Image

ഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 24 April, 2023
ഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു (ദുര്‍ഗ മനോജ് )

ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജെമിനി ശങ്കരന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അന്തരിച്ചു. തൊണ്ണൂറ്റൊമ്പതാം വയസ്സിലാണ് ജംബോ, ജെമിനി, റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനായ അദ്ദേഹം വിട പറയുന്നത്. ഇന്ത്യന്‍ സര്‍ക്കസിനു ലോകത്തിനു മുന്നില്‍ സ്ഥാനം നേടിക്കൊടുത്ത മൂര്‍ക്കോത്ത് വേണ്ടക്കണ്ടി ശങ്കരന്‍ എന്ന ജെമിനി ശങ്കരന്‍ പുതിയ സര്‍ക്കസ് കമ്പനിയായ ജെമിനി സര്‍ക്കസ് ആരംഭിക്കുന്നത് 1951 ല്‍ ആയിരുന്നു.

തലശ്ശേരി കൊളശ്ശേരിയില്‍ സ്‌ക്കൂള്‍ അധ്യാപകനായ രാമന്‍ നായരുടേയും കല്യാണി അമ്മയുടേയും മകനായി 1924 ജൂണിലാണ് ശങ്കരന്‍ ജനിച്ചത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സര്‍ക്കസിനോടു തോന്നിയ കൗതുകവും പിന്നീട് അതിനു വേണ്ടി സ്വന്തം ജീവിതം മാറ്റി വെച്ച കാഴ്ചയുമാണ് ജെമിനി ശങ്കരന്‍ എന്ന വ്യക്തിയുടെ ജീവിതം. സര്‍ക്കസിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യപടിയായി അദ്ദേഹം കളരി അഭ്യസിച്ചു. പിന്നീടാണ് സര്‍ക്കസിലേക്കു പ്രവേശിക്കുന്നത്.

സഹപ്രവര്‍ത്തകനായ സഹദേവനുമായി മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് വാങ്ങി, അതിലേക്കു കൂടുതല്‍ കലാകാരന്മാരെ ചേര്‍ത്തുകൊണ്ടാണ് ജെമിനി സര്‍ക്കസ് ആരംഭിക്കുന്നത്. ഗുജറാത്തിലെ ബിലിമോറിയിന്‍ 1951 ആഗസ്റ്റ് 15 ന് ആയിരുന്നു ജെമിനി സര്‍ക്കസ് ഉത്ഘാടനം ചെയ്തത്. അതോടെ ജെമിനി സര്‍ക്കസ് ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി മാറി. അതിവേഗം ജെമിനിയുടെ ഖ്യാതി പുറം രാജ്യങ്ങളിലും എത്തി. തുടര്‍ന്ന് 1977 ല്‍ അദ്ദേഹം മറ്റൊരു സര്‍ക്കസ് കമ്പനി കൂടി ആരംഭിച്ചു, അതാണ് ജംമ്പോസര്‍ക്കസ്. 1977 ല്‍ ഒക്ടേബര്‍ രണ്ടിനാണ് ജംബോയുടെ തുടക്കം. ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും സര്‍ക്കസുമായി പര്യടനം നടത്തിയ ശങ്കരന് നിരവധി രാഷ്ട്രത്തലവന്മാരുമായി സൗഹൃദം സ്ഥാപിക്കാന്‍ സാധിച്ചു.

ഇന്ന്, ഇന്ത്യന്‍ സര്‍ക്കസ് രംഗം അതിജീവിനത്തിനായി മല്ലടിക്കുന്ന സാഹചര്യത്തിലാണ് കടന്നു പോകുന്നത്. അതിനിടയില്‍ ആ കലാരൂപത്തെ അതിശയിപ്പിക്കും വിധം വളര്‍ത്തിയ വ്യക്തിയും കടന്നു പോയിരിക്കുന്നു. തന്റെ ജീവിതകാലം മനുഷ്യരെ വിസ്മയിപ്പിക്കാനും ആനന്ദിപ്പിക്കാനും മാറ്റിവെച്ച ആള്‍ കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നു. പ്രണാമം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക