Image

കത്തുന്ന ചൂടിൽ കുറ്റാലത്തേക്കൊരു യാത്ര (ദുർഗ മനോജ് )

Published on 16 April, 2023
കത്തുന്ന ചൂടിൽ കുറ്റാലത്തേക്കൊരു യാത്ര (ദുർഗ മനോജ് )

ഉഷ്ണം ഉഷ്ണേന ശാന്തി എന്ന ആപ്തവാക്യം പരിഗണിച്ചാണ് വിഷു അവധിയിൽ കത്തിരിവെയിലിൽ കത്തുന്ന തമിഴ് നാട്ടിലേക്ക് യാത്ര പോകാം എന്നു തീരുമാനിച്ചത്. മഴക്കാലത്ത് ഹീറോകളായ കുറ്റാലം ഫാൾസും, ഫൈവ് ഫാൾസും ഒക്കെ വേനൽക്കാലത്ത് എന്തു പറയുന്നു എന്നും അറിയണമല്ലോ. അപ്പോൾ പിന്നെ വണ്ടി, വീട്ടിൽ നിന്നും വെറും നൂറ്റിപ്പത്ത് കിലോമീറ്റർ മാത്രം അകലെയുള്ള തെങ്കാശിയിലേക്കു പുറപ്പെടാൻ അമാന്തിക്കേണ്ടല്ലോ. കണിയും കണ്ട്,  പുറപ്പെട്ട് ഇറങ്ങിയപ്പോൾ മണി പതിനൊന്ന്, കുളത്തൂപ്പുഴ എത്തുംമുൻപ് ഒരു നാടൻ ഊണും തരപ്പെടുത്തി ആര്യങ്കാവും കടന്ന് നേരെ തെങ്കാശിയിലേക്ക്.


പൊടിയണിഞ്ഞ് ഗ്രാമങ്ങൾ, പൊടിപറപ്പിച്ച് യാത്രയും, വഴിയരികിലെ തണ്ണീർത്തടങ്ങളിൽ അവശേഷിക്കുന്ന വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പോത്തുകളും, കുറച്ചു മാറി അവരെ അനുകരിച്ച് വെള്ളത്തിൽ നീന്തിക്കളിക്കുന്ന നായ്ക്കൂട്ടവും ചേരുമ്പോൾ ഏതൊണ്ടൊരു ധാരണ ചൂടിനെക്കുറിച്ച് കിട്ടി. കുറ്റാലത്ത് എത്തുമ്പോൾ മണി മൂന്നര. ആദ്യം ഫൈവ് ഫാൾസ്. അങ്ങോട്ടുള്ള വഴി യുടെ ഇരുവശവും നിറയെ ഹോം സ്റ്റേകളും റിസോർട്ടുകളുമാണ്. പക്ഷേ, ഒരു പ്രേത ഗ്രാമം പോലെ എല്ലാം അടഞ്ഞുകിടക്കുന്നു. ഒരു കാലത്ത് സഞ്ചാരികളുടെ പറുദീസയായിരുന്നു ഇവിടെ എന്നോർമ്മിപ്പിക്കാൻ വേണ്ടി മാത്രം കുറേ റിസോർട്ടുകൾ. ബോട്ട് ക്ലബ് ഉണ്ട്. ബോട്ടുകൾ കരയിൽ വിശ്രമത്തിൽ. ബോട്ട് ഓടേണ്ട ചെറു തടാകത്തിൽ നിറയെ ഉണക്കപ്പുല്ല്!അതിൻ്റെ കരയിൽ ഗതകാല പ്രതാപം വിളിച്ചോതി രണ്ടു വലിയ ജിറാഫുകളുടെ പ്രതിമകൾ!
വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്തുമ്പോൾ ആളനക്കമുണ്ട്. ഒരു അഞ്ചാറ് കാറുകൾ, അതിൽ നിന്നും കുളിക്കാനുള്ള തയ്യാറെടുപ്പുകളോടെ ആളുകൾ, ഇടക്കു വന്ന അയ്യപ്പന്മാരുടെ വണ്ടി, ടോട്ടൽ കളറു മാറ്റി. മൊത്തത്തിലൊരു ഓളമായി.


ആവേശത്തോടെ വെള്ളച്ചാട്ടത്തിനരികിലേക്ക്. അടുത്തുചെന്നപ്പോൾ കണ്ടു നാലു ദുർബല നീർച്ചാലുകളും, ന്നാലും കുളിച്ചിച്ചേ ഞങ്ങൾ പോകൂ എന്ന മട്ടിൽ കുറേ മനുഷ്യരും.
എന്തിൻ്റെ കേടായിരുന്നു എന്ന ചോദ്യം ആദ്യമേ നിരോധിച്ചതായതു കൊണ്ട് തൊട്ടടുത്തു വന്നിരുന്ന് ഇളിച്ചു കാണിച്ച കുരങ്ങനേ നോക്കി ഞാനൊന്നു ചിരിച്ചു. അവനാവഴി എങ്ങോട്ടേക്കോ പുറപ്പെട്ടു പോയി.
പക്ഷേ, ദോഷം പറയരുത് നല്ല അസ്സല് പനം നൊങ്ക് കിട്ടി. ആഹാ എന്തൊരു സുഖം! അത് ഉള്ളും മനസ്സും തണുപ്പിച്ചു. പിന്നെ കിട്ടി നല്ല ചുവപ്പൻ ആപ്പിൾ ചാമ്പ, കിലോ മാങ്ങ എന്ന വലിയ ഒരു കിലോ തൂക്കം വരുന്ന മാങ്ങ, പല നിറത്തിലുള്ള മാങ്ങാക്കാഴ്ചകൾ. അത് പോതും. അമ്പേ നിരാശപ്പെടുത്തിയില്ല എന്നു സമാധാനിക്കാം. അടുത്തത്
കുറ്റാലം മെയിൻ ഫാൾസ്. അങ്ങോട്ടു പോകും വഴി വെള്ളച്ചാട്ടം എന്ന ചിന്ത തന്നെ മാറ്റി വെച്ചു. കുറ്റാലത്തപ്പൻ പ്രതാപം നശിച്ച് ആശയറ്റവനെപ്പോലെ നിലകൊള്ളുന്നു. ദുർബലമായ നീർച്ചാലിനു മുകളിൽ കുരങ്ങന്മാർ ചാടിക്കളിക്കുന്നു. അതിനു കീഴിലും ചിലർ കുളിക്കാൻ തയ്യാറെടുക്കുന്നു.
ആളൊഴിഞ്ഞ കുറ്റാലം മനസ്സിൽ നിരാശ പടർത്തി. നിരാശയേക്കാൾ നഷ്ടപ്രതാപത്തിൻ്റെ തിരുശേഷിപ്പ് പോലെ ഒരു പട്ടണം, ജീവിതത്തിൻ്റെ നേർ ചിത്രം പോലെ.
തുടർന്ന് തെങ്കാശിയിലെ അരുൾമിഗു തെങ്കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക്.
കാണാനേറെയുണ്ടിവിടെ. തിക്കില്ലതിരക്കില്ല, ഏറെക്കുറെ വിജനം. കാശീ വിശ്വനാഥനെ ഒരു നോക്കു കണ്ടതിൽപ്പിന്നെ, ഇങ്ങ് തെക്ക് മറ്റൊരു മഹാദേവനെ വണങ്ങുമ്പോൾ ഗർഭഗൃഹത്തിൻ്റെ തണുപ്പും ചൈതന്യവും തിരിച്ചറിയാനാകുന്നു. വിശാലമായ അമ്പലം മുഴുവനും ചുറ്റി നടന്നു കണ്ടു. പരാക്രമ പാണ്ഡ്യൻ ആയിരത്തി മുന്നൂറാം ആണ്ടിൽ പണിതതാണ് ഈ മഹാക്ഷേത്രം. എന്നാൽ
ആയിരത്തി അഞ്ഞൂറാം ആണ്ടിൽ ആ ക്ഷേത്രഗോപുരം രണ്ടായി പിളർന്നു പോയിരുന്നു.1518 ൽ അതു വീണ്ടും പണി തീർത്ത് എടുക്കുകയായിരുന്നു. ഗർഭഗൃഹത്തിനു പുറത്ത് അറുപത്തിനാല് നായന്മാർ പ്രാർത്ഥനയോടെ നിൽപ്പുണ്ട്. ഒരു രാവണ കോട്ട പോലെ ധാരാളം ഉപ ക്ഷേത്രങ്ങളുമായി തെങ്കാശിനാഥൻ നിലകൊള്ളുന്നു. രാത്രി പെയ്ത ചാറ്റൽ മഴയിൽ തണുത്ത് തിരിച്ചു മടങ്ങുമ്പോൾ ചിന്തിച്ചത് ഇതാണ്, ചില ജനപഥങ്ങൾ ഉദയം ചെയ്യുമ്പോൾ മറ്റു ചിലത് അവസാനിക്കുന്നു. ജനനവും മരണവുപോലെ.

#kuttalam_travel

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക