Image

വന്ദേഭാരത്, ജനശദാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് നേരത്തേ ലക്ഷ്യം കണ്ടു; പക്ഷേ, ആരാധകര്‍ അല്പം ഓവര്‍ ആവേശത്തിലല്ലേ? (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 17 April, 2023
വന്ദേഭാരത്, ജനശദാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് നേരത്തേ ലക്ഷ്യം കണ്ടു; പക്ഷേ, ആരാധകര്‍ അല്പം ഓവര്‍ ആവേശത്തിലല്ലേ? (ദുര്‍ഗ മനോജ് )

അങ്ങനെ തിരുവനന്തപുരത്തു നിന്നും കണ്ണൂരേക്ക് ഏഴു മണിക്കൂര്‍ പത്തു മിനിറ്റുകൊണ്ട് ഓടിയെത്തിയിരിക്കുന്നു. അതു ഗംഭീരം! ഒന്നുകില്‍ ഒരു രാത്രി നീണ്ട യാത്ര, അല്ലെങ്കില്‍ ഏതാണ്ട് പത്തു മണിക്കൂര്‍ നീളുന്ന പകല്‍ യാത്ര, രണ്ടായാലും മുഷിപ്പാണ്. ആ മുഷിപ്പില്‍ രണ്ടര മണിക്കൂര്‍ കുറഞ്ഞു കിട്ടുന്നത് അത്ര ചെറിയ കാര്യമല്ല. കിട്ടില്ലാ എന്ന് കേന്ദ്രം പറഞ്ഞതായി സംസ്ഥാന മന്ത്രി തന്നെ ഉറപ്പിച്ച വന്ദേഭാരത് കേരളത്തിനും കിട്ടുമ്പോള്‍ നമ്മളെ വെറും മോശക്കാരാക്കിയില്ലല്ലോ എന്നു സമാധാനിക്കാന്‍ പറ്റുന്നുണ്ട്. റെയില്‍വേ ബജറ്റ് അവതരണത്തില്‍ പശ്ചിമഘട്ടത്തിനു പടിഞ്ഞാറ് കേരളമെന്നൊരു നാടില്ലെന്ന മട്ടിലാണല്ലോ എല്ലാ റെയില്‍വേ മന്ത്രിമാരുടേയും നിലപാട്. കേരളത്തിനു മാത്രമായി ട്രെയിന്‍ അനുവദിക്കാന്‍ എന്താ ഒരു പ്രയാസം. ചോദിച്ചു നാണം കെടുന്നത് ഒരു പതിവാണല്ലോ. അപ്പോ പെട്ടെന്ന് ഒരു അത്ഭുതം പോലെ ഒരു അതിവേഗ ട്രെയിന്‍ വന്നാല്‍ അതു സന്തോഷമല്ലാതെ എന്ത്?

പക്ഷേ, അതിന്റെ പേരില്‍ മാധ്യമങ്ങളുടെ തത്സമയ പ്രക്ഷേപണവും, ലോക്കോ പൈലറ്റിനെ ലഡു തീറ്റിക്കാന്‍ മത്സരിക്കുന്നതും ഇത്രയ്ക്കങ്ങോട്ടു വേണോ എന്നതാണ് ചോദ്യം. കേരളത്തെ തെക്കുവടക്കു ബന്ധിപ്പിക്കാന്‍ മൂന്ന് രാത്രി വണ്ടികളാണ് നിലവില്‍ ഓടുന്നത്. ഒരു മാസം മുന്നേ പ്ലാന്‍ ചെയ്യാതെ ഈ ട്രെയിനുകളില്‍ സീറ്റ് കിട്ടില്ല എന്നതാണ് അവസ്ഥ. ഇനി വീക്ക് എന്‍ഡുകളിലെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. ചുരുങ്ങിയ പക്ഷം, ഒരു വണ്ടി കൂടി ഒഴിവു ദിവസങ്ങള്‍ കണക്കാക്കി ഓടിച്ചാല്‍ അത് ചെറിയ സഹായമാകില്ല. ഇന്നും കാസര്‍ഗോഡുള്ള രോഗി പോലും തിരുവനന്തപുരത്ത് ആര്‍സിസിയില്‍ വരേണ്ടത്ര പുരോഗതിയേ ആരോഗ്യരംഗത്ത് നമ്മള്‍ കൈവരിച്ചിട്ടുള്ളൂ എന്നു മറക്കരുത്. അതു കൊണ്ട് ആവേശക്കമ്മറ്റിക്കാര്‍ പിരിഞ്ഞു പോകും മുമ്പ് അതുകൂടി ഒന്ന് റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുക. ശനിയാഴ്ചയും ഞായറാഴ്ചയും ഓരോ ട്രെയിന്‍ അനുവദിപ്പിക്കാന്‍ സാധിക്കുമോ?കേരളത്തിലെ യാത്രാപ്രശ്‌നം അത്രകണ്ട് പരിഹരിക്കപ്പെടും. വന്ദേ ഭാരത് ഓടട്ടെ, അത്യാവശ്യക്കാര്‍ക്ക് അത് വലിയ ഉപകാരമാണ്. എയര്‍പോര്‍ട്ടിലെ കാത്തിരിപ്പും, പിന്നെ ചെന്നിറങ്ങിയാല്‍ നഗരത്തിലേക്ക് എത്താന്‍ വേണ്ട യാത്രയും ഫൈറ്റ് ചാര്‍ജും കണക്കാക്കിയാല്‍ ലാഭം വന്ദേ ഭാരത് തന്നെയാണ്. പക്ഷേ, കൂട്ടത്തില്‍ ചില ജനോപകര ട്രെയിനുകള്‍ കൂടി വന്നാല്‍ മലയാളികള്‍ക്കല്പം ടെന്‍ഷന്‍ ഫ്രീ ആയി യാത്ര ചെയ്യാം.

 

Join WhatsApp News
david 2023-04-17 15:57:40
മാഡം , കഷ്ട്ടം തോനിന് TVM TO കണ്ണൂർ 7 മണിക്കൂർ ഇടത്തും എന്ന് പറ യുമ്പോൾ ടിക്കറ്റ് ചാർജ് 2530 R S ...ഫ്ലൈറ്റ് ഒരു മണിക്കൂറ് 2837 R S ...കെ റയിൽ വന്നാൽ 1430 R S ..3 മണിക്കൂർ ...തലയിൽ ചാണകം കയറിയാൽ എങ്ങനാ തള്ളി കൂട്ടും ...മാഡം മെട്രോ മാൻ തല മൂത്ത ശ്രീധരൻ പറ ഘത് വന്ദഭാരത് വെയ്സ്റ്റ് ....നാട്ടിൽ പോയി 840 വളവു നിര്ത്തു ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക