Image

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ ഏറെ. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 24 April, 2023
റിപ്പബ്ലിക്കന്‍  സ്ഥാനാര്‍ത്ഥികള്‍ ഏറെ. (ഏബ്രഹാം തോമസ്)

ന്യൂയോര്‍ക്ക് : യു.എസ്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ ഇതുവരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗികമായി മുന്നോട്ടു വന്നിട്ടുള്ളത് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും മുന്‍ സൗത്ത് കാരലിന ഗവര്‍ണ്ണറും മുന്‍ യു.എന്‍ അംബാസിഡറുമായിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹേലിയുമാണ്. ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ സാന്റെസിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം പ്രതീക്ഷിച്ച് മാധ്യമങ്ങള്‍ തുടരെ ട്രമ്പിന്റെയും സാന്റെസിന്റെയും സ്വീകാര്യത അഭിപ്രായ സര്‍വ്വേകളിലൂടെ വിശകലനം ചെയ്യുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഇനിയും ഏറെ ടിക്കറ്റ് പ്രത്യാശികള്‍ രംഗത്ത് വരാനാണ് സാധ്യത. മുന്‍ അര്‍ക്കന്‍സ ഗവര്‍ണ്ണര്‍ അസ ഹച്ചിന്‍സണ്‍ ഔദ്യോഗികമായി സ്ഥാനാര്‍്തഥിത്വം പ്രഖ്യാപിച്ചിട്ടില്ല. ബുധനാഴ്ച പ്രഖ്യാപനം നടത്തി പ്രചരണം ആരംഭിക്കുമെന്നാണ് കരുതുന്നത്. ട്രമ്പിന്റെ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സും മറ്റൊരു പ്രത്യാശിയാകുമെന്ന് സൂചനകളുണ്ട്. തന്റെ തീരുമാനം ആഴ്ചകള്‍ക്കുള്ളില്‍, മാസങ്ങള്‍ക്കുള്ളിലല്ല ഔദ്യോഗികമായി അറിയിക്കുമെന്ന് പെന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ തിരക്കിട്ട് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനവും തന്റെ പുസ്തകത്തിന്റെ പ്രചരണവും നടത്തുന്ന പെന്‍സ് ഔദ്യോഗിക പ്രഖ്യാപനം വൈകിയാല്‍ അത് വിജയ സാധ്യതയെ ബാധിക്കും എന്ന് തുറന്ന് സമ്മതിച്ചു. അനുയായികള്‍ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം ഉണ്ടാവുമെന്ന് പറയുന്നു. സൗത്ത് കാരലിനയില്‍ നിന്നുള്ള സെനറ്റര്‍ ടിം സ്‌കോട്ട് സാധ്യതകള്‍ ആരായാന്‍ ഒരു പ്രസിഡന്‍ഷ്യല്‍ എക്‌സ്പ്‌ളൊറേറ്ററി കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. അടുത്തു തന്നെ സ്‌കോട്ടിന്റെ  പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

മുന്‍ ന്യൂജേഴ്‌സി ഗവര്‍ണ്ണര്‍ ക്രിസ്‌ക്രിസ്റ്റി തന്റെ അനുയായികളുമായി കൂടിയാലോചനകള്‍ തുടരുന്നു. ന്യൂഹാം ഷെയര്‍ വീണ്ടും സന്ദര്‍ശിച്ച് ഒരു ടൗണ്‍ഹാ്ള്‍ മീറ്റിംഗില്‍ ഈ രാത്രിയില്‍ ട്രമ്പിനെതിരായ കേസ് ആരംഭിക്കുകയാണ് എന്ന് അറിയിച്ചു. ആദ്യ റിപ്പബ്ലിക്കന്‍ പ്രൈമറി സംസ്ഥാനം ന്യൂഹാംഷെയര്‍ ആയതിനാല്‍ ക്രിസ്റ്റിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. അടുത്ത ഒന്ന്, രണ്ട് ആഴ്ചയ്ക്കുള്ളില്‍ ക്രിസ്റ്റി തന്റെ തീരുമാനം വ്യക്തമാക്കാനാണ് സാധ്യത.

ഡിസാന്റെസ് ഉയര്‍ത്തിയ പ്രതീക്ഷകള്‍ വളരെ വലുതാണ്. ആരാധകരെ നിരാശപ്പെടുത്താതിരിക്കുവാന്‍ ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ക്ക് നന്നേ ബദ്ധപ്പെടേണ്ടിവരും. എന്നാല്‍ ഇതിനകം സ്വന്തം സംസ്ഥാനത്ത് തന്നെ ആദ്യദിനങ്ങളില്‍ പി്ന്തുണയ്ക്കാതെയുള്ള സാന്റെസിന്റെ പ്രസ്താവനകള്‍ ഹാനികരമാവുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

ട്രമ്പിന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു പ്രശനത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് നീങ്ങുകയാണ്. മുന്നിലായിരുന്ന സ്ഥാനാര്‍ത്ഥി മന്‍ഹാട്ടന്‍ ഗ്രാന്‍ഡ് ജൂറിയുടെ കണ്ടെത്തലിന് ശേഷവും തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു. എന്നാല്‍ അറ്റ്‌ലാന്റയിലെയും വാഷിംഗ്ടണിലെയും അന്വേഷണങ്ങള്‍ സ്ഥാനാര്‍ത്ഥിത്വത്തെ എങ്ങനെ ബാധിക്കും എന്ന് പറയാറായിട്ടില്ല.

ഈ അനിശ്ചിതത്വങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് മറ്റ് പ്രത്യാശികള്‍ പ്രതീക്ഷിക്കുന്നു. ട്രമ്പും ഡിസാന്റെസും അന്യോന്യം തീക്ഷ്ണമായി എതിരിടുമ്പോള്‍ വോട്ടര്‍മാര്‍ ഒരു പകരക്കാരനെ തിരയുമെന്ന് ട്രമ്പിന്റെ മുന്‍ ഉപദേഷ്ടാവ് ബ്രയാന്‍ ലാന്‍സ പറയുന്നു. യാഥാസ്ഥിതിക ടോക്ക് റേഡിയോ ഹോസ്റ്റ്‌ലാരി എല്‍ഡര്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലാന്‍സ ഇപ്പോള്‍ എല്‍ഡറിന്റെ ഉപദേഷ്ടാവാണ്. ഫെബ്രുവരിയില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിയെപോലെ ഒരു ഔട്ട് സൈഡര്‍ ആണ് എല്‍ഡറും.

ഈ വേനലിലാണ് റിപ്പബ്ലിക്കന്‍ ടിക്കറ്റ് മോഹികളുടെ ഡിബേററുകള്‍ ആരംഭിക്കുക. ഈ കാലയളവിനുള്ളില്‍ ഏതൊക്കെ സ്ഥാനാര്‍ത്ഥികള്‍ക്കാണ് കരുത്താര്‍ജ്ജിക്കുവാന്‍ കഴിയുക എന്നത് നിര്‍ണ്ണായകമായിരിക്കും. സ്ഥാനാര്‍ത്ഥികള്‍ ഇതിനകം തങ്ങളുടെ പദ്ധതികളുടെ ആസൂത്രണം പൂര്‍ത്തിയാക്കുക ആവശ്യമാണ്. റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികള്‍ നിര്‍ബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുകയാണ് പതിവ്. ഡിബേറ്റില്‍ പങ്കെടുക്കുവാന്‍ പതിനായിരക്കണക്കിന് വ്യക്തികള്‍ ദാതാക്കളായി ഉണ്ടാവണം എന്ന പ്രധാന നിബന്ധന ഇത്തവണയും ഉണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക