Image

ഒടുവിൽ വാട്ടർമെട്രോ പദ്ധതി യാഥാർത്ഥ്യമാകുന്നു (ദുർഗ മനോജ്)

Published on 22 April, 2023
ഒടുവിൽ വാട്ടർമെട്രോ പദ്ധതി യാഥാർത്ഥ്യമാകുന്നു (ദുർഗ മനോജ്)

ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ വാട്ടർ മെട്രോ പദ്ധതി യാഥാർത്ഥ്യമാക്കുകയാണ്. കൊച്ചിക്കാരുടെ യാത്രാക്ലേശത്തിന് ഒരു പരിഹാരമാകുമെന്നു കരുതുന്ന ഈ പദ്ധതിയുടെ ഉത്ഘാടനം നിർവഹിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരിക്കും. ഈ മാസം 25നാണ് ഹൈക്കോർട്ട് ടെർമിനലിൽ നിന്നും ആദ്യ ബോട്ട് സർവീസ് വൈപ്പിനിലേക്ക് യാത്ര തുടങ്ങുക.
രാവിലേയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ പതിനഞ്ച് മിനിറ്റ് ഇടവിട്ടാവും സർവീസുകൾ. മറ്റു സമയത്ത് തിരക്ക് അനുസരിച്ച് 20 - 30 മിനിറ്റ് ഇടവിട്ടാവും സർവീസ് നടത്തുക. തുടർ സർവീസുകൾ വൈകാതെ കാക്കനാട് വൈറ്റില റൂട്ടിലും ആരംഭിക്കും.
ആധുനിക സംവിധാനങ്ങൾ ഉള്ള ലോകോത്തര ടെർമിനലുകളുമായി ശബ്ദരഹിത എ.സി വൈദ്യുത ബോട്ടുകൾ ഉൾപ്പെടുന്ന ജലഗതാഗത സംവിധാനം രാജ്യത്തു തന്നെ ആദ്യമായിട്ടാണ്.
ആരംഭത്തിൽ എട്ട് അലൂമിനിയം കട്ടാമരൻ ബോട്ടുകളാണ് സർവ്വീസ് നടത്തുക. ഒരേ സമയം നൂറു പേർക്കു യാത്ര ചെയ്യാനാകുന്ന ബോട്ടുകൾ ആണ് ഇവ. ഒരു ബോട്ടിൽ മൂന്നു ജീവനക്കാരുണ്ടാവും. പതിനഞ്ചു മിനിറ്റ് ചാർജ് ചെയ്താൽ ഒന്നര മണിക്കൂർ സർവീസ് നടത്താനാകും. വൈകാതെ, കൂടുതൽ ബോട്ടുകൾ മെട്രോയുടെ ഭാഗമാകും.736 കോടിയുടെ വലിയ പദ്ധതിയാണിത്. വാട്ടർ മെട്രോ യഥാർത്ഥ്യത്തിലാകുന്നതോടെ കൊച്ചി നഗരവും അതിനോടു അനുബന്ധമായിക്കിടക്കുന്ന പത്തു ദ്വീപുകളുമുള്ള ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഒപ്പം വിനോദ സഞ്ചാര മേഖലയ്ക്കും വാട്ടർ മെട്രോ ഒരു പുതിയ സാധ്യത തുറക്കുകയാണ്.

ഏറ്റവും ചെലവു കുറഞ്ഞ ഗതാഗത മാർഗമായ ജലഗതാഗതമായിരുന്നു ഒരിക്കൽ കേരളത്തിനെ പരസ്പരം ബന്ധിച്ചിരുന്നത്. റോഡുകളും പാലങ്ങളും വന്നപ്പോൾ ജലഗതാഗതം ഉപേക്ഷിക്കപ്പെടുകയും അമ്പേ നശിപ്പിക്കപ്പെടുകയും ചെയ്തു. വീണ്ടും ജലഗതാഗതത്തിന് പച്ചക്കൊടി വീശുകയാണ്. ഉൾനാടൻ ജലഗതാഗതം വഴി കേരളത്തെ പരസ്പരം ബന്ധിക്കുക എന്ന ആശയവും അധികം വൈകാതെ നടപ്പാകട്ടെ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക