ശൂന്യതയിൽ നിന്നുകൊണ്ട് നുണകൾ തള്ളിമറിക്കുന്ന സംഘമിത്രങ്ങൾക്കും അവരുടെ ഭയപ്പെടുത്തലുകൾക്കും മറ്റ് കൈമടക്കുകൾക്കും വിധേയരായ മോദിയുടെ പാണന്മാരും മാധ്യമങ്ങളും നടത്തുന്ന 'വന്ദേ ഭാരത്' ട്രെയിനിന്റെ വാഴ്ത്തിപ്പട്ടുകൾ കേട്ടാൽ സാമാന്യബോധമുള്ള കേരളീയർ മൂക്കത്ത് വിരൾ വെച്ചുപോകും. കെ - റെയിലിന് ബദലായി വന്ദേ ഭാരത് എന്ന് പെരുമ്പറ അടിച്ച് അവർ ബി ജെ പി യെ ഉത്തേജിപ്പിക്കുകയാണ്. അതിന്റെ ഗുണം അവർക്ക് നിർഭയമായി കള്ളപ്പണം കൈവശം വെയ്ക്കാം എന്ന് മാത്രമാണ്. ഇ ഡി യെ പേടിക്കാതെ കിടന്നുറങ്ങാം. അതിനായി വഴിവിട്ട് സുഖിപ്പിക്കുകയാണ്.
തിരുവനന്തപുരം മുതൽ കണ്ണൂർവരെ 501 കിലോമീറ്റർ. സമയം 8 മണിക്കൂർ. യാത്രാക്കൂലി 2138 രൂപ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഫ്ലൈറ്റ് ചാർജ് 2897 രൂപ. സമയം ഒരു മണിക്കൂറിൽ താഴെ. സ്വാഗതം ചെയ്യേണ്ട ഒരു കാര്യമാണെന്ന് സമ്മതിക്കുന്നു. കാരണം ഇതൊരു ആഡംബര ട്രെയിൻ ആണ്. പണക്കാർക്ക് യാത്രാസുഖം കിട്ടുന്നു എന്ന മേന്മയുണ്ട്. ഫുൾ എ സി യാണ്. എക്‌സിക്യൂടീവ് യാത്രക്കാർക്ക് കൂടുതൽ സുഖകരമായ ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും ഉണ്ട്. അതിനവർക്ക് ചെലവും കൂടും. തിരുവനന്തപുരം മുതൽ കണ്ണൂർവരെ മിന്നൽ ബസ് ചാർജ് 671 രൂപ.. സമയം 9 മണിക്കൂർ. ഈ ദൂരത്തിൽ നിർദ്ദിഷ്ട കെ റെയിൽ ചാർജ് 1325 രൂപ. സമയം 3 മണിക്കൂർ. മംഗലാപുരം കഴിഞ്ഞാൽ 100 km വേഗതയിലും പനവേൽ കഴിഞ്ഞാൽ 150 km വേഗതയിലും ഓടുന്ന രാജധാനി എക്സ്പ്രസ് കേരളത്തിലൂടെ ഓടുന്നത് വെറും 70 കിലോമീറ്റർ വേഗതയിൽ മാത്രമാണ്. മറ്റുള്ള എല്ലാ ട്രെയിനുകളും പിടിച്ചിട്ടിട്ടാണ് രാജധാനി ഓടുന്നത്. 500 km വേഗതയിൽ ഓടുന്ന ട്രെയിൻ നമുക്ക് കിട്ടിയാലും കേരളത്തിലെ നിലവിലുള്ള പാതയിലൂടെ 70 km റിനപ്പുറം വേഗതയിൽ ഓടാൻ കഴിയില്ല.വന്ദേഭാരത് ട്രെയിൻ കേരളത്തിൽ സർവീസ് ആരംഭിച്ചാലും അതിന്റെ നിശ്‌ചിത വേഗത്തിൽ ഓടാനാകില്ല. കേരളത്തിലെ പാളങ്ങളിലെ വളവുകളും നിലവിലുള്ള വേഗനിയന്ത്രണവുമാണ് കാരണം. 75 കിലോമീറ്ററായിരിക്കും ശരാശരി വേഗമെന്ന് റെയിൽവേ അധികൃതർ പറയുന്നു. 110 കിലോമീറ്ററെങ്കിലും വേഗം കൈവരിക്കണമെങ്കിൽ സെമി ഹൈസ്‌പീഡ് ട്രാക്ക് നിർമിക്കണം. അത് ഉടൻ സാധിക്കില്ല,ചുരുക്കത്തിൽ വന്ദേഭാരത് കേരളത്തിൽ ഓടുന്നത് മറ്റുതീവണ്ടികളുടെ വേഗത്തിൽ ആണെന്ന് ഓർക്കുക
KSRTC ഫാസ്റ്റ് പാസ്സഞ്ചർ ബസിൽ പോകുന്നതിനു പകരം ഡീലക്സ് ബസിൽ പോകുന്ന അനുഭവം, അത്രേയുള്ളൂ. 71 km വേഗതയിൽ രാജധാനിയും ഇന്റർസിറ്റിയും ഇപ്പോൾത്തന്നെ കേരളത്തിലൂടെ ഓടുന്നുണ്ട്. വണ്ടി അതിവേഗം ഓടണമെങ്കിൽ അത് മറ്റ് വാചകമടികൾകൊണ്ട് നടക്കില്ല. കെ റെയിൽ മാത്രമാണ് ശാശ്വതപരിഹാരം. ഗിമ്മിക്കുകൾക്കൊണ്ട് പറ്റിക്കപ്പെടാൻ നിന്നുകൊടുക്കുന്നവരല്ല കേരളക്കാർ. വടക്കേ ഇന്ത്യയല്ല കേരളം. അവർ നമുക്കൊപ്പം എത്താൻ 75 to 100 വർഷങ്ങൾ ഇനിയും വേണ്ടിവരും.
കോൺഗ്രസ്സ് - ബി ജെ പി ഭരണകൂടങ്ങൾ എല്ലാകാലത്തും റെയിൽവേയുടെ കാര്യത്തിൽ കേരളത്തെ പറ്റിച്ചതാണ് ചരിത്രം. കേരളത്തിലെ വളവുതിരുവുകൾ നിറഞ്ഞ പാളങ്ങൾക്ക് ബദൽ പദ്ധതിയുണ്ടോ എന്നതാണ് പ്രശ്നം. ഇന്ത്യയിൽ ഏറ്റവും വികാസം പ്രാപിച്ച സംസ്കാരസമ്പന്നരും പ്രബുദ്ധരുമായ ഒരു ജനതതിക്കുമേൽ അവരിൽ ഭൂരിപക്ഷം ഇടതുപക്ഷക്കാർ ആണെന്നതിന്റെ പേരിൽ അറപ്പുള്ളവക്കുന്ന വിവേചനം ആവർത്തിക്കണമോ എന്നതാണ് ജനങ്ങൾ ഉയർത്തുന്ന പ്രശ്നം. അതിനു മറുപടി ഉണ്ടെങ്കിൽ മോദി ഇവിടെ വരുമ്പോൾ പറയണം. ഇവിടുത്തെ ജനം പുറത്തുകാണിക്കാൻ കൊള്ളാവുന്ന സർട്ടിഫിക്കറ്റുകൾ കയ്യിലുള്ളവരാണ് എന്ന് അദ്ദേഹം ഓർക്കണം. കുറഞ്ഞപക്ഷം നിങ്ങളുടെ ഭരണമുപയോഗിച്ചുകൊണ്ടുള്ള എല്ലാ മിരട്ടുകളെയും അതിജീവിച്ച ഒരു ജനതയാണിത്. ഈ ട്രെയിൻതന്നെ ഒരു തെരഞ്ഞെടുപ്പ് ഗോഷ്ടിയാണോ എന്നുപോലും സംശയിക്കണം. അതാണ് ജനങ്ങളുടെ അനുഭവം.
ചുരുക്കത്തിൽ കെ റയലിന് ബദൽ ആയി വന്ദേഭാരതിനെ ആഘോഷമാക്കുന്നവർ എന്ത് മനസ്സിലാക്കി എന്ന് വ്യക്തമല്ല.
കേരളത്തിന്റെ വേഗത വർദ്ധിപ്പിക്കുക എന്നതാണ് കെ റെയിൽ ലക്ഷ്യം വെച്ചത്.
തിരുവന്തപുരം-കണ്ണൂർ 3 മണിക്കൂർ സമയം കൊണ്ട് എത്തിച്ചേരുക. അത് ഒരു ദിവസം ഒരു ഭാഗത്തേക്ക് ഒരു ട്രെയിൻ എന്നതുമല്ല,അതിനായി 200 കിലോമീറ്റർ വേഗതയുള്ള പാത തന്നെയാണ്.
ഇന്ത്യയിൽ പതിനാലാമത്തെ വന്ദേഭാരത് ട്രെയിൻ ആണ് കേരളത്തിൽ എത്തുന്നത്.
ഇത് വർഷം 2023 ആണ്,അതിന്റെതായ നവീകരണം ട്രെയിനുകളിലും ആവശ്യമാണ്.മറ്റു രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ആ കാര്യത്തിൽ നമ്മൾ എവിടെ നിൽക്കുന്നു എന്നത് കൂടി നോക്കണം.
നവീകരിച്ച ഒരു ട്രെയിൻ കേരളത്തിൽ വരുന്നു,
ആധുനികമായ ഇന്റീരിയലും,സൗകര്യവുമുള്ള ഒരു ട്രെയിൻ അത്ര മാത്രം,അതിനപ്പുറം കൊട്ടിഘോഷിക്കുന്നത് ഇന്നത്തെ ആധുനിക ലോകം ബോധ്യമാകാത്തവരാണ്