Image

കനകക്കിങ്ങിണി (ചിഞ്ചു തോമസ്)

Published on 14 April, 2023
കനകക്കിങ്ങിണി (ചിഞ്ചു തോമസ്)

ഏപ്രിൽ മാസം കൊന്ന മരം നിറയെ സ്വർണ്ണ നിറത്തിൽ പൂവിട്ടു നിൽക്കുകയാണ്. എനിക്ക് കുറേ ഹിന്ദു കൂട്ടുകാർ ഉണ്ടായിരുന്ന സമയം. അവരിൽ ആരോ കണിക്കൊന്നയുടെ കഥ പറഞ്ഞു തന്നു. കണ്ണനോട് പിണങ്ങി ഒരു ഉണ്ണി അവന് കണ്ണൻ കൊടുത്ത സ്വർണ്ണ മാല വലിച്ചെറിഞ്ഞു. ആ മാല ചെന്നു വീണ മരം നിറയെ കണിക്കൊന്ന പൂക്കൾ കൊണ്ട് നിറഞ്ഞു. കണ്ണൻ കൊടുത്ത സ്വർണ്ണ മാലയാണ് കണിക്കൊന്ന എന്ന് അവൾ പറഞ്ഞിരുന്നു. ഇത് പണ്ടു കേട്ട കഥയാണ്. ഞാൻ അതെപ്പറ്റി  വിശദമായി ഇപ്പോൾ തിരക്കി.

 കണിക്കൊന്നയുടെ ഐതീഹ്യം പറയാം:

ത്രേതായുഗത്തിൽ ശ്രീരാമസ്വാമി സീതാന്വേഷണത്തിനു പോയപ്പോൾ യാത്രാ മധ്യേ സുഗ്രീവനുമായി സഖ്യം ചേർന്ന് ബാലിയെ ഒളിയമ്പ് ചെയ്തു കൊന്നത് ഒരു മരത്തിന്റെ പിന്നിൽ മറഞ്ഞു നിന്നാണ്. ഈ മരം കാണുമ്പോൾ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാൻ തുടങ്ങി. അത് പിന്നീട് കൊന്ന മരമായി മാറി. പാവം ആ വൃക്ഷത്തിന് സങ്കടമായി. ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങനെ ഒരു അപവാദം കേൾക്കേണ്ടി വന്നല്ലോ! ആ വൃക്ഷം ശ്രീരാമസ്വാമിയെ തന്നെ സ്മരിച്ചുകൊണ്ടേയിരുന്നു. ഭഗവാൻ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ഭഗവാനോട് ചോദിച്ചു ‘ ഭഗവാനേ എന്റെ പിന്നിൽ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങെല്ലേ. എന്നാൽ കൊന്ന മരം എന്ന് എന്നെ എല്ലാവരും വിളിക്കുന്നു. എനിക്ക് ഈ പഴി താങ്ങുവാൻ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം’. ഭഗവാൻ പറഞ്ഞു ‘ പൂർവ്വ ജന്മത്തിൽ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണ മൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കർമ്മ ഫലം അനുഭവിക്കുക തന്നെ വേണം. ഈ നാമം നിന്നെ വിട്ടു പോകില്ല. എന്നാൽ എന്നോടുകൂടി സംഗമം ഉണ്ടായതുകൊണ്ട് നിനക്കും നിന്റെ വർഗ്ഗത്തിൽ പെട്ടവർക്കും സൗഭാഗ്യം ലഭിക്കും. സാദാ ഈശ്വര സ്മരണയോടെ ഇരിക്കുക’. ഭഗവാന്റെ വാക്കുകൾ ശിരസ്സാൽ വഹിച്ചുകൊണ്ട് കൊന്ന മരം ഈശ്വരചിന്തയോടെ ഇരുന്നു. കലികാലം ആരംഭിച്ചു  പരബ്രഹ്മ മൂർത്തിയായ ശ്രീകൃഷ്ണ ഭഗവാൻ വാണരുളുന്ന ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിൽ ഉണ്ണിക്കണ്ണന്റെ പ്രത്യക്ഷദർശനം പല  ഭഗ്ത്തോത്തമന്മാർക്കും ലഭിച്ചു. കണ്ണനെ കൂട്ടുകാരനായി കണ്ട ഒരു ഉണ്ണി ആ നാട്ടിൽ ഉണ്ടായിരുന്നു. ഉണ്ണി വിളിച്ചാൽ കണ്ണൻ കൂടെ ചെല്ലും. തൊടിയിലും പാടത്തുമെല്ലാം രണ്ടുപേരും കൂടെ കളിക്കും. ആ ഉണ്ണി അതേപ്പറ്റി പറയുമ്പോൾ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വർണ്ണ മാല ഒരു ഭക്തൻ  ഭഗവാന് സമർപ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണൻ തന്റെ കൂട്ടുകാരനെ കാണാൻ പോയത്. കണ്ണന്റെ മാല കണ്ടപ്പോൾ ആ ഉണ്ണിക്ക് അതൊന്നണിയാൻ മോഹം തോന്നി. കണ്ണൻ അത് ചങ്ങാതിക്ക് സമ്മാനമായി നൽകി. വൈകിട്ട് ശ്രീകോവിൽ തുറന്നപ്പോൾ മാല കാണാതെ അന്വേഷണമായി. ആ സമയം ഉണ്ണിയുടെ കൈയിൽ വിലപിടിപ്പുള്ള സ്വർണ്ണം കണ്ട മാതാപിതാക്കൾ അത് എവിടെനിന്നും കിട്ടിയതാണ് എന്ന് ഉണ്ണിയോട് അന്വേഷിച്ചു. അത് കണ്ണൻ തന്നതാണ് എന്ന് ഉണ്ണിപറഞ്ഞു. അവന്റെ മാതാപിതാക്കൾ അതൊന്നും വിശ്വസിച്ചില്ല. അവർ ഉണ്ണിയേക്കൂട്ടി ക്ഷേത്രത്തിലേക്ക് ചെന്നു.  കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാനൊരുങ്ങി. പേടിച്ച കുട്ടി തന്റെ കഴുത്തിൽനിന്ന് മാല ഊരിയെടുത്ത്‌ ‘ കണ്ണാ നീയെന്റെ ചങ്ങാതിയല്ലേ? ആണെങ്കിൽ എന്നെ ശിക്ഷിക്കരുതെന്നും നിന്റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും’ , എന്ന് ദേഷ്യത്തോടെ ഉറക്കെപ്പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്ക് വലിച്ചെറിഞ്ഞു. ആ മാല ചെന്നുവീണത് അവിടെ നിന്ന ഒരു കൊന്ന മരത്തിലാണ്. അപ്പോൾ ആ മരം മുഴുവനും സ്വർണ്ണ നിറത്തിലുള്ള പൂക്കളാൽ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലിൽ നിന്നും അശരീരി കേട്ടു. ‘ ഇത് എന്റെ ഭക്തന്  ഞാൻ നൽകിയ നിയോഗമാണ്. ഈ പൂക്കളാൽ അലങ്കരിച്ച എന്നെ കണികാണുമ്പോൾ എല്ലാ വിധ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കൾ കണികാണുന്നതുമൂലം ദുഷ്കീർത്തി കേൾക്കേണ്ടതായി വരികയുമില്ല’. അന്നു മുതലാണത്രേ കൊന്ന പൂത്തുതുടങ്ങിയത്. കണ്ണന്റെ അനുഗ്രഹത്താൽ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചുപറ്റി. ഭഗവാന്റെ കനക കിങ്ങിണി എന്ന സങ്കല്പത്തിലാണ് കൊന്നപ്പൂവിനെ കണികാണുന്നത്. കൊന്നപ്പൂ ഇല്ലാത്ത വിഷു ആഘോഷം പോലുമില്ല. 

അങ്ങനെ കേരളമാകെ സ്വർണ്ണപ്പട്ടിട്ടു നിൽക്കുന്ന ഏപ്രിൽ മാസം. ഇങ്ങു ദുബൈയിൽ മണ്ണിറക്കി പല പല മരങ്ങളും നട്ടുവളർത്തി ഇവിടെയും പച്ചപ്പ്‌ വിതറുമ്പോൾ ഇവിടുത്തെ ഭൂമിയെ സ്വർണ്ണ പട്ടുടുപ്പിക്കാൻ ഇവിടെയും കൊന്ന മരം നട്ടു വളർത്തുന്നുണ്ട്. എന്റെ ചെറിയ പറമ്പിലും ഒരു കൊന്ന മരമുണ്ട്. അത് ഉണ്ണിയെ’ കള്ളൻ’ എന്ന് മറ്റുള്ളവർ കരുതി ശിക്ഷിക്കാൻ തുടങ്ങിയപ്പോൾ, ഒന്നും മിണ്ടാതെ നിന്ന തന്റെ  ചങ്ങാതിയോട് പിണങ്ങി ‘ എനിക്ക് നിന്റെ ചങ്ങാത്തവും വേണ്ട,  ഈ മാലയും വേണ്ട’ എന്ന് പറഞ്ഞു വലിച്ചെറിഞ്ഞ ആ സ്വർണ്ണ മാലയുടെ ഓർമ്മക്കായിയാണ്.  ഓരോ കൊന്നയിലും എത്ര എത്ര സ്വർണ്ണ മാലകളാണ് ഉണ്ടായി നിൽക്കുന്നത്! തന്നോട് പിണങ്ങിയ തന്റെ ചങ്ങാതി വലിച്ചെറിഞ്ഞ ഒരുസ്വർണ്ണ  മാലയ്ക്കു പകരം എല്ലാ വർഷവും എത്ര എത്ര കനകകിങ്ങിണികൾ കണ്ണൻ തന്റെ ചങ്ങാതിയുടെ പിണക്കത്തിനു പകരമായി നൽകുന്നു! എന്ത് മനോഹരമായ സൗഹൃദമാണ്.

വിഷുവിന് എന്റെ മമ്മിയും കസവുടുത്ത്‌ കണിയൊരുക്കി  ഞങ്ങളെ രാവിലെ വിളിക്കണം എന്ന് എനിക്ക് നിർബന്ധമായിരുന്നു. ഇന്നും കസവുടുത്ത്‌ കണിയൊരുക്കി നിൽക്കുന്ന ചിത്രം മമ്മി അയച്ചുതരാറുണ്ട്.

എല്ലാവർക്കും ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ വിഷുക്കാലം നേരുന്നു.

#kanikonna_article

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക