Image

എന്‍.ആര്‍.എ.പൂര്‍വാധികം ശക്തമാണ്, കണ്‍വെന്‍ഷനില്‍ പങ്കെടുത്ത 80,000 പേര്‍ സാക്ഷ്യം വഹിക്കുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 20 April, 2023
എന്‍.ആര്‍.എ.പൂര്‍വാധികം ശക്തമാണ്, കണ്‍വെന്‍ഷനില്‍ പങ്കെടുത്ത 80,000 പേര്‍ സാക്ഷ്യം വഹിക്കുന്നു (ഏബ്രഹാം തോമസ്)

ഇന്ത്യാനപോലീസ്: എന്‍ആര്‍എ(നാഷ്ണല്‍ റൈഫിള്‍ അസോസിയേഷന്‍)യ്ക്ക് ഒരു ചരമഗീതം പാടാന്‍ തയ്യാറായി ഇരിക്കുന്നവരുടെ മുന്നില്‍ വളരെ ശക്തമായ ഒരു കണ്‍വെന്‍ഷന്‍ സംഘടന കാഴ്ചവെച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടികളില്‍ പങ്കെടുത്ത 80,000 ഓളം സശ്രദ്ധം മുഖ്യാത്ഥികള്‍ ഭരണഘടനയുടെ രണ്ടാം ഭേദഗതി നല്‍കുന്ന അവകാശം(തോക്കിന്റെ കൈവശാവകാശം) വാചാലമായി വിവരിക്കുന്നത് കേട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ കണ്‍വെന്‍ഷന്‍ നടന്നത് ഒരു വര്‍ഷത്തിന്റെ ആദ്യ 100 ദിവസത്തിനുള്ളില്‍ 2009ന് ശേഷം ഏറ്റവുമധികം വെടിവെയ്പ്പു കൂട്ടമരണങ്ങള്‍ നടന്ന ഈ വര്‍ഷമാണ്. നാഷ് വില്ലിലും ലൂയിസ് വില്ലിലും കൂട്ടക്കുരുതികള്‍ നടന്ന് ദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ.

ഇന്‍ഡ്യാന പോലീസിലെ ഈ കണ്‍വെന്‍ഷനില്‍ പ്രമുഖരായി എത്തിയത് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ്, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്(ഇരുവരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികളായേക്കും), മറ്റ് നേതാക്കള്‍ എന്നിവരാണ്. ഇവരെല്ലാം തന്നെ രണ്ടാം ഭരണഘടന ഭേദഗതി നല്‍കുന്ന അവകാശത്തിന് വേണ്ടി നിലകൊള്ളുമെന്നും തെരുവുകളില്‍ നടക്കുന്ന അക്രമത്തിന് പ്രതിവിധി തോക്കുകളുടെ നിയന്ത്രണമല്ലെന്നും പറഞ്ഞു.

കണ്‍വെന്‍ഷന്‍ നടന്നത് സംഘടനയ്ക്കുള്ളിലെ പോരാട്ടങ്ങളുടെയും നിയമയുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍ ആണ്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് അറ്റേണി ജനറല്‍ എന്‍ആര്‍എ ഭാരവാഹികള്‍ക്കെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ക്കുള്ള കേസുമായി മുന്നോട്ടു പോകാമെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍ കോടതി എജിയുടെ എന്‍ആര്‍എയെ നിരോധിക്കണമെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും വിധിച്ചു. ഇത് എജി ലെറ്റീഷ്യ ജെയിംസിന് തിരിച്ചടിയായി. 2021 ല്‍ എന്‍ആര്‍എ ബാങ്ക്്റപ്ട്‌സിക്ക് ഫയല്‍ ചെയ്തതും കോടതി നിരാകരിച്ചിരുന്നു.

അഞ്ചു വര്‍ഷം മുന്‍പ് എന്‍ആര്‍എയ്ക്ക് 36 മില്യന്‍ ഡോളര്‍ കമ്മി ഉണ്ടായി. ചെലവിലെ ധാരാളിത്തവും ചില അംഗങ്ങള്‍ നല്‍കിയ കേസുകളും കാരണങ്ങളായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ കമ്മി നികന്നു വരുന്നതായാണ് കാണുന്നത്. 2020 ല്‍ വരുമാനം 4% വും അതിനടുത്ത വര്‍ഷം 18% വും കുറഞ്ഞതായി ഒരു പഠനം നടത്തിയ ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അക്കൗണ്ടിംഗ് പ്രൊഫസര്‍ ബ്രയാന്‍ മിറ്റന്‍ഡോര്‍ഫ് കണ്ടെത്തി.

എന്‍ആര്‍എയുടെ പ്രധാന വരുമാനം അംഗങ്ങളുടെ വരിസംഖ്യയാണ്. പക്ഷെ ഈയടുത്ത വര്‍ഷങ്ങളില്‍ ഇത് കുറഞ്ഞുവരുന്നതായാണ് കാണുന്നത്. ഇപ്പോള്‍ സംഘടന ചെലവുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, ട്രെയിനിംഗ്, റിക്രിയേഷനല്‍ ഷൂട്ടിംഗ്, ലോ എന്‍ഫോഴ്‌സ്‌മെന്റ് ഇനിഷ്യേറ്റിവ്‌സ് എന്നിവയിലെ ചെലവുകള്‍ കുറച്ചതായി മിറ്റന്‍ഡോര്‍ഫ് പറയുന്നു.

ഇതൊക്കെയാണെങ്കിലും എന്‍ആര്‍എയുടെ സംഘടനാ ശക്തിയും സ്വാധീനവും രാഷ്ട്രീയത്തില്‍ തുടര്‍ച്ചയായി പ്രതിഫലിക്കാറുണ്ട്. തോക്കിന്റെ ഉടമസ്ഥാവകാശത്തെ ചുറ്റിപ്പറ്റി ഒരു സോഷ്യല്‍ ഐഡന്റിറ്റി സൃഷ്്ടിക്കുവാനും ജനങ്ങളെ സ്വാധീനിച്ച് ഒത്തൊരുമിപ്പിക്കുവാനും എന്‍ആര്‍എയ്ക്ക് കഴിയുന്നുണ്ടെന്ന് കേസ്. വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ മാറ്റ് ലാകോമ്പ് അഭിപ്രായപ്പെടുന്നു.

കൂട്ടക്കൊലകള്‍ പെരുകുമ്പോള്‍ ഇവ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന സുപ്രധാനമായ വിഷയം പരിഗണിക്കേണ്ടതുണ്ട്. സമൂഹത്തിലെ ഏത് വിഭാഗത്തില്‍പെട്ടതാണ് കൊലയാളി എന്നതിനെ ആശ്രയിച്ച് വാര്‍ത്തകള്‍ നല്‍കുന്നത് മുതല്‍ വിചാരണ, പ്രോസിക്യൂഷന്‍
സമീപനം, അന്തിമ വിധി വരെ സ്വാധീനിക്കപ്പെടാറുണ്ട് എന്ന് ആരോപണമുണ്ട്. നിലവിലെ നിയമ സംവിധാനത്തില്‍ തോക്ക് നിരോധനവും നിയന്ത്രണവും സാധ്യമല്ല. തോക്കുകള്‍ എങ്ങനെയെങ്കിലും കൈക്കലാക്കിയാണ് കൊലയാളികൃത്യം നടത്തുന്നത്. ഒരാള്‍ക്ക് ഒന്നിലധികം തോക്കുകള്‍ കൈവശം ഉണ്ടോ എന്നോ, പശ്ചാത്തല പരിശോധന നടത്തിയിരുന്നുവോ എന്നോ ഉള്ള പരിശോധനകള്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. എന്‍എര്‍എയുമായി സഹകരിച്ചു വിവരം ശേഖരിക്കുന്നതും അഭികാമ്യമായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക