Image

ബൈഡന് ഒരു വാക്കോവര്‍ സാധ്യമാവുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 12 April, 2023
ബൈഡന് ഒരു വാക്കോവര്‍ സാധ്യമാവുമോ? (ഏബ്രഹാം തോമസ്)

വാഷിംഗ്ടണ്‍: സ്വയം കൃതാനര്‍ത്ഥം മൂലം ഉണ്ടായ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ പരാജയങ്ങള്‍ക്ക് കൂടുതല്‍ ക്ഷതമേല്‍പ്പിക്കുന്നതാണ് പുതിയ ഇവ്‌സോസ്-എബിസിന്യൂസ് സര്‍വേ ഫലം. വളരെ പരിമിതമായി നടത്തിയ ഈ അഭിപ്രായ സര്‍വേയില്‍(566 പേരെ  മാത്രം സംഘടിപ്പിച്ച്) ട്രമ്പിനെ അനുകൂലിച്ച് സംസാരിച്ചവര്‍ 25% മാത്രമാണ്. മാര്‍ച്ചില്‍ 56% പേര്‍ ട്രമ്പിന്റെ പ്രതികൂലാഭിപ്രായക്കാര്‍ ആയിരുന്നു. ഇപ്പോള്‍ അത് 61% ആയി വര്‍ധിച്ചിട്ടുണ്ടെന്ന് ഈ സര്‍വേ പറയുന്നു. എന്നാല്‍ മാര്‍ച്ചില്‍ നടത്തിയ എമേഴ്‌സണ്‍ പോളില്‍ 72% റിപ്പബ്ലിക്കനുകളും ട്രമ്പിനും അനുകൂലിച്ചു.

ന്യൂയോര്‍ക്കിലെ മന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റേണിയുടെ അന്വേഷണവും ഗ്രാന്റ്ജ ൂറി കണ്ടെത്തലുമാണ് ജനപ്രിയഗ്രാഫ് താഴേയ്ക്ക് കുതിക്കുവാന്‍ ഇപ്പോള്‍ കാരണമായത്. ഇത് രാഷ്ട്രീയ പ്രേരിതമായിരുന്നു എന്ന് ഇപ്പോള്‍ കൂടുതല്‍ മാധ്യമങ്ങളും നിരീക്ഷകരും സമ്മതിച്ച് തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ ട്രമ്പിന്റെ ധനവും സമയവും ഊര്‍ജ്ജവും കവര്‍ന്നെടുക്കും. പ്രൈമറികളില്‍ ട്രമ്പിന്റെ വിജയത്തില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കനുകള്‍ക്കും സംശയമില്ല. എന്നാല്‍ 2024 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ കേസുകളും ഗ്രാന്റ് ജൂറി കണ്ടെത്തലും വലിയ ബാധ്യതകളായി മാറുമെന്നും എതിര്‍ സ്ഥാനാര്‍്തഥി പ്രസിഡന്റ് ജോ ബൈഡന് അതൊരു വാക്കോവര്‍ ആയിരിക്കുമെന്നും കരുതുന്നവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ധാരാളം അനുയായികളുണ്ട്.

പക്ഷെ ട്രമ്പിന് പകരം ആര് എന്ന ചോദ്യത്തിന് ശക്തമായ ഒരു മറുപടി ഇല്ല. ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ഡിസാന്റെസിന് പൊതു അംഗീകാരം നേടുക വിഷമകരമാണ്. ഹിസ്പാനിക്കുകളില്‍ ഭൂരിപക്ഷവും ഡെമോക്രാറ്റിക് അനുകൂലികളാണ്. ഒരു ചെറിയ വിഭാഗത്തിനെ മാത്രമേ തനിക്കൊപ്പം നിര്‍ത്തുവാന്‍ ഡിസാന്റെസിന് കഴിയുകയുള്ളൂ. ഒരു തീരെ ചെറിയ ശതമാനം കറുത്ത വര്‍ഗക്കാരുടെ വോട്ടു മാത്രമേ ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ക്ക് അനുകൂലമാവാന്‍ സാധ്യതയുള്ളൂ. മറ്റൊരു റിപ്പബ്ലിക്കന്‍ പ്രസിഡന്റ്  പദപ്രത്യാശി നിക്കിഹേലി പ്രചരണ ഫണ്ട് സമാഹരണത്തില്‍ ആശാവഹമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നാല്‍ സാര്‍വത്രിക പിന്തുണ നേടുന്നതില്‍ ഏറെ പിന്നിലാണ്. ഏകദേശം 3% വരുന്ന ഇന്ത്യന്‍ വംശജരുടെ പിന്തുണ നാമമാത്രം ആയിരിക്കും. കഴിഞ്ഞ തവണ അവര്‍ പ്രൈമറികളില്‍ മത്സരിച്ചപ്പോള്‍ തന്നെ അവര്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഈ രാഷ്ട്രീയാന്തരീക്ഷത്തില്‍ ബൈഡന് ഒരു വാക്കോവര്‍ ലഭിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. മറ്റൊരു സാധ്യത കണ്ടെത്താന്‍ കഴിയാതെ ബൈഡന്റെ പാളിച്ചകളും ശാരീരിക പരിമിതികളും മറന്ന് വോട്ടര്‍മാര്‍ ബൈഡന് വോട്ടു ചെയ്തു എന്നുവരാം.

ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരീസിനെയും വീണ്ടും പരിഗണിക്കരുത് എന്ന് മുറവിളികള്‍ ഉയരുന്നുണ്ട്. ബൈഡന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകും. എന്നാല്‍ ഹാരീസിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ തന്നെ കര്‍ക്കശ നിലപാടാണ് പലരും സ്വീകരിച്ചിരിക്കുന്നത്. അവരുടെ നേട്ടമായി ഒന്നും ചൂണ്ടിക്കാണിക്കുവാനില്ല, അവരെ ഏല്പിച്ച ദൗത്യങ്ങളില്‍ പോലും അവര്‍ പരാജയപ്പെട്ടു എന്നാണ് വിമര്‍ശകര്‍ വാദിക്കുന്നത്.

ബാലറ്റില്‍ ബൈഡനൊപ്പം മറ്റൊരു പേര്‍(വിപിക്ക് വേണ്ടി) ചേര്‍ക്കുമ്പോള്‍ അത് ഹാരിസിന്റേതാവരുത് എന്ന ആവശ്യം ശക്തമാണ്. ചിലര്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ഗാവിന്‍ ന്യൂസമിന്റെ പേര് നിര്‍ദ്ദേശിക്കുന്നു. മറ്റ് ചിലര്‍ മിനിസോട്ട സെനറ്റര്‍ ഏമി ക്ലോബുച്ചറിന്റെയും വേറെ ചിലര്‍ സെനറ്റര്‍ എലിസബെത്ത് വാറന്റെയും പേരുകള്‍ മുന്നോട്ടു വയ്ക്കുന്നു. ഇവരെല്ലാവരും 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രൈമറികളില്‍ മത്സരിച്ച് പരാജയപ്പെട്ടവരാണ്. ഇവര്‍ക്കാര്‍ക്കും പ്രസിഡന്റിന്റെ നയങ്ങളുമായോ പ്രസിഡന്റിന് ഇവരുടെ നയങ്ങളുമായോ യോജിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക