ഓരോ ദിവസവും ഓർമ്മിക്കപ്പെടുന്ന ഒരാളിന്റെ ഓർമ്മദിനത്തിൽ കണ്ണുനീർമുത്തുകൾ അവനുറങ്ങുന്ന ആറടി മണ്ണിൽ വേദനയുടെ നനവ് പരത്തുന്നു. വികാരങ്ങളുടെ തേങ്ങൽ കേട്ട് അവിടത്തെ മണൽത്തരികൾ ഒരു ചോദ്യചിഹ്‌നം പോലെ ഉരുണ്ടുകൂടുന്നു. പത്തു വർഷങ്ങൾക്കുമുമ്പ് എന്റെ പ്രിയ ജോ ചവുട്ടി നടന്ന മണ്ണിൽ അവനിപ്പോൾ അന്ത്യവിശ്രമം കൊള്ളുകയാണ്. പൂവും, മെഴുകുതിരികളും kondu അവനു ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ ഞാൻ ആ പുഞ്ചിരി കാണുന്നു. ആ കൺകോണുകളിൽ നിന്നും സ്നേഹത്തിന്റെ ഒരു പട്ടുതൂവ്വാല എടുത്ത് എനിക്ക് നേരെ നീട്ടുന്നു. "നിന്റെ കണ്ണുകൾ ഒപ്പുക നീ കരയുന്നത് കാണാൻ എനിക്കെങ്ങനെ കഴിയും”. ഒരു ദശാബ്ദത്തിനു മുമ്പ് എന്നെ വിട്ടുപോയ ജോയുടെ ശബ്ദം എനിക്ക് കേൾക്കാം. സ്നേഹത്തിന്റെ ഊഷ്മളമായ തലോടൽ പോലെ സൂര്യരസ്മികളായി ജോ എന്നെ സ്പർശിക്കുന്നു. പ്രകൃതി എനിക്കെന്നും സാന്ത്വനമായിട്ടുണ്ട്. വസന്തകാലം വരുമ്പോൾ ജോ വളരെ ആഹ്ലാദിച്ചിരുന്നു. എന്നെകൊണ്ട് പ്രകൃതിയെ വർണ്ണിപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ പ്രകൃതി ഒരുങ്ങി നിൽക്കയാണ്. ജോയെ പൂക്കളും പൂങ്കാറ്റും അന്വേഷിക്കുന്നുണ്ടാകും.
തണുപ്പുകാലത്ത് ജോയുടെ അന്ത്യവിശ്രമസ്ഥാനത്ത് വച്ചിരുന്ന പുതപ്പു മാറ്റി നിറയെ പൂക്കൾ വിതറുമ്പോൾ ജോയ് പറയുന്നത് എനിക്ക് കേൾക്കാം "സരോ, എന്തേ താമരപ്പൂക്കൾ കൊണ്ടുവന്നില്ല." എനിക്കറിയാം ആ ചോദ്യത്തിലെ കുസൃതി. ഞാൻ താമരപൂവ്വായി നിൽക്കുമ്പോൾ എന്തിനു വേറെ പൂക്കൾ എന്ന എന്റെ മറുപടിക്കാണ് ആ ചോദ്യം. ശ്മശാനമൂകതയിൽ ദുഃഖം ഘനീഭവിക്കുമ്പോൾ എന്റെ ഹൃദയമിടിപ്പുകൾ ജോയെ പുനർജനിപ്പിക്കുന്ന പ്രതീതിയുണ്ടാക്കുന്നു. അതേ , ജോ എന്റെ മുന്നിൽ നിൽക്കുന്നപോലെ.
മെഴുകുത്തിരിനാളങ്ങൾ കാറ്റിൽ ഇളകുന്നു. ഈ ദിവസം നിന്റെ ആത്മാവിനു കൂട്ടായി ഞാൻ നിറദീപങ്ങൾ ഇവിടെ വിട്ടേച്ചുപോകുന്നു. ഒരു നിഴൽപോലെ ഞാൻ നടന്നകന്നാലും എന്റെ മനസ്സ് ഇവിടെയാണ്.
ഒരു വർഷത്തെ ഒത്തിരിക്കാര്യങ്ങൾ പറഞ്ഞു നാം പിരിഞ്ഞാലും നമ്മൾ പരസ്പരം പിരിയാത്തവർ. മരണം കൊണ്ടുപോകുന്നത് ഭൗതിക ശരീരം മാത്രം ആത്മാവ് കൂടെയുണ്ട്. അദൃശ്യനായി നീ എന്റെ ഒപ്പം, ഞാൻ നിനക്കൊപ്പം. ഇവിടെ ശയിക്കുന്നത് നശ്വരമായ ശരീരം. പ്രിയ ജോ, നീ എന്റെ കൂടെയുണെങ്കിലും നീ വിട്ടുപോന്ന ശരീരം അടക്കിയ ഭൂമി ഓരോ പ്രത്യേക ദിവസത്തിലും സന്ദർശിക്കുമ്പോൾ ആത്മാക്കൾ സംഗമാനുഭൂതിയിൽ ഭൂമിയിലും സ്വർഗ്ഗത്തിലും കൈകോർത്ത് നടക്കുന്നു. എനിക്കത് അനുഭവപ്പെടുന്നു. ജോ നിന്റെ മോതിരവിരൽ എന്നെ തൊട്ടു വിളിക്കുന്നു. അതെ ഈ ദിവസം നീ മറഞ്ഞുപോയ ശപിക്കപ്പെട്ട ദിവസം നിന്റെ ഓർമ്മകൾ എന്നെ വട്ടമിടുമ്പോൾ എനിക്ക് നിന്റെ സാമീപ്യം അറിയാൻ കഴിയുന്നു. പ്രിയ ജോ, എനിക്ക് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. സ്വകാര്യമായി. ഇപ്പോൾ മക്കളും, മരുമക്കളും, പേരക്കുട്ടികളും കൂടെയുണ്ട്.. നമുക്ക് പിന്നെ സംസാരിക്കാം. കാത്തിരിക്കുക.
10thAnniversary_Article