവിട്ട് നാളുകൾക്ക് ശേഷം വീടറിയാതെ സ്വന്തം വീട് തിരയുന്ന മനുഷ്യനിലേക്ക്.... രോഗബാധിതരായി വീട് വിറ്റ് പോയ മനുഷ്യനിലേക്ക്....
ഏത് യാഥാർത്യത്തിലേക്കാണ് താങ്കൾ എന്നെയുപേക്ഷിച്ചത്.
ഞാൻ പറഞ്ഞു
നിന്നെയോർത്തുറങ്ങാതായ
പകലുകളെ, രാത്രികളെ, വെൻ്റിലേറ്റർ
l C U വിലെ ശ്വാസങ്ങളെ, ഏകാന്തമായ നിമിഷങ്ങളിൽ വളർന്ന ചിന്തകളെ... ഒരു ചുവരിനപ്പുറം എനിയ്ക്കായ്പങ്കിട്ട കരൾപ്പാതിയെ കാണാൻ വെമ്പുന്ന മനസ്സിനെ....
ശരിരത്തിൽ കൊളുത്തിയ സൂചികളെ, ട്യൂബുകളെ.... ഇറ്റിറ്റ് വീഴുന്ന മരുന്നുകളെ...
ഭയപ്പെടുത്തുന്ന സ്വപ്നങ്ങളെ....
സൂചിയും, സിറിഞ്ചുമായെത്തുന്ന നേരങ്ങളെ... അനസ്ത്യേഷ്യയ്ക്ക് മുമ്പുള്ള നിമിഷങ്ങളെ... പ്രതിക്ഷയുടെ വാക്കുകളെ... പ്രാർത്ഥനകളെ... സർജറിയ്ക്ക് ശേഷമുള്ള നിമിഷങ്ങളെ, സെക്കൻ്റുകളെ, മണിക്കൂറുകളാക്കിത്തരുന്ന
ദൈവത്തിൻ്റെ കരങ്ങളെ...
ശബ്ദം മാറിപ്പോയ നേരങ്ങളെ....
എണീയ്ക്കാൻ ശ്രമിച്ച നിമിഷങ്ങളെ...
ഭക്ഷണം കഴിയ്ക്കാൻ ശീലിച്ച ദിനരാത്രങ്ങളെ....
നടക്കാൻ ശ്രമിച്ച ഇടങ്ങളെ..
ചേർത്തു പിടിച്ച കരങ്ങളെ...
സിറിഞ്ചും, മരുന്നുമായെത്തിയ മാലാഖമാരെ...
ദിനവും പുരോഗതിയന്വേഷിച്ചെത്തിയ
ഡോക്ടർമ്മാരെ...
ഏകാന്തതയുടെ തടവിലെ ഒറ്റമുറിയിലെ നേരങ്ങളെ...
എന്നിലേക്ക് കണ്ണുതുറക്കുന്ന ഗുളികകളെ...
ഒപ്പം നിന്ന സുഹൃത്തുക്കളെ...
അത്ര മനോഹരമല്ലാത്ത മനോഹാരിതകൾ ആസ്വദിച്ച പകലുകളെ..
അങ്ങനെ പലതും.
വീട് പറഞ്ഞു
ഇനി പറയണ്ട, നീയില്ലാത്ത രാത്രികളിൽ
ഏകാന്തമായ ഇരുട്ടിൽ, പല്ലികൾ, പാറ്റകൾ, ഉറുമ്പുകൾ, വണ്ടുകൾ, പ്രാണികൾ, എട്ടുകാലികൾ അങ്ങനെ വീടിനുള്ളിൽ എത്ര വിടുകൾ .ചുറ്റും വെളിച്ചം മിന്നിയ്ക്കുന്ന മിന്നാമിനുങ്ങുകൾ, വീടിന് കാവലിരിക്കുന്ന നക്ഷത്രങ്ങൾ. വഴിവിളക്കുകൾ, എല്ലാവരും നിന്നെ ചോദിച്ചുകൊണ്ടേയിരുന്നു.
ഞാനും, വീടും തമ്മിലുള്ള സംഭാഷണങ്ങൾക്കിടയിൽ മകൾ ചോദിച്ചു. പപ്പാ...? എന്താണ് ആലോചിക്കുന്നത്.?
ഭാര്യ ചോദിച്ചു എന്തു പറ്റി. അകത്തേക്ക് കയറുന്നില്ലേ.?
വാക്കുകൾ മുഴുമിപ്പിക്കാതെ... വീടും ഞാനും നിശ്ശബ്ദമായി. ചുവരുകളിൽ സ്പർശിച്ച് വാതിൽപ്പടിയിൽ നില്ക്കുമ്പോൾ മുറ്റത്തെ ചെടികൾ ഇലകളാട്ടുന്നത് ഞാനറിഞ്ഞിരുന്നു.