എന്റെ എത്രയും പ്രിയപ്പെട്ട അമേരിക്കന്‍ മലയാളി സുഹൃത്തുക്കളേ! അങ്ങിനെ നമ്മള് കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന ആ സുദിനം ഇതാ സമാഗതമായിരിക്കുന്നു...
ആഹ്ലാദിപ്പിന്‍, ആര്‍പ്പിടുവിന്‍, അര്‍മാദിക്കുവിന്‍...
ഇതാ 'ലോക കേരള സഭ' അമേരിക്കയിലേക്ക്!
'മന്ത്രിക്കൂട്ടം വരുന്നുണ്ടേ
ആര്‍പ്പോ ഇര് റോ
കൈകൊട്ടിപ്പാടാം- വരവേറ്റിടാം
ആചാരക്കതിന മുഴക്കീടാം- തപ്പോതിപ്പോ'
കോടികള്‍ കടബാധ്യതയുള്ള, പൂച്ച പെറ്റുകിടക്കുന്ന കേരള ഖജനാവില്‍ നിന്നും, വീണ്ടും കോടികള്‍ ധൂര്‍ത്തടിച്ച് നടത്തുന്ന ഈ 'ലോക കേരള സഭ'കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് വിശ്വസിക്കുന്ന വിവരദോഷികളോട് എനിക്ക് സഹതാപം തോന്നുന്നു.
ചിലവാക്കുന്ന പണത്തിനോ, കാണിക്കുന്ന ആഢംബരത്തിനോ തക്ക ഒരു ഗുണവും ഇതുവരെ ഉണ്ടായിട്ടില്ല എന്നു പറഞ്ഞു പരത്തുന്നത് ശുദ്ധ അസംബന്ധമാണ്.
ഇതിനു മുമ്പ് നടത്തിയ മൂന്നു ലോക കേരള സഭകളില്‍ എടുത്ത ഒരൊറ്റ തീരുമാനങ്ങള്‍ പോലും നടപ്പാക്കിയില്ല എന്നു 'വിവരാവകാശ കമ്മീഷന്' വെളിപ്പെടുത്തിയത് അവരുടെ വിവരക്കേടുകൊണ്ടാണ്.
മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും, സര്‍ക്കാര്‍ ചിലവില്‍ ഉലകംചുറ്റിയടിക്കാനുള്ള ഒരു ഉഡായിപ്പ് തട്ടിക്കൂട്ട് പരിപാടിയാണിതെന്ന് കരുതുന്നവര്‍ ശുദ്ധ മണ്ടന്മാരാണ്.
'ലോക കേരള സഭ' എന്നൊരു ലേബലോ, ഔദാര്യമോ ഉണ്ടിയാട്ടാണോ, മന്ത്രിമാര്‍ കുടുംബ സമേതം അവര്‍ക്കിഷ്ടമുള്ളപ്പോള്‍, ഇഷ്ടമുള്ള സ്ഥലത്തേക്ക് ടൂര്‍ പോകുന്നത്?
'ലോക കേരള സഭ'കൊണ്ട് ഇതുവരെ ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്-
സര്‍ക്കാര്‍ ചിലവില്‍ എല്ലാവിധ ആനുകൂല്യ അഡംബരങ്ങോടുകൂടിയ ഒരു ഉല്ലാസ യാത്ര. യാത്രാചിലവ്, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം, കുഴിമന്തി, ഷവര്‍മ്മ ഉള്‍പ്പടെ മൃഷ്ടാന ഭോജനം.
അമേരിക്കയില്‍ ഉടനെ നടക്കാനിരിക്കുന്ന 'ലോക കേരള സഭ'യിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പുങ്കന്മാരുടെ, ഉളുപ്പില്ലാതെ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയും, അവര്‍ തന്നെ എഴുതിച്ചുകൊടുക്കുന്ന വാര്‍ത്തയും ഇനി ഒന്നു രണ്ടു മാസത്തേക്ക് അമേരിക്കന്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും.
സമ്മേളനം കഴിയുമ്പോള്‍ മന്ത്രിമാരോടൊപ്പമുള്ള ഫോട്ടോയും പ്രതീക്ഷിക്കാം.
ഇതുവരെ ഈ മഹാ സംഭവത്തില്‍ പങ്കെടുക്കുവാനോ, ഒന്ന് എത്തിനോക്കാനോയെങ്കിലും ഈയുള്ളവന് കഴിഞ്ഞിട്ടില്ല. അതിനുള്ള ക്വാളിഫിക്കേഷന്‍സ് എനിക്കില്ലെന്നറിയാം- എങ്കിലുമൊരു മോഹം- ആശകള്‍ക്ക് അതിരുകളില്ലല്ലോ?
ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ടവരെ തന്നെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണോ? കൈയടിക്കാനല്ലാതെ കൈ പൊക്കില്ലെന്നും, മൃഷ്ടാന ഭോജനം ഭുജിക്കാനല്ലാതെ വാ തുറക്കുകയില്ലെന്നും ഉറപ്പുള്ളതുകൊണ്ടാണോ?
ഇത്തവണത്തെ സംഘാടക സമിതിയില്‍ ഉള്‍പ്പെട്ട ചിലരുമായി എനിക്ക് പരിചയമുണ്ട്. 'താക്കോല്‍ സ്ഥാന'ത്തേക്കെല്ലാം ഞമ്മന്റെ ആള്‍ക്കാരെ നിയമിച്ചുകഴിഞ്ഞു.
എങ്കിലും, എങ്ങനെയെങ്കിലും, ആരുടെയെങ്കിലും കാലുപിടിച്ച്, മന്ത്രിമാരെ കാണുമ്പോള്‍ ഓച്ഛാനിച്ച് നില്ക്കുവാനും, മുതുകുരങ്ങിനെപ്പോലെ പല്ലിളിക്കാനും പരിശീലനം നേടിയിട്ട്, ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഈ സമ്മേളന സ്ഥലത്ത് ഒന്നു കയറിപ്പറ്റണം.
അങ്ങിനെ എന്റെ അമേരിക്കന്‍ ജീവിതം ധന്യമാവട്ടെ!
'ലോക കേരള സഭ' സജീവ പരിഗണനയിലേക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു:
1). നാട്ടുകാരുടെ സ്വത്തിനും ജീവനും ഭീഷണിയായി മദമിളകി നാടു മുടിക്കുന്ന 'അരിക്കൊമ്പനെ'കൂടി കേരളത്തില്‍ നിന്നും വരുന്ന പ്രതിനിധി സംഘത്തിലുമുള്പ്പെടുത്തണം. സമാന സ്വഭാവമുള്ളവര്‍ ഒരുമിച്ച് വരുന്നത് നല്ലതാണല്ലോ!
2). ഇതുവരെ 'തപാല്‍ ഡോക്ടറേറ്റ്' തരപ്പെടാത്ത അമേരിക്കന്‍ 'ലോക കേരള സഭ' പ്രതിനിധികള്‍ക്ക് 'വാഴക്കുല' മോഡല്‍ ഡോക്ടറേറ്റ് ഈ സമ്മേളനത്തില്‍ വച്ചുതന്നെ നല്‍കണം.
3). ചുമട്ട് തൊഴിലാളികള്‍ ഇവിടെ ഇല്ലാത്തതിനാല്‍ യഥാര്‍ത്ഥ ഡോക്ടേഴ്സ്, നേഴ്സസ്, ട്രാന്‍സിറ്റ് വര്‍ക്കേഴ്സ് തുടങ്ങിയവര്‍ക്ക് പണിയെടുക്കാതെ 'നോക്കുകൂലി' വാങ്ങിക്കുവാനുള്ള അവകാശം നേടിയെടുക്കണം.
4). ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ സമര മുറകള്‍ നടത്തി ഗതാഗതം തടസപ്പെടുത്തുവാനും, ബസിന് കല്ലെറിയാനും, കടകള്‍ അടപ്പിക്കുവാനുമുള്ള ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കണം.
5). വേനല്‍ക്കാല കൃഷികളായി മലയാളികള്‍ നട്ടുവളര്‍ത്തുന്ന പാവയ്ക്കാ, പടവലങ്ങ, പച്ചമുളക്, വെണ്ടയ്ക്കാ, തക്കാളി മുതലായവയ്ക്ക് അടിസ്ഥാന വില നല്കി കേരളത്തിലെ നെല്ലു സംഭരണ രീതിയില്‍ ശേഖരിക്കാന്‍ അമേരിക്കന്‍ ഗവണ്മെന്റില് സമ്മര്‍ദ്ദം ചെലുത്തണം.
6). അമേരിക്കയിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട റോഡുകളുള്ള കേരളത്തിലെ റോഡ് നിര്‍മ്മാണ രീതി നേരില്‍ കണ്ടു പഠിക്കാന്‍ ഒരു അമേരിക്കന്‍ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കണം.
7). രണ്ടുമൂന്നു വര്‍ഷത്തെ മാലിന്യ ശേഖരണം, നിമിഷ നേരംകൊണ്ട് ഒരൊറ്റ തീപ്പെട്ടി കൊണ്ട് നിര്‍മാര്‍ജനം ചെയ്യാന്‍ പറ്റുന്ന 'ബ്രഹ്മപുരം മോഡല്‍' സാങ്കേതികവിദ്യ അമേരിക്കയ്ക്ക് കൈമാറണം.
8). ഇപ്പോള്‍ ഫൊക്കന- ഫോമ ഇലക്ഷന് സമയത്തുമാത്രം നടത്തുന്ന 'ഏയര്ഫെയര്, ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍ പ്ലസ് ബോട്ടില്‍ വിത്ത് ടച്ചിംഗ്സ്' കിറ്റ് വിതരണം, പ്രാദേശിക മലയാളി അസോസിയേഷന് തിരഞ്ഞെടുപ്പുകളിലേക്കും വ്യാപിപ്പിക്കണം.
9). യാതൊരു പ്രയോജനവുമില്ലാതെ, നാട്ടില്‍ ഒഴിഞ്ഞുകിടക്കുന്ന അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കന്മാരുടെ വീടുകള്‍ പാര്‍ട്ടി ഓഫീസുകളാക്കി, അവര്‍ക്ക് ന്യായമായ വാടക നല്‍കണം.
10). ഇവിടെയുള്ള മലയാളി സംഘടനകളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ചില ചില്ലറ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍, കേരളാ മോഡലില്‍ നീതിയുക്തവും നിഷ്പക്ഷവും, വിശ്വസനീയവുമായ ഒരു 'ലോകായുക്ത' സംവിധാനം ഈ 'ലോക കേരള സഭ'യില്‍ തന്നെ ഒരു ഓര്‍ഡിനന്‍സ് മുഖേന നടപ്പാക്കണം.
വാല്‍ക്കഷണം: 'ലോക കേരള സഭ'കൊണ്ട് പ്രവാസികള്‍ക്ക് യാതൊരു പ്രയോജനവുമില്ലെന്ന് ഇതു സംഘടിപ്പിക്കുന്നവര്‍ക്കും പങ്കെടുന്നവര്ക്കും അറിയാം. കണക്കിലെ കളികൊണ്ട് ചിലരുടെ മടിയിലെ കനം കൂടും-
ഇതിനൊക്കെയുള്ള മറുപടി സിമ്പിള്‍:
താങ്കള്‍ക്ക് നയാപൈസ ചിലവില്ലല്ലോ!
പിന്നെ എന്തിനു വെറുതെ ബേജാറാകണം...
#lokakerala_sabha