Image

CC 8/AD 36   ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-21: സലിം ജേക്കബ്)

Published on 23 April, 2023
CC 8/AD 36   ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-21: സലിം ജേക്കബ്)

ഓശാന ഞായറാഴ്ച യേശുവിനെ ജറുസലേമിലൂടെ ആബാലവൃദ്ധം ജനങ്ങള്‍ തങ്ങളുടെ വ്‌സ്ത്രങ്ങള്‍ വഴിയില്‍ വിരിച്ച് ആനയിച്ചത് മഹാപുരോഹിതരെ വിറളി പിടിപ്പിച്ചു. തങ്ങളുടെ കാല്‍ച്ചുവട്ടില്‍ നിന്നും മണ്ണ് അതിവേഗം ഒഴുകിപ്പോകുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ജനം ഇപ്പോള്‍ യേശുവിനോടൊപ്പമാണ്. അന്നു രാത്രിയിലാണ് യേശുവിനെ ഇല്ലാതാക്കണമെന്നു അവര്‍ തീരുമാനിച്ചത്. അതിന് അവര്‍ സഹായം തേടിയതാകട്ടെ യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനാണെന്ന് അവകാശപ്പെടുന്ന  യോഹന്നാനെയും. യേശുവിനെ എത്രയും വേഗം കൊല്ലേണ്ടത് മഹാപുരോഹിതന്മാര്‍ക്ക് അനിവാര്യമായിരുന്നു.

    'യേശുവിനെ എന്റെ കൈയ്യില്‍ ഏല്പിക്കുക; എങ്കില്‍ യേശുവിനു പകരക്കാരനായി നിന്നെ ഞാന്‍ വാഴിയ്ക്കാം!'
    ഇതായിരുന്നു കയ്യഫാസിന്റെ വാഗ്ദാനം.
    മഹാപുരോഹിതര്‍ നല്‍കിയ ഓഫര്‍ യോഹന്നാന്റെ മനസ്സിളക്കി. യേശുവിന്റെ ജനസ്വാധീനം ഓശാന ഞായറാഴ്ച സുവ്യക്തമായിരുന്നു. 

    യോഹന്നാന്‍ പലവട്ടം മഹാപുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തി. ഇതുപ്രകാരമാണ് പത്രോസുമായി ചേര്‍ന്ന് യോഹന്നാന്‍ യേശുവിനെ മഹാപുരോഹിതന്മാര്‍ക്ക് ഒറ്റുകൊടുത്തത്. തങ്ങളുടെ ദേഹസുരക്ഷ വാഗ്ദാനമായി കിട്ടിയിരുന്നതുകൊണ്ടാണ് മറ്റു ശിഷ്യന്മാര്‍ ഒളിവില്‍ പോയിട്ടും യോഹന്നാനും പത്രോസും യേശുവിനെ ബന്ധിച്ചവരുടെ കൂടെ അനുഗമിച്ചതും. 

    യേശുവിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കടന്നുപോയി. തങ്ങള്‍ ആസൂത്രണം ചെയ്തതുപോലെയാണ് ഇതുവരെ കാര്യങ്ങള്‍ മുന്നോട്ട് പോയത്. ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ യോഹന്നാന്‍ തന്നെ മറ്റു ശിഷ്യന്മാരുടെ യോഗം അടിയന്തിരമായി വിളിച്ചുകൂട്ടി. തോമസ് ഒഴികെ മറ്റെല്ലാവരും യോഗത്തിനെത്തി. ഇതിനിടയില്‍ യേശു ഉയര്‍ത്തെഴുന്നേറ്റെന്നും ചിലര്‍ക്കു പ്രത്യക്ഷപ്പെട്ടെന്നും മറ്റുമുള്ള കിംവദന്തികള്‍ യോഹന്നാന്റെ ചെവിയിലും എത്തിയിരുന്നു. യോഗത്തില്‍ ആമുഖ പ്രസംഗം നടത്തിയ യോഹന്നാന്‍ ഈ കിംവദന്തികളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഇങ്ങനെയൊരു സംഭവം ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല; ഇനിയൊട്ട് ഉണ്ടാകുകയുമില്ല.                    അതുകൊണ്ട് യേശുവിന്റെ അനുയായികളെ നയിക്കാന്‍ പുതിയൊരു നേതൃത്വം ഉടനടി ഉണ്ടാകണമെന്നും .യോഹന്നാന്‍ ആമുഖമായി പറഞ്ഞു.

    എല്ലാവരും തന്റെ പേര് നിര്‍ദ്ദേശിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. യേശു ക്രൂശില്‍ കിടന്നുകൊണ്ട് 'സ്ത്രീയേ ഇതാ നിന്റെ മകന്‍' എന്നു മറിയത്തോട് പറഞ്ഞത് യോഹന്നാനെ ചൂണ്ടിക്കാട്ടിയാണ്. മറിയത്തിന്റെ പിന്തുണ കൂടി ഉള്ളപ്പോള്‍ മറ്റൊരു പേരും ഉയര്‍ന്നുവരില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.

    ഇതിനിടെ ശിഷ്യന്മാര്‍ക്കുള്ള അപ്പവും വീഞ്ഞും വന്നുചേര്‍ന്നു. മുന്തിയ വീഞ്ഞാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. യേശു അത്ഭുത പ്രവര്‍ത്തിയിലൂടെ ഉണ്ടാക്കിയതിനേക്കാള്‍ മികച്ച വീഞ്ഞായിരിക്കണം അതെന്നു യോഹന്നാനു നിര്‍ബന്ധം ഉണ്ടായിരുന്നു. അപ്പോഴാണ് അടച്ചിട്ട കതക് താനെ തുറന്ന് ഒരു തൂവെള്ള രൂപം അവരുടെ ഇടയിലേക്ക് കടന്നുവന്നത്. ആ പ്രകാശത്തില്‍ ശിഷ്യരുടെ കണ്ണുകള്‍ മഞ്ഞളിച്ചു. അതിലേക്കു നോക്കാന്‍ പോലും കഴിയാതെ അവരുടെ കണ്ണുകള്‍ കൂമ്പിയടഞ്ഞു. അവര്‍ ഭയന്നു വിറച്ചു. ഒരു ഭുതത്തെയാണ് കാണുന്നതെന് അവര്‍ കരുതി.

    താന്‍ ഉയിര്‍ത്തകാര്യം പലരു വഴിയായി അറിഞ്ഞിട്ടും അതു വിശ്വസിക്കാത്ത അവരുടെ ഹൃദയ കാഠിന്യത്തെ ഉത്ഥിതനായ യേശു കുറ്റപ്പെടുത്തി.

    അല്പസമയം കഴിഞ്ഞ് ആ വെള്ളിവെളിച്ചം കടന്നുപോയി. അവിടെ എന്താണ് സംഭവിച്ചതെന്ന് ശിഷ്യന്മാര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു. മുന്തിയ വീഞ്ഞിന്റെ ലഹരി തലയ്ക്കു പിടിച്ചതാണോ എന്നവര്‍ സംശയിച്ചു. അപ്പോഴാണ് ദിദിമോസ് എന്നു                വിളിക്കപ്പെടുന്ന തോമസ് വരുന്നത്. യേശു തങ്ങളുടെ മുന്നില്‍ വന്നെന്നു പറഞ്ഞപ്പോള്‍ തോമസ് ഒട്ടും വിശ്വസിച്ചില്ല. അവരെല്ലാം മദ്യം കഴിച്ചു ലഹരിയിലായിരുന്നല്ലോ.

    അതുകൊണ്ട് തോമസ് ഒരു പ്രഖ്യാപനം നടത്തി. ''അവന്റെ കൈകളില്‍ ആണിയുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയിലൂടെ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ കൈവയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കില്ല.'' എല്ലാവരും അതുകേട്ട് സ്തംഭിച്ചിരുന്നപ്പോള്‍ ഒരു കൈയ്യടി ഉയര്‍ന്നു. അതു യോഹന്നാന്റേതായിരുന്നു. ''തോമസാണു ശരി. എനിക്കും സംശയമുണ്ട്.'' അയാള്‍ പിറുപിറുത്തു.

    ഓരോ ദിവസവും തീരുമാനമാകാതെ കടന്നുപോയി. യോഹന്നാന്‍ അസ്വസ്ഥനായിരുന്നു. മഹാപുരോഹിതര്‍ ഉടനെ അടുത്തയോഗം വിളിക്കാന്‍ യോഹന്നാനെ നിര്‍ബന്ധിച്ചു. എട്ടുദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ശിഷ്യര്‍ ഒരുമിച്ചുകൂടി. തോമസും അവരോടൊപ്പം ഉണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യോഹന്നാന്‍ പൂട്ടിട്ട് ആരും കടന്നു വരില്ലെന്ന് ഉറപ്പാക്കി. കുറച്ചുകഴിഞ്ഞപ്പോള്‍ വാതിലുകള്‍ താനേ തുറന്നുകൊണ്ട് തേജോമയ രൂപം കടന്നുവന്നു. ശിഷ്യന്മാര്‍ രൂപത്തെ നോക്കാന്‍ ഭയപ്പെട്ട് തലകുമ്പിട്ടിരുന്നു.

യേശു തോമസിനോട് പറഞ്ഞു
'നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരിക!, എന്റെ കൈകള്‍ കാണുക. നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക, അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക!'

     തോമസിന്റെ ഹൃദയം തകര്‍ന്നുപോയി. യോഹന്നാന്റെ മനക്കോട്ടയും വീണുടഞ്ഞു. 
    ആത്മധൈര്യം നഷ്ടപ്പെട്ട ശിഷ്യര്‍ തങ്ങളുടെ പഴയ തൊഴിലിലേക്കു മടങ്ങി. 

    രാത്രി മുഴുവന്‍ മീന്‍പിടുത്തത്തിനുശേഷം തിബെര്‍യ്യാസ് കടല്‍ക്കരയിലേക്കു വന്നപ്പോഴാണ് യേശു അവസാനമായി അവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്.

    തന്നെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നുണ്ടെന്ന് പത്രോസിനോട് മൂന്നുപ്രാവശ്യം           ചോദിച്ച് ഉറപ്പിച്ചശേഷം മാത്രമാണ് യേശു യോഹന്നാനെ അവഗണിച്ചുകൊണ്ട്               പത്രോസാകുന്ന പാറയില്‍ തന്റെ സഭയെ ഉയര്‍ത്തിയതും. 
    
    കാര്യങ്ങള്‍ തങ്ങളുടെ കണ്‍മുമ്പില്‍ നടന്നുവെന്ന തോന്നല്‍ ഉണ്ടാക്കത്തക്കവണ്ണം ഭംഗിയായി തന്റെ വാദങ്ങള്‍ അഡ്വ. രാമന്‍മേനോന്‍ കോടതിയില്‍ നിരത്തി. 

    'ഒരാള്‍ക്കും ഒരേ സമയം രണ്ടു കുതിരകളില്‍ സഞ്ചരിക്കുവാനും രണ്ടു വില്ലുകള്‍ കുലയ്ക്കുവാനും കഴിയുകയില്ല. ഒരടിമയ്ക്കും രണ്ടു യജമാനന്‍മാരേ ഒരേ സമയം സേവിക്കുവാനും കഴിയുകയില്ല. അഥവാ അങ്ങനെയുണ്ടെങ്കില്‍ ഒരു യജമാനനെ വ്രണപ്പെടുത്തിക്കൊണ്ടു മാത്രമേ മറ്റേ യജമാനെ പ്രീതിപ്പെടുത്തുവാന്‍ കഴിയുകയുള്ളു'.

    യേശുവിന്റെ തന്നെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അഡ്വ. രാമന്‍മേനോന്‍ തന്റെ വാദം അവസാനിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക