Image

ഉറങ്ങിയാലും ഉറങ്ങിയാലും തീരാത്ത ഉറക്കം (കഥ : എസ്. ബിനുരാജ് )

Published on 24 April, 2023
ഉറങ്ങിയാലും ഉറങ്ങിയാലും തീരാത്ത ഉറക്കം (കഥ : എസ്. ബിനുരാജ് )

ഡോക്ടറുടെ മുറിക്ക് പുറത്ത് ഊഴം കാത്തിരിക്കുമ്പോള്‍ എന്റെ മനസ് അസ്വസ്ഥമായിരുന്നു. പരിശോധനകളെല്ലാം കഴിഞ്ഞ തവണത്തെ സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞതാണ്. ശ്വാസകോശത്തിന്റെ ശക്തി വരെ പരിശോധിച്ചു. കുഴപ്പമൊന്നുമില്ല. പിന്നെ എന്താവാം ഈ ക്ഷീണത്തിന് കാരണം? പകല്‍ സമയത്ത് പോലും ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. മിനിറ്റുകള്‍ക്ക് അകം സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുന്നു. ഒരു ശബ്ദം കേള്‍ക്കുമ്പോഴോ ആരെങ്കിലും വിളിക്കുമ്പോഴോ ആണ് ഞെട്ടിയുണരുക. ഉറക്കം തൂങ്ങിയ ഈ ജീവിതം മടുത്തുപോയിരിക്കുന്നു.

ഊഴം കാത്തിരിക്കുന്ന മറ്റുള്ളവര്‍ മൊബൈലിലാണ്. ആരും ആരോടും മിണ്ടുന്നില്ല. ഈ കൂട്ടത്തില്‍ നിന്നും മാറി നിന്ന ഒരു ചെറുപ്പക്കാരനുമായി ഞാന്‍ സംസാരിച്ചു. അവന്‍ രോഗിയല്ല, ഡോക്ടറുടെ ഡ്രൈവറാണ്. അരോഗദൃ‍ഢഗാത്രനായ ഒരു ചെറുപ്പക്കാരന്‍. അവന്‍ അവന്റെ ജീവിതം പറഞ്ഞു. ഡോക്ടര്‍ അറു പിശുക്കനാണെന്നും ചില മാസങ്ങളില്‍ ശമ്പളം പകുതിയേ നല്‍കാറുള്ളൂ എന്നും പരാതി പറഞ്ഞു. അമിതമദ്യപാനം മൂലം അകാലത്തില്‍ മരണമടഞ്ഞ അവന്റെ അപ്പനെ കുറിച്ച് പറഞ്ഞു. കുടുംബഭാരം തന്റെ ചുമലിലാണെന്ന് പറഞ്ഞപ്പോള്‍ മുഖത്ത് ആകെ നിരാശ.

അന്നേരം മുറ്റത്തേക്ക് പ്രൗഢയായ ഒരു സ്ത്രീ ഇറങ്ങി വന്നു. സുന്ദരി. അമ്പതിന് അടുത്ത് പ്രായം. അത് ഡോക്ടറുടെ ഭാര്യയാണെന്ന് ഡ്രൈവര്‍ പയ്യന്‍ പറഞ്ഞു. അവര്‍ക്ക് ആകെയുള്ളത് ഒരു മകനാണ്. അവന്‍ തല തെറിച്ച ഒരുവനെന്നാണ് ഡ്രൈവറുടെ അഭിപ്രായം

അവര്‍ മുറ്റത്ത് ചെടികള്‍ക്ക് വെള്ളമൊഴിക്കുകയാണ്. ഒരു  ജോലി പോലെയല്ല അവര്‍ അത് ചെയ്യുന്നതെന്ന് ഞാന്‍ നിരീക്ഷിച്ചു. ഒഴിവു സമയത്ത് അരുമയായ ചെടികള്‍ക്കൊപ്പം അല്‍പനേരം ചെലവഴിക്കുന്നു, അത്ര മാത്രം. ജോലിയോടുള്ള പാഷന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്. ഇത് ഏത് ഗണത്തില്‍  പെടുമോ ആവോ എന്ന് ആലോചിച്ചപ്പോഴേക്കും എനിക്കൊന്ന് മയങ്ങണമെന്ന് തോന്നി. കസേരയില്‍ ഇരുന്ന് അല്‍പ നേരം മയങ്ങി. അപ്പോഴേക്കും എന്റെ ഊഴമായി. ഞാന്‍ ഡോക്ടറുടെ മുറിയിലേക്ക് കയറി.

ഡോക്ടര്‍ പരിശോധനാ ഫലങ്ങള്‍ എല്ലാം സൂക്ഷ്മമായി നോക്കി. " തന്റെ കാര്യം പോക്കാടോ. This is a classic case of sleep apnea". അത് പറഞ്ഞ ശേഷം അയാള്‍ കുലുങ്ങിച്ചിരിച്ചു. 

ഇയാള്‍ക്ക് ഒരു മയത്തില്‍ പറഞ്ഞു കൂടെ. സ്ലീപ് അപ്നിയ ആണെങ്കില്‍ ലക്ഷം രൂപയുടെ അടുത്ത് വില വരുന്ന യന്ത്രം വാങ്ങി ഉപയോഗിക്കേണ്ടി വരും. മമ്മൂട്ടിയുടെ കഥാപാത്രം പുഴു സിനിമയില്‍ ഉപയോഗിക്കുന്ന സാധനം.

"ഡോക്ടര്‍, ഇത് സ്ലീപ് അപ്നിയ ആണെങ്കില്‍ ഇടയ്ക്ക് ശ്വാസം കിട്ടാതെ ഉണരില്ലേ, പരവേശം കാണിക്കില്ലേ? എനിക്ക് അങ്ങനെയൊന്നുമില്ല. ഇത് വെറും സ്ലീപ് ഡിസോര്‍ഡര്‍ ആവാനാണ് സാധ്യത".

ഞാന്‍ സ്വയം സമാധാനിക്കാനും ഡോക്ടറെ വിശ്വസിപ്പിക്കാനും ഒരു ശ്രമം നടത്തി.

"What nonsense you are talking? ഞാന്‍ ആണോ ഡോക്ടര്‍ നിങ്ങളാണോ ഡോക്ടര്‍? താന്‍ അല്ല എന്റെ മുന്നില്‍ വരുന്ന ആദ്യത്തെ രോഗി. മനസിലായോ? You are questioning my experience and integrity. തനിക്ക് താല്‍പര്യമുണ്ടെങ്കില്‍ അനുസരിച്ചാല്‍ മതി. ഇല്ലെങ്കില്‍ വേറെ വഴി നോക്കൂ".

എന്റെ ഓര്‍മ്മകള്‍ പുറകോട്ട് പോയി. ഏടാ എം ബി ബി എസ് പഠിക്കെടാ, എന്‍ട്രന്‍സ് എഴുതെടാ എന്ന് പറഞ്ഞ മാതാപിതാക്കളെയും ബന്ധുക്കളെയും അനുസരിക്കാത്ത എനിക്കിത് വേണം. വാഹനം കേടായി മെക്കാനിക്കിന്റെ അടുത്ത് പോയി കാശ് ചെലവാകുമ്പോള്‍ കാര്‍ മെക്കാനിക്ക് ആയാല്‍ മതി ആയിരുന്നുവെന്നും തടിപ്പണിക്ക് ആളെ കിട്ടാതെ വരുമ്പോള്‍ അത് പഠിച്ചാല്‍ മതിയായിരുന്നുവെന്നും കേസും കൂട്ടവും വരുമ്പോള്‍ വക്കീല്‍പ്പണി മതിയായിരുന്നു എന്നും തോന്നുന്നത് മനുഷ്യസഹജമാണല്ലോ. പക്ഷേ ഒരു മനുഷ്യ ജന്മം അല്ലേ ഉള്ളൂ. ഒരാള്‍ക്ക് ഒന്ന് ആകാനല്ലേ പറ്റൂൂ.

ഞാന്‍ ഒന്ന് തണുത്തു. ഒന്ന് ഇളകിയിരുന്നു. ഒന്നും അല്ലെങ്കിലും അയാള്‍ ഒരു ഡോക്ടറല്ലേ. അതിന്റെ ബഹുമാനം കാണിക്കണമല്ലോ.

"അല്ല ഡോക്ടര്‍ ഞാന്‍ ഒരുപാട് സ്വപ്നങ്ങള്‍ കാണുന്നു. ശരിക്കും ഗാഢനിദ്രയില്‍ അല്ലേ സ്വപ്നങ്ങള്‍ കാണുക?"

അങ്ങേര് തലയില്‍ കൈവച്ചു. തല ഉയര്‍ത്താതെ തന്നെ കണ്ണുകള്‍ മാത്രം മുകളിലേക്ക് ഫോക്കസ് ചെയ്ത് എന്നെ രൂക്ഷമായി നോക്കി. 

"എടോ, (എന്ന് പറഞ്ഞിട്ട് അയാള്‍ ഒന്ന് നിര്‍ത്തി) മണ്ടാ എന്നാവും അയാള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് വ്യക്തമായിരുന്നു. 
You'll dream even if you are in deep sleep or even if your sleep is disturbed. ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നതിന് മുമ്പ് മൂത്രമൊഴിക്കുന്നതായി സ്വപ്നം കാണാറില്ലേ? അത് തലച്ചോര്‍ നമുക്ക് നല്‍കുന്ന ഒരു മെസേജ് ആണ്, മനസിലായോ?
അല്ല എന്തു തരം സ്വപ്നങ്ങളാണ് താങ്കള്‍ കാണുന്നത്?" (അത് പറയുമ്പോള്‍ അയാളുടെ സ്വരത്തില്‍ പുച്ഛം നിറഞ്ഞു നിന്നു, നീയൊക്കെ സ്വപ്നം കണ്ടിട്ട് ഇനി എന്തിനാ എന്ന മട്ട്)

"വിചിത്രവും രസകരവുമായ സ്വപ്നങ്ങള്‍"

അത് പറയുമ്പോള്‍ എന്റെ കണ്ണുകള്‍ക്ക് അസാധാരണമായ ഒരു തിളക്കം കൈവന്നതായി എനിക്ക് തന്നെ തോന്നി. 

"Can you describe with example? Are you often scared in your dreams? Like running away from a mad elephant or a demon, or something like that?"

ഡോക്ടറുടെ മുഖത്ത് ജിജ്ഞാസയുടെ നിഴലാട്ടം ഞാന്‍ കണ്ടു. എങ്കിലും അത്തരമൊരു സ്വപ്നം അദ്ദേഹത്തോട് പറയേണ്ടതുണ്ടോ എന്ന് ‍ഞാന്‍ വീണ്ടും ആലോചിച്ചു. പറയാം, ഞാന്‍ എന്റെ സ്വപ്നത്തില്‍ യാഥാര്‍ത്ഥ്യമെന്നോണം കണ്ടതാണല്ലോ.

"ഡോക്ടറുടെ ഭാര്യ ഡ്രൈവറുടെ കൂടെ ഒളിച്ചോടുന്നു. മകന്‍ വീടിന് തീയിടുന്നു. ഡോക്ടര്‍ ഒരു നദിയില്‍ ചാടി ആത്മഹത്യ ചെയ്യുന്നു. മൂന്നാം ദിവസം മീനുകള്‍ കൊത്തിപ്പറിച്ച നിലയില്‍ ഡോക്ടറുടെ ശരീരം മറ്റൊരു തീരത്ത് അടിയുന്നു".

" ഇറങ്ങിപ്പോടാ പട്ടീ. നിനക്ക് ഇവിടെ ചികിത്സയുമില്ല മരുന്നുമില്ല "

ഞാന്‍ കൊടുങ്കാറ്റ് പോലെ മുറിക്ക് പുറത്തേക്ക് ചാടി. അലര്‍ച്ച കേട്ട് ഡോക്ടറുടെ ഭാര്യയും ഡ്രൈവര്‍ പയ്യനും അകത്തേക്ക് കയറി. ഞാന്‍ മുറ്റത്തെത്തുമ്പോള്‍ ഡോക്ടര്‍ എന്നോട് അലറിയതിനേക്കാള്‍ ഭീകരമായ ശബ്ദത്തില്‍ പിന്നെയും അലറുന്നത് കേട്ടു. ഞാന്‍ തിരിഞ്ഞു നോക്കാതെ ഓടി.

പറയൂ സുഹൃത്തുക്കളെ, ഞാന്‍ ചെയ്തത് തെറ്റാണോ?

Join WhatsApp News
Manju 2023-04-24 16:19:26
ചിരിപ്പിക്കാനാവുന്നത് നല്ല കഴിവാണ്. നന്നായി. 👌
Deepa. K. V 2023-04-25 01:58:44
A very simple humour laden story. Good one binu😊😊😊
Jancy 2023-04-25 02:03:08
😀 awesome narration Binu. Loved it!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക