Image

ബൈബിള്‍ ഹീബ്രൂ മൂലഗ്രന്ഥം ഓക്ഷന് മുമ്പ് ഡാലസില്‍ പ്രദര്‍ശനത്തില്‍(എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 19 April, 2023
ബൈബിള്‍ ഹീബ്രൂ മൂലഗ്രന്ഥം ഓക്ഷന് മുമ്പ് ഡാലസില്‍ പ്രദര്‍ശനത്തില്‍(എബ്രഹാം തോമസ്)

ഡാലസ്: ഏറ്റവും ആദ്യത്തേതും ഏറ്റവും സമ്പൂര്‍ണ്ണവും എന്ന് കരുതപ്പെടുന്ന ഹീബ്രൂ ബൈബിള്‍ അടുത്തയാഴ്ച ഓക്ഷനില്‍ പോകുമ്പോള്‍ അത് ഏറ്റവും വിലയേറിയ ചരിത്രരേഖയായി മാറും. ന്യൂയോര്‍ക്കില്‍ നടക്കുന്ന ലേലത്തിന് മുമ്പായി ലണ്ടന്‍, ടെല്‍ അവീവ്, ലോസ് ആഞ്ചലസ് എന്നീ നഗരങ്ങളില്‍ ഗ്രന്ഥം പ്രദര്‍ശിപ്പിച്ചിരുന്നു. ഡാലസിലെ സതേണ്‍ മെതേഡിസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ബ്രിഡ് വെല്‍ ലൈബ്രറിയില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ നടന്നു വരുന്ന പ്രദര്‍ശനമാണ് ഓക്ഷന് മുമ്പുള്ള അവസാനത്തെ എക്‌സിബിഷന്‍.

അതിന്റെ വിഖ്യാത ഉടമസ്ഥന്‍ ആയിരുന്ന കോഡക്‌സ് സ്സൂണിന്റെ പേരില്‍ അറിയപ്പെടുന്ന ഈ പത്താം നൂറ്റാണ്ടിലെ ഗ്രന്ഥം അതിന്റെ നൂറ്റാണ്ടുകളായുള്ള ലോകപ്രിയത മൂലം പ്രസിദ്ധമാണ്. ഇന്ന് ബുക്ക് സ്റ്റോറുകളില്‍ ലഭിക്കുന്ന പഴയ നിയമവേദ പുസ്തകത്തിന്റെ ഉറവിടം ഇതാണ്.

24 പുസ്തകങ്ങളുള്ള ഈ ഹീബ്രൂ ബൈബിളിലെ യെശ്ശയ്യയുടെ പുസ്തകം അതിന്റെ പൂര്‍ണ്ണതയിലും വിശ്വാസങ്ങളിലും ഉത്തമ ദൃഷ്ടാന്തമാണ്. ഈ പുസ്തകം ക്യൂമറന്‍ കേവ്‌സ് ഓഫ് ദ ജൂഡെയ്ന്‍ ഡെസര്‍ട്ടില്‍ കണ്ടെത്തിയ 2,100 വര്‍ഷം പഴക്കമുള്ള ഗ്രേറ്റ് ഐശയ്യസ്‌ക്രോള്‍സില്‍ ഉള്ളത് പോലെ, 1,100 വര്‍ഷം  പഴക്കമുള്ള കോഡക്‌സ് സസൂണ്‍ എഡിഷന്‍, പില്‍ക്കാലത്ത് പ്രസിദ്ധീകരിച്ചിട്ടുള്ള പതിപ്പുകള്‍ എന്നിവയുടെ മൂലഗ്രന്ഥമാണെന്ന് പറയാം.

കോഡക്‌സ് സസൂണ്‍ പുതിയ ശാസ്ത്ര, സാങ്കേതിക നേട്ടങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. ആദ്യകാല ഹീബ്രു ബൈബിള്‍ എഴുതിയത് വ്യഞ്ജന ശബ്ദമുള്ള അക്ഷരങ്ങള്‍(കണ്‍സൊനന്‍സ്) മാത്രം ഉപയോഗിച്ചായിരുന്നു. മധ്യകാല ഘട്ടത്തിലെ എഴുത്തുകാര്‍ (മാസൊറീറ്റസ് എന്നറിയപ്പെടുന്നവര്‍) ആദ്യമായി സ്വരസംബന്ധിയായ അക്ഷരങ്ങള്‍(നിക്വിഡ്) ഡോട്ട്മാര്‍ക്കുകള്‍ ഉപയോഗിച്ച് കൃത്യമായ ഉച്ചാരണം മൂലപാഠങ്ങള്‍ക്ക് നല്‍കി.

ഹൂബ്രു പതിപ്പ് വായിക്കാതെ തന്നെ കോഡക്‌സ് കാണുന്നവര്‍ക്ക് ചെറിയ, സൂക്ഷ്മമായ കുത്തുകളും, ഡാഷുകളും(നിക്വിഡിന്റെ) മറ്റ് കുറിപ്പുകളോട് ചേര്‍ത്ത് മൂലപാഠം(മസോറ) മനസിലാക്കാന്‍ കഴിയും. മറ്റു കുറിപ്പുകള്‍ വ്യത്യസ്തമായ സ്‌പെല്ലിംഗുകള്‍, വ്യത്യസ്തമായ സ്ഥലങ്ങള്‍ എന്നിവ വായനക്കാരന് മനസ്സിലാക്കിത്തരും. ഇത്  ഗ്രന്ഥകാരന്മാരുടെ അറിവിനും അവര്‍ സ്വീകരിച്ച അതീവ സൂക്ഷമതയ്ക്കും സാക്ഷ്യം വഹിക്കുന്നു.

നൂറു കണക്കിന് കൈയെഴുത്തുപ്രതികള്‍ മാസോറേറ്റ്‌സ് സൃഷ്ടിച്ചു. എന്നാല്‍ ആറെണ്ണം മാത്രമേ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂ. ഇവയില്‍ അഞ്ചെണ്ണം വിവിധ സ്ഥാപനങ്ങളുടെ കൈവശമാണ്. ശേഷിച്ച ആറാമത്തെ മാനുസ്‌ക്രിപ്റ്റാണ് ഇപ്പോള്‍ ലേലത്തില്‍ പോകുന്നത്.

ഗ്രന്ഥത്തിന് ആറിഞ്ച് ഘനം, 25 പൗണ്ട് ഭാരം, എഴുതപ്പെട്ടത് നൂറോ അതില്‍ അധികമോ മൃഗങ്ങളുടെ ഷീപ് സ്‌കിന്‍ പാര്‍ച്ച്‌മെന്റില്‍ നിന്നെടുത്ത 400 പേജുകളിലാണ്. കേവലം 12 പേജുകള്‍ മാത്രമാണ് കാണാതായിരിക്കുന്നത്. അലെപ്പോ കോഡെക്‌സ് എന്നറിയപ്പെടുന്ന ആധികാരികമായി കരുതപ്പെടുന്ന മറ്റൊരു മാസൊറെറ്റ് മാനുസ്‌ക്രിപ്റ്റ്, ക്രൗണ്‍ ഓഫ് അലെപ്പോയില്‍ അതിന്റെ മൂന്നിലൊന്നില്‍ കൂടതല്‍ ഭാഗം-487 പേജുകള്‍ നഷ്ടമായിട്ടുണ്ട്.
പത്താം നൂറ്റാണ്ടിലാണ് ഗ്രന്ഥത്തിന്റെ പൂര്‍ണ്ണ സമ്പാദനം നടന്നതെന്ന് കരുതുന്നു. കോഡക്‌സ് അതിന്റെ ജീവിത കാലത്തിന്റെ ഏറിയ പങ്കും പൊതുജനങ്ങളുടെ 'കണ്ണ് വെട്ടിച്ച്' രഹസ്യമായി കഴിയുകയായിരുന്നു. മധ്യകാലത്ത് മംഗോള്‍(ടിമുറിഡ്) സിറിയ ആക്രമിച്ചപ്പോള്‍ കോഡക്‌സ് സൂക്ഷിച്ചിരുന്ന സിനഗോഗും കവര്‍ച്ച ചെയ്യപ്പെട്ടു. കോഡക്‌സ്‌സസൂണ്‍ അപ്രത്യക്ഷമായി. 1929 ല്‍ 350 പൗണ്ടിന് ഡേവിഡ്‌സസൂണ്‍ എന്ന പ്രസിദ്ധ ഹെബ്രസ ശേഖരക്കാരന്‍ ഇത്  വാങ്ങി. പുരാവസ്തുക്കളുടെ ഈ ഉടമയ്ക്ക് 1,000 ല്‍ അധികം മാനുസ്‌ക്രിപ്റ്റുകളുടെയും ആര്‍ട്ടിഫാക്ടുകളുടെയും ശേഖരം ഉണ്ടായിരുന്നു.

ഡേവിഡ് സസൂണിന്റെ ഉടമസ്ഥതയില്‍ എത്തിയതിന് ശേഷം രണ്ടു തവണ ഇത് വില്‍ക്കപ്പെട്ടു. അദ്ദേഹത്തിന്റെ അന്തരാവകാശികള്‍ 1978 ല്‍ 3,20,000 ഡോളറിന് ബ്രിട്ടീഷ് റെയില്‍ പെന്‍ഷന്‍ ഫണ്ടിന് വിറ്റു. പിന്നീട് 1989 4.16 മില്യന്‍ ഡോളറിന് ഒരു ജനീവ നിക്ഷേപകന്‍ ജാക്വസ് സഫ്‌റ ഇത് വാങ്ങി. ഈ ഉടമസ്ഥതയാണ് ലേലത്തിലൂടെ ഇപ്പോള്‍ കൈമാറുന്നത്. ഇതിന് മുമ്പ് 1982 ല്‍ ഒരിക്കല്‍ മാത്രമേ ഈ ഗ്രന്ഥം പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുള്ളൂ. ബ്രിട്ടീഷ് മ്യൂസിയത്തിലായിരുന്നു ആ പ്ര്ദര്‍ശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക