ഉത്തരം പറഞ്ഞു
മടുത്തതിനാലാകും
ഉത്തരക്കൂട്ടിലേക്ക് നോക്കിയത്.
ഉത്തരക്കൂട്ടിൽ നിന്നും ചോദ്യം വന്നു
ഉത്തരം പറയുക.
ചോദ്യമല്ലേ ചോദിച്ചുളളൂ
ചോദ്യവും ഉത്തരവും
രണ്ടു ധ്രുവങ്ങളിലിരുന്ന്
ചിരിച്ചതിനാൽ
ഒരു ചിരിയിൽ ഉത്തരത്തെ
ഒതുക്കാനുമാകില്ല"
(കവിത - ചോദ്യോത്തരം)
ഒരുപാടുപേർ ചോദിച്ചപ്പോഴാണ് പലർക്കും ഒരേ സംശയങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. നാട്ടിൽ നിന്നും, ബന്ധുക്കൾ വിളിച്ചപ്പോളും, പല സ്ഥലങ്ങളിൽ നിന്നും കൂട്ടുകാർ വിളിച്ചപ്പോളും ഏവർക്കും ഒരേ സംശയങ്ങൾ.
"സംശയങ്ങൾ കീറാമുട്ടിയല്ലാത്ത കാലത്ത് അറിവ് അജ്ഞതയഭിനയിക്കുമെന്ന് " എവിടെയോ വായിച്ച ഓർമ്മ മനസിനെ പിടികൂടി. അനുഭവം ഉണ്ടാകുമ്പോൾ മാത്രം ദൂരീകരിക്കപ്പെടുന്ന സംശയങ്ങൾ ജീവിതത്തിൽ എന്നും കടന്നു വരും. കരൾരോഗം ഒരുപാടറിവുകളെ ക്രോഡീകരിക്കാൻ അനുഭവങ്ങളെ പ്രാപ്തമാക്കി.
ജീവിതത്തിനും മരണത്തിനുമിടയിൽ മനസ്സിൻ്റെ തൻ്റേടമെന്ന വ്യായാമം ശീലിച്ചു കൊണ്ടേയിരിക്കുക. തന്നെ പരിചരിക്കുന്ന സ്ഥാപനത്തെയും, ഡോക്ടേഴ്സിലും വിശ്വാസമർപ്പിക്കുക. ദൈവം തനിക്കൊപ്പമുണ്ടെന്ന ചിന്ത മനനം ചെയ്യുക. നാളെയുടെ ശ്വാസം തനിക്ക് സ്വന്തമാണെന്ന് വിശ്വസിക്കുക .ചിരിച്ചു കൊണ്ട് എന്തിനേയും നിസ്സാരമാക്കുക. ദൈവത്തിൻ്റെ ആദൃശ്യമായ കൈകൾ നമ്മെ പിൻതുടരുക തന്നെ ചെയ്യും.
സംശയങ്ങൾ കുന്നുകൂടുന്ന ലോകത്ത് വിളിക്കുന്നവരൊക്കെ ചോദിച്ചു.
എഴുന്നേൽക്കാൻ കഴിയുമോ?
പ്രാഥമിക കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ പറ്റുമോ?
കുളിയ്ക്കാമോ?
ഓപ്പറേഷൻ കീഹോൾ ആയിരുന്നോ?
സ്വാഭാവികമായ സംശയങ്ങൾ,
അനുഭവം മാത്രമാണ് ഉത്തരം.
ഉത്തരത്തിൽ കടന്നു വന്ന വഴികളുടെ ശരികളുമുണ്ട്. സ്വയമറിഞ്ഞ ഉത്തരമുണ്ട്.
സർജറിയ്ക്ക് ശേഷം ഹോസ്പിറ്റൽ വാസം ഇതെല്ലാം ശീലിപ്പിക്കും. പല്ലു തേക്കാൻ പഠിക്കും, എഴുന്നേൽക്കാനും, നില്ക്കാനും, ഓരോ ചുവടും നടക്കാനും, സിസ്റ്റേഴ്സും, ഫിസിയോ തെറാപ്പിസ്റ്റും എല്ലാ ദിവസവും ശീലിപ്പിക്കും, മൂത്രമൊഴിക്കാൻ ടൂബ് ഇട്ടിട്ടുള്ളതിനാൽ ആദ്യത്തെ കുറേ ദിവസങ്ങൾ അങ്ങനെ പോകും. പിന്നെ നാം എഴുന്നേറ്റു ചെയ്യാൻ ശ്രമിക്കും. ഭക്ഷണം കുറവായതിനാൽ കക്കൂസ് ഉപയോഗം കുറയും, അത്യാവശ്യ ഘട്ടത്തിൽ സഞ്ചരിക്കുന്ന കക്കൂസ് l C U വിലെത്തും. കുറച്ച് ദിവസം കഴിയുമ്പോൾ, കുളിയ്ക്കാം, ആരുടെയും സഹായമില്ലാതെ,
പിന്നെ സർജറി ഭയപ്പെടേണ്ട. മയക്കത്തിൽ ഒന്നുമറിയില്ല. കീഹോൾ സർജറിയല്ല. ഓപ്പൺ സർജറി. നെഞ്ചിന് താഴെ മുതൽ പൊക്കിളിൻ്റെ മുകൾ ഭാഗത്തുകൂടി വലതുഭാഗത്തേക്ക് നീളുന്ന കീറൽ ( സിറോസിസ് ബാധിച്ച കരൾ മാറ്റുകയും.പുതിയത് തുന്നിപ്പിടിപ്പിക്കാനും വേണ്ട ദൂരത്തിൽ ഉള്ള മുറിവ്)
ഡിസ്ചാർജായി വീട്ടിലെത്താൻ 21 ദിവസമാണ് സ്വീകരിച്ച ആളിന് വേണ്ടതെങ്കിലും 14,മുതൽ 17 ദിവസത്തിനുള്ളിൽ പലരും ഹോസ്പിറ്റൽ വിടും.കരൾ തന്നയാളിന് 7 മുതൽ 9 ദിവസം കൊണ്ട് ഹോസ്പിറ്റൽ വിടാൻ കഴിയും.
പിന്നെ താമസിക്കുന്ന സ്ഥലത്ത് എത്തുമ്പോൾ മറ്റാരുടെയും സഹായമില്ലാതെ, എഴുന്നേൽക്കാനും, ബാത്ത്റൂം ഉപയോഗിക്കാനും നടക്കാനും, ഇരിയ്ക്കാനും, ഭക്ഷണം കഴിക്കാനും കഴിയും.
ഒരേ സംശയങ്ങൾ പലരും ചോദിച്ചതിനാലാണ് ഇത്തരമൊരു കുറിപ്പ് എഴുതുന്നത്.
കരൾ ദാനം മഹാദാനമാണ്
കരൾ വളരുന്ന ഗ്രന്ഥി ആയതിനാൽ നൽകുന്ന ആളിൽ നിന്നും മുറിച്ചെടുക്കുന്ന കരൾ 6 മാസം കൊണ്ട് പൂർണ്ണ വളർച്ചയിലെത്തും. സ്വീകരിച്ച ആളിൻ്റെ കരൾ വളരാൻ തുടങ്ങും, ഒരു വർഷം കൊണ്ട് ആ കരളും വളർന്ന് പൂർണ്ണ വളർച്ച പ്രാപിക്കും.
ഏതു വിദ്യാഭ്യാസമുള്ള കാലത്തും
ചില അറിവുകൾ അജ്ഞതയായി നമുക്ക് ചുറ്റും വളരുന്നു എന്നതാണ് സത്യം.