Image

ആണ്ടവന്‍ സൊല്‍റെന്‍.. (അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ- ജോസഫ്‌  എബ്രഹാം)

Published on 21 April, 2023
 ആണ്ടവന്‍ സൊല്‍റെന്‍.. (അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ- ജോസഫ്‌  എബ്രഹാം)

അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ (ഇ-മലയാളിയിൽ പുതിയ പംക്തി)


കേഡികുഞ്ഞേട്ടന്‍റെ  ഒപ്പമുള്ള  യാത്രയെക്കുറിച്ച് പറഞ്ഞപ്പളേ ഗുമസ്തന്‍ പിള്ളച്ചേട്ടന്‍  മുന്നറിയപ്പു തന്നിരുന്നു.
“ഒരു കാര്യവുമില്ലാതെ രണ്ടുകൊലകള്‍ നടത്തിയ ആളാണ്,  നിങ്ങളൊന്നു സൂക്ഷിച്ചോളൂ. ഒരുത്തിയെ വെട്ടിക്കൊന്നീട്ടാ, ശവത്തിനൊപ്പം  വെളുക്കുന്നതുവരെ സുഖമായി കിടന്നുറങ്ങിയ  മനുഷ്യനാണ്.   എപ്പളാ, എങ്ങനാ എന്നൊന്നും പറയാന്‍ പറ്റില്ല.”

 ആര്‍.ഡി.ഒ കോടതിയിലേക്കുള്ള യാത്രയായിരുന്നത്. നല്ലനടപ്പിനുള്ള കേസില്‍ ഹാജരാകണം. പണ്ടുകാലത്ത് കവലച്ചട്ടമ്പികളെ ഒതുക്കാന്‍  ‘മക്കാളെ പ്രഭു’ ക്രിമിനല്‍ നടപടി നിയമത്തില്‍  എഴുതിചേര്‍ത്ത വകുപ്പാണ്  ‘നല്ലനടപ്പ്.’  കേഡികുഞ്ഞേട്ടന്‍ സീനിയര്‍ വക്കീലിനു വളരെ  വേണ്ടപ്പെട്ട കക്ഷിയാണ്.  ഇപ്പോള്‍ കുഞ്ഞേട്ടന്‍റെ കൈയില്‍നിന്നും ഫീസിനത്തില്‍ കാര്യമായ കിട്ടപ്പോരൊന്നുമില്ലെങ്കിലും കുഞ്ഞേട്ടന്‍റെ  അദ്ധ്വാനത്തിന്‍റെ  നല്ലൊരു ഭാഗവും ഞങ്ങളുടെ വക്കീലാപ്പീസിലാണ് തന്നിട്ടുള്ളത്. കുഞ്ഞേട്ടന്‍ പ്രതിയായിരുന്ന  രണ്ടു കൊലക്കേസുകളുടെയും മറ്റുചില  കേസുകളുടെയും നടത്തിപ്പ് ഞങ്ങളുടെ ഓഫീസിലായിരുന്നു. കേസുകള്‍ കഴിഞ്ഞതോടെ കുഞ്ഞേട്ടന്റെ അഞ്ചേക്കര്‍ കാപ്പി-കുരുമുളക് തോട്ടം രണ്ടേക്കറായി ചുരുങ്ങി.  അപ്പോഴും  ജൂനിയര്‍ വക്കീലമ്മാരായ ഞങ്ങള്‍  വൈകുന്നേരം വീട്ടില്‍പോകാനുള്ള ബസുകൂലി  തികയാതെ വരുമെന്ന ശങ്കയാല്‍ ഊണുകഴിക്കാതെ, കട്ടന്‍ചായകൊണ്ട് ഉച്ചപശിയടക്കി കേസു ഫയലുകള്‍ വായിച്ചു പഠിച്ചു.

കുഞ്ഞേട്ടന്‍ പ്രതിയായിരുന്ന രണ്ടു കൊലക്കേസുകളും നടന്നത് ഞാന്‍ വക്കീലാകുന്നതിനും മുമ്പായിരുന്നു  അതുകൊണ്ടുതന്നെ കേസിനെക്കുറിച്ചുള്ള കേട്ടുകേഴ്വികളല്ലാതെ നേരിട്ടൊന്നും അറിയില്ലായിരുന്നു. കുഞ്ഞേട്ടനെ കാണുമ്പോഴൊക്കെ എന്തിനായിരിന്നിരിക്കാം അയാള്‍ രണ്ടുപേരെ കൊന്നതെന്നറിയാനുള്ള   ആകാംഷ തോന്നുമായിരുന്നു.
കുഞ്ഞേട്ടന്‍റെ   കേസുഫയലുകള്‍  വക്കീലാപ്പീസിന്‍റെ മച്ചില്‍ ഇരട്ടവാലന്മാര്‍ അപ്പീലിനെടുത്ത നിലയില്‍ കിടപ്പുണ്ട്.  അതൊന്നും വായിച്ചുനോക്കിയിട്ട് കാര്യമില്ലെന്നറിയാം. കേസുഫയലുകള്‍ എന്നത് പോലീസുകാരെഴുതിവയ്ക്കുന്ന കഥകളാണ്. ചില വലിയ കേസുകളുടെ കേസ് ഡയറി എഴുതുന്നത്‌ തിരക്കഥകള്‍  എഴുതുന്നതു പോലാണ്, സ്റ്റേഷന്‍ റൈറ്റര്‍മാര്‍  ലോഡ്ജു മുറികളില്‍ പോയി വാതിലടച്ചു, ഏകാഗ്രമായി കുറ്റമറ്റ രീതിയില്‍ എഴുതിപൂര്‍ത്തിയാക്കും. പക്ഷെ   അതിലൊന്നും പ്രതിയാക്കപ്പെട്ടവന്റെ മനസ്സുകണ്ടെത്താന്‍ പറ്റുകയില്ല.   കേസ് ഫയലുകള്‍  വായിച്ചു നോക്കുന്ന വക്കീല്‍  അതിനുള്ളില്‍  പ്രതിയുടെ മനസു ചികയാറില്ല,   എവിടെയൊക്കെയാണ് ‘കുരുക്കുകള്‍’ ഉള്ളതെന്നും അവയൊക്കെ എങ്ങിനെ അഴിക്കാമെന്നും  മാത്രമാണ് നോക്കാറുള്ളത്. വസ്തുതകളും സത്യവുമൊക്കെ ചിലസമയം കേസുനടത്തിപ്പില്‍ സഹായകമാകുമെങ്കിലും കേസുഫയലുകളില്‍ അന്വോഷിക്കുന്നത് സത്യങ്ങളല്ല, കോടതിയില്‍ വേണ്ടുന്ന തെളിവുകളെയാണ്  അവിടെ തേടുന്നത്.  

കുഞ്ഞേട്ടന്‍ എപ്പോഴും ചിരിച്ചുകൊണ്ടാണ്  വരാറുള്ളത്. പിള്ളച്ചേട്ടന്‍  പറയാറുണ്ട് കൊലക്കേസുകളുടെ വിധിപറഞ്ഞ ദിവസങ്ങളിലും ഒരു പിരിമുറുക്കവുമില്ലാതെ  ചിരിച്ചുകൊണ്ടുതന്നെയാണ് കുഞ്ഞേട്ടന്‍  ഓഫീസില്‍  കയറിവന്നതെന്ന് !.  
നരച്ച കൊമ്പന്‍മീശയും, കുറ്റിത്താടിയുമൊക്കെ ഉണ്ടെങ്കിലും  ചിരിക്കുമ്പോള്‍ കുഞ്ഞേട്ടന്‍റെ വെളുത്തമുഖം ചുവക്കും, കണ്ണുകള്‍ ചെറുതാകും.  ചാരായം മണക്കുമെങ്കിലും  കുഞ്ഞേട്ടന്‍റെ   മുഖവും ചിരിയും  ഒരു ശിശുവിന്‍റെതു പോലെ നിഷ്കളങ്കമാകും.

കുഞ്ഞേട്ടന്‍റെ പേരില്‍ നിലവില്‍ കേസുകളൊന്നുമില്ല.  എല്ലാ കേസിലും കുഞ്ഞേട്ടനെ കോടതി വെറുതെവിട്ടെങ്കിലും ‘കേഡി’ എന്ന പേരുമാത്രം കുഞ്ഞേട്ടന്‍റെ  പുറകെ വിടാതെ കൂടി. ഒരു  കുഴപ്പത്തിനും കുഞ്ഞേട്ടന്‍ പോകാറില്ല. പറമ്പില്‍ നന്നായി പണിയെടുക്കും, അതുകഴിഞ്ഞാല്‍   ഇഷ്ട്ടംപോലെ  കള്ളുകുടിക്കും  അതാണ് കുഞ്ഞേട്ടന്‍റെ  ദിനചര്യ. എന്നാലും പോലീസുകാര്‍ക്ക് കുഞ്ഞേട്ടനെ വിശ്വാസമില്ല.  അവര്‍ക്കിപ്പോഴും കുഞ്ഞേട്ടന്‍  കേഡിയാണ്.  കുഞ്ഞേട്ടന്‍ എന്തെടുക്കുവാന്നു നോക്കി നടക്കുകയാണു പോലീസുകാര്‍. കുഞ്ഞേട്ടന്‍ 'ചാരായം കുടിക്കുന്നുണ്ട്, കഞ്ചാവ് വലിക്കുന്നുണ്ട് എപ്പോള്‍  വേണമെങ്കിലും  പ്രദേശത്തിന്‍റെ  പ്രശാന്തതയ്ക്കു  ഭംഗംവരുത്തുന്ന കുറ്റവാളിയായി കുഞ്ഞേട്ടന്‍ മാറാം.'  അതുകൊണ്ട് കുഞ്ഞേട്ടനെ നല്ലനടപ്പിനു വിടണമെന്നു പോലീസുകാര്‍  ജില്ലാഭരണകൂടത്തിനു  റിപ്പോര്‍ട്ടാക്കി. നാട്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനിടയുള്ളവരെ ഒക്കെത്തന്നെ ഇങ്ങിനെ നല്ലനടപ്പിനു വിടാറുണ്ട്.  നല്ലനടപ്പു ജാമ്യം എടുത്തില്ലെങ്കില്‍ കരുതല്‍ തടങ്കലില്‍ ജയിലില്‍ അയയ്ക്കും.

ആര്‍.ഡി.ഓ ഓഫീസ് മാനന്തവാടിയിലാണ്. അവിടേക്കുള്ള  ബസില്‍ കയറിപ്പറ്റി. ഒന്നരമണിക്കൂറോളം യാത്രയുണ്ട്. വേറെ സീറ്റുകള്‍ ഒന്നും തരമായില്ല  ഞാനും  കുഞ്ഞേട്ടനും   ഒരേസീറ്റില്‍ അടുത്തടുത്തായിരുന്നു. വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള കുഞ്ഞേട്ടന്‍റെ ദേഹത്തോട് തൊട്ടുചേര്‍ന്നിരുന്നപ്പോള്‍ സുഖകരമല്ലാത്ത, ഭീതികലര്‍ന്ന ഒരു വികാരമായിരുന്നു മനസ്സില്‍. തലേന്നു  കഴിച്ച  മദ്യത്തിന്‍റെ ചെകിടിപ്പിക്കുന്ന മണം കുഞ്ഞേട്ടന്‍റെ നിശ്വാസത്തില്‍ നിന്നുയരുന്നുണ്ടായിരുന്നു.

രാവിലെ തന്നെ കാലം തെറ്റി എങ്ങുനിന്നോ വന്നൊരു മഴയവിടെ  പെയ്യാന്‍ തുടങ്ങി.  ഇനി യാത്ര കൂടുതല്‍ സമയമെടുക്കും. ബസിന്‍റെ ഷട്ടറുകള്‍ താഴ്ത്തിയതോടെ പുറംകാഴ്ചകളും  ഇല്ലാതായി. ഞാന്‍ കുഞ്ഞേട്ടനെ ഇടങ്കണ്ണിട്ട്  നോക്കി. പൊക്കം കുറഞ്ഞു മെല്ലിച്ച ഒരാള്‍രൂപം,  പ്രായം അറുപതു കഴിഞ്ഞു. നരകേറിയ വലിയ മീശയും കുറ്റിത്താടിയും ചുവന്ന കണ്ണുകളും. വലിയ ശാരീരിക ക്ഷമതയൊന്നുമില്ല.  കുഞ്ഞേട്ടന്‍  എന്നെ നോക്കി ചിരിച്ചു.    തൊണ്ടയില്‍ കുടുങ്ങിയ കഫത്തെ  ചുമച്ചു വരുതിയില്‍ വരുത്തിയ  ശേഷം  പരുക്കന്‍ ശബ്ദത്തില്‍  കുഞ്ഞേട്ടന്‍  എന്നോട്  സംസാരിക്കാന്‍ തുടങ്ങി. എന്‍റെ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ചോദിച്ചു തുടങ്ങിയതോടെ  ഭയവും അസുഖകരമായ മനോവ്യാപാരവും  അല്പാല്‍പ്പമായി  എന്നില്‍ നിന്നും വിട്ടൊഴിയാന്‍ തുടങ്ങി.  ഞാന്‍ ആലോചിച്ചു,  ഇത്രയും സൌമ്യനായ കുഞ്ഞേട്ടന്‍ എങ്ങിനെയാണ്‌  രണ്ടു കൊലപാതകങ്ങള്‍  ചെയ്തത്.  ചോദ്യം  എന്‍റെ മനസ്സില്‍  ഒതുങ്ങി നിന്നില്ല  അറിയാതെ അതു  പുറത്തേയ്ക്കു ചാടി
“കുഞ്ഞേട്ടാ, എന്താ നിങ്ങടെ കേസുകളിലെ സത്യം. നിങ്ങള്‍ ശരിക്കും ചെയ്തതാണോ അതൊക്കെ ?”
ചോദ്യം കേട്ടില്ലന്നമട്ടില്‍ കുഞ്ഞേട്ടന്‍  മിണ്ടാതെയിരുന്നു. ഞാന്‍  കുഞ്ഞേട്ടന്റെ മുഖത്തേക്ക് പാളിനോക്കി. ഞങ്ങള്‍ ബസിന്റെ മുന്‍ഭാഗത്തുള്ള സീറ്റിലായിരുന്നു.   മഴയപ്പോഴും ശക്തമായി തുടരുന്നുണ്ട്.  ബസിന്‍റെ  ചില്ലിലൂടെ  മഴയിലേക്ക്‌  നോക്കികൊണ്ട്‌  കുഞ്ഞേട്ടന്‍  നിര്‍വികാരതയോടെ  പതിയെ പറഞ്ഞു
 “അതങ്ങിനെ പറ്റിപ്പോയി”
ഒന്നുരണ്ടു നിമിഷങ്ങളുടെ  ഇടവേളക്കു ശേഷം കുഞ്ഞേട്ടന്‍   പതിയെ  പറഞ്ഞു തുടങ്ങി.
“അന്നിച്ചിരി  നന്നായി  കുടിച്ചിട്ടുണ്ടായിരുന്നു. കുരുമുളകു വിറ്റേച്ചു  തിരിച്ചു പോരുകയായിരുന്നു.  കോട്ടക്കുന്നില്‍   കഞ്ചാവുവിറ്റിരുന്ന ഏലിയാസിനെ കേണിച്ചിറ അങ്ങാടിയില്‍ വച്ചു കണ്ടു. റോഡുവക്കിലെ പെട്ടികട പഞ്ചായത്തുകാര്‍ പൊളിച്ചുമാറ്റിയതിനാല്‍ മടിക്കുത്തില്‍ ചെറിയ  പൊതികള്‍ കൊണ്ടു നടന്നായിരുന്നു  അപ്പോളവന്‍റെ കച്ചവടം.  ഏലിയാസ്‌  നീലച്ചടയന്‍റെ  ഒരു പൊതി തന്നു. ബസിറങ്ങി  വീട്ടിലേക്കു നടക്കവേ  ഒരു ബീഡിതെറുത്തു  വലിച്ചു.  പക്ഷെ പൂസായി വീട്ടിച്ചെന്നുകേറി  വഴക്കൊണ്ടാക്കി ചട്ടീം,കലോം തല്ലിപ്പൊട്ടിക്കുന്ന പണിയൊന്നും എനിക്കില്ലായിരുന്നു കേട്ടോ.”

കുഞ്ഞേട്ടന്‍  പറച്ചില്‍ നിറുത്തി  എന്‍റെ മുഖത്തേക്കു നോക്കി. പിന്നെ ഒരു   ഫലിതം  പറഞ്ഞ മട്ടില്‍ ചിരിച്ചു. വാക്കുകള്‍  രസിച്ചുവെന്ന മട്ടില്‍   ഞാന്‍ തലയാട്ടിയതോടെ  കുഞ്ഞേട്ടന്‍  വീണ്ടും  പറഞ്ഞുതുടങ്ങി.

“അവളുടെ ഒരു സ്ഥിരം പരിപാടിയാണ്, ഓരോന്നും  പറഞ്ഞങ്ങനെ വെറുതെ  പിറുപിറുത്തു കൊണ്ടിരിക്കുകയെന്നത്.  കുറെ കേള്‍ക്കുമ്പോള്‍ എനിക്കും സഹികെടും. അപ്പോള്‍ ഞാനും  എന്തെങ്കിലും തിരിച്ചുപറയും.  അതോടെ  വഴക്കാകും. അതിപ്പോ കള്ളുകുടിച്ചാലും ഇല്ലെങ്കിലും  ഒരുപോലെയാണ്. എന്തൊക്കെയാണവള്‍ പറയുന്നതെന്ന്  എനിക്കറിയില്ല. പത്തും മുപ്പതു  കൊല്ലം മുന്‍പുനടന്ന കാര്യങ്ങളൊക്കെ പറഞ്ഞോണ്ടായിരിക്കും വഴക്കിനുവരിക. എനിക്കാണെങ്കില്‍  അതൊന്നു  ഓര്‍മ്മയില്‍ പോലുമുണ്ടാകില്ല ”
 അതും  പറഞ്ഞുകൊണ്ട്    കുഞ്ഞേട്ടന്‍ വീണ്ടും  ചിരിച്ചു.
“അതങ്ങിനയാണ്‌  കുഞ്ഞേട്ടാ, ഈ പെണ്ണുങ്ങളൊന്നും മറക്കുകേല. മറന്നപോലെ ചുമ്മാ ഭാവിക്കും. പക്ഷെ ഒക്കെ അവരുടെ ഉള്ളില്‍ തന്നെയുണ്ടാകും”
“അതെയതെ,  പത്തുമുപ്പതു  കൊല്ലംമുമ്പ് എനിക്കൊരു പെണ്ണുമായിട്ട്  ഇച്ചിരെ   അടുപ്പമുണ്ടായിരുന്നു. കല്യാണം കഴിക്കണമെന്നു  തന്നെ  വിചാരിച്ചതാണ്”
“എന്നിട്ടെന്നാ  പറ്റി കുഞ്ഞേട്ടാ,   അവരെ കല്യാണം കഴിക്കാന്‍ പറ്റിയില്ലെ?”  
രണ്ടു കൊലപാതക കേസുകളില്‍ പ്രതിയായിരുന്ന കേഡികുഞ്ഞേട്ടനും ഒരു പ്രേമമുണ്ടായിരുന്നോ!?  കുഞ്ഞേട്ടന്‍റെ കഥയില്‍ പ്രേമത്തിന്‍റെ ഒരു അധ്യായം നിനച്ചിരിക്കാതെ പൊട്ടിവീണപ്പോള്‍  കേള്‍ക്കാനുള്ള  ആകാംഷയും വര്‍ദ്ധിച്ചു.  ഇക്കുറി കുഞ്ഞേട്ടന്‍റെ   മുഖത്തൊരു  മന്ദഹാസം പൊടിഞ്ഞു, നരച്ച കൊമ്പന്‍മീശത്തുമ്പുകള്‍ നാണത്താല്‍ തലതാഴ്ത്തി. കുറ്റിത്താടിക്കടിയിലെ ചുളിവുവീണ  കവിളിലെ അവ്യക്തമായ നുണക്കുഴി തെളിഞ്ഞുവന്നു.
അപ്പോഴേക്കും  മഴമാറി വെയില്‍ തെളിഞ്ഞു.  കുഞ്ഞേട്ടന്‍ ബസിന്‍റെ  ജാലക ഷട്ടര്‍ ഉയര്‍ത്തി  പുറത്തേക്ക് നോക്കിക്കൊണ്ട്‌  പറഞ്ഞു.
“അതു,  നടന്നില്ല അവളെ വേറെ കെട്ടിച്ചുവിട്ടു”
“ശരി. അതൊക്കെ പോട്ടെ  നമ്മള്‍ പറഞ്ഞു വന്ന കാര്യം  പറ”
“ഈയിടെ  അവളുടെ  പേരക്കുട്ടിയുടെ  കല്യാണം  കഴിഞ്ഞു”
ഈ അറുപതാം വയസിലും പഴയ കാമുകിയുടെ കാര്യത്തില്‍ എന്തൊരു ശ്രദ്ധയാണീ കുഞ്ഞേട്ടന്!!  കുഞ്ഞേട്ടന്‍ പറയുന്നതിനിടയില്‍ കയറി ഞാന്‍  ഓര്‍ത്തുപോയി.  
“ എന്നിട്ടും   കമലയുടെ കാര്യവും പറഞ്ഞിട്ടവള്‍ വഴക്കിനു വരും”
“ അപ്പോള്‍   പുള്ളിക്കാരിയുടെ പേരു കമലേന്നാ?”
മുഖമൊരു  വിടര്‍ന്ന കമലമാക്കി കുഞ്ഞേട്ടന്‍ അതെയെന്നു തലയാട്ടി.
“എന്നിട്ട്‌  എന്തുണ്ടായി ?”
“അന്നും ഏതാണ്ടൊക്കെ പറഞ്ഞവള്‍ വഴക്കിനുവന്നു എന്താണ് പറഞ്ഞതെന്നു  എനിക്കിപ്പോള്‍  ഓര്‍മ്മയില്ല.  കമലയുടെ കാര്യമൊക്കെ തന്നെയാണ് അന്നും പറഞ്ഞത്.  ഞാന്‍ അടുക്കളയിലിരുന്നു  ചോറുണ്ണുവായിരുന്നപ്പോള്‍. അവള്‍ ഞങ്ങള്‍ കിടക്കാറുള്ള  നടുമുറിയിലിരുന്നു  വെറുതെ  തൊള്ളയിടാന്‍  തുടങ്ങി. ദേഷ്യം വരുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ ഒരു അടികൊടുക്കും അന്നേരമവള്‍ എന്നെ വെട്ടുമെന്നു പറഞ്ഞു വെട്ടുകത്തിയുമായി വരും, പക്ഷെ  അതുകൊണ്ട്  വെട്ടുകയൊന്നുമില്ല.”
“ അപ്പോള്‍ അന്നും പുള്ളിക്കാരിക്ക് അടികൊടുത്തോ?”
“ങ്ഹാ.. അങ്ങിനെ കാര്യമായിട്ടൊന്നുമല്ല, ചെറുങ്ങനെ ഒരടി.
"ദേഷ്യം വന്നപ്പോള്‍  ഞാന്‍ അടുക്കളയില്‍ നിന്നും  കിടപ്പ് മുറിയിലേക്ക് ചെന്ന് ചെള്ളക്കൊന്നു കൊടുത്തു. അതോടെ അവള്‍ ദേഷ്യംപിടിച്ചു തുള്ളി വെട്ടുകത്തിയുമായി  പാഞ്ഞുവന്നു. പിന്നെ എന്താണ് നടന്നതെന്ന്  എനിക്ക് നല്ല ഓര്‍മ്മയില്ല”
എന്തോ ആലോചനയിലെന്നപോലെ പുറത്തേക്ക് നോക്കിക്കൊണ്ട് കുഞ്ഞേട്ടന്‍ കുറച്ചു നേരം മൌനമായിരുന്നു. പിന്നെ പതിയെ തുടര്‍ന്നുപറഞ്ഞു
   
“നേരം  വെളുത്തപ്പോള്‍, ഞാന്‍  കിടക്കുന്നതിനടുത്തുതന്നെ   ചോരവാര്‍ന്നവള്‍ കിടക്കണതു  കണ്ടു. വെപ്രാളപ്പെട്ടു പിടഞ്ഞെണീറ്റു നോക്കിയപ്പോള്‍  അവള്‍ക്കു  ജീവനില്ലായിരുന്നു. ആദ്യത്തെ അങ്കലാപ്പ്   ഒന്നടങ്ങിയപ്പോള്‍  അടുക്കളയില്‍ചെന്നു  ഒരു കട്ടന്‍ ഉണ്ടാക്കി കുടിച്ചു.”
“സംഗതി പറ്റിപ്പോയില്ലേ ഇനീപ്പോ എന്താണു ചെയ്യുകയെന്നായി അപ്പോളത്തെ  ചിന്ത.  കട്ടനടിച്ചശേഷം മറപ്പുരയില്‍ ചെന്നിരുന്നു ഒരു ബീഡികത്തിച്ചു  പുകവിട്ടുകൊണ്ട് ആലോചിച്ചു.  ആരും അറിയാതെ തൊടിയില്‍ കുഴിച്ചു മൂടിയാലോ എന്നാലോചിച്ചുനോക്കി.  എങ്ങിനെയായാലും   പിടിക്കപ്പെടും  എന്നതുറപ്പാണ്‌ അതുകൊണ്ട് പോലീസില്‍ പോയി പറയാമെന്നു  തീരുമാനമെടുത്തു.   പിന്നെ  മനസ്സില്‍ അങ്കലാപ്പൊന്നും തോന്നിയില്ല.  പല്ലുതേച്ചു കുളിച്ചു രണ്ടുജോഡി   മുണ്ടും ഷര്‍ട്ടും  ഒരു പ്ലാസ്റ്റിക്‌ കൂട്ടില്‍ പൊതിഞ്ഞെടുത്തു. വീടിന്‍റെ  വാതില്‍ ചാരി പുറത്തിറങ്ങി. മൂഡക്കൊല്ലി  അങ്ങാടിയിലെത്തി  ദാമോദരന്‍റെ ചായക്കടയില്‍ നിന്നും പതിവുപോലെ  ചായകുടിച്ചു.  കയ്യിലെ കൂടും തുണികളും  കണ്ടപ്പോള്‍  ദാമോദരന്‍ ചോദിച്ചു”

“എങ്ങോട്ടാണ്  കുഞ്ഞേ,  കുറച്ചുദിവസത്തേക്ക്  എങ്ങാണ്ട്  പോവുവാന്നു  തോന്നണല്ലോ?”
“ങ്ഹാ ...  ഒരിടം വരെ പോണം പിള്ളേച്ചാ  ഇച്ചിരെ ദിവസം കഴിഞ്ഞേ വരാനൊക്കൂ ”
“ഒരു ബീഡികത്തിച്ചു പുകവിട്ടു. ചായയുടെ കാശും കൊടുത്തു പുറത്തിറങ്ങി. ടൌണിലേക്കുള്ള ട്രിപ്പുമായി നില്‍ക്കുന്ന ജീപ്പില്‍കയറി  കേണിച്ചിറ  അങ്ങാടിയിലിറങ്ങി.  അവിടെ നിന്നും  പോലീസ്  സ്റ്റേഷനിലേക്ക് നടന്നു. പോലീസ് സ്റ്റേഷനില്‍  കയറിചെന്നപ്പോള്‍  വാതില്‍ക്കല്‍ തോക്കുമായി പാറാവ്‌  നിന്ന പോലീസുകാരന്‍ മുരണ്ടു.
“എന്താ ?”
“എസ് .ഐ  സാറിനെ ഒന്നു  കാണണം  സാറെ”  
“ഉം.  എന്താ.. കാര്യം ?”  പാറാവ്‌  വീണ്ടും മുരണ്ടു
“ഞാന്‍ ഒരാളെ കൊന്നു.  അതു പറയാന്‍ വന്നതാണ്  
“ഹെന്ത് ..??”    
പാറാവ്‌  ആകപ്പാടെ വിരണ്ടുപോയി.  വിരണ്ട പാറാവ്    വീണ്ടും ചോദിച്ചു
“എന്താ നീ പറഞ്ഞത് ? ”
“ ഞാന്‍ ഒരാളെ കൊന്നു ”   .
“കാദര്‍ സാറെ, ....”  
“അകത്തേക്ക്  നോക്കിക്കൊണ്ട്    നിലവിളിപോലെ പാറാവ്‌  ഒരു വിളിച്ചു കൂവലായിരുന്നു.  പാറാവിന്‍റെ വിളികേട്ടു അകത്തുനിന്നും  ഹെഡ് കോണ്‍സ്റ്റബിള്‍  അബ്ദുള്‍ഖാദര്‍ തിടുക്കത്തില്‍  ഇറങ്ങിവന്നു  ചോദ്യ രൂപത്തില്‍  പാറാവിനെ  നോക്കി.
“സാറെ .. ഇയാള്‍..”  
“വിക്കിക്കൊണ്ട്  പാറാവുകാരന്‍   എന്നെ   ചൂണ്ടിക്കാട്ടി. ഹെഡ് കോണ്‍സ്റ്റബിള്‍  അബ്ദുള്‍ഖാദര്‍   മൂഡക്കൊല്ലിക്കാരനാണ്. അബ്ദുള്‍ഖാദര്‍ ചോദിച്ചു.
 “എന്താണ്  കുഞ്ഞേ,  രാവിലെ  പോലീസ് സ്റ്റേഷനില്‍ ?”  
  “സാറെ ഞാനവളെ കൊന്നു”
“എന്ത് ...?”
“ന്‍റെ, പെണ്ണുങ്ങളെ”
“എവിടെ വെച്ച് ?”
“ പൊരേലോണ്ട്  ആരും  അറിഞ്ഞിട്ടില്ല.”
പോലീസ് ജീപ്പ് ചീറിപ്പാഞ്ഞു പോയപ്പോള്‍ മൂഡക്കൊല്ലി  മുക്കിലെ ദാമോദരന്‍റെ ചായ പീടികയില്‍  ഇരുന്നവര്‍ ഒന്നടങ്കം പുറത്തു ചാടി  ജീപ്പ് പോയ വഴിയെ നോക്കി നിന്നു.
“അതിമ്മടെ കുഞ്ഞല്ലെ  ജീപ്പില്‍ പിറകില്‍ കുത്തീരിക്കുന്നത് ?”   കൂട്ടത്തില്‍ ആരോ ചോദിച്ചു
“ഓന്‍  തന്നെ”  മറ്റാരോ  മറുപടിയും  പറഞ്ഞു.
എല്ലാരും  പോലീസ് ജീപ്പിന്‍റെ  പിന്നാലെ  പാഞ്ഞു.  വിവരം  കേട്ടറിഞ്ഞു കൂടുതല്‍ നാട്ടുകാര്‍ ഓടുന്നവരുടെ  കൂട്ടത്തില്‍   ചേര്‍ന്നുകൊണ്ടിരുന്നു. കുഞ്ഞേട്ടന്‍റെ  വീട്ടിലേക്ക് തിരിയുന്ന കൊള്ളിന്‍റെ മുന്‍പിലായി പോലീസ് ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്നിടത്ത് കൂട്ടയോട്ടം അവസാനിച്ചു.  വിവരം എന്തെന്നറിയാന്‍  നാട്ടുകാര്‍ കുഞ്ഞേട്ടന്‍റെ  വീട്ടുമുറ്റത്തും  പറമ്പിലുമായി  തടിച്ചുകൂടി. എല്ലാവരും കാര്യമറിഞ്ഞു. നാട്ടിലെപിള്ളേര്‍ കണ്ണില്‍ കണ്ടവരോടെല്ലാം വിളിച്ചു പറഞ്ഞു.

“കുഞ്ഞേട്ടന്‍  ഭവാനിയേച്ചിയെ  വെട്ടിക്കൊന്നു.  എന്നിട്ടാ  ശവത്തിനൊപ്പം   നേരം വെളുക്കുവോളം കിടന്നുറങ്ങി പോലും.!!"  
"രാവിലെ എണീറ്റ്‌  പല്ലുതേപ്പും കുളീം കഴിഞ്ഞിട്ട് ഒരു കൂസലും ഇല്ലാതെയാണ്  പോലീസില്‍  പോയത്.  പോണവഴിക്ക്  പിള്ളാച്ചന്‍റെ   ചായപ്പീടികേന്നു ചായേം, പിട്ടും  തിന്നു പഹയന്‍.”

“ന്നാലും  ഓനെ സമ്മതിക്കണം.  കൊലേം കഴിഞ്ഞിട്ടൊരു കൂസലില്ലാതാണ് ഓന്‍ ചായകുടിക്കാന്‍ വന്നത്. വിരുന്നു കൂടാന്‍ പോണ കോലത്തിലല്ലേ അച്ചെങ്ങായി ജയിലില്‍ ചെന്നു കേറീത്!.

“ ഇസ്തിരിയിട്ടു വടിപോലാക്കിയ രണ്ടുജോഡി മുണ്ടും ഷര്‍ട്ടുമായി  ചെന്ന ഓനെ കണ്ട  ജയില്‍സൂപ്രണ്ട്  അതിശയിച്ചു പോലും. മൂപ്പരുടെ ഇക്കണ്ട സര്‍വീസില്‍ ഇമ്മാതിരി കൂസലില്ലാത്ത ഒരു കുരുപ്പിനെ ആദ്യായിട്ടെത്രേ കണ്ടത്”

ചായപീടിയക്കാരന്‍ ദാമോദരന്‍ പിള്ളാച്ചന്‍ കടയില്‍ വരുന്നവരോടായി    പറഞ്ഞുകൊണ്ടിരുന്നു.
“ഓനെന്തായാലും  അസലൊരു ആണ്‍കുട്ടിയാണ് ”
ദാമോദരന്‍ പിള്ളാച്ചന്‍  കുഞ്ഞേട്ടനെക്കുറിച്ചുള്ള   അഭിപ്രായം വെട്ടിത്തുറന്നു ഒറ്റവാക്കില്‍   പറഞ്ഞു. അതു നേരെന്നു  എല്ലാ മൂഡക്കൊല്ലിക്കാരും സമ്മതിച്ചു.

കുഞ്ഞേട്ടന്‍  ഇരട്ടച്ചങ്കുള്ള  കേഡിയാണെന്നു  നാട്ടുകാര്‍ പറഞ്ഞു. അതോടെ കുഞ്ഞേട്ടന്റെ പേര്‍ ‘കേഡികുഞ്ഞേട്ടന്‍’ എന്നായിമാറി. പ്രായത്തില്‍ മൂത്തവര്‍പോലും ബഹുമാനിച്ചുകൊണ്ട്  കുഞ്ഞേട്ടന്‍ എന്നുതന്നെ വിളിക്കാന്‍ തുടങ്ങി. പക്ഷെ, കേഡികുഞ്ഞേട്ടനെക്കുറിച്ചുള്ള മൂഡക്കൊല്ലിക്കാരുടെ പുരാവൃത്തം അവിടംകൊണ്ടൊന്നും  അവസാനിച്ചില്ലായിരുന്നു.  

മൂന്നുമാസത്തെ ജയില്‍വാസത്തിനു ശേഷം കുഞ്ഞേട്ടന്‍  ജാമ്യത്തിലിറങ്ങി. അന്നേരത്തേയ്ക്കും ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തിലെ ദേഹണ്ണമെല്ലാം  പന്നികുത്തിയും, ആനചവിട്ടിയും നശിച്ചുപോയിരുന്നു. കുഞ്ഞേട്ടന്‍ കൊല്ലന്‍ തങ്കപ്പനെക്കൊണ്ട്  ഒരു നാടന്‍കുഴല്‍ പണികഴിപ്പിച്ചു. പറമ്പില്‍ അതിക്രമിച്ചു കയറിയ കാട്ടുപന്നികള്‍ക്ക് നേരെ കുഞ്ഞേട്ടന്‍ ഉന്നംപിടിച്ചു. രണ്ടു മൂന്നെണ്ണത്തിനെ   ചാമ്പി.  ദാഹിച്ചപ്പോള്‍ ചാരായം വാറ്റികുടിച്ചു.

 നല്ല എരിവുള്ള പന്നിയിറച്ചിക്കറിയുംകൂട്ടി ചാരായംകുടിച്ചു പോയവരില്‍ ആരോ പറ്റിറങ്ങിയപ്പോള്‍  കുഞ്ഞേട്ടനെ ഒറ്റുകൊടുത്തു. ആദ്യം കുഞ്ഞേട്ടനെ തേടി വന്നത്  വനംവകുപ്പായിരുന്നു. അവര്‍  ചട്ടിയില്‍  ബാക്കിവന്ന  പന്നിയിറച്ചി വരട്ടിയത്  തൊണ്ടി മുതലായി  കണ്ടെടുത്തു.
വാഴച്ചോട്ടില്‍  കുഴിച്ചിട്ട പന്നിത്തല  കുഞ്ഞേട്ടനെക്കൊണ്ടുതന്നെ  തോണ്ടിയെടുപ്പിച്ചു. മുറ്റത്തെ വാഴയ്ക്ക്  ഊന്നു കൊടുത്തിരുന്ന കല്ലന്‍ മുളയുടെ അകത്തു ഒളിപ്പിച്ചിരുന്ന നാടന്‍ കുഴല്‍ പുറത്തെടുപ്പിച്ചു.
ചാരായം വാറ്റാനുള്ള കലവും ചട്ടിയും  കുഞ്ഞേട്ടന്‍റെ തലയില്‍ എടുപ്പിച്ചുകൊണ്ട്  മൂഡക്കൊല്ലി മുക്കുവരെ ആളുകള്‍ കാണാനായി  നടത്തിച്ചു.  കാടിനകത്തെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍   കൊണ്ടുപോയിട്ടവര്‍     കുഞ്ഞേട്ടനെ  ഊടുപാടിട്ടിടിച്ചു.

“എന്‍റെ സാറെ, ഈ പോലീസുകാരെപ്പോലെയല്ല ഫോറെസ്റ്റുകാര്‍. അവര്‍ക്കു    തല്ലാനായിട്ടധികം ആളുകളെ കിട്ടാറില്ല. അതുകൊണ്ട്  ആരെയെങ്കിലും കിട്ടുമ്പോള്‍ അവര്‍ മതിയാകുംവരെ  ശൌര്യം കാണിക്കും.”  
കുഞ്ഞേട്ടന്‍റെ  ഓര്‍മ്മകളില്‍ തല്ലിന്‍റെ  വേദന പുളഞ്ഞു കയറി.

ഗാര്‍ഡ് കുമാരന്‍, പുതിയതായി  സര്‍വീസില്‍  കയറിയതാണ്. വനം വകുപ്പാണെങ്കിലും  കാക്കിയും തൊപ്പിയും ദേഹത്തു കയറുമ്പോള്‍  ആര്‍ക്കായാലും ഇച്ചിരെ ശൌര്യം കൂടും. കുമാരന്‍ ഗാര്‍ഡിന് സര്‍വീസില്‍ കയറിയിട്ട്  ഒരാളെ തല്ലാനുള്ള അവസരം അതുവരേക്കും കിട്ടിയിട്ടില്ലായിരുന്നു. പുതിയ പയ്യന്‍റെ ആവേശ കൈക്കരുത്തില്‍  കുഞ്ഞേട്ടന്‍ ഞെരങ്ങി. കോടതിയില്‍ ഹാജരാക്കാനായി എത്തിയപ്പോള്‍  കോടതി വരാന്തയില്‍ വച്ചു  കുഞ്ഞേട്ടന്‍ കുമാരന്‍ ഗാര്‍ഡിനോട്   കൂടെയുള്ള ഫോറസ്റ്റര്‍  കേള്‍ക്കെ പറഞ്ഞു
“നായിന്‍റെ മോനെ കുമാരാ,  പുറത്തിറങ്ങട്ടെ നിന്നെ കുത്തി ഞാന്‍ കുടലെടുക്കും”
കോടതി വരാന്തയല്ലേ, പോരാത്തതിനു ചുറ്റും ആളുകളും. ഒന്നും  പ്രതികരിക്കാനാവാതെ  കമാരന്‍ ഗാര്‍ഡ്  വെറുതെ നിന്നു ചമ്മി.  കുഞ്ഞേട്ടന്‍ ഒരാളെ കൊന്ന  കാര്യം  അറിയാവുന്ന  ഫോറസ്റ്റര്‍   കുമാരന്‍റെ  ചെവിയില്‍   പറഞ്ഞു.
“ നീ  ഒന്നു  സൂക്ഷിച്ചോളൂ കുമാരാ, അവനിത്തിരി പെശകാ.”  
“പന്നിക്കേസില്‍ കോടതി എന്നെ റിമാണ്ടുചെയ്തു. അതില്‍ ജാമ്യാപേക്ഷ  കൊടുത്തപ്പോഴേക്കും   ഫോറെസ്റ്റുകാര്‍  കൈമാറിയ  തോക്കിന്‍റെ പേരില്‍  പോലീസുകാര്‍ ആയുധനിയമപ്രകാരം കേസെടുത്തു. പിന്നെ ആ കേസില്‍കൂടി  റിമാണ്ടിലായി.  ചാരായത്തിന്‍റെ  വകുപ്പില്‍  എക്സ്സൈസുകാരും  കേസെടുത്തു.  അങ്ങിനെ ‘ഒന്നു വച്ചാല്‍ മൂന്ന്, വെയ്യ് രാജാ വെയ്യ്’  എന്നു പൂരപ്പറമ്പിലെ കിലുക്കിക്കുത്തുകാരന്‍  പറയുമ്പോലെ  മൂന്നു വകുപ്പുകളിലായി ഞാന്‍   അകത്തായി. കൊലക്കേസ്  പ്രതിയായതിനാല്‍ ജാമ്യംകിട്ടാന്‍ കാലതാമസമായി. അങ്ങിനെ രണ്ടുമാസം  വീണ്ടു  ജയില്‍വാസം.”
ആ നാളുകളെ  സരസമായി ഓര്‍ത്തെടുത്തുകൊണ്ട്  കുഞ്ഞേട്ടന്‍ ചിരിച്ചു.

കൊലക്കേസിന്റെ  വിചാരണ കഴിഞ്ഞു. കുഞ്ഞേട്ടനെ കോടതി വെറുതെവിട്ടു. ബാക്കിയുള്ള കേസുകള്‍ പതിയെ ഇഴഞ്ഞിഴഞ്ഞു മുന്നോട്ടുപോയി. ഒരു ദിവസം രാവിലെ  ഫോറസ്റ്റ്  ഗാര്‍ഡ്  കുമാരനെ  കുത്തേറ്റു മരിച്ചനിലയില്‍ കാട്ടില്‍  കണ്ടെത്തി.  എട്ടുപത്തു  കുത്തുകള്‍ ദേഹത്തുണ്ടായിരുന്നു.
 ‘ചത്തത്  കുമാരനെങ്കില്‍ കൊന്നത്  കേഡികുഞ്ഞാണെന്ന  കാര്യത്തില്‍ സംശയം വേണ്ടാന്നു’  വനംവകുപ്പുകാര്‍.  
കുഞ്ഞേട്ടനെ പോലീസു പൊക്കി. തല്ലുകൊണ്ടു മടുത്തപ്പോള്‍  കുഞ്ഞേട്ടന്‍ കുറ്റമേറ്റു.  'പ്രതിക്കു കൊല്ലപ്പെട്ട കുമാരനോടു മുന്‍വിരോധം  ഉണ്ടായിരുന്നു, കൊല്ലുമെന്നു ഭീഷിണിപ്പെടുത്തിയിരുന്നു.  ലോഹ്യം നടിച്ചുകൂടി, ഒരുമിച്ചിരുന്നു   ചാരായം കുടിച്ചു കൊണ്ടിരിക്കെ  കൊലപ്പെടുത്തി'യെന്നു പറഞ്ഞു പോലീസ് കേസെടുത്തു. രണ്ടാമത്തെ കൊലപാതകം കൂടി ആയപ്പോഴേക്കും  നാട്ടുകാര്‍ക്ക്‌  കുഞ്ഞേട്ടനെ ഭയമായി. കണ്ടാലവര്‍   വഴിമാറി നടക്കാന്‍ തുടങ്ങി. ഒരു ചട്ടമ്പിക്ക് ചാര്‍ത്തിക്കിട്ടിയ തലയെടുപ്പോടെ കേഡികുഞ്ഞേട്ടന്‍ മൂഡക്കൊല്ലിയിലെ നടവഴികള്‍ നടന്നു തീര്‍ത്തു.

“ ചോര കണ്ടുകണ്ട് ഓന്‍റെ   അറപ്പ്  മാറീക്കിണ്. ഓനിപ്പോ,  അതൊക്കെ ഒരു  ഹരമായിന്.  ഓന്‍  ഇനീം  കൊല്ലും.  കോയീന്‍റെ  കവുത്ത് അറക്കണമാതിരി  ഇനീം   അറക്കും.  അതാണ്, അയിന്‍റെ ഒരു ലച്ചണം”
സിദ്ധവൈദ്യനും അത്തറു കച്ചവടക്കാരനുമായ  ആറ്റക്കോയ തങ്ങള്‍, യുനാനി  മൂക്കിപ്പൊടിയുടെ സാമ്പിള്‍ ദാമോദരന്‍റെ പിള്ളാച്ചന്‍റെ ചായപീടികയില്‍ ഇരിക്കുന്നവര്‍ക്ക്  സൌജന്യമായി വിതരണം ചെയ്തുകൊണ്ട്  പറഞ്ഞു.  മൂക്കിപ്പൊടി  വലിച്ച ദാമോദരന്‍ പിള്ളാച്ചന്‍  പലവുരു  ഉറക്കെ തുമ്മി. തുമ്മല്‍ ഒടുങ്ങിയപ്പോള്‍  ദാമോദരന്‍ പിള്ളാച്ചന്‍ പറഞ്ഞു.
“തങ്ങളെ, ഇങ്ങള്  പറഞ്ഞത് ശരിയാണ്.  ഓളെ കൊന്നിട്ട്  ഓക്കടെ  കൂടെ രാത്രി മുഴുക്കനും  വെളുക്കന്നവരെ കിടന്ന  പഹയനാണവന്‍. അല്ല, അതൊക്കെ മനുഷ്യന്മാര് ചെയ്യണ കാര്യമാണോ ? ഓനിതൊക്ക  ഒരു ഹരം തന്നെയാണ് ”
****
ഞങ്ങള്‍ മാനന്തവാടി  ടൌണില്‍ ബസിറങ്ങി  ആര്‍.ഡി.ഓ കോടതിയിലേക്ക് നടന്നു.
“കേഡി കുഞ്ഞ് എന്ന കുഞ്ഞ് ഹാജരുണ്ടോ?”
ബെഞ്ച് ക്ലാര്‍ക്ക് കേസ് വിളിച്ചപ്പോള്‍ കുഞ്ഞേട്ടനും ഞാനും കോടതിയില്‍  ഹാജരായി.  ‘നല്ല നടപ്പി’നുള്ള ബോണ്ട്  ഒപ്പിട്ടു നല്കാന്‍  തയ്യാറല്ല, എന്‍ക്വയറി നടത്തണം എന്നുപറഞ്ഞു അപേക്ഷ കൊടുത്തതിനാല്‍ കേസ്                      എന്‍ക്വയറിക്കുവേണ്ടി  മാറ്റിവച്ചു. എന്‍ക്വയറി കഴിയുന്നതുവരെ കോടതിയില്‍ മുടങ്ങാതെ ഹാജരായിക്കൊള്ളാമെന്ന വ്യവസ്ഥയില്‍   ജാമ്യം എഴുതി ഒപ്പിട്ടു പുറത്തിറങ്ങി.
 ആര്‍.ഡി. ഓ കോടതിക്കടുത്തുള്ള  ഇടവഴിയിലെ പെട്ടിക്കടയില്‍ നിന്നും ഞങ്ങള്‍ ചായയും സിഗരറ്റും വാങ്ങി. മാനന്തവാടി ‘ജോസില്‍’ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘അരുണാചലം’ സിനിമ കളിക്കുന്നുണ്ട്. കുഞ്ഞേട്ടന്‍ കടുത്ത രജനി ആരാധകനാണ്. സിഗരറ്റു വലിക്കുന്നതിനിടയില്‍ കുഞ്ഞേട്ടന്‍ ചോദിച്ചു.
“നമുക്കു അരുണാചലം  ഒന്നുകൂടെ കണ്ടാലോ ?”
 ഞാന്‍ പറഞ്ഞു
“എനിക്കു പോണം, കുഞ്ഞേട്ടന്‍ വേണമെങ്കില്‍ കണ്ടോ.  അല്ലെങ്കില്‍ നമുക്ക്  ബസ്‌പിടിക്കാം.  നമ്മുടെ ടൌണിലും  പടം കളിക്കുന്നുണ്ട്.  ഇപ്പോള്‍ വിട്ടാല്‍  അവിടെ മാറ്റിനിയുടെ സമയത്തിനു എത്താമല്ലോ ?”  

തിരിച്ചു പോരാനായി കെ.എസ്.ആര്‍.ടി.സി ബസാണു കിട്ടിയത്. ബസില്‍കയറാന്‍ ബുദ്ധിമുട്ടിയ ഒരു വൃദ്ധയെ കൈയില്‍ പിടിച്ചു ബസില്‍ കയറ്റിയ കുഞ്ഞേട്ടന്‍ അവരെ സീറ്റില്‍ ചെന്നിരിക്കാനും സഹായിച്ചു. ബസില്‍ ധാരാളം ഇടമുണ്ടായിരുന്നു മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍  ഞാനും കുഞ്ഞേട്ടനും വിസ്തരിച്ചിരുന്നു. പാതിവഴിയില്‍  നിര്‍ത്തിയ  വര്‍ത്താനം വീണ്ടും തുടങ്ങണമെന്നുണ്ട്. എങ്ങിനെ വീണ്ടും  ചോദിക്കും എന്നുള്ള  വിഷമത്തിലായിരുന്നു  ഞാന്‍. നല്ല തെളിഞ്ഞ കാലാവസ്ഥയാണ്  ബസ്  വള്ളിയൂര്‍ക്കാവിനു  അടുത്തെത്താറായി. പുറത്ത് വൃക്ഷത്തലപ്പുകളെ ഉലച്ചുകൊണ്ട്‌ ഇടയിക്കിടയ്ക്കു ശക്തമായ കാറ്റ്  കടന്നുപോകുന്നുണ്ട്‌. പുറത്തേക്ക് നോക്കിക്കൊണ്ട് കുഞ്ഞേട്ടന്‍   ഉത്സാഹത്തോടെ പറഞ്ഞു.
“കണ്ടില്ലേ   കാറ്റ്  വീശുന്നത്.  വള്ളിയൂര്‍ കാവില്‍  ഉത്സവമടുത്തു.  ഉത്സവം കഴിഞ്ഞു ഒരു മൂന്നുനാലു  ദിവസംകൂടി  ഈ കാറ്റിങ്ങിനെ വീശിക്കൊണ്ടിരിക്കും. ഇപ്പോള്‍ ഇങ്ങോട്ട് വീശുന്ന കാറ്റ് ഉത്സവം കഴിഞ്ഞാല്‍ ഇവിടെനിന്നും തിരിച്ചാവും വീശുക, അതെന്താ അതിന്‍റെ കാര്യമെന്ന് അറിയാമോ?”
എനിക്കറിയില്ലായിരുന്നു  കുഞ്ഞേട്ടന്‍ തന്നെ പറഞ്ഞുതന്നു  അതിനുള്ള ഉത്തരവും.
“എന്താച്ചാല്‍,  നാലുദിക്കീന്നും ഭൂത-പ്രേത പിശാചുക്കള്‍ ഉത്സവത്തിനു വരുന്നതിന്‍റെയാണീ കാറ്റ്.  കാവിലെ ഉല്‍ത്സവം കഴിഞ്ഞു  കൊടിയിറങ്ങിയാല്‍  പിന്നെ രണ്ടുദിവസത്തേക്ക്  ആരും കാവിനടുത്തേയ്ക്ക് പോകാറില്ല.  ആ രണ്ടുദിവസം  അവിടെ പിശാചുക്കളുടെ പൂരമാണ്‌. കാളിയും, കൂളികളും കുട്ടിച്ചാത്തന്മാരോക്കെയുണ്ടാകും. അതുകഴിഞ്ഞാല്‍ പിന്നെ രണ്ടുമൂന്ന് ദിവസത്തേക്ക്  കാറ്റിവിടുന്നു  തിരിച്ചു പോണത് കാണാം.  അതിനര്‍ത്ഥം  ഉത്സവംകഴിഞ്ഞു പിശാചുക്കള്‍ തിരികെ പോകുവാന്നാണ് ”  
 കുഞ്ഞേട്ടന്‍  കാവിന്‍റെ  ഐതിഹ്യത്തെക്കുറിച്ച്  വാചാലനായി.
“പണ്ടൊരിക്കല്‍  ഉത്സവം  കഴിഞ്ഞപ്പോള്‍ കാവില്‍ ഒരു കൊച്ചുകുഞ്ഞ്  ഒറ്റപ്പെട്ടുപോയി.  കൊച്ചിനെ  അന്വോഷിച്ചുകൊണ്ട്  കുഞ്ഞിന്റെ അമ്മ കാവില്‍ തിരിച്ചെത്തി. അപ്പോഴേക്കും  കൊടിയിറക്കം കഴിഞ്ഞു  നടയടച്ചു  ആളുകളെല്ലാം പോയിക്കഴിഞ്ഞിരുന്നു.  അടഞ്ഞ നടയ്ക്കുപിന്നിലായി  പിശാചുക്കള്‍ അവരുടെ ഉത്സവതിമര്‍പ്പിലായിരുന്നു. അമ്മ കൊച്ചിനെ  വിളിച്ചു അതിലെ ചുറ്റും നടന്നു. പെട്ടന്നു  കാവിനകത്തുനിന്നും  കൊച്ചിന്റെ   ഉറക്കെയുള്ള ചിരികേട്ടു.   അമ്മ  മകനെ ഉറക്കെവിളിച്ചു. വിളികേട്ട കാളി കൊച്ചിന്റെ അമ്മയോട് പറഞ്ഞു,
‘നീ  ഇന്നു കഴിഞ്ഞു നാളെ വാ,  അപ്പോള്‍ നിന്‍റെ കുട്ടിയെ  കൊണ്ടുപോകാം’
‘അത് പറ്റില്ല  എനിക്ക് എന്‍റെ കുട്ടിയെ ഇപ്പോള്‍  കിട്ടിയേ മതിയാകൂ’  എന്നായി അമ്മ.  
‘എന്നാല്‍ നീ കൊണ്ടു പൊയ്ക്കോള്ളൂ’  എന്നു കാളിയും.
കലിപൂണ്ട കാളി  കുട്ടിയെ   പിളര്‍ന്നു   ചോരകുടിച്ചു.  ദേഹം നാലു  കഷണങ്ങളാക്കി  കാവിന്റെ നാലു കോണുകളിലായി  വലിച്ചെറിഞ്ഞു കൊടുത്തു”  

 കുഞ്ഞേട്ടന്‍ ഈ കഥ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും  ഞാന്‍  പതിയെ  എനിക്കറിയാനുള്ള  വിഷയം എടുത്തിട്ടു.
 “അല്ല കുഞ്ഞേട്ടാ,  ആ ഫോറെസ്റ്റ് ഗാര്‍ഡിന്റെ  കേസില്‍ ശരിക്കും എന്താണു  സംഭവം. കുഞ്ഞേട്ടന്‍   ചെയ്തതാണോ?”
കുഞ്ഞേട്ടന്‍റെ മുഖത്തെ പതിവു ചിരിമാഞ്ഞുപോയി. മുഖം ഗൌരവമായി. കുറച്ചുനേരത്തെ മൌനത്തിനു ശേഷം ഗൌരവം വിടാതെ തന്നെ കുഞ്ഞേട്ടന്‍   പറഞ്ഞു.
“ഞാന്‍  ആരെയും കൊന്നിട്ടില്ല. അവന്‍ പറയുന്നു  ഞാന്‍ ചെയ്യുന്നു. അപ്പോള്‍ ചെയ്യുന്നതാര്  ഞാനോ അവനോ ?   അവനല്ലേ?”
“ആരുടെ കാര്യമാണ്  കുഞ്ഞേട്ടന്‍  പറയുന്നത് ?”
കുഞ്ഞേട്ടന്‍  ഷര്‍ട്ടിന്റെ കോളര്‍  രജനി സ്റ്റൈലില്‍ പിന്നോട്ട് വലിച്ചിട്ടു കൊണ്ട് എന്നെ നോക്കി രജനി സ്റ്റൈലില്‍ ചിരിച്ചു.  പിന്നെ  രജനിയുടെ ചടുലമായ അംഗവിക്ഷേപം പോല്‍ കൈ മുകളിലേക്കുയര്‍ത്തി വിരല്‍ ഞൊടിച്ചു പറഞ്ഞു
 “ ആണ്ടവന്‍ സൊല്‍റെന്‍.....  അരുണാചലം മുടിക്കറെന്‍ ”
“എല്ലാം അവനാണ്. എല്ലാവരിലും അവനാണ്.  ഞാനും അവനും നിങ്ങളും ഒന്നാണ്.  ജീവന്‍ എന്നതു  എല്ലാവരിലും ഒന്നു തന്നെയാണ്.  അവന്‍ ജീവന്‍ കൊടുക്കുന്നു  അവന്‍ തന്നെ  എടുക്കുന്നു.  മനുഷ്യന്‍  എല്ലാം കണ്ടുപിടിച്ചു, പക്ഷെ  ജീവനെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
"രക്തമാണ്  ജീവന്‍.  ഒരു തുള്ളി രക്തം ഉണ്ടാക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടുണ്ടോ?  ജീവന്‍ വന്നുചേരുന്നു,  സമയം കഴിയുമ്പോള്‍ അതിന്‍റെ പ്രഭവസ്ഥാനത്തേക്ക് മടങ്ങുന്നു. ജീവന്‍ നശിക്കില്ല,  ജീവനു നാശവുമില്ല.  അപ്പോള്‍ ആരും മരിക്കുന്നില്ല.  ആര്‍ക്കും ആരുടേയും ജീവനെടുക്കാന്‍ കഴിയുന്നുമില്ല കാരണം ജീവനില്ലാതാകുന്നില്ല, ജീവി മാത്രമാണ്  ഇല്ലാതാകുന്നത്, അതായത് ജഡം. ജഡമെന്നാല്‍ ജീവനില്ലാത്തത് എന്നര്‍ത്ഥം. ജീവനില്ലാത്തതിനെ എങ്ങിനെയാണ്‌ കൊല്ലാന്‍ കഴിയുക? ”
എനിക്കൊന്നും മനസ്സിലായില്ല. കുഞ്ഞേട്ടന്‍ പെട്ടന്നു ബോധോദയം കിട്ടി ജ്ഞാനിയായി  മാറിയവനെപ്പോലെ സംസാരിക്കാന്‍ തുടങ്ങി.  പൊതുവേ ഒരു  മിതഭാഷിയായ കുഞ്ഞേട്ടന്റെ ശബ്ദം ഉയര്‍ന്നു.  കുഞ്ഞേട്ടന്‍  നിര്‍ത്താതെ  സംസാരിക്കാന്‍ തുടങ്ങി. മറ്റു സീറ്റുകളില്‍  ഇരിക്കുന്നവര്‍ ഞങ്ങളെ  ശ്രദ്ധിക്കാന്‍ തുടങ്ങി. പെട്ടന്നുതന്നെ കുഞ്ഞേട്ടന്‍ നിശബ്ദനായി. ധ്യാനത്തിലെന്നവണ്ണം കണ്ണുകളടച്ചു. ആ ഇരുപ്പ് അല്‍പ്പനേരം  തുടര്‍ന്നു അതുകഴിഞ്ഞ്  കുഞ്ഞേട്ടന്‍  ശബ്ദമുണ്ടാക്കാതെ കുലുങ്ങി ചിരിക്കാന്‍ തുടങ്ങി.  ചിരിച്ചു ചിരിച്ചു  കുഞ്ഞേട്ടന്‍റെ  മുഖം ചുവന്നു കണ്ണുകള്‍ ചെറുതായി. കണ്ണുകളില്‍ നിന്നും ജലമൊഴുകി കുഞ്ഞേട്ടന്‍റെ  വലിയ മീശയില്‍ തടഞ്ഞുനിന്നു. വലിയ മീശയും വച്ചുകൊണ്ട് ശിശുവിന്‍റെ  മുഖത്തോടെ ചിരിക്കുന്ന കുഞ്ഞേട്ടനെ   കണ്ടപ്പോള്‍   എനിക്കും   ചിരിവന്നു
“കുഞ്ഞേട്ടാ,   എന്തിനാണ്  നിങ്ങള്‍ ചിരിക്കുന്നത് ? ”  
കുഞ്ഞേട്ടന്‍  കണ്ണുതുറക്കാതെ, ചിരി നിര്‍ത്താതെ എന്നോട്   ചോദിച്ചു
“കോഴിയെ കുരുതി കൊടുക്കുന്നത്   കണ്ടിട്ടുണ്ടോ? നല്ല ഉസിരുള്ള നാടന്‍ പൂവനെയും കരിങ്കോഴീനേം?  കഴുത്തു  മുറിച്ചു ഗുളികന്‍ തറെമ്മേല്‍ ചോര വീഴ്ത്തി   താഴെയിട്ടാലും അതുങ്ങള്‍  പിന്നെയും മണ്ടിപ്പായും.  തലയില്ലാത്തോണ്ട്  കണ്ണുകാണാന്‍  പറ്റാതെ  അവറ്റകള്‍   തട്ടിതടഞ്ഞു വീഴും,  ന്നാലും  പിന്നേം കെടന്നു  തുള്ളും ”
കുഞ്ഞേട്ടന്‍   കുലുങ്ങി ചിരിച്ചു.
“കുരുതി തറമ്മേല്‍  കോഴീന്‍റെ  കഴുത്തു മുറിച്ചിട്ടപോലെ ഓളപ്പോള്‍ പെടഞ്ഞു.  ന്നാലും, നേരം വെളുത്തെണീറ്റപ്പോള്‍   എനിക്കു സങ്കടം വന്നു,  ന്തായാലും നമ്മളൊക്കെ മനുഷ്യന്മാരല്ലേ?”
“കുമാരന്‍,   അവന്‍ ഒരു  പാവാര്‍ന്നു.  ഏത്,  മ്മടെ   ഗാര്‍ഡ്  കുമാരന്‍ ”  
 കുഞ്ഞേട്ടന്‍  പിന്നെയും   ചിരിച്ചു.

ബസപ്പോള്‍ കുത്തനെയുള്ള നീര്‍വാരംകുന്നിന്‍റെ മണ്ടയിലേക്കു   ഞരങ്ങിമൂളി കയറിക്കൊണ്ടിരിക്കുകയായിരുന്നു. മുന്‍ഭാഗത്ത്  ഏതാനും സീറ്റുകളൊഴിഞ്ഞു കിടപ്പുണ്ട്. ഞാന്‍  അതിലൊന്നില്‍ പോയിരുന്നിട്ട്   തിരിഞ്ഞു നോക്കി.  കുഞ്ഞേട്ടന്‍ അപ്പോഴും  ചിരിക്കുന്നുണ്ടായിരുന്നു. അടുത്ത  സ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ ബസില്‍നിന്നും ഇറങ്ങിയാലോ എന്നാലോചിച്ചു. ഒറ്റവാതില്‍  ബസില്‍ നിന്നും ഇറങ്ങണമെങ്കില്‍  കുഞ്ഞേട്ടന്‍റെ സീറ്റിനരികിലൂടെ  പോകണം  അതുകൊണ്ട്  ആ  ശ്രമം വേണ്ടാന്നുവച്ചു.  പുറത്തെ കാഴ്ചകളിലേക്ക്  വെറുതെ നോക്കിയിരുന്നെങ്കിലും  എന്‍റെ ശ്രദ്ധമുഴുവന്‍ കുഞ്ഞേട്ടനിലായിരുന്നു. ഗുമസ്തന്‍ പിള്ളച്ചേട്ടന്‍ തന്ന മുന്നറിയിപ്പിനെക്കുറിച്ചോര്‍ത്തപ്പോള്‍   മനസ്സില്‍  അല്‍പ്പം അങ്കലാപ്പ് തോന്നി.  

എനിക്കിറങ്ങേണ്ട സ്ഥലമെത്താറായി. എന്‍റെതോളില്‍ ഒരു കൈ പതിഞ്ഞപ്പോള്‍ ഞെട്ടലോടെ ഞാന്‍ തിരിഞ്ഞുനോക്കി. അത് കുഞ്ഞേട്ടന്‍റെ  കൈ ആയിരുന്നു.  കുഞ്ഞേട്ടന്‍ അപ്പോഴും  ചിരിക്കുകയായിരുന്നു. പക്ഷെ അതെനിക്കു പരിചിതമായ  ചിരിയായിരുന്നു. കുഞ്ഞേട്ടന്‍ പറഞ്ഞു, അടുത്ത സ്റ്റോപ്പില്‍  ഇറങ്ങുകയാണെന്ന്.  സന്തോഷ്‌  ടാക്കീസിന്‍റെ  മുന്‍പിലുള്ള  സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്തി.  മാറ്റിനിക്കു ടിക്കറ്റ്‌ മുറിക്കാനുള്ള അറിയിപ്പായി ബെല്ലടിക്കുന്ന സ്വരംകേട്ടു. ഞാന്‍ തിരിഞ്ഞു നോക്കി. കുഞ്ഞേട്ടന്‍ തിരക്കിട്ട് റോഡു മുറിച്ചു കടന്നു  ടാക്കീസിലേക്ക്  നടക്കുന്നത് കണ്ടു.  ടാക്കീസിനു മുന്‍പിലെ വലിയ പോസ്റ്റ്റില്‍ നിന്നും  സൂപ്പര്‍സ്റ്റാര്‍  തന്‍റെ വിരല്‍  ഞൊടിച്ചുകൊണ്ടപ്പോള്‍ ഉറക്കെ പറഞ്ഞു.  
 “ ആണ്ടവന്‍ സൊല്‍റെന്‍... അരുണാചലം മുടിക്കറെന്‍ ”
ജനക്കൂട്ടം  അതുകേട്ടു വിസിലടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്തു.  

 

Join WhatsApp News
Sabu Mathew 2023-04-21 12:29:58
നാട്ടിലെ എഴുത്തു കാരേയും രാഷ്ട്രീയ ക്കാരെയും വിളിച്ചു വരുത്തി ആദരിക്കുന്ന സംഘടനകൾ അമേരിക്കയിലെ സ്വന്തം എഴുത്തുകാരെ ആദരിക്കാൻ തയ്യാറായാൽ അത് വളരെ ഉചിതമായിരിക്കും
Sudhir Panikkaveetil 2023-04-21 19:21:23
"അതാണ്ടാ ഇതാണ്ടാ ചെറുകഥയെന്നാൽ ഇതാണ്ടാ."... അരുണാചലം.. നാട്ടിലെ തമ്പുരാക്കന്മാർക്ക് പറ വച്ച് അവരെ വണങ്ങുന്നവർക്ക് ഒന്നേ അറിയൂ.. "പാദസേവ"". തമ്പുരാന് തുപ്പ കോളാമ്പി പിടിച്ച് കൊടുത്ത് നടക്കട്ടെ പാവങ്ങൾ. നല്ല എഴുത്തുകാർ എന്നും ശ്രദ്ധിക്കപ്പെടും. അവരെ ആര് അവഗണിച്ചാലും.
Krishnan Nair 2023-04-22 17:18:29
ഒരു സത്യം തുറന്ന് പറഞ്ഞാൽ ആരും പരിഭവിക്കരുത്. ശ്രദ്ധിക്കപ്പെടുന്ന ഒരു എഴുത്തുകാരനും ഇവിടെയില്ല. അതുകൊണ്ടാണ് അമേരിക്കൻ മലയാളികൾ നാട്ടിലെ സാഹിത്യകാരന്മ്മാരെ ഇവിടെ കൊണ്ടു വരുന്നതും അവരെ ആദരിക്കുന്നതും. ആരും അതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല.
സത്യവാന്‍ നായര്‍ 2023-04-22 19:54:13
Krishnan Nair പറഞ്ഞത് നേരാണ്. "ശ്രദ്ദിക്കപ്പെടുന്ന എഴുത്തുകാര്‍ ഇവിടെയില്ല", നല്ല എഴുത്തുകാര്‍ ഇല്ലെന്ന വാദം നായര്‍ ബ്രോ പറഞ്ഞിട്ടില്ല. എന്‍റെ നായര്‍ ബ്രോ നല്ല എഴുത്ത് കാരെ ആരെങ്കിലും ഒക്കെ ശ്രെദ്ധിച്ചാലല്ലേ അവര്‍ ശ്രെദ്ധിക്കപ്പെടൂ, അതുകൊണ്ടാണ് ഇവിടെയുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പികണമെന്നു പറയുന്നത്. അങ്ങിനെ പറയുന്നതിനെ അസൂയ എന്നു പറഞ്ഞു ആക്ഷേപിക്കുന്നത് ഒരു നായര്‍ക്ക്‌ ഭൂഷണമല്ലന്നു ഒരു കരയോഗം സര്‍ട്ടിഫിക്കറ്റ് ഉള്ള നായര്‍ പറഞ്ഞാല്‍ വിഷമം തോന്നരുത് .
വാലില്ലാത്ത മനുഷ്യന്‍ 2023-04-22 20:10:54
അമേരിക്കന്‍ മലയാളികളില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡു കിട്ടിയ എഴുത്തുകാര്‍ ഉണ്ട്, കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളില്‍ പത്രങ്ങളില്‍ സ്ഥിരമായി എഴുതുന്ന എഴുത്തുകാര്‍, പ്രമുഖ പ്രസാധകരിലൂടെ പുസ്തകങ്ങളും നോവലുകളും പ്രസിദ്ധീകരിക്കുന്ന എഴുത്തുകാര്‍, സിനിമയിലും തിരക്കഥയിലും പ്രാഗത്ഭ്യം തെളിയിച്ചവര്‍ അങ്ങിനെ ഒരുപിടി കഴിവുള്ളവരും ഇതിനകം അമേരിക്കയിലും നാട്ടിലും ശ്രദ്ദ് പിടിച്ചു പറ്റിയ അനേകം ഏഴുത്തുകാര്‍ ഇവിടെ ഉള്ളപ്പോള്‍ അവരാരും ശ്രദ്ധിക്കപ്പെടുന്നവര്‍ അല്ലെന്നുള്ള Krishnan Nair രുടെ പ്രസ്താവന യുടെ കാര്യം മറ്റൊന്നുമല്ല ഈ പറയുന്നവരില്‍ ആര്‍ക്കും തന്നെ നായര്‍ എന്ന വാലില്ല എന്നതാണ് എന്നു കരുതേണ്ടിയിരിക്കുന്നു. ഇത്തരം പ്രസ്താവനകള്‍ അമേരിക്കന്‍ മലയാളിക്ക് അപമാനമാണ്.
Dheeran Mathai 2023-04-22 22:43:23
ശരിയാണ് വാലില്ലാത്ത മനുഷ്യൻ എഴുതിയത്. ഇവരെ ഇവിടെ സമർത്ഥരായ എഴുത്തുകാർ ധാരാളമുണ്ട്. പക്ഷേ കാര്യമായ ഒന്നും എഴുതാത്ത ചില വാലുള്ള മനുഷ്യരെ പൊക്കി തോളത്തു വയ്ക്കാനും, അവരെ എവിടെയും പൊക്കിയെടുത്ത് പ്രതിഷ്ഠിക്കാനും, വേദി കൊടുക്കാനും ഇവിടുത്തെ ചില ബുദ്ധിജീവികൾ പോലും പെടാപ്പാടുകൾ പെടുകയാണ്. അതിന് ഒരു ഉത്തമ ഉദാഹരണമാണ് ഒരു എം. വി. പി. അല്ലെങ്കിൽ ഒരു ടി. പി. എസ് തുടങ്ങിയവരെ മാത്രം പൊക്കി തോളിലേറ്റുന്നത്. ചൂണ്ടിക്കാണിച്ചാൽ ഒരുപക്ഷേ നിങ്ങൾ എന്നെ പിടിച്ചു പുറത്താക്കിയേക്കാം. സാരമില്ല. എന്നാൽ ഈ വാലുള്ളവരെ മാത്രം പൊക്കാൻ ഞാൻ തയ്യാറല്ല. എനിക്ക് എന്റേതായ ഒരു വീക്ഷണം ഉണ്ട്. അവരെയും ഞാൻ പൊക്കും. എന്നാൽ അവർക്കൊപ്പം അല്ലെങ്കിൽ അവർക്കും വേറെ ചിലരെയും ഞാൻ പൊക്കി എന്നിരിക്കും. അത്രമാത്രം.
നായരും നസ്രാണിയും 2023-04-22 23:58:06
കൃഷ്ണന്‍ നായര്‍ പറഞ്ഞത് വളരെ അനുചിതമായിപ്പോയി. എല്ലാം രംഗത്തും കഴിവുകള്‍ പ്രകടിപ്പിക്കുന്നവരാണ് അമേരിക്കന്‍ മലയാളികള്‍, എഴുത്തിന്‍റെ കാര്യത്തിലും കഴിവുറ്റ എഴുത്തുകാര്‍ ഇവിടെയുണ്ട്. ഒരു പക്ഷെ കൃഷ്ണന്‍ നായരുടെ വായന വാസുദേവന്‍നായര്‍ക്കു അപ്പുറം നീണ്ടുപോയിട്ടില്ലായിരിക്കും മന്സിപ്പോഴും ഇരുളടഞ്ഞ നാലുകെട്ടില്‍ കിടന്നു വീര്‍പ്പുമുട്ടികൊണ്ടിരിക്കുന്നു എന്ന് കരുതണം. അമേരിക്കയിലെ എഴുത്തുകാരെ നിങ്ങള്‍ ബഹുമാനിക്കേണ്ട അവരെ നിന്ദിക്കതിരിക്കുക . ഇവിടെ കൊടുത്തിരിക്കുന്ന ഈ കഥയെങ്കിലും ഒന്നു വായിച്ചിരുന്നെങ്കില്‍ ഈ അഭിപ്രായം പറയില്ലായിരുന്നു. ആണ്ടവന്‍ സോല്‍റെന്‍ എന്ന ഈ കഥ മോശമെങ്കില്‍ അതിന്‍റെ കാര്യകാരണ സഹിതം എഴുതാനുള്ള അറിവ് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ആദ്യം അതു പറയൂ. അതിനു ശേഷം നായര്‍ക്കല്ലാതെ നസ്രാണിക്ക് എഴുത്ത് പറ്റുമോ എന്നു തീരുമാനിക്കാം
ബെന്നി 2023-04-25 09:13:23
വളരെ നല്ല കഥ. അമേരിക്കൻ മലയാളി എഴുത്തുകാർ ഭാഷയ്ക്ക് നല്കുന്ന സംഭാവന മറക്കരുത്. പ്രത്യേക ശൈലിയുടെ ഉടമയാണ് ജോസഫ് എബ്രഹാം. അഭിനന്ദനങ്ങൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക