Image

സന്ധ്യയ്ക്കിതു ധന്യ നിമിഷം; സംസ്ഥാനത്തെ ആദ്യ സ്രാങ്ക് ലൈസന്‍സ് നേടിയ വനിതയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ് (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 10 April, 2023
സന്ധ്യയ്ക്കിതു ധന്യ നിമിഷം; സംസ്ഥാനത്തെ ആദ്യ സ്രാങ്ക് ലൈസന്‍സ് നേടിയ വനിതയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ് (ദുര്‍ഗ മനോജ് )

നാല്‍പ്പത്തിനാലാം വയസ്സില്‍ സ്രാങ്ക് ലൈസന്‍സ് കരസ്ഥമാക്കി സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസന്‍സ് നേടിയ വനിതയെന്ന ബഹുമതിയും നേടിയ സന്ധ്യയെ ഇന്ത്യന്‍ പ്രധാനമന്ത്രി അഭിനന്ദിച്ചത് ഇങ്ങനെ, ''സ്ത്രീ ശക്തിക്കു സല്യൂട്ട്. ജലം, ഭൂമി, ആകാശം എന്നിവിടങ്ങളില്‍ സ്ത്രീകള്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഈ പുതിയ നേട്ടങ്ങള്‍ വികസിത ഇന്ത്യയുടെ നിര്‍മാണത്തില്‍ നാഴികക്കല്ലുകളായി മാറും... ' പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ച ഈ വാക്കുകള്‍ ആലപ്പുഴ പെരുമ്പളം സ്വദേശിനി എസ്. സന്ധ്യക്കു തന്റെ ജീവിതത്തിലെ സുപ്രധാന നിമിഷമാണ്.

സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസന്‍സ് നേടിയ വനിതയെന്ന ബഹുമതി നേടിയ സന്ധ്യയുടെ വീഡിയോ കേന്ദ്ര ഷിപ്പിംഗ്, തുറമുഖ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവച്ചാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

വൈക്കം മറവന്‍തുരുത്ത് തുരുത്തുമ്മേല്‍ തെക്കേപ്പറമ്പില്‍ വീട്ടില്‍ സോമന്റെയും സുലഭയുടെയും മൂന്നു മക്കളില്‍ മൂത്തവളായി
സന്ധ്യ പിറന്നു വീണത് ജലാശയങ്ങളുടെ നാട്ടിലാണ്. സന്ധ്യയ്ക്ക് തന്റെ ബാല്യത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, ഓടിക്കളിച്ചതിനേക്കാള്‍ പുല്ലാന്തിയാറില്‍ നീന്തിക്കളിച്ച കഥകളാണു പറയാനുള്ളതും. ചെറുപ്പം മുതല്‍ നീന്തല്‍ പ്രധാന വിനോദമായി. അതിനു കാരണമായത് സന്ധ്യയുടെ വീട് മൂവാറ്റുപുഴ ആറിന്റെ പ്രധാന കൈവഴിയായ പുല്ലാന്തിയാറിന്റെ തീരത്തായിരുന്നു എന്നതും. കാലം പോകെ വിവാഹം കഴിഞ്ഞ് എത്തിയത് ആലപ്പുഴ പെരുമ്പളം തുരുത്തേല്‍ വീട്ടില്‍ മണിയുടെ ജീവിതത്തിലേക്ക്. ആ വീട്ടിലൊരു പുരവഞ്ചിയുണ്ടായിരുന്നു. 

പുരവഞ്ചി കരയ്ക്കിരിക്കേണ്ടതല്ലല്ലോ നീറ്റിലോടേണ്ടതല്ലേ? ഒപ്പം ഒരു വരുമാനവും കിട്ടും. അങ്ങനെ സന്ധ്യ
വിനോദസഞ്ചാരികള്‍ക്കായി ഈ വഞ്ചി ഉപയോഗിക്കാനായി ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചപ്പോള്‍ ലൈസന്‍സ് എടുക്കണമെന്നറിഞ്ഞു. ജീവിക്കാനായി ഒരു തൊഴില്‍ വേണമെന്നതിനാല്‍ അവര്‍ ലൈസന്‍സ് എടുക്കാമെന്നു നിശ്ചയിച്ചു.
2011 ല്‍ ലാസ്‌കര്‍ ലൈസന്‍സ് കിട്ടിയതോടെ സന്ധ്യ വഞ്ചിയും ബോട്ടുമൊക്കെ ഓടിച്ചുതുടങ്ങി. സ്ത്രീകളാരും കടന്നുവരാത്ത മേഖലയായതിനാല്‍ നാട്ടുകാര്‍ പരിഹാസിക്കുമോ എന്ന ഭയം സന്ധ്യയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ എല്ലാവരില്‍ നിന്നും നല്ല പ്രോത്സാഹനമാണ് ലഭിച്ചത്. തുടര്‍ന്ന് എറണാകുളം തേവര, നെട്ടൂര്‍, ആലപ്പുഴ തൈക്കാട്ടുശേരി ഭാഗങ്ങളില്‍ യാത്രാ ബോട്ടുകളും ഹൗസ് ബോട്ടുകളും സന്ധ്യയുടെ കൈകളില്‍ ഭദ്രമായി ഓടി.

സ്രാങ്ക് ലൈസന്‍സിനായി സ്റ്റിയറിംഗ് തിരിക്കല്‍, ബോട്ട് ഓടിക്കല്‍ ഉള്‍പ്പടെ മുഴുവന്‍ നിയന്ത്രണത്തിനും ചുമതലപ്പെട്ടയാളാണ് സ്രാങ്ക്.
കേരള ഇന്‍ലാന്‍ഡ് വെസല്‍ (കെഐവി) റൂള്‍ 2010 പ്രകാരം നടന്ന സ്രാങ്ക് പരീക്ഷയാണ് സന്ധ്യ നേടിയത്. ഇതോടെ ബോട്ടുകള്‍, ബാര്‍ജുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ജലവാഹനങ്ങള്‍ സന്ധ്യക്ക് ഓടിക്കാം.
ബോട്ടിലെ പരിശീലനത്തിനുശേഷം നടന്ന എഴുത്തു പരീക്ഷയിലും ജയിച്ചതോടെയാണ് സ്രാങ്ക് ലൈസന്‍സ് സ്വന്തമായത്. ലാസ്‌കര്‍ ലൈസന്‍സ് നേടി കുറഞ്ഞതു രണ്ടുവര്‍ഷം ജോലി ചെയ്താലേ സ്രാങ്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയൂ. ബാര്‍ജ്, മീന്‍പിടിത്ത ബോട്ട് എന്നിവയില്‍ ജോലി ചെയ്യുന്നതിന് കെഐവി സ്രാങ്ക് ലൈസന്‍സ് ഉള്ളവര്‍ക്കേ സാധിക്കൂ. ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ നിന്നാണു സന്ധ്യയ്ക്കു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 226 എച്ച് പി വരെയുളള ജലയാനങ്ങള്‍ ഇനി സന്ധ്യയ്ക്ക് കൈകാര്യം ചെയ്യാം.

പുരുഷന്‍മാരുടെ കുത്തകയായിരുന്ന ബോട്ടിന്റെ വളയമാണ് ഈ പെണ്‍ കരങ്ങളില്‍ സുരക്ഷിതമായിരിക്കുന്നത്.
പക്ഷേ, ഇതു കൊണ്ട് എല്ലാമായി എന്നു കരുതരുത്, സന്ധയ്ക്ക്
സ്രാങ്ക് ജോലിക്കായി ഇനി സര്‍ക്കാര്‍ കനിയണം. സ്രാങ്ക് ലൈസന്‍സ് കൈയില്‍ കിട്ടിയെങ്കിലും സര്‍ക്കാര്‍ കണ്ണു തുറക്കണം.

ദിവസവേതനത്തില്‍ ജല ഗതാഗത വകുപ്പിന്റെ വൈക്കം, പാണാവള്ളി യൂണിറ്റുകളില്‍ ജോലി തേടി സന്ധ്യ ചെന്നിരുന്നെങ്കിലും വനിത ആയതിനാല്‍ നിലവില്‍ ജോലിക്ക് സാധ്യത കുറവാണെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കോട്ടയത്ത് ആംബുലന്‍സ് ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്ന സ്ത്രീക്ക് പ്രത്യേക അനുമതി നല്‍കി സര്‍ക്കാര്‍ ജോലി നല്‍കുകയുണ്ടായി.  അത്തരത്തിലുള്ള ഒരു അനുമതി സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കുമോ  സന്ധ്യയ്ക്ക് എന്നതു കാത്തിരുന്നു കാണണം.

സന്ധ്യയുടെ ഭര്‍ത്താവ് മണി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ കയറ്റിറക്കു തൊഴിലാളിയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളായ ഹരിലക്ഷ്മിയും ഹരികൃഷ്ണയുമാണ് മക്കള്‍.

സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണം പ്രസംഗത്തിലും ട്വീറ്റുകളിലും ഒതുക്കാതെ ആക്ഷന്‍ പ്ലാനിലേക്കു വന്നാല്‍ സന്ധ്യയ്ക്ക് ഭാവിയെ നോക്കി ഉള്ളുതുറന്നു ചിരിക്കാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക