Image

അറൈവല്‍ ഓഫ് എ ട്രെയിന്‍-(ഏബ്രഹം തോമസ്)

ഏബ്രഹം തോമസ് Published on 18 April, 2023
അറൈവല്‍ ഓഫ് എ ട്രെയിന്‍-(ഏബ്രഹം തോമസ്)

ഒരു പുതിയ ട്രെയിന്‍ കേരളത്തിലോടുന്നത് പകര്‍ത്താന്‍ ചാനല്‍ ക്യാമറാമാന്മാര്‍ ജീവന്‍ പണയം വച്ച് പാളങ്ങളിലൂടെ തലങ്ങും വിലങ്ങും ഓടുന്നത് കണ്ടപ്പോള്‍ ഒരു ആദ്യ നിശ്ശബ്ദ ചലച്ചിത്രവും ട്രെയിനുമായുള്ള ബന്ധം മനസ്സില്‍കൂടി കടന്നുപോയി.


1896 ജൂലൈ 6നാണ് ബോംബെയിലെ കാലഘോടയ്ക്കടുത്ത് ആറ് ലഘുചിത്രങ്ങളുടെ പ്രദര്‍ശനം ആദ്യമായി നടന്നത്. കഷ്ടിച്ച് പത്ത് മിനിറ്റു മാത്രം ദൈര്‍ഘ്യമുണ്ടായിരുന്നു ഓരോ ചിത്രത്തിനും. ഇന്നത്തെ പോലെ ഒരു സെക്കന്റില്‍ 14 ഫ്രെയിം ഓടിയിരുന്നില്ല. 12 ഫ്രെയിം മാത്രമാണ് ഒരു സെക്കന്റില്‍ ഓടിയിരുന്നത്. അതിനാല്‍ ഫ്രെയിമുകള്‍ ഇന്നത്തെക്കാള്‍ വേഗത്തില്‍ മിന്നിമറഞ്ഞു.
ലഘുചലച്ചിത്രങ്ങള്‍ക്ക് വിഷയം ആവശ്യമായിരുന്നു. അങ്ങനെയാണ് ഒരു ട്രെയിന്‍ ഒരു സ്റ്റേഷനില്‍ വന്നു നില്‍ക്കുന്നതും അതിലെ യാത്രക്കാര്‍ ഇറങ്ങിപലവഴിക്ക് പോകുന്നതും ഒരു ലഘു ചലച്ചിത്രത്തിന്റെ വിഷയമായത്. ശബ്ദമില്ലാത്ത ചലിക്കുന്ന ചിത്രങ്ങള്‍ മാത്രം ആയതിനാല്‍ ഡയലോഗ് പ്ലേറ്റുകളും ഓവര്‍ ഹെഡ് ഓഡിയോകളും ഉപയോഗിച്ചു. ഇന്ത്യയില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങിയിട്ട് അധികനാള്‍ ആകുന്നതിന് മുമ്പ് ഒരു ലഘുചലച്ചിത്രത്തില്‍ അത് വിഷയമായപ്പോള്‍ രണ്ട് പുതുമകള്‍ ഒന്ന് ചേര്‍ന്നു-ട്രെയിനും ചലച്ചിത്രവും.

പേറ്റന്റഡ് ആയ ഒരു പ്രോസസായിട്ടാണ് സിനിമാട്രോഗ്രാഫ്' പുറത്തിറങ്ങിയത്. എഡിസന്റെ യന്ത്രത്തില്‍ മാറ്റങ്ങള്‍ വരുത്തി തങ്ങളുടേതായ പാര്‍ട്ടുകള്‍ ചേര്‍ത്ത്, പില്‍ക്കാലത്ത് ലൂമിയര്‍ ബ്രദേഴ്‌സ് എന്നറിയപ്പെട്ട ലൂയിയും അഗസ്റ്റയും അന്നേ ചലച്ചിത്രങ്ങള്‍ക്ക് ഇന്ത്യ ഒരു വലിയ വിപണി ആയിരിക്കുമെന്ന് നിശ്ചയിച്ച് വിദേശമാര്‍ക്കറ്റുകളില്‍ ജനപ്രിയത നേടി കഷ്ടിച്ച് ഒരു വര്‍ഷമാകും മുമ്പ് ഈ ലഘുചിത്രങ്ങള്‍ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്.

കാലാ ഘോഡയ്ക്കും മ്യൂസിയത്തിനും സമീപമുള്ള വാട്‌സണ്‍ ഹോട്ടലില്‍ നടന്ന പ്രദര്‍ശനങ്ങളില്‍ 'എന്‍ട്രി ഓഫ് സിനിമാട്ടോഗ്രാഫ്,' അറൈവല്‍ ഓഫ് എ ട്രെയിന്‍',  ദ സീ ബാത്ത്, എഡിമോളിഷന്‍, വര്‍ക്കേഴ്‌സ് ലീവിംഗ് ദ ഫാക്ടറി, ലേഡീസ് ആന്റ് സോള്‍ജിയേഴ്്‌സ് ഓണ്‍ വീല്‍സ്' എന്നീ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യ പ്രേക്ഷകര്‍ ഹോട്ടലില്‍ താമസിച്ചിരുന്നവരും ക്ഷണിക്കപ്പെട്ട അതിഥികളുമാണ് ഉണ്ടായിരുന്നത്. ടിക്കറ്റ് ചാര്‍ജ്ജ് ഒരു രൂപ ആയിരുന്നു. ആദ്യപ്രദര്‍ശനങ്ങള്‍ തുടര്‍ന്ന 35 ദിവസവും ചിത്രങ്ങള്‍ കാണാന്‍ ആരാധകരുടെ വലിയ തിക്കും തിരക്കും ഉണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക