Image

അതേയാള്‍ (കവിത: ചിഞ്ചു തോമസ്)

Published on 11 April, 2023
അതേയാള്‍ (കവിത: ചിഞ്ചു തോമസ്)

അതേ ആഴി , അതേ ധൂളി 
അസ്തമയം തങ്കശോഭയെ വലിച്ചെറിഞ്ഞു, 
നീരാഴിയിലേക്കോടി മറഞ്ഞതാര് !
തങ്കകവചമണിഞ്ഞു മാനത്തിൽ തേരോട്ടിനടന്ന,
അതേ കശ്യപമഹര്‍ഷിഅദിതീ പുത്രൻ!

നിന്നോടൊരുനാൾ പങ്കുവെച്ചൊരെൻ മാനസരഹസ്യങ്ങൾ,
കൊണ്ടുനടന്ന് നീ അന്യന് വെളിപ്പെടുത്തിയോയെ-
ന്നെന്നെ തഴുകി വട്ടം തിരിച്ചു ചുറ്റിക്കറക്കും, 
അതേ വായുഭഗവാനോട് ഞാനിന്നും ചോദിച്ചു!
എന്നാൽ ഇന്ന് നിനക്ക് സുഗന്ധമില്ല, കുളിരില്ല! 
പൂഴി വാരിയിട്ടെൻ കണ്ണുനനച്ചുകളഞ്ഞു!
എന്നിട്ടെവിടേക്കോ എന്നെ തനിച്ചാക്കി മറഞ്ഞു!

കറുത്തൊഴുകിനടക്കും കട്ടിപ്രതലങ്ങൾ തുറന്നുവിട്ട,
ശശാങ്കനെ ഞാൻ ശിരസ്സുയർത്തി നോക്കി.
നിശയെ ഒരുനാൾ പ്രണയിച്ചു വിഹരിച്ച അതേ ചന്ദ്രഭഗവാനേ,
നീയും ബന്ധനത്തിലോയെന്നുച്ചത്തിൽ തിരക്കി.
വീണുകിട്ടിയ സ്വാതന്ത്രത്തിൽ നീയൊന്ന് കുലുങ്ങി,
വാടിയ നീലനിറം ചുറ്റിനും തെറിപ്പിച്ചിട്ടെന്നെ,
നോക്കി നീ വെറുതേ നിന്ന നേരം,
ഞാനെൻ പൊട്ടിയ ഹൃദയത്തെ നിനക്ക് കാട്ടിത്തന്നു.
നിരാശതൻ കരിപുരണ്ട കാരാഗൃഹത്തിൽ നീ വീണ്ടുമ-
ടയ്ക്കപ്പെടുന്നതും നിമിനേരംകൊണ്ടു നീ മറഞ്ഞതും,
നോക്കി ഞാനും കുറേനേരം വെറുതേ നിന്നു.

ഉയരെനിന്നും നിലത്തേക്കാഞ്ഞടിച്ച്‌ തലതല്ലിക്കരയും മാരീ,
നിന്റെ തേങ്ങൽ ഭയാനകം!
നിന്റെ ദുഖത്തിൽ ഈ ഭൂമിയും കടപുഴഞ്ഞൊഴുകുന്നു!
നീ ഒരുനാൾ എന്നെ പ്രണയത്താൽ നനച്ച,
തേനൊഴുക്കും അതേ കുളിർമഴയല്ലേ!
നീ എന്തേ ഇന്നെന്നെ അറിയുന്നില്ല!
നിന്റെ കണ്ണുനീർ നിന്റെ കാഴ്ച്ചയെ മറയ്ക്കുന്നോ?

ആ കാലം നിങ്ങളെ കണ്ടപ്പോഴുണ്ടായിരുന്ന,
മനോസുഖം ഇന്നെന്നേയുംവിട്ടകന്നിരിക്കുന്നു!
എന്റെ പ്രതിഫലനത്തിൽ ഞാനും,
തനിച്ചായ ഞാനും , ചിതറിപ്പോയ ഞാനും,
മുറിവേറ്റിട്ട് മുറിവിനെ മറയ്ക്കുന്ന ഞാനും മാത്രം.
അതേ ആ ഞാൻ മാത്രം !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക