കറുത്ത് തടിച്ചൊരാകാശം
കടവത്ത് നിൽപ്പുണ്ടായിരുന്നു
മുഖം കനപ്പിച്ച്
മുതുക് കുനിച്ച്
തൊട്ടാൽ പൊട്ടുമെന്നു
തോന്നിപ്പിച്ച്,
വരാനൊട്ടും തരമില്ലാത്തൊരു
കടത്തു തോണിയും
കാത്തെന്ന പോലെ..
കരഞ്ഞു കരഞ്ഞു
വെള്ളത്തിൽ വീണേക്കുമെന്നു
തോന്നിയിടത്ത് നിന്ന്
കറങ്ങിത്തിരിഞ്ഞു
വന്നൊരു കാറ്റാണ്
കൈപിടിച്ചു കൊണ്ടുപോയത്
അയാളവൾക്ക്
താമരയെയും
വേഴാമ്പലിനെയും
കാണിച്ചു കൊടുക്കുമായിരിക്കും
പുഴ തിന്നുപോയ
കടവുകളെയും
ചിതല് തിന്നുന്ന
തോണിപ്പുരകളെയും
കാണിക്കുമായിരിക്കും..
കത്തുന്ന ചിതകളെയും
കരയുന്ന പൈതങ്ങളെയും
കാണിക്കുമായിരിക്കും
എത്ര പെയ്തിട്ടും
തോരാത്ത,
ഭൂമിയിലെ
കണ്ണാകാശങ്ങളെ കാണിച്ച്
ഏതോ മഴക്കാടുകളിൽ ചെന്ന് രണ്ടുപേരുമങ്ങനെ
കെട്ടിപ്പിടിച്ചു
പെയ്തു തീരുന്നുണ്ടായിരിക്കും..!