Image

ഗുജറാത്തു ഹൈക്കോടതി വിധിക്കുശേഷവും മോദിയുടെ ബിരുദം സംബന്ധിച്ച വിവാദം നിലനില്‍ക്കുന്നു.(ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 08 April, 2023
ഗുജറാത്തു ഹൈക്കോടതി വിധിക്കുശേഷവും മോദിയുടെ ബിരുദം സംബന്ധിച്ച വിവാദം നിലനില്‍ക്കുന്നു.(ദല്‍ഹികത്ത് : പി.വി.തോമസ് )

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ചുള്ള ഗുജറാത്തു ഹൈക്കോടതിയുടെ വിധി ദേശീയ തലത്തില്‍ ചര്‍ച്ചയും വിവാദവും ആയിരിക്കുകയാണ് കോടതി മോദിക്കെതിരെയുള്ള ഉത്തരവ് തള്ളി. പരാതിക്കാരന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് പിഴയും വിധിച്ചു. വിവരാവകാശ നിയമം ആണ് ഇവിടെ പ്രധാന പ്രതി. മുഖ്യവിവരാവകാശ കമ്മീഷ്ണറും കേജരിവാളും മറ്റു പ്രതികളും. വിവരാവകാശ കമ്മീഷ്ണറുടെ ഉത്തരവ് കോടതി റദ്ദാക്കിയെങ്കിലും ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ദുരൂഹതയും. മോദി വരണാസിയില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്ങപ്രകാരമുള്ള ബിരുദവും ബിരുദാനന്തര ബിരുദവും സത്യമാണോ? അതോ വ്യാജമാണോ? വ്യാജമല്ലെന്ന് ബി.ജെ.പി.യും മറിച്ചാണെന്ന് കേജരിവാള്‍ ഉള്‍പ്പെട്ടവരും വ്ാദിക്കുന്നു.

മാര്‍ച്ച് 31-ാം തീയതി ഗുജറാത്തു ഹൈക്കോടതിയുടെ ജസ്റ്റീസ് ബിരന്‍ വൈഷണവിന്റെ ഏകാംഗ ബെഞ്ചിന്റെ വിധി പ്രകാരം മുഖ്യ വിവരാവകാശ കമ്മീഷ്ണര്‍ ശ്രീധര്‍ ആചാരലു ഗുജറാത്തു സര്‍വ്വകലാശാലയോട് മോദിയുടെ ബിരുദാനന്തര ബിരുദം സംബന്ധിച്ചുള്ള രേഖകള്‍ നല്‍കുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കില്ല. സര്‍വ്വകലാശാല മുഖ്യ വിവരാവകാശ കമ്മീഷ്ണറുടെ സ്വമേധയ എടുത്ത തീരുമാനത്തെയാണ് ചോദ്യം ചെയ്തത്. പരാതിക്കാരനായ മുഖ്യമന്ത്രിക്ക് 25,000 രൂപ പിഴചുമത്തിക്കൊണ്ട് ജസ്റ്റീസ് വൈഷണവ് പറഞ്ഞു ഇത് കേജരിവാള്‍ വിവരാവകാശ നിയമത്തിന്റെ ലക്ഷ്യത്തെ പരിഹസിച്ചുകൊണ്ടുള്ള നടപടിക്കാണെന്നാണ്. വിവരാവകാശ നിയമത്തിന്റെ നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്കാണ് കേജരിവാള്‍ നിയമത്തെ ഉപയോഗിച്ചതെന്നും ജസ്റ്റീസ് പറഞ്ഞു. ഇങ്ങനെ ഒരു നിര്‍ദ്ദേശം സര്‍വ്വകലാശാലക്ക് നല്‍കുവാനുള്ള മുഖ്യവിവരാവകാശ കമ്മീഷ്ണറുടെ ഔചിത്യവും കോടതി ചോദ്യം ചെയ്തു. ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമായ വിവരാവകാശ കമ്മീഷന് ഇതുപോലെ സ്വമേധയാ ഒരു തീരുമാനം എടുക്കുവാനുള്ള അധികാരത്തെയും കോടതി ചോദ്യം ചെയ്തു. വിവരാവകാശ കമ്മീഷന്‍ അതിന്റെ നിയമപരിധി ലംഘിച്ചുവെന്നും അത് ജുഡീഷ്യല്‍ ആക്ടിവിസത്തില്‍ വ്യാപരിച്ചുവെന്നും കോടതി നിരീക്ഷിച്ചു. കമ്മീഷന്‍ പരാതിക്കാരന്‍ ഒരു മുഖ്യമന്ത്രിയാണെന്ന് കണ്ട് വിവശനായി സര്‍വ്വകലാശാലക്ക് നിര്‍ദ്ദേശം നല്‍കുകയാണുണ്ടായത്. കോടതി കണ്ടെത്തി. ഒരു തേര്‍ഡ് പാര്‍ട്ടിക്ക് ഇങ്ങനെ വിവരം നല്‍കുവാന്‍ കമ്മീഷന് സാദ്ധ്യതയില്ല. പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദത്തിന്റെ രേഖകള്‍ വെളിപ്പെടുത്തുവാന്‍ അത് ഒരു പൊതുതാല്‍പര്യ വിഷയം അല്ലെന്നും കോടതി നിരീക്ഷിച്ചു. ചില ബാഹ്യ താല്‍പര്യങ്ങള്‍ കമ്മീഷന്റെ തീരുമാനമാനം എടുക്കല്‍ പ്രക്രിയയില്‍ ഇടപെട്ടെന്നും കോടതി പറഞ്ഞു. സര്‍വ്വകലാശാല അതിന്റെ വെബ്‌സൈറ്റില്‍ പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദം ഇട്ടിരുന്നുവെന്ന് കോടതി പറഞ്ഞു. വിചാരണവേളയില്‍ കേജരിവാളിന്റെ അഭിഭാഷകന്‍ ഇതിനെ ഖണ്ഡിച്ചിരുന്നതാണ്. ഇങ്ങനെ ഒരു പോസ്റ്റിനെക്കുറിച്ച് കേജരിവാള്‍ ബോധനാണെന്നും കോടതി പറഞ്ഞു. പ്രധാനമന്ത്രിയുടെ ബിരുദാനന്തരബിരുദം ഒരു പൊതുതാല്‍പര്യ വിഷയം അല്ലെന്ന കോടതിയുടെ നിഗമനം എത്രമാത്രം ശരിയാണ്? പ്രധാനമന്ത്രിയുടെ സ്വകാര്യതയുടെ വിഷയം ആണോ അത്? പ്രധാനമന്ത്രി അദ്ദേഹത്തിന്റെ നോമിനേഷന്‍ പത്രികയില്‍ ഈ ബിരുദാനന്തര ബിരുദത്തെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. അതിന്റെ നിജസ്ഥിതി അറിയുവാന്‍ ആണ് ഒരു പൗരന്‍ എന്ന നിലയില്‍ കേജരിവാള്‍ ശ്രമിച്ചതെന്നുവേണം അനുമാനിക്കുവാന്‍. വിധിക്കുശേഷം കേജരിവാള്‍ ട്വീറ്റു ചെയത് ഇങ്ങനെയാണ്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് അറിയുവാനുള്ള അവകാശം ഈ രാജ്യത്തിന് അവകാശമില്ലേ?

കോടതി വിധിയില്‍ പറഞ്ഞത് ദല്‍ഹി മുഖ്യമന്ത്രിയുടെ അന്വേഷണം രാഷ്ട്രീയമായിട്ടുള്ള ഒരു ജിജ്ഞാസ മാത്രമാണ്. വിവരാവകാശ നിയമത്തിനു വെളിയില്‍ ഒരു വിവാദം ഉയര്‍ത്തുവാനാണ് കേജരിവാള്‍ ശ്രമിച്ചത്, കോടതി നിരീക്ഷിച്ചു. എന്നാല്‍ ഒരു പടി കൂടെ മുമ്പോട്ടുപോയിട്ടു പറഞ്ഞു വിവരാവകാശ നിയമം രാഷ്ട്രീയ പകപോക്കലിനായിട്ടു ഉപയോഗിക്കുകയായിരുന്നു കേജരിവാളെന്ന്. വിധിയും വിചാരണയും ഇവിടെ വിശദീകരിക്കുന്നത് ഈ സംഭവത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്കും അയാഥാര്‍ത്ഥ്യത്തിലേക്കും വെളിച്ചും വീശുവാന്‍ ആണ്.

മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ വാദപ്രകാരം മോദിയുടെ വിദ്യാഭ്യാസയോഗ്യത നാമനിര്‍ദ്ദേശ പത്രികയില്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും ബിരുദത്തിന്റെയും ബിരുദാനന്തരബിരുദത്തിന്റെയും വിശദാംശങ്ങള്‍ നെറ്റില്‍ ലഭ്യം ആയിരുന്നില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ബിരുദങ്ങളുടെ കോപ്പിക്കായി ശ്രമിക്കുന്നത്. വിവരാവകാശ നിയമം അനുസരിച്ച് സര്‍വ്വകലാശാല ഈ വിവരങ്ങള്‍ നല്‍കുവാന്‍ ബാദ്ധ്യസ്ഥം ആണ്. എന്നാല്‍ ഹൈക്കോടതിയുടെ വിധിപ്രകാരം വിദ്യാഭ്യാസ യോഗ്യതയും ഡിഗ്രിയും ഒരു പൗരന്റെ സ്വകാര്യം ആണ്. ഇത് വിവരാവകാശ നിയമത്തിന്റെ 8(1)(ജെ) പ്രകാരം ഇതുപോലുള്ള അന്വേഷണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍  മുഖ്യവിവരാവകാശ കമ്മീഷ്ണറുടെ വിലയിരുത്തല്‍ പ്രകാരം ഒരു മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിവരം അന്വേഷിക്കുമ്പോള്‍ അത് പ്രദാനം ചെയ്യേണ്ടതാണ്. നേതാക്കന്മാരുടെ നിരക്ഷരതയെകുറിച്ച് കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി ചര്‍ച്ച ചെയ്യുകയും അത് രാഷ്ട്രത്തിന് അപകടകരം ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യവിവരാവകാശ കമ്മീഷ്ണര്‍ ബോധിപ്പിച്ചു. ഇതെല്ലാം പ്രകാരം ആണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ദല്‍ഹി, ഗുജറാത്ത്, സര്‍വ്വകലാശാലകളോട് അവ 1978, 1983 വര്‍ഷങ്ങളില്‍ നല്‍കിയ ബിരുദ ബിരുദാനന്തര ഡിഗ്രികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അതിന്റെ ഒരു കോപ്പി കേജരിവാളിന് നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്. പക്ഷേ, രണ്ട് സര്‍വ്വകലാശാല ഇത് ദല്‍ഹി, ഗുജറാത്ത് കോടതികളില്‍ ചോദ്യം ചെയ്തു. ഇതില്‍ ഗുജറാത്ത്് ഹൈക്കോടതിയുടെ വിധി ആണ് മാര്‍ച്ച് 31ന് വന്നത്. ദല്‍ഹി ഹൈക്കോടതി വിധി ഇനിയും പറഞ്ഞിട്ടില്ല. അതും വ്യത്യസ്തം ആകുവാന്‍ സാദ്ധ്യതയില്ല. മുഖ്യവിവരാവകാശ കമ്മീഷ്ണര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോടും ആവശ്യപ്പെട്ടു പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ എത്രയും വേഗം പ്രദാം ചെയ്യുവാന്‍. ഏതായാലും രണ്ടു സര്‍വ്വകലാശാലകള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കുശേഷം മുഖ്യവിവരാവകാശ കമ്മീഷ്ണറെ രണ്ടു ദിവസങ്ങള്‍ക്കുശേഷം തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തു. എ്ന്തുകൊണ്ട്? 2016 മെയ് മാസം അമിത്ഷായും അരുണ്‍ ജയ്റ്റലിയും മോദിയുടേതെന്ന് അവകാശപ്പെടുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു മാധ്യമ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. പിറ്റെ ദിവസംതന്നെ, ഒരു തിരകഥയെന്ന പോലെ ദല്‍ഹി യൂണിവാഴ്‌സിറ്റി അതു സ്ഥിരീകരിക്കുകയും ചെയ്തു. അപ്പോള്‍ മോദി പ്രധാനമന്ത്രി ആയിക്കഴിഞ്ഞിരുന്നു. പക്ഷേ, എന്നിട്ടും വിവാദം അടങ്ങിയില്ല. ഗുജറാത്തു സര്‍വ്വകലാശാലയില്‍ നിന്നും 1983-ല്‍ മോദി എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമേ ഇല്ല എന്നാണ് അറിവ്. മാത്രവുമല്ല അങ്ങനെ വിഷയം വേറെ എങ്ങും ഇല്ലത്രെ. മോദിയുടെ സ്വന്തം സമ്മതപ്രകാരം അദ്ദേഹം ഹൈസ്‌ക്കൂള്‍ ജയിച്ചിട്ടുണ്ട്. ഇതു വെളിപ്പെടുത്തപ്പെട്ടത് 2001-ല്‍ മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശുക്ലയുമായിട്ടുള്ള ഒരു അഭിമുഖത്തില്‍ ആ്ണ്. അന്ന് മോദി ബി.ജെ.പി.യുടെ ഒരു ജനറല്‍ സെക്രട്ടറി ആയിരുന്നു. പതിനേഴാം വയസില്‍ വീടുവിട്ട അദ്ദേഹത്തെ ഒരു മുതിര്‍ന്ന ആര്‍.എസ്.സെ്. പ്രവര്‍ത്തകനാണ് ബി.എ. എഴുതിയെടുക്കുവാന്‍ പ്രേരിപ്പിച്ചത്, മോദി വെളിപ്പെടുത്തുന്നു. തുടര്‍ന്ന് ഗുജറാത്തു സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദവും നേടി. രണ്ടിലും ഒന്നാം സ്ഥാനത്തെത്തി. പഠിച്ചത് കറസ്‌പോണ്ടന്‍സ് കോഴ്‌സിലൂടെയാണ്. ഞാന്‍ ഒരു കോളേജിന്റെ ഗേയിറ്റു പോലും കണ്ടിട്ടില്ല, അഭിമുഖത്തില്‍ മോദി വെളിപ്പെടുത്തി. നാമനിര്‍ദ്ദേശ സത്യവാങ്ങിലൂടെ അവകാശപ്പെട്ട മോദിയുടെ ബിരുദങ്ങളുടെ നിജസ്ഥിതി അറിയുവാന്‍ ആണ് കേജരിവാളും കൂട്ടരും വിവരാവകാശ നിയമത്തെ ആശ്രയിച്ചത്. പക്ഷേ, അതും ഫലിക്കുന്നില്ല. പൊതുജീവിതത്തില്‍ സുതാര്യത ഉറപ്പുവരുത്തുവാനും ഓഫീഷ്യല്‍ സീക്രട്ട്‌സ് ആക്ടുപോലുള്ള കോളനി വാഴ്ചകാലത്തെ നിയമങ്ങള്‍ - ഭരണഘടനയില്‍  വാഗ്ദാനം, അഭിപ്രായസ്വാതന്ത്ര്യം ഉറപ്പു വരുത്തുവാനും ആണ് വിവരാവകാശ നിയമം കൊണ്ടുവന്നത്. അതുപ്രകാരം ചോദ്യം ചോദിക്കുന്നവരെ 25,000 രൂപ, പിഴചുമത്തി ശിക്ഷിക്കുന്നത് എന്തു സന്ദേശം ആണ് നല്‍കുന്നത്? ഓരോ പ്രാവശ്യവും മോദിയുടെ ബിരുദത്തെകുറിച്ച് അന്വേഷണമുണ്ടാകുമ്പോള്‍ എന്തിനാണ് സര്‍വ്വകലാശാലകള്‍ കോടതികളിലൂടെ അത് തടയുവാന്‍ ശ്രമിക്കുന്നത്? വിദ്യാഭ്യാസം രാഷ്ട്രീയത്തില്‍ ഒരു നേതാവിന്റെ കഴിവു തെളിയിക്കുവാനുള്ള യോഗ്യത അല്ല. പക്ഷേ, സത്യവാങ്ങ് പ്രസ്താവനയുടെ നിജസ്ഥിതി ആരെങ്കിലും അറിയുവാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണോ? എന്തിനാണ് വിവരാവകാശനിയമം ഇതുപോലുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ അല്ലെങ്കില്‍? ആരും സംശയത്തിന് അതീതരല്ല. പ്രധാനമന്ത്രിയും. സംശയങ്ങള്‍, ആരോപണങ്ങള്‍ ദൂരീകരിക്കുവാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. തെളിവുകളും വസ്തുതകളും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക