Image

ഭക്ഷണം അമൂല്യമാണ്; പാഴാക്കിയാൽ പിഴ വരും (ദുർഗ മനോജ് )

Published on 15 April, 2023
ഭക്ഷണം അമൂല്യമാണ്; പാഴാക്കിയാൽ പിഴ വരും (ദുർഗ മനോജ് )

നമ്മൾ കുട്ടികളോടു പറയും ഒരു വറ്റു പോലും പാഴാക്കരുത് എന്ന്. ആ ഒരു വറ്റു പോലും കിട്ടാതെ പട്ടിണി കിടക്കുന്നവരുടെ കഥകളെമ്പാടും നമ്മൾ പറയുകയും ചെയ്യും. എന്നാൽ നമ്മൾ ചെയ്യുന്നതോ? ഒരു വീട്ടിനുള്ളിൽ, ഓഫീസിനുള്ളിൽ ഉച്ചഭക്ഷണം കൂടിക്കഴിഞ്ഞ ശേഷം ഫുഡ് വേസ്റ്റ് തട്ടുന്ന പാത്രം ശ്രദ്ധിച്ചാലറിയാം മുതിർന്നവരുടെ നിലപാട്. പുരുഷന്മാർ പലപ്പോഴും ഓഫീസിലേക്കു കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാതെ അതുപോലെ ബിന്നിൽ തട്ടും. സ്ത്രീകൾ അത്രയ്ക്ക് കടുംകൈ പ്രവർത്തിച്ചില്ലെങ്കിലും, ചോറു ബാക്കിയാക്കാൻ മിടുക്കരാണ്. ഇനി ചില ദിവസങ്ങളിൽ ഭക്ഷണം കൊണ്ടുവന്നു കഴിയുമ്പോഴാകും എന്തെങ്കിലും ട്രീറ്റ് ഉള്ളത് അറിയുക, അതോടെ കൊണ്ടുവന്ന ഭക്ഷണം നേരെ വേസ്റ്റിലേക്ക്. ഏതായാലും കേരളത്തിൽ ഒരിടത്ത് ഇനി അങ്ങനെ ഭക്ഷണം കളയൽ നടക്കില്ല. ജീവനക്കാർ ഉച്ചഭക്ഷണം പാഴാക്കിയാൽ 100 രൂപ പിഴ ഈടാക്കാൻ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത് വടക്കാഞ്ചേരി നഗരസഭയാണ്. ഉത്തരവു നടപ്പാക്കാൻ നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.ജയകുമാറിനെ ചുമതലപ്പെടുത്തി. ഭക്ഷണശേഷം അവശേഷിക്കുന്ന മീൻമുള്ള്, എല്ല്, കറിവേപ്പില, മുരിങ്ങക്കായ ചണ്ടി തുടങ്ങിയവയും അതുപോലുള്ളവയും മാത്രമേ ഇനി വേസ്റ്റ് ബിന്നിൽ ഇടാൻ പറ്റൂ. ഏറ്റവും കൂടുതൽ വേസ്റ്റ് ആക്കുന്നത് ചോറാണ്. ഇനി രക്ഷയില്ല, ഒന്നുകിൽ മൊത്തം കഴിക്കുക, അല്ലെങ്കിൽ പൊതിഞ്ഞു കെട്ടി തിരിച്ചു കൊണ്ടുപോവുക, അതുമല്ലെങ്കിൽ ആവശ്യമായ അത്രയും മാത്രം കൊണ്ടു ചെല്ലുക.
ഏതായാലും ഈ വിഷു ദിനത്തിൽ ഇങ്ങനെയൊരു വാർത്ത വളരെ പ്രതീക്ഷയുള്ളതാണ്. ഓരോ വീടും പാഴാക്കുന്നത് ഉപയോഗിക്കുന്നതിനു തുല്യം ഭക്ഷണമാണ്. ആവശ്യമില്ലെങ്കിലും വാങ്ങിക്കൂട്ടുന്ന പലഹാരങ്ങൾ, ബിസ്ക്കറ്റുകൾ ഒക്കെ ഇരുന്നു പഴകി വേസ്റ്റ് ബിന്നിലെത്തുന്നതാണ് പതിവ്. മാറ്റം നല്ലതിനാണ്. ജനങ്ങളും ഈ സന്ദേശം നല്ല അർത്ഥത്തിൽ സ്വീകരിക്കട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക