Image

ദശരഥ പുരാണം സമകാലീന സംഭവങ്ങളിൽ ! (കവിത: ജയൻ വർഗീസ്)

Published on 07 April, 2023
ദശരഥ പുരാണം സമകാലീന സംഭവങ്ങളിൽ ! (കവിത: ജയൻ വർഗീസ്)

(അപ്പനെയും, പാർട്ടിയേയും വിട്ട് അകലങ്ങളിൽ അഭയം തേടിയ ആന്റണീ തനയന് അപ്പന്റെ ചിന്തകളിലൂടെ ഒരുയാത്രാ മൊഴി. അതോടൊപ്പം ആകാശത്തോളം വളർന്ന ആന്റണിക്ക് അത് ദൈവീക വരദാനമായിരുന്നു എന്നവിശ്വാസം ഉണ്ടായിരുന്നുമില്ല ) 


മുനിയുടെ ശാപം മുള്ളായ് തറയും 
ദശരഥ മനസ്സിൻ തേങ്ങലുകൾ : 
“ മകനേ പോകരുത കലേക്കാട്ടിൽ 
മൃതിയുടെ കാലടി യണയുകയായ് “ 

ഒരുകാലത്ത് തിമിർത്ത വിനോദ 
പ്പകയിൽ വില്ലു കുലക്കുമ്പോൾ, 
അറിയാതാന കുടവു മതിൻ നിറ 
തുടവും ലക്ഷ്യം വയ്ക്കുമ്പോൾ, 

‘ അയ്യോ ‘ രോദന മകലേ കാടിൻ 
നെഞ്ച് പിടഞ്ഞു മരിക്കുമ്പോൾ, 
കണ്ടൂ കനക പൂമേനി ജല 
വണ്ടുകൾ നുകരും താമര പോൽ.

മുനിയുടെ യേകാന്തതയുടെ ദുഃഖം 
വിരലുകളിൽ മൃതി യറിയുമ്പോൾ,
അന്ധത മൂടിയ കണ്ണുകൾ കത്തീ : 
“ അറിയും നീയിത് നാളെ സമം “

ശാപം, മുനിയുടെ ശാപം രാമൻ 
ദൂരേക്കാട്ടിൽ മറയുമ്പോൾ, 
ഏകാന്തതയുടെ വേദന ജീവിത 
 വേദികൾ തോറും  പിടയുന്നു! 

താനോർത്തില്ല തനിക്കു ലഭിച്ചത് 
ദാനമതീശ്വര സമ്മാനം, 
യാദൃശ്ചികമെന്നോർത്തു : ‘ കിരീടം 
താനേ തലയിൽ വന്നത് പോൽ. ‘ 

അറിയുന്നില്ലയൊരീശ്വര ചിന്തയി- 
ലുരുവാകുന്നു താളങ്ങൾ, 
അറിയാൻ മാനവ മനസ്സിന്നാഴ - 
ക്കടലുകൾ താണ്ടി പിടയേണം ! 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക