Image

പത്താമുദയം  വിഷുവിന്‍റെ പത്താം നാള്‍ (നെറയെ, നെറയെ ഓര്‍മ്മകളാണ് : രാധാമണി രാജ് )

Published on 24 April, 2023
പത്താമുദയം  വിഷുവിന്‍റെ പത്താം നാള്‍ (നെറയെ, നെറയെ ഓര്‍മ്മകളാണ് : രാധാമണി രാജ് )

മേടം,    പത്താമുദയം  വിഷുവിന്‍റെ പത്താം നാള്‍.ചെറപ്പത്തിലേക്കോടി പോകുന്ന മനസ്സിനെ  എനിക്കാവതില്ല തടഞ്ഞു നിര്‍ത്താന്‍. അവിടെ അച്ചന്‍റെയും അമ്മച്ചിയുടെയും നടുവിലൊരു പെറ്റിക്കോട്ടുകാരിയാണ് ഞാന്‍. വെളുപ്പിനേയുണര്‍ന്ന് കിഴക്കോട്ടു നോക്കി മുറ്റത്തു കുത്തിയിരിക്കുന്ന പത്താമുദയങ്ങള്‍. സൂര്യന്‍ ഉദിച്ചുയരുന്നത് കാണണം,തൊഴണം എല്ലാവരേയും കാത്തുകൊള്ളണേ ,എനിക്കൊരനിയനെയോ അനിയത്തിയേയൊ തരണേ,നല്ലബുദ്ധിതരണേ പിന്നയുമെന്തൊക്കെയോ ഉറക്കച്ചടവുമായി കുറേ പരാതികളും നിവേദനങ്ങളും ഇത്രയും അടുത്തു കിട്ടുമ്പോള്‍ പറയുകതന്നെ. കേക്കുന്നതൊക്കെ മൂപ്പരുടെ ഇഷ്ടം.

അപ്പോഴേക്കും കടുംങ്കാപ്പിയുമായി അമ്മച്ചിയും വരും. അച്ചന്‍ എന്നെയും നോക്കി തിണ്ണയിലുണ്ടാവും. പ്രക്യതിശക്തികളെ ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്ന തലമുറയുടെ പിന്‍തുടര്‍ച്ചയാവാം ഈ തൊഴുതുനമസ്ക്കാരം. അപ്പുറത്തെ വീടിന്‍റെ മുറ്റത്തും കുട്ടികളുണ്ടാവും പ്രഭാതസൂര്യനെ കാണാന്‍.

പിന്നെ അന്നത്തെ കാപ്പിക്ക് തീര്‍ച്ചയായും കൊഴുക്കട്ടയോ ഓട്ടടയോ എന്തങ്കിലുമുണ്ടാവും.വിഷുവിന് തയ്യാറാക്കുന്ന പച്ചനെല്ല് ഒണങ്ങി കുത്തിയ അരി കുതിര്‍ത്ത് ഒരലില്‍ പൊടിച്ച് വറുത്ത നല്ല ചോന്ന അരിപ്പൊടിയുടെ ബാക്കി പത്താമുദയത്തിനായി അമ്മച്ചി പാകത്ത് വെച്ചിട്ടുണ്ടാവും. വല്ലപ്പോഴുമാണ് പലഹാരം. എന്‍റമ്മോ എന്ത് രുചിയാണന്നോ,അമ്മസ്നേഹംകുടിചേരുന്നതാവാം.ഉച്ചയൂണും കഴിഞ്ഞ് അമ്മച്ചീം ഞാനും കുഭകുടം കാണാണ്‍പോകും. വീടിന് കുറച്ച് കിഴക്കു വശത്താണ് കോടിമത. നോക്കിയാല്‍ പാലത്തിലൂടെ ബസ്സ് പോകുന്നത് കാണാം. എന്നാല്‍ കൊടൂരാറും പഴയാറും  ആലപ്പുഴക്കുള്ള പുത്തനാറും ചേരുന്ന മൂവാറ്റുംമോപ്പ് വള്ളത്തില്‍ കടന്നുവേണം പോകാന്‍. കടത്തുവള്ളം ഇല്ലതാനും. ആരെങ്കിലും വള്ളക്കാരോട് ഒന്നക്കരെ കടത്താമോയെന്ന് ചോദിച്ച് ആരെങ്കിലും കനിയുന്നതുവരെ ആറ്റുകടവില്‍നിന്നും ഇരുന്നും മടുക്കും. എന്നാല്‍ കുറച്ച് വെയിലുംകൊണ്ട് അരമുക്കാ മണിക്കൂറ് നടന്നാല്‍ കോട്ടയം ടൗണാലെത്താം. അവിടെയുള്ള തിരുനക്കരശിവ ക്ഷേത്രത്തില്‍നിന്നുമാണ് കോടിമതയിലുള്ള പള്ളിപ്പുറത്തുകാവിലേക്ക് കുഭകുടഘോഷയാത്ര പുറപ്പെടുന്നത്. നടന്ന് നടന്ന് ഞങ്ങള്‍ ഒരു മുക്കാല്‍ദുരമെത്തുമ്പോള്‍ തെക്കും ഗോപുരമാകും. അവിടെ വഴിയരുകില്‍ മേശയിട്ട് വലിയ കുട്ടകത്തിലൊക്കെ നാരങ്ങാവെള്ളമോ  സംഭാരമോ ആരെങ്കിലും കോരികൊടുക്കുന്നുണ്ടാവും. അതിന് പെെസയൊന്നും കൊടുക്കണ്ട.ദാഹിച്ചു വരുന്നവര്‍ക്ക് ഒരാശ്വാസം അത്രതന്നെ.ഇത് വഴിയില്‍ പലയിടത്തും ഉണ്ടാവും. അമ്പലത്തിലെത്തുമ്പോഴേക്കും കുറേയേറെ മോരും വെള്ളം ഞാനകത്താക്കിയിട്ടുണ്ടാവും. ചിലടത്ത് പച്ചമുളകും ഇഞ്ചീം ചുവന്നുള്ളീം ഇഷ്ടംപോലെ കര്യാപ്പലേം ചതച്ചിട്ടത് വേറെ ചിലടത്ത് പച്ചമുളകിന്‍റെ റോള്‍ ഉണക്കമുളകെടുക്കും. അത്രേയുള്ളൂ വ്യത്യാസം.ഏതായാലും എനിക്കന്ന് ഭയങ്കരദാഹം ഈ മോരുംവെള്ളം കാണെക്കാണെ. അങ്ങനെ കുറച്ചു കഴിഞ്ഞ് കുംഭകുടവും കണ്ട് അമ്പലത്തില്‍ തൊഴുത് അമ്മച്ചി വാങ്ങിത്തരുന്ന കുപ്പിവളകളും മുത്തുമാലയും കണ്‍മഷിയും പൊട്ടുമൊക്കയായി വെെകുന്നേരം ഞങ്ങള്തിരിച്ച് കാരാപ്പുഴ വീട്ടിലെത്തും.അച്ചനൊരിക്കലും ഇങ്ങനെയുള്ള ഒരു സ്ഥലത്തും പോകുന്ന ഒരാളായിരുന്നില്ല. വീട്ടില്‍ കുടുതലും ഒറ്റക്കിരിക്കുന്നതുകൊണ്ട് ആള്‍ക്കൂട്ടം കാണുന്നതും അതിലൊരാളാവുന്നതും ഭയങ്കര ഇഷ്ടായിരുന്നു. 
ഇന്ന് കാലമാകെ എല്ലാം കൊണ്ടും മാറിമറിഞ്ഞിരിക്കുന്നു.  എന്നാലും ചില ദിവസങ്ങളില്‍ ഉള്ളകം, നെറയെ, നെറയെ ഓര്‍മ്മകളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക