മുതല ഇരപിടിക്കും പോലെ വളവുകളിൽ പതുങ്ങിയിരുന്നു വാഹനങ്ങൾക്കു മുന്നിൽ ചാടിവീണ് കൈകാണിക്കുന്ന തന്ത്രം പോലീസ് മാറ്റുകയാണ്. പോലീസിൻ്റെ ഇത്തരം ഇരപിടിയൻ തന്ത്രങ്ങൾ കാലഹരണപ്പെട്ടതാണെന്ന നിലവിളി ഉയർന്നിട്ടു കാലങ്ങളായി. അങ്ങനെയാണ് ക്യാമറകൾ എന്ന നിരീക്ഷകൻ റോഡുകളിൽ എല്ലാമറിയുന്നവനായി പ്രത്യക്ഷപ്പെട്ടത്. ഇതൊക്കെ കുറേ കണ്ടതാണെന്ന പുച്ഛം പൊതുജനങ്ങൾക്കുമുണ്ടായിരുന്നു ഇത്രകാലം.
എന്നാൽ കളി മാറിത്തുടങ്ങുകയാണ്. ഹെൽമെറ്റില്ലാതെയാണോ വണ്ടി ഓടിച്ചത്? ഉടൻ മൊബൈലിൽ മെസേജ് വരും, ചെല്ലക്കളീ... വാ,വന്ന് അഞ്ഞൂറു രൂപ പിഴയടയ്ക്ക് എന്ന്. അതായത് പോലീസുമായി വഴിയരികിൽ ഒരു വിലപേശലും വേണ്ട, തെറ്റു ചെയ്തോ? എന്നാ പിഴ ഇന്നാ പിടി എന്നതാണ് കണക്ക്.
ആഹാ, നമ്മളൊക്കെ ഇത്രേം പുരോഗമിച്ചല്ലേ എന്ന് അന്തം വിട്ടിരിക്കുമ്പോൾ ദാ വരുന്നു ഒരു വാർത്ത, പസഫിക് സമുദ്രത്തിലെ ഒരു ദ്വീപായ കൂറിൽ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് ഫൈൻ അടക്കാൻ പറയുന്നത് അടൂർ പോലീസ്!
അടൂർ പോലീസിനെന്താ പസഫിക് ദ്വീപിൽ കാര്യം? അതു തന്നെയാണ് അടൂർ നെല്ലിമുകൾ സ്വദേശി അരുണിൻ്റെയും ചോദ്യം.
കഴിഞ്ഞ ദിവസം അരുണും കുടുംബവും ഹെൽമെറ്റ് ധരിക്കാതെ നെല്ലിമുകൾ ഭാഗത്തു കൂടി യാത്ര ചെയ്തു. വീട്ടിലെത്തിയപ്പോഴേക്കും പിഴ അടയ്ക്കാനുള്ള ഉത്തരവും എത്തി. അരുൺ ആ സൈറ്റിൽ കയറി നോക്കി. വണ്ടിയിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന പടമൊക്കെയുണ്ട് പക്ഷേ, അതങ്ങ് കൂറ് എന്ന ദ്വീപിലൂടെയാണെന്നു മാത്രം. പസഫിക് എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ ഈ കൂറൊന്നും അരുൺ കണ്ടിട്ടുമില്ല. ഇപ്പോൾ അരുൺ പറയുന്നത് ഇതാണ്, പിഴ അടയ്ക്കാം.പക്ഷേ, കൂറ് ദ്വീപ് മാറ്റി നെല്ലിമൂട് ആക്കിത്തരണം. അവിടെ, അടൂർ പോലീസ് പെട്ടു, ഈ ജിപിഎസ് പിഴവ് മാറ്റാൻ മാത്രമുള്ള പരിജ്ഞാനമൊന്നും നിലവിൽ കൈവശമില്ല. പിന്നെ പിഴവു മാറ്റും, മാറ്റുമല്ലോ എന്നൊക്കെ പറയാനേ ഇപ്പോൾപറ്റുന്നുള്ളൂ.
ഇതാണ് നമ്മുടെ ഹൈടെക് സിസ്റ്റങ്ങളുടെ കുഴപ്പവും. പറഞ്ഞ സ്പെസിഫിക്കേഷനിൽ ഒരെണ്ണം തട്ടിക്കൂട്ടി ഉണ്ടാക്കിക്കിട്ടുന്നത് എടുത്ത് ഇംപ്ലിമെൻ്റ് ചെയ്യും. അന്നു മുതൽ പരാതികളും ഉയരും. കുറച്ചു നാൾ അങ്ങനെ പോകും, പിന്നെ എല്ലാം തട്ടിൻ പുറത്താകും, കാര്യങ്ങൾ ചട്ടപ്പടിയും ആകും.
ഏതായാലും ജിപിഎസ് പിഴവ് പോലീസ് തിരുത്തിക്കൊടുക്കുമോ? കണ്ടിരുന്നു കാണാം.
#The GPS system is upside down