വിഷയത്തിന്റെ കേന്ദ്രബിന്ദുവിലേക്കു നാം വന്നിരിക്കുകയാണ്.
''തൗറാത്തിനെയും (തോറ) ഇൻജിലിനെയും (Gospel Books) മറ്റു മുഴുവൻ വേദഗ്രന്ഥങ്ങളെയും ശരിവച്ചുകൊണ്ടാണ് ഖുറാൻ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്'' എന്ന് എം.എം.അക്ബർ ഈ അദ്ധ്യായത്തിൽ മുഖവുരയായി പറഞ്ഞിരിക്കുന്നതു തന്നെയാണ് വിഷയത്തിന്റെ കേന്ദ്രബിന്ദു.
ഒരു മുസ്ലീം സത്യാന്വേഷിയും ദൈവത്തെപ്പറ്റിയുള്ള അന്വേഷണം ഖുറാനിൽ മാത്രം ഒതുക്കി നിർത്താൻ മുഹമ്മദ് നബിക്ക് ദർശനങ്ങൾ കൊടുത്ത ദൈവമോ പ്രവാചകനോ ആഗ്രഹിച്ചില്ല എന്നതാണ് സത്യം. അതുകൊണ്ട് തൗറാത്തും ഇൻജിലും ഇസ്ലാം മതവിശ്വാസികൾ വായിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. കാരണം ഖുറാൻ സത്യത്തിലേക്കുള്ള ചൂണ്ടുപലകയായിട്ടാണ് നിൽക്കുന്നത്. ബൈബിളിൽ ഉള്ളതിന്റെ ഇരുപതു ശതമാനം വിഷയങ്ങൾ മാത്രമെ ഖുറാനിൽ പ്രതിപാദിച്ചിട്ടുള്ളൂ എന്നു പറയാം. ഖുറാനിൽ പറഞ്ഞിരിക്കുന്നതുപോലെ തൗറാത്തും ഇൻജിലും വായിച്ചെങ്കിൽ മാത്രമെ ഈ അറിവ് പൂർണ്ണമാകുകയുള്ളൂ.
തൗറാത്തും ഇൻജിലും വായിച്ച് ജനങ്ങളുടെ കണ്ണുതുറന്നാൽ പല തല്പരകക്ഷികളുടെയും സ്വാധീനം പോകുമെന്ന ഭയം നിമിത്തമാകാം തൗറത്തും ഇൻജിലും തെറ്റാണെന്നും തിരുത്തിയതാണെന്നുമുള്ള പ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. അതിന് എതിരായ യുക്തമായ മറുപടികൾ കാര്യകാരണസഹിതം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതൊന്നും കണ്ടില്ല എന്നു നടിച്ച് പഴയ പല്ലവി തന്നെ ആവർത്തിക്കുന്നതിലെ മനഃശാസ്ത്രം അല്പം ആലോചിച്ചാൽ പിടികിട്ടാവുന്നതേയൂള്ളൂ.
ഉദാഹരണമായി ''ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു സകലവും അവൻ മുഖാന്തിരം ഉളവായി. ഉളവായതു ഒന്നും അവനെക്കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു. ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു. ഇരുളോ അതിനെ പിടിച്ചടക്കിയില്ല. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു. ലോകം അവൻ മുഖാന്തിരം ഉളവായി. ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു സ്വന്തമായവരോ (യഹൂദന്മാർ) അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവൻ രക്തത്തിൽ നിന്നല്ല ജഢത്തിന്റെ ഇഷ്ടത്താലല്ല. പുരുഷന്റെ ഇഷ്ടത്താലുമല്ല ദൈവത്തിൽ നിന്നത്രേ ജനിച്ചത്. വചനം ജഢമായിത്തീർന്നു (യേശുക്രിസ്തു) കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു. യോഹന്നാൻ (യോഹന്നാൻ സ്നാപകൻ) അവനെക്കുറിച്ചു സാക്ഷീകരിച്ചു. എന്റെ പിന്നാലെ വരുന്നവൻ എനിക്കുമുമ്പായി തീർന്നു. അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ എന്നു വിളിച്ചു പറഞ്ഞു. അവന്റെ നിറവിൽ നിന്ന് നമുക്ക് എല്ലാവർക്കും കൃപമേൽ കൃപലഭിച്ചിരിക്കുന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു (യോഹന്നാൻ 1:1-18) ഈ എഴുതിയിരിക്കുന്നതു യേശുക്രിസ്തുവിനെപ്പറ്റിയാണെന്ന് മനസ്സിലാക്കുന്നവരുടെ കണ്ണ് ആണ് തുറക്കപ്പെടുന്നത്. കണ്ണ് തുറക്കപ്പെടണമെങ്കിൽ പ്രവാചകനായ മുഹമ്മദ് നിർദ്ദേശിച്ചതു പോലെ ഇസ്ലാം മതവിശ്വാസികൾ ഏകദൈവ വിശ്വാസത്തിൽ ഉറച്ചശേഷം അടുത്ത പടിയായി ബൈബിൾ വായിക്കണം. അതിന് ജനങ്ങളെ സമ്മതിക്കാതിരിക്കുന്നവർ ശിക്ഷ അനുഭവിക്കാതെയിരിക്കയില്ല.
ജനങ്ങളെ ബന്ധിച്ച് ഇരുട്ടിൽ തള്ളിയിരിക്കുന്ന തൽപരകക്ഷികളുടെ ചങ്ങലകളുടെ ബന്ധനങ്ങളെ പൊട്ടിച്ച് ജനങ്ങൾ ഒരു ദിവസം പുറത്തുവന്നു സ്വതന്ത്രരാകും. ദൈവം എല്ലാ മനുഷ്യരും സ്വതന്ത്രരാകണമെന്ന് ആഗ്രഹിക്കുന്നു. ബൈബിൾ പറയുന്നത് സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്. യേശുക്രിസ്തുവാണ് വഴിയും സത്യവും ജീവനും എന്ന് ബൈബിൾ തറപ്പിച്ചു പറയുന്നു. ലോകത്തിലെ മറ്റു ഒരു മതങ്ങളും, മതഗ്രന്ഥങ്ങളും സത്യത്തെ ഇതുപോലെ വെളിപ്പെടുത്തുന്നില്ല. നിരീശ്വരവാദികൾ കരുതുന്നത് തങ്ങൾ മാത്രമാണ് സ്വതന്ത്രരെന്നാണ്.
ചുരുക്കം ചില തല്പരകക്ഷികളുടെ തന്ത്രങ്ങളിൽ കുടുങ്ങി അജ്ഞതയിൽ കഴിയണോ അതോ സ്വാതന്ത്ര്യത്തിലേക്കും സത്യമാകുന്ന അത്ഭുതപ്രകാശത്തിലേക്കും വരണമോ വേണ്ടയോ എന്ന് ഓരോ വ്യക്തിയും തീരുമാനിക്കേണ്ട കാര്യമാണ്.
തൗറാത്തും ഇൻജിലും വായിച്ച് സത്യം മനസ്സിലാക്കുന്നതിന് എതിരായി കൊണ്ടുവരുന്ന വാദങ്ങൾ ഓരോന്നായി പരിശോധിക്കാം.
ഒന്നാമതായി ഖുറാൻ എഴുതിയ കാലത്ത് മെക്കയിലും പരിസരപ്രദേശങ്ങളിലുമുള്ള യഹൂദരും ക്രൈസ്തവരും ഏതെല്ലാം ഗ്രന്ഥങ്ങളാണ് കാനോനികമായി അംഗീകരിച്ചിരുന്നതെന്ന് ഖണ്ഡിതമായി പറയാൻ കഴികയില്ല എന്നാണ് എം.എം.അക്ബർ പറയുന്നത്. പറയാൻ കഴികയില്ലന്നോ പറയാൻ താൽപര്യപ്പെടുന്നില്ലന്നോ ഏതായിരിക്കും കൂടുതൽ ശരിയായിട്ടുള്ളത? യഹൂദന്മാർ ഇന്നത്തെ പഞ്ചപുസ്തകങ്ങൾ തന്നെയായിരിക്കും സ്വീകരിച്ചിരുന്നതെന്നാണ് ഭൂരിപക്ഷ പണ്ഡിത അഭിപ്രായം എന്ന് അക്ബർ ഇവിടെ സമ്മതിക്കുന്നുണ്ട്. എന്നാൽ അക്ബറിന്റെ ഒരു സംശയം ഉള്ളത് യഹൂദന്മാരുടെ ഗ്രന്ഥത്തിലെ എല്ലാ പുസ്തകങ്ങളും തോറയായി അംഗീകരിക്കപ്പെട്ടിരുന്നോ എന്നാണ്. ആവർത്തനപുസ്തകം മാത്രം തോറയായി അംഗീകരിച്ചിരുന്നുള്ളൂ, എന്നു ചിന്തിക്കുന്നവരും ഇല്ലാതില്ലത്രേ. ആവർത്തനപുസ്തകം മാത്രം എടുത്താൽ ഖുറാനുമായുള്ള അന്തരം കുറവാകുമായിരിക്കും. പിന്നീടു വന്ന പ്രവാചകന്മാരെല്ലാം തോറ അംഗീകരിച്ചതിനാൽ അതിൽ തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ഒന്നും ഇല്ലായിരുന്നു എന്നു തെളിയുന്നു. യേശുക്രിസ്തുപോലും അതിനെതിരായി ഒന്നും പറഞ്ഞില്ല. അതൊന്നും കണ്ടില്ല എന്നു നടിച്ച് വീണ്ടും വീണ്ടും അതേ ആരോപണം ഉന്നയിക്കുന്നതിലെ ചേതോവികാരം അല്പം ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.
തോറ ജനങ്ങൾ വായിക്കാതിരിക്കാൻ കൊണ്ടുവന്ന വാദങ്ങൾ ഇൻജിലിന് ബാധകമാകുകയില്ലല്ലോ. അതുകൊണ്ട് ഖുറാൻ പറയുന്ന ഇൻജിൽ എഴുതപ്പെട്ട ഒരു പ്രമാണമേ ആയിരുന്നില്ല എന്ന് വിസ്മയാവഹമായ കണ്ടുപിടിത്തമാണ്. പണ്ഡിതന്മാർ അവകാശപ്പെടുന്നു എന്ന പേരിലാണ് ഈ കണ്ടുപിടിത്തം അവതരിപ്പിക്കുന്നത്. ആരാണ് ഈ പണ്ഡിതന്മാർ എന്നു പറയുന്നില്ല. ''സാന്മാർഗ്ഗിക നിർദ്ദേശവും സത്യപ്രകാശവുമടങ്ങിയ ഇൻജിൽ നാം അദ്ദേഹത്തിനു നൽകി (5,46) എന്ന ഖുറാനിക പരാമർശത്തിൽ നിന്ന് മനുഷ്യനെ സത്യപ്രകാശത്തിലേക്ക് നടത്താനുള്ള അറിവാണ് അതിൽ ഉള്ളതെന്ന് പരോക്ഷമായിട്ടെങ്കിലും അക്ബർ സമ്മതിക്കുന്നു. യേശുവിന് അക്ബർ പറയുന്ന രീതിയിലുള്ള ഇൻജിൽ എത്തിച്ചുകൊടുത്തതായി സുവിശേഷങ്ങളിലോ, ലേഖനങ്ങളിലോ പറയുന്നില്ല. മറ്റൊരു വ്യാജ പ്രസ്താവന യേശുവോ അപ്പൊസ്തോലന്മാരോ ഏന്തെങ്കിലും എഴുതിവച്ചതായി പറയാൻ കഴിയുന്നില്ലന്നത്രേ. യേശു ശിഷ്യന്മാരുടേതായി ഏതെങ്കിലും രചനകൾ നിലനിന്നിരുന്നതായി തെളിവുകൾ ഒന്നും കാണാനില്ലത്രേ. കണ്ണടച്ച് ഇരുട്ടാക്കിയാൽ ഒന്നും കാണാൻ സാധിക്കയില്ലല്ലോ. മത്തായിയുടേതായി ഒരു ലേഖനം നിലനിന്നിരുന്നുവെന്ന് ഒരു പാരമ്പര്യം ഉണ്ടായിരുന്നുവെങ്കിലും അത് സംശയമത്രേ. സംശയം കുത്തിവയ്ക്കുകയാണല്ലോ പുസ്തകത്തിലുടനീളം ചെയ്യുന്നത്. മത്തായിയുടെ സുവിശേഷം ഇനി ഉണ്ടായിരുന്നാൽ കൂടി ഒന്നാം നൂറ്റാണ്ടിനു ശേഷം അത് ആരും ഓർക്കാൻ വഴിയില്ലത്രേ. ആളുകൾ അതു മറന്നുകാണണം. അതല്ലെങ്കിൽ ആരെങ്കിലും അതു നശിപ്പിച്ചുകാണുമത്രേ. ഇങ്ങനെയൊക്കെ എഴുതിവിടുമ്പോൾ വായനക്കാർ എട്ടും പൊട്ടും തിരിയാത്ത ശിശുക്കൾ ആണെന്നായിരിക്കും ധാരണ. എന്താ അക്ബർ സാറേ ഇസ്ലാം മതത്തിന് എഴുതപ്പെട്ട ഒരു ഖുറാൻ ആകാം. ക്രൈസ്തവർക്ക് എഴുതപ്പെട്ട ഒരു ഇൻജിൽ പാടില്ലന്നാണോ? എഴുതപ്പെട്ട ഒരു പുസ്തകം ലഭിക്കാൻ അവർക്ക് അർഹതയില്ലന്നാണോ? ചില തലമുറകൾ കൊണ്ട് ഇൻജിൽ അലിഞ്ഞ് വായുവിൽ ലയിച്ചുപോയെന്നാണോ? അങ്ങനെ ഇൻജിൽ ഇപ്പോൾ നിഖണ്ഡുവിൽ മാത്രം അവശേഷിക്കുന്ന ഒരു വാക്കായി ഒതുങ്ങിയിരിക്കുന്നുവോ? ഒരു ജനസമൂഹത്തെ ഇങ്ങനെയുള്ള പ്രചാരണം കൊണ്ട് ഒതുക്കാമെന്ന് ചിന്തിക്കുന്നുണ്ടോ? എന്നും അജ്ഞതയിൽ ചങ്ങലയിട്ടു ബന്ധിച്ച് സൂക്ഷിക്കാമെന്നു കരുതുന്നുണ്ടോ? ഈ തൽപ്പര കക്ഷികളുടെ ബന്ധനത്തിൽ നിന്ന് ജനങ്ങൾ പുറത്തു വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ക്രിസ്ത്യാനികൾക്കിടയിൽ ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു (5,14) എന്ന് ഖുറാനിലെ സുറാ ഉദ്ധരിച്ചു അക്ബർ പറയുമ്പോൾ, ഇതൊന്നും ചെയ്യാത്ത, ഒരു അല്ലാഹുവിനെയാണല്ലോ ഇതുവരെയും പരിചയപ്പെടുത്തിയത്.
മുഹമ്മദു നബിയുടെ കാലത്ത് അറേബ്യൻ ഉപഭൂഖണ്ഡത്തിൽ പ്രധാനമായും ഉണ്ടായിരുന്നത് നെസ്തോറിയൻ ക്രിസ്ത്യാനികൾ എന്ന പാഷണ്ഡർ ആയിരുന്നുവെന്ന് അക്ബർ സമ്മതിക്കുന്നു. അപ്പോൾ നെസ്തോറിയൻസിനെയും മറ്റു പാഷാണ്ഡ വിഭാഗങ്ങളെപ്പറ്റിയുള്ള വിമർശനമാണ് ഖുറാനിൽ ക്രിസ്ത്യാനികളെപ്പറ്റി പറയുമ്പോൾ പ്രവാചകന്മാർ ഉദ്ദേശിക്കുന്നത് എന്ന് നിസംശയം പറയാമല്ലോ? ഇന്നുള്ള ക്രിസ്തീയ സഭകളുടെ വിശ്വാസവും ആചാരവുമായി സാരമായ വൈരുദ്ധ്യം പ്രകടിപ്പിക്കുന്ന തത്വങ്ങളും ആചാരങ്ങളുമായിരുന്നു ഇവരുടേതെന്ന് എം.എം.അക്ബർ സമ്മതിക്കുന്നു.
യഥാർത്ഥ ഇൻജിലിലേക്കു മടങ്ങുവാനും അതനുസരിച്ച് വിധിക്കുവാനുമാണ് ഖുറാൻ കൽപ്പിക്കുന്നതെന്നാണ് അക്ബർ പറയുന്നത്. അക്ബർ പറയുന്ന ഇൻജിൽ വിസ്മരിക്കപ്പെട്ടുപോയെങ്കിൽ, നശിപ്പിക്കപ്പെട്ടുപോയെങ്കിൽ എങ്ങനെയാണ് നമുക്കതു ലഭിയ്ക്കുന്നത്. അതു തിരികെ കൊണ്ടുവരാനുള്ള മാന്ത്രികവടി ആരുടെ പക്കലാണ് ഉള്ളതെന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു.
മനസ്സിൽ വരുന്നതെന്തും ഇങ്ങനെ എഴുതിവിടാമോ? സാധാരണ ജനങ്ങളെ പ്രചരണം നടത്തി തെറ്റിദ്ധരിപ്പിക്കാമോ? അന്ത്യന്യായവിധിയിൽ ദൈവിക കോടതിയുടെ മുമ്പാകെ നിൽക്കുമ്പോൾ കാലിടറാതെ നേരെ നിൽക്കുവാൻ കഴിയുമോ?
ഇൻജിലിന്റെ അനുയായികൾ അല്ലാഹു അതിൽ അവതരിപ്പിച്ചതനുസരിച്ച് വിധി കല്പിക്കട്ടെ എന്ന് ഖുറാൻ (5,47) പറയുന്നതായി അക്ബർ സമ്മതിക്കുന്നു. അതു നഷ്ടപ്പെട്ടുപോയെങ്കിൽ എങ്ങനെയാണ് വിധി കൽപ്പിക്കുന്നത്? അതുകൊണ്ട് ഇതുവരെപ്പറഞ്ഞതെല്ലാം ശുദ്ധപൊളിയാണെന്ന് തെളിഞ്ഞിരിക്കുന്നു. എം.എം. അക്ബർ പറഞ്ഞതല്ല ഖുറാൻ പറഞ്ഞതാണ് ശരി. പ്രവാചകനായ മുഹമ്മദ് പറഞ്ഞതാണ് ശരി. ക്രിസ്ത്യാനികളുടെ അംഗീകരിക്കപ്പെട്ട പുസ്തകങ്ങളാണ് ഇൻജിൽ. അത് മുഹമ്മദ് നബിയുടെ ജീവിതകാലത്തു നിലവിലിരുന്ന അതേ ഇൻജിൽ തന്നെയാണ് ഇന്നുമുള്ളത്. പ്രവാചകനായ മുഹമ്മദ് വിമർശിക്കുന്നത് അറേബ്യൻ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന പാഷാണ്ഡവിഭാഗങ്ങളെയും അവരുടെ പഠിപ്പിക്കലുകളെയുമാണ് എന്ന് നിസംശയം പറയാം. അതുകൊണ്ട് ഇന്ന് അറിയപ്പെടുന്ന ഇൻജിൽ ഏതൊരു ഇസ്ലാം മതവിശ്വാസിയും വായിക്കണമെന്നാണ് പ്രവാചകനായ മുഹമ്മദ് നിർദ്ദേശിക്കുന്നത് ''സാന്മാർഗ്ഗിക നിർദ്ദേശവും സത്യപ്രകാശവുമടങ്ങിയ ഇൻജിലും നാം അദ്ദേഹത്തിനു നൽകി എന്ന് ഖുറാൻ 5,46 പറയുമ്പോൾ, അവിടെത്തന്നെ അതിൽ സത്യം ഉണ്ടെന്നും ഖുറാൻ സത്യത്തിലേക്കുള്ള ചൂണ്ടുപലകയായിരിക്കുന്നുവെന്നും തെളിയുന്നു. ഒരു പൊളി പറയുമ്പോൾ അതു സ്ഥാപിക്കാൻ പല പൊളികൾ പറയേണ്ടിവരും. അത്യന്തികമായി സത്യം തന്നെ ജയിക്കും.
എം.എം.അക്ബർ പറയുന്നപോലെ ഇപ്പോഴുള്ള തോറയും ഇൻജിലും വലിച്ച് ദൂരെ എറിയുകയാണെന്നു വയ്ക്കുക. അതിനുപകരം പ്രവാചകനായ മുഹമ്മദ് ഖുറാനിൽ പറയുന്നതായ തൗറത്തും ഇൻജിലും മാനത്തുനിന്നും വീണുകിട്ടുമോ? അതോ എം.എം. അക്ബർ അത് എഴുതിക്കൊടുക്കുമോ? ഏതായാലും യഹൂദന്മാരും ക്രിസ്ത്യാനികളും ഖുറാനനുസരിച്ച് ജീവിക്കാൻ ഖുറാനിലെങ്ങും നിർദ്ദേശിക്കുന്നില്ല. നേരെ മറിച്ച് തൗറത്തും ഇൻജിലും ഇസ്ലാം മത വിശ്വാസികൾ വായിക്കണമെന്ന് ഖുറാനിൽ വ്യക്തമായും നിർദ്ദേശിക്കുന്നുണ്ട്.
എം.എം. അക്ബറിനോടുള്ള ചോദ്യങ്ങൾ
1) താഴെപ്പറയുന്ന സുറാകളുടെ അടിസ്ഥാനത്തിൽ ബൈബിൾ ദൈവത്തിന്റെ വെളിപ്പാടായിട്ടാണ് ഖുറാൻ ചിത്രീകരിക്കുന്നത്
സുറ 2:40-42, 126, 136, 285, 3:3, 71, 93, 4:47, 136, 5:47-51, 69, 71-72, 6:91, 10:37, 94, 21:7, 29:45, 46, 35:31, 46:11 എന്തുകൊണ്ട് അക്ബർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.
2) കൂടാതെ പ്രാവചകനായ മുഹമ്മദിന്റെ കാലത്ത,് ബൈബിൾ, പ്രവാചകനും മറ്റുവിശ്വാസികൾക്കും ലഭ്യമായിരുന്നു.
സുറ 3:71, 93, 10:94, 21:71, 7:156-157 എന്തുകൊണ്ട് അക്ബർ ഈ കാര്യം മറച്ചുവെച്ച് തെറ്റായി പഠിപ്പിക്കുന്നു.
3) ഒരു യഥാർത്ഥ ഇസ്ലാം മതവിശ്വാസി ദൈവത്തിന്റെ എല്ലാ വെളിപ്പാടുകളും വിശ്വസിക്കേണ്ടതാണെന്ന് ഖുറാൻ അനുശാസിക്കുന്നു. സുറ 2:136, 4:136, 29:26. അക്ബർ എന്തുകൊണ്ട് ഇത് വിശ്വസിക്കുന്നില്ല?
4) ഖുറാനിലെയും ബൈബിളിലെയും വ്യത്യാസങ്ങൾക്ക് എതിരായി ഖുറാനാണ് ശരിയെന്നു സ്ഥാപിക്കാൻ ആദ്യമായി 1064 ൽ Ibn-Khazem ബൈബിൾ വികലമായി എന്നു വാദിക്കുന്നു. എന്നാൽ അതിനു മുമ്പും അതിനുശേഷവും ജീവിച്ചിരുന്ന മുസ്ലീം പണ്ഡിതന്മാർ Ali al-Tabair (Died 855) Amr al - Ghakiz (869), Bukhari (810- 870) Al-Massud (956), Abu ali Husain Bin Sing (1037), Al Ghazzali (1111), Ibn-Khuldun (1406) എന്നിവർ Ibn-Khazemഅഭിപ്രായത്തോടു അനുകൂലിച്ചിരുന്നില്ല.
പ്രവാചകനായ മുഹമ്മദിന്റെയും, ഖുറാന്റെയും മുകളിൽ പറഞ്ഞ മുസ്ലീം പണ്ഡിതന്മാരുടെയും അഭിപ്രായത്തിനു വില കൽപ്പിക്കാതെ Ibn-Khazem നെ പ്പോലെയുളള ചുരുക്കം ചിലരുടെ വാദങ്ങളെ എന്തുകൊണ്ട് അക്ബർ പ്രചരിപ്പിക്കുന്നു.
5) സുറ 61:14 ന്റെ അടിസ്ഥാനത്തിൽ മുസ്ലിം പണ്ഡിതനായ Al-Qurtubi അപ്പോസ്തോലനായ പൗലോസിന്റെ അപ്പോസ്തോലത്വത്തെ ശരിവയ്ക്കുന്നുണ്ട്. (Tafsir Al- Qurtubi, 61:14)
എം.എം.അക്ബർ ഇതുപോലുള്ള പല ഇസ്ലാമിക പണ്ഡിതന്മാരുടെയും അഭിപ്രായങ്ങൾ എന്തുകൊണ്ട് കാണുന്നില്ല?
6) താഴെപ്പറയുന്ന സുറകാൾ ശ്രദ്ധിക്കുക.
സുറാ 5:47
ഇൻജീലിന്റെ അനുയായികൾ, അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധികൽപിക്കട്ടെ. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു ധിക്കാരികൾ.
സുറാ 3:93
എല്ലാ ആഹാരപദാർത്ഥവും ഇസ്രായീൽ സന്തതികൾക്ക് അനുവദനീയമായിരുന്നു. തൗറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്രായീൽ (യഅ്ഖൂബ് നബി) തന്റെ കാര്യത്തിൽ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ,) പറയുക: നിങ്ങൾ സത്യവാൻമാരാണെങ്കിൽ തൗറാത്ത് കൊണ്ടുവന്നു അതൊന്ന് വായിച്ചുകേൾപ്പിക്കുക. (80)
വേദപുസ്തകം വികലമായി എന്നു പ്രചരിപ്പിക്കുന്ന അക്ബർ കണ്ണടച്ച് ഇരുട്ടാക്കുകയല്ലേ? മറ്റുള്ളവരിൽ നിന്നും സത്യം മറച്ചുവയ്ക്കുകയല്ലേ? മുകളിൽ പറഞ്ഞിരിയ്ക്കുന്ന ''തൗറാത്ത്'' അഥവാ വേദപുസ്തകത്തിലെപഞ്ചപുസ്തകങ്ങൾ തന്നെയല്ലേ ഇന്നും നിലവിലിരിയ്ക്കുന്നത്?
7) ഖുറാൻ സൃഷ്ടി അല്ല, ദൈവത്തിനു സമമായി ആദിയിലെ ഉണ്ടായിരുന്നതാണ് എന്ന് ഇസ്ലാമിക പണ്ഡിതന്മാർ വാദിയ്ക്കുമ്പോൾ അതിൽ ഒരു പൊരുത്തക്കേട് ഇല്ലേ? ഏകദൈവവിശ്വാസത്തെ ഇതുമായി എങ്ങനെ പൊരുത്തപ്പെടുത്തും? അപ്പോൾ ആദിയിൽ ദൈവവും ഖുറാനും ഉണ്ടായിരുന്നതായി വരുന്നു. കൂടാതെ ആദിയിൽ ഉണ്ടായിരുന്നു എന്നു പറയുന്ന വിശുദ്ധ ഖുറാൻ ഇന്നു കാണുന്ന ഖുറാനായി പേപ്പറിലും മഷിയിലും മനുഷ്യരുടെ കയ്യിൽ എത്തിയ്ക്കാൻ ദൈവത്തിനു സാധിയ്ക്കുമെങ്കിൽ, എന്തുകൊണ്ട് ആദിയിൽ ഉണ്ടായിരുന്ന ദൈവത്തിന്റെ മനസ്സായ വചനത്തിന് ക്രിസ്തുവായി ജഢരൂപം എടുത്തുകൂടാ?
ക്രിസ്തുവിനെ മനസ്സിലാക്കുന്നതിന് മുസ്ലിം സഹോദരങ്ങളെ ദൈവം സഹായിയ്ക്കട്ടെ എന്ന് ആശിയ്ക്കുകയും പ്രാർത്ഥിയ്ക്കുകയും ചെയ്യുന്നു.
#Biblearticle_byNinanMathula