Image

CC 8/AD 36   36  ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-20: സലിം ജേക്കബ്)

Published on 16 April, 2023
CC 8/AD 36   36  ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-20: സലിം ജേക്കബ്)

വിചാരണ കഴിഞ്ഞ് വാദം തുടങ്ങുന്ന ദിനമായിരുന്നു അന്ന്. ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസറുടെ വിചാരണയും ഇതിനുമുമ്പായി നടന്നിരുന്നു. അഡ്വ. രാമന്‍മേനോന്‍ ഉയര്‍ത്തിയ പല ചോദ്യങ്ങള്‍ക്കും ഹോംസിന് തൃപ്തികരമായ മറുപടി പറയാന്‍ കഴിഞ്ഞിരുന്നില്ല. അതില്‍ ഏറ്റവും പ്രധാനം കേസിലെ പ്രധാന സാക്ഷിയും യേശുവിന്റെ അരുമശിഷ്യനെന്ന് അവകാശപ്പെടുന്നവനുമായ യോഹന്നാന്റെ മഹാപുരോഹിതന്മാരുമായുള്ള ബന്ധം ആയിരുന്നു. മറ്റെല്ലാ ശിഷ്യരും പ്രാണഭീതിയാല്‍ ചിതറിപ്പോയ ആ രാത്രി യോഹന്നാന്‍ മാത്രം കയ്യഫാസിന്റെ അരികില്‍ എത്തി. മാത്രമല്ല, തന്റെ സ്വാധീനം ഉപയോഗിച്ച് പത്രോസിനെ സേവകരുടെ അടുക്കല്‍ നിന്നും രക്ഷിച്ച് വീടിനുള്ളിലേയ്ക്ക്‌കൊണ്ടുപോവുകയും ചെയ്തു. യോഹന്നാനും മഹാപുരോഹിതന്മാരും തമ്മിലുള്ള അവിശുദ്ധബന്ധത്തെയാണ് ഈ പ്രവൃത്തി തെളിയിക്കുന്നതെന്ന വാദത്തെ ഖണ്ഡിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞിരുന്നില്ല.

    കനത്ത പോലീസ് ബന്തവസാല്‍ ചുറ്റപ്പെട്ട കോടതിയില്‍ കൃത്യം 11 മണിക്ക് തന്നെ കാശാ സിറിയന്‍ തന്റെ വാദം ആരംഭിച്ചു. യേശുവിന്റെ ശിഷ്യന്മാര്‍ പറഞ്ഞതുപോലെ, കുറ്റം ചെയ്തത് ജൂദാസാണെന്നും പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണമെന്നും അപേക്ഷിച്ചുകൊണ്ട് അദ്ദേഹം തന്റെ വാദം അവസാനിപ്പിച്ചു. 

    അഡ്വ. രാമന്‍ മേനോനാകട്ടെ ഈ കേസിന്റെ അന്വേഷണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് വാദം ആരംഭിച്ചത്. അതില്‍ പ്രധാനം പ്രേരണയുടെ അഭാവം ആയിരുന്നു. യേശുവിന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് പ്രതിയായിരുന്ന ജൂദാസ് ആണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലായിരുന്നു. സാക്ഷി മൊഴികള്‍ പ്രകാരം ദിവസവും നല്ലൊരു തുക സംഭാവനയായി അവര്‍ക്കു ലഭിച്ചിരുന്നു. ഒന്നും അഞ്ചും സാക്ഷി മൊഴികള്‍ പ്രകാരം സ്വച്ഛജടാതൈലം വിറ്റിരുന്നുവെങ്കില്‍ 300 വെള്ളിക്കാശു വരെ ലഭിക്കുമായിരുന്നു. ആ നിലയ്ക്ക് വെറും 30 വെള്ളിക്കാശിന് വേണ്ടി ജൂദാസ് തന്റെ ഗുരുവിനെ ഒറ്റി എന്നു പറയുന്നത് സാമാന്യ യുക്തിക്ക് നിരക്കാത്തതാണ്. ജൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തു എന്ന് മറ്റെല്ലാ സാക്ഷികളും പറയുന്നത് അയാള്‍ അങ്ങനെ ചെയ്യും എന്ന് യേശു യോഹന്നാനോട് പറഞ്ഞ വാക്കുകള്‍ വിശ്വസിച്ചിട്ടാണ്. എന്നാല്‍, യേശു അങ്ങനെ പറഞ്ഞു എന്നതിന് യോഹന്നാന്‍ മാത്രമാണ് സാക്ഷി. അത് തെളിയിക്കാനോ സാധൂകരിക്കാനോ ഒരു തെളിവും പ്രോസിക്യൂട്ടര്‍ ഹാജരാക്കിയിട്ടില്ല. യോഹന്നാന്‍ തന്റെ സ്വാര്‍ത്ഥ താല്പര്യത്തിന് യേശു അങ്ങനെ പറഞ്ഞു എന്ന് വ്യാജം പറഞ്ഞതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

    യേശുവും ശിഷ്യന്മാരും ദിവസവും നഗരത്തിന്റെ പലഭാഗങ്ങളിലും ചെന്ന് പ്രവചനങ്ങളും യോഗങ്ങളും നടത്തിയിരുന്നു. ദേവാലയങ്ങളില്‍ പോവുകയും പുരോഹിതന്മാരുമായി വാഗ്വാദങ്ങളിലേര്‍പ്പെടുകയും പതിവായിരുന്നു. അങ്ങനെയുള്ള യേശുവിനെ നഗരവാസികള്‍ക്കും പുരോഹിതവൃന്ദത്തിനും തീര്‍ച്ചയായും തിരിച്ചറിയാന്‍ കഴിയും. വസ്തുത ഇതായിരിക്കെ, യേശുവിനെ കാണിച്ചുകൊടുക്കേണ്ട ആവശ്യകത ഉത്ഭവിക്കുന്നതേയില്ല. നാലാമതായി യേശുവും ശിഷ്യന്മാരും കൂടിയിരുന്ന ഒലിവ് മല ഏവര്‍ക്കും പരിചിതമായിരുന്നു. ഒന്നാംസാക്ഷിയുടെ മൊഴിപ്രകാരം എല്ലാദിവസവും അവിടെ അവര്‍ സന്ധിച്ചിരുന്നു. കൃത്യം നടന്ന അന്ന് യേശുവും മറ്റ് ശിഷ്യന്മാരും ഒലിവ് മലയിലേക്കു പോയപ്പോള്‍ യോഹന്നാനും പത്രോസും പട്ടണത്തിലേക്കാണ് പോയത്. അവിടെ അവര്‍ എന്താണ് ചെയ്തിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിട്ടില്ല.

    ജൂദാസ് മഹാപുരോഹിതന്മാരെ കണ്ട് 30 വെള്ളിക്കാശിനു യേശുവിനെ ഒറ്റുകൊടുക്കാം എന്ന് ഗൂഢാലോചന നടത്തി എന്ന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. മാത്രവുമല്ല, കേസ് വിസ്താരത്തില്‍ മറ്റുള്ള ശിഷ്യന്മാരെല്ലാം പറഞ്ഞത് ജൂദാസാണ് യേശുവിനെ ഒറ്റുകൊടുത്തതെന്ന കാര്യം തങ്ങള്‍ അറിഞ്ഞത് യേശുവിനെ ബന്ധിച്ചതിനുശേഷം യോഹന്നാനില്‍ നിന്നാണ് എന്നാണ്.

    ഒന്നാം സാക്ഷിയായ യോഹന്നാന്‍ സമ്മതിച്ചതുപോലെ അദ്ദേഹം മഹാപുരോഹിതന്മാരുമായി സൗഹൃദത്തിലായിരുന്നു. എന്നിട്ടും മഹാപുരോഹിതന്മാര്‍ യോഹന്നാനെ ഒഴിവാക്കി ജൂദാസുമായി സഖ്യം ചേര്‍ന്നു എന്ന വസ്തുതയും വിശ്വസനീയമല്ല. മറിച്ച് ഈ വസ്തുത യോഹന്നാന് അറിവുണ്ടായിരുന്നു എങ്കില്‍ യേശുവിനെ എന്തുകൊണ്ട് രക്ഷിക്കാന്‍ ശ്രമിച്ചില്ല എന്ന ചോദ്യം സ്വാഭാവികമാണ്. ഇതെല്ലാം വെളിപ്പെടുത്തുന്നത് ജൂദാസാണ് യേശുവിനെ ഒറ്റിക്കൊടുത്തതെന്ന് വരുത്തിതീര്‍ക്കുവാനുള്ള ചിലരുടെ താല്പര്യത്തെയാണ്. മറ്റുള്ളവര്‍ അതില്‍ അറിയാതെ ഭാഗഭാക്കായിത്തീര്‍ന്ന നിഷ്‌ക്കളങ്കരാണ്. തന്റെ വാദം ഒരു നിമിഷം നിര്‍ത്തിയതിനുശേഷം മേനോന്‍ വീണ്ടും തുടര്‍ന്നു. ജൂദാസിന്റെ കയ്യില്‍ നിന്നും ലഭിച്ചു എന്ന് ആരോപിക്കപ്പെടുന്ന 30 വെള്ളിക്കാശ് അവര്‍ക്ക് സംഭാവനയായി ലഭിച്ച പണമായിരിക്കാം. ജൂദാസ് ആയിരുന്നല്ലോ സംഘത്തിന്റെ ഖജാന്‍ജി.

    ജൂദാസിനെ സംരക്ഷിക്കാനായി ഇത്രയും കാര്യങ്ങള്‍ പറഞ്ഞതിനുശേഷം മേനോന്‍ കേസിന്റെ ഇനിയും അന്വേഷിച്ചിട്ടില്ലാത്ത സാധ്യതകളിലേക്കു കടന്നു. അതില്‍ പ്രധാനപ്പെട്ടത് യേശുവിന്റെ ശത്രുക്കളായിരുന്ന മഹാപുരോഹിതന്മാരുമായി യോഹന്നാന് ഉള്ള ബന്ധം ആയിരുന്നു. അതേക്കുറിച്ച് യാതൊരു അന്വേഷണവും നടത്തിയതായി കാണുന്നില്ല. മേനോന്റെ വാദം ആ ദിശയിലേക്കു നീങ്ങി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക