
കേരള സംഗീത നാടക അക്കാദമി ഈയിടെ പ്രഖ്യാപിച്ച സംസ്ഥാന പുരസ്കാരങ്ങളിൽ നൃത്തത്തിനുള്ളതു നേടിയ കലാമണ്ഡലം ഷീബാ കൃഷ്ണകുമാർ ജനശ്രദ്ധ ആകർഷിച്ചുകൊണ്ടിരിയ്ക്കുന്നത് അഷ്ടപദിയാട്ടം എന്ന നാട്യരൂപത്തിൻ്റെ പ്രതാപം വീണ്ടെടുക്കുവാൻ പ്രയത്നിക്കുന്ന കലാകാരി എന്ന നിലയിലാണ്.
ഏപ്രിൽ 29 ലോക നൃത്തദിനമായി ആചരിക്കുന്നതിൻ്റെ ഉദ്ദേശ്യം വ്യത്യസ്തങ്ങളായ നാട്യരൂപങ്ങൾ ആസ്വദിക്കുന്നതിന് ജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണെങ്കിൽ, കലാമണ്ഡലം ഷീബയാണ് ഈ ദൗത്യത്തിൻ്റെ മു൯നിര പോരാളി. അഷ്ടപദിയാട്ടത്തെ പുനർജീവിപ്പിക്കുവാൻ കേരളക്കരയിലെ നാട്യരംഗത്ത് അര നൂറ്റാണ്ടിലേറെ കാലമായി നടന്നുകൊണ്ടിരിക്കുന്ന തീവ്രശ്രമങ്ങൾക്ക് ഏറ്റവുമൊടുവിൽ ലഭിച്ച ഊർജ്ജ സ്രോതസ്സാണവർ!
അഷ്ടപദിയാട്ടത്തിന് പുതുജീവൻ നൽകിക്കൊണ്ടിരിക്കുന്ന കലാവീഥിയിലെ തൻ്റെ അനുഭവങ്ങൾ നർത്തകിയിവിടെ പങ്കുവെക്കുന്നു:
🟥 അഷ്ടപദിയാട്ടം
കഥകളിയേക്കാൾ പ്രാചീനമായതെന്ന് വലിയൊരു വിഭാഗം സാംസ്കാരിക ഗവേഷകർ രേഖാമൂലം സ്ഥിരീകരിക്കുന്നൊരു ദൃശ്യകലാരൂപമാണ് അഷ്ടപദിയാട്ടം. കൂടിയാട്ടം, കൃഷ്ണനാട്ടം, തിറയാട്ടം, ചാക്യാർകൂത്ത് മുതലായ നടനകലകളുടെ ഒരു ശ്രേഷ്ഠ മിശ്രണമായി പതിനേഴാം നൂറ്റാണ്ടിൽ രൂപംകൊണ്ടതാണ് കഥകളിയെങ്കിൽ, പന്ത്രണ്ടാം നൂറ്റാണ്ടിൽ ഒഡീഷയിൽ ജീവിച്ചിരുന്ന കവിശ്രേഷ്ഠൻ ജയദേവൻ രചിച്ച 'ഗീതാഗോവിന്ദം' എന്ന കാവ്യത്തിൻ്റെ രംഗാവിഷ്കാരമാണ് അഷ്ടപദിയാട്ടം. ജയദേവകൃതിയിലെ എല്ലാ ഗീതങ്ങളും എട്ടു ഖണ്ഡങ്ങൾ ചേർന്നതായതിനാൽ, അതിനെ അഷ്ടപദിയെന്നും വിളിച്ചുപോന്നു. പിറവികൊണ്ട കാലം മുതൽ ഈ രാധാമോഹനകാവ്യത്തിൻ്റെ ദൃശ്യരൂപങ്ങൾ രാജ്യത്തിൻ്റെ പലഭാഗത്തും വിവിധ നാമങ്ങളിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അഷ്ടപദിയുടെ നാട്യഭാഷ്യം ക്രമേണ അഷ്ടപദിയാട്ടമായി അറിയപ്പെടാൻ തുടങ്ങി. ഇന്ത്യയുടെ ഏറ്റവും പ്രശസ്തമായ ക്ലാസ്സിക്കൽ കലാരൂപമെന്ന് ലോകമെങ്ങും അറിയപ്പെടുന്ന കഥകളിയിൽ പോലും അഷ്ടപദിയാട്ടത്തിൻ്റെ അടയാളങ്ങൾ അങ്ങിങ്ങായി കാണാം. എന്നാൽ, അവ്യക്തമായ കാരണങ്ങളാൽ, അഷ്ടപദിയാട്ടത്തിന് അതിൻ്റെ പ്രതാപം ജനപ്രിയ വഴിയിലെവിടയോവച്ച് നഷ്ടമായി.

🟥 രംഗപ്രവേശം
ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാന്തര ബിരുദമെടുത്തതിനു ശേഷം, ഞാനിപ്പോൾ കേരള കലാമണ്ഡലത്തിൽ, ഡോക്ടറേറ്റിനുവേണ്ടിയുള്ള നൃത്തഗവേഷക വിദ്യാർത്ഥിയാണ്. ഞാൻ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന
നാട്യരൂപം പ്രൊ. കരിമ്പുഴ രാമകൃഷ്ണൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ വരികൾക്ക് പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ നൽകിയ ഭാഷ്യമാണ്. മൺമറഞ്ഞ നൃത്താചാര്യൻ ചേമഞ്ചേരിയുടെ തന്നെ ശിഷ്യയായ കണ്ണൂർ സീതാലക്ഷ്മി ടീച്ചറാണ് അഷ്ടപദിയാട്ടത്തിൽ എൻ്റെ മുൻഗാമി. കേരളത്തിലെ ആദ്യകാല നർത്തകിമാരിൽ ജീവിച്ചിരിക്കുന്ന അപൂർവം പേരിൽ ഒരാളാണ് സീതാലക്ഷ്മി ടീച്ചർ. നിരവധി വേദികളിൽ നടനവൈഭവം തെളിയിച്ച ടീച്ചർക്ക് പ്രായാധിക്യം മൂലം ഇനിയതിനാവില്ലെന്നു വന്നപ്പോഴാണ് അഷ്ടപദിയാടാൻ ഞാൻ ചിലങ്കയണിഞ്ഞത്. മഹാകവി ജയദേവർ കൊളുത്തിയ രാഗദീപം അണഞ്ഞുകൂടാ. ടീച്ചർ, 1955-ൽ, പുനർജന്മം കൊടുക്കുന്നതിനു മുന്നെ അഷ്ടപദി അരങ്ങിൽ നിന്ന് ദീർഘകാലം അപ്രത്യക്ഷമായിക്കിടന്നത് വേദനയോടെ ഓർക്കുന്നു.

🟥 അഷ്ടപദിയിലെ അരങ്ങേറ്റം
പന്ത്രണ്ടാം വയസ്സുമുതൽ മോഹിനിയാട്ടം ചെയ്തുകൊണ്ടിരുന്ന ഞാൻ അഞ്ചുവർഷം മുന്നെയാണ് അഷ്ടപദിയാട്ടത്തിൽ ആകൃഷ്ടയായത്. നാട്യകുലപതി ചേമഞ്ചേരിയാണ് അഷ്ടപദിയുടെ ഉൽകൃഷ്ടവീഥിയിലേക്ക് എന്നെ നയിച്ചത്. രണ്ടുവർഷം കഠിനമായ പരിശീലനം തന്നെയായിരുന്നു. ചില പ്രത്യേക മുദ്രകളുടെ അംഗുലീചലനങ്ങൾ സീതാലക്ഷ്മി ടീച്ചർ കൂടെ ചേർത്തിരുത്തി അഭ്യസിപ്പിച്ചു. മെല്ലെ, മെല്ലെ ഞാൻ ഈ ശാസ്ത്രീയ നിർത്ത്യത്തിൻ്റെ ഉള്ളറകളിലേക്ക് പ്രവേശിച്ചു. അമ്പതുകളിൽ ടീച്ചർ അവതരിപ്പിച്ച അഷ്ടപദിയാട്ടം, കണ്ണൂരിലെ മാധവറാവുസിന്ധ്യ ട്രസ്റ്റിൻ്റെ കലാവേദിയിൽ സാംസ്കാരിക നായകരെ സാക്ഷിനിർത്തി പുനരാവിഷ്കരിച്ചു. മേയ്, 2017-ൽ നടന്ന അഷ്ടപദിയിലെ എൻ്റെ അരങ്ങേറ്റം കലാസ്നേഹികൾ വരവേറ്റത് അങ്ങേയറ്റം ആവേശത്തോടെയാണ്. 1972-ൽ, ടീച്ചർ അരങ്ങിൽനിന്ന് വിടപറഞ്ഞതിനുശേഷം ആസ്വാദകർ ആദ്യമായി അഷ്ടപദിയാട്ടം കാണുകയായിരുന്നു!
🟥 പിരിമുറുക്കങ്ങൾ
ഈ തലമുറയിലെ സഹൃദയർക്ക് കേട്ടറിവു മാത്രമുള്ള ഒരു ക്ലാസ്സിക്കൽ നാട്യരൂപം അരങ്ങിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൻ്റെ സകല വിധ പിരിമുറുക്കങ്ങളും അനുഭവിച്ചറിഞ്ഞു. ശാസ്ത്രീയ നൃത്തങ്ങളുടെ പിൻബലം ഉള്ളവർക്കുകൂടി, അത്രപെട്ടന്ന് ഉൾക്കൊള്ളാൻ കഴിയാത്തതാണ് ഇതിൻ്റെ രീതികൾ. അഷ്ടപദിയാട്ടത്തിന് മോഹിനിയാട്ടവുമായി എന്തെങ്കിലും സാദൃശ്യമുണ്ടെങ്കിൽ അത് മുദ്രകളിൽ മാത്രമാണ്. എന്തിനേറെ, 48 വർഷത്തെ ഇടവേളക്കുശേഷം വേദി വീണ്ടുമൊരുങ്ങുന്നുവെന്ന വാർത്തയിൽ ഉൾപ്പെടുത്താൻ, അഷ്ടപദിയാട്ടത്തിൻ്റെ വേഷമണിഞ്ഞ ഒരു ഫോട്ടോ പോലും എൻ്റെ കയ്യിലുണ്ടായിരുന്നില്ല. ഉടയാടകളുടെയും ചമയങ്ങളുടെയും അന്തിമരൂപ തീരുമാനങ്ങൾ നീണ്ടുപോയി. പത്തെണ്ണൂറു വർഷം പഴക്കമുള്ളൊരു ക്ലാസ്സിക്കൽ ആവിഷ്കാരത്തിൻ്റെ വേഷവിധാനത്തിനു പോലും ധിഷണാപരമായ സമീപനം അനിവാര്യമായിരുന്നു.

🟥 വാടിത്തളർന്ന നിമിഷങ്ങൾ
അഷ്ടപദി ശിക്ഷണ വേളയിൽ ഒരുപാട് മാനസിക സംഘർഷങ്ങൾ എന്നെ പിൻതുടർന്നു. അനന്തമായിക്കിടക്കുന്ന സമുദ്രത്തിൻ്റെ അങ്ങേയറ്റത്തേക്ക് ദൃഷ്ടിപായിക്കാൻ ഗുരു ആജ്ഞാപിച്ചപ്പോൾ, അത് ഒരു മോഹിനിയാട്ട നർത്തകിയുടെ നയനവിലാസ ജ്ഞാനത്തിന് അപ്പുറമായിരുന്നു. ഒരു ശ്ലോകത്തിലെ ഒരു വരിയിലെ ഒരു പദം മാത്രം അഭിനയിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഒരു മുഴുവൻ ദിവസമെടുത്ത അനുഭവങ്ങൾ എത്രയെത്ര! അരങ്ങേറ്റത്തിനു തൊട്ടുമുന്നെ രണ്ടുമണിക്കൂർ നീളുന്ന അവസാനപാദ തീവ്രപരിശീലനം മൂന്നു തവണ തുടർച്ചയായി ചെയ്യേണ്ടിവന്നപ്പോൾ ഓജസ്സ് പൂർണ്ണമായും ചോർന്നുപോയി ഞാൻ വാടിത്തളർന്നിട്ടുണ്ട്. പക്ഷെ, ഞാനിന്ന് എന്തെങ്കിലും സ്വായത്തമാക്കിയിട്ടുണ്ടെങ്കിൽ അത് ആ ഗുരുത്വം മൂലം ലഭിച്ച സിദ്ധി മാത്രമാണ്.
🟥 പരിണാമങ്ങൾ
സീതാലക്ഷ്മി ടീച്ചറുടെ കാലത്ത് നാലുമണിക്കൂർ നേരം ചെയ്തിരുന്ന നാട്യം, പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, രണ്ടുമണിക്കൂറിലേക്ക് സംക്ഷേപിച്ചുവെന്നതാണ് പ്രധാന ഘടനാപരമായ വ്യത്യാസം. ഗുരു ചേമഞ്ചേരിയുടെ ബോധനം അനുസരിച്ചാണ് ഈ ലളിതവൽക്കരണം നടത്തിയത്. മുന്നെ രണ്ടുമണിക്കൂർ സോളോ പെർഫോർമൻസും, ബാക്കി രണ്ടു മണിക്കൂർ ബാലെയുമായിരുന്നു. ഇപ്പോൾ ബാലെ വേണ്ടെന്നുവച്ചു. പുതിയ ലോകത്ത്, നാലുമണിക്കൂർ നേരം ഇരുന്നു കാണാലുള്ള ക്ഷമ പ്രേക്ഷകർക്ക് ഉണ്ടാവില്ലെന്നതുകൂടി പരിഗണിച്ചാണ് ഈ മാറ്റം വരുത്തിയത്. ടീച്ചർ അണിഞ്ഞിരുന്നത് ഗുജറാത്തി രീതിയിലുള്ള പാവാടയും, ബ്ലൗസും, ദാവണിയുമായിരുന്നു. ചിത്രകലാ രംഗത്തെ സജീവ സാന്നിധ്യമായ കെ. കെ. മാരാർ മാഷാണ് കേരള ശൈലിയിലുള്ള പുതിയ വസ്‌ത്രങ്ങളും അവയുടെ നിറങ്ങളും വിഭാവനം ചെയ്തത്. നങ്ങ്യാർകൂത്തിൻ്റേതുപോലെ വലിയ കിരീടമാണ് അഷ്ടപദിയുടെ കലാകാരിയും ധരിച്ചിരുന്നത്. കേശാലങ്കാരത്തിൽ വരുത്തിയ വ്യത്യാസത്തോടൊപ്പം, കൊച്ചു വൈരക്കൽ കിരീടവും സ്വീകരിച്ചു. ആഭരണങ്ങളിലും ചമയങ്ങളിലും പാരമ്പര്യപ്പകർച്ച നഷ്ടപ്പെടാതെ, കാലോചിതമായ പരിഷ്‌കരങ്ങൾ വരുത്തി. കേരളത്തിലെ പ്രശസ്ത ഫോക്‌ലോർ ഗവേഷകൻ ഡോ. രാഘവൻ പയ്യനാടും, ബഹുവിഷയ സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാടും വിലപ്പെട്ട നിർദ്ദേശങ്ങൾ തന്നിരുന്നു.

🟥 വാദ്യവൃന്ദം
മൃദംഗം, ഇടയ്ക്ക, പുല്ലാംകുഴൽ, വയലിൻ, നട്ടുവാങ്കം, ചെണ്ട, മദ്ദളം മുതലായവയാണ് അഷ്ടപദിയാട്ടത്തിൽ ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങൾ. പദം പാടുമ്പോൾ മൃദംഗവും, ഇടയ്ക്കയും, പുല്ലാംകുഴലും, നട്ടുവാങ്കവുമാണ് വായിക്കുന്നത്. വാദികാഭിനയ സമയമാണിത്. കലാശത്തിലെത്തുമ്പോൾ ചെണ്ടയും, മദ്ദളവും വാദ്യവൃന്ദത്തിൽ പങ്കുചേരുന്നു. തീവ്ര സ്വഭാവമുള്ള രംഗങ്ങൾ ആവിഷ്കരിക്കുന്ന ഘട്ടങ്ങളിലാണ് ചെണ്ടയും മദ്ദളവും അകമ്പടിയായി എത്തുന്നത്. മനോധർമ്മം പ്രകടിപ്പിക്കുമ്പോൾ പശ്ചാത്തലമേളം വളരെ ഗാംഭീര്യമുള്ളതായിരിക്കണം. തീക്ഷ്ണ സ്വഭാവമില്ലാത്ത ആഖ്യാന രംഗങ്ങളിൽ ചെണ്ട ഉപയോഗിക്കാതിരിക്കുകയോ, മദ്ദളത്തോടൊപ്പം, മൃദുവായി കൊട്ടുകയോ ചെയ്യുന്നു. വർണ്ണനാശ്ലോകങ്ങളാണ് വായ്പ്പാട്ടായി ആലപിക്കുന്നത്. നർത്തകി അതിന് മുദ്രകളിലൂടെയും നാട്യത്തിലൂടെയും ജീവൻ നൽകുന്നു. പക്കമേളം അതിൻ്റെ നാദ പകിട്ടാണ്!
🟥 പുനരുത്ഥാന ശ്രമങ്ങൾ
ഒരു ദൃശ്യകലാരൂപമെന്ന നിലയിൽ അഷ്ടപദിയാട്ടത്തിന് ഇടമുറിയാതെയുള്ള ജനപ്രീതി ലഭിക്കാതെപോയത് ഒരു പ്രത്യേക കാവ്യത്തെ മാത്രം അവലംബിച്ചതിനാലാണോ എന്ന ചോദ്യം പഠന വിധേയമാക്കണം. ഏതായാലും ഇന്ത്യൻ ക്ലാസ്സിക്കൽ കലാരൂപങ്ങളെക്കുറിച്ചു പരാമർശമുള്ള എല്ലാ രേഖകളിലും അഷ്ടപദിയാട്ടത്തിൻ്റെ ഔന്നത്യം പ്രത്യേകം എടുത്തുപറയുന്നുണ്ട്. ജയദേവരുടെ തന്നെ ആലാപനത്തിന് പത്നി പത്മാവതി നൃത്തം ചവിട്ടിയതാണ് അഷ്ടപദിയുടെ ഏറ്റവുമാദ്യത്തെ ആവിഷ്കാരം. തുടർന്നുവന്ന ഒമ്പതു നൂറ്റാണ്ടുകാലത്തെ പ്രയാണത്തിൽ അഷ്ടപദിയുടെ പ്രചാരം കൂടിയും കുറഞ്ഞും നിലകൊണ്ടു. 1850-ൽ എടപ്പള്ളി രാഘവൻ തിരുമുൾപ്പാട് അഷ്ടപദിയാട്ടത്തിന് പുതുജീവൻ നൽകി രംഗത്ത് വീണ്ടും അവതരിപ്പിച്ചതായി ചരിത്രരേഖകൾ പറയുന്നു. പിന്നീടിത് എത്രകാലം സജീവമായി അരങ്ങിലുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. എന്നാൽ, 1950 മുതൽ 70-വരെയുള്ള കാലഘട്ടത്തിൽ വടക്കൻ കേരളത്തിൽ അഷ്ടപദിയാട്ടം വളരെ ദീപ്തമായിരുന്നു. നിർഭാഗ്യവശാൽ, സീതാലക്ഷ്മി ടീച്ചർക്കുശേഷം ചില നർത്തകിമാർ രണ്ടോ മൂന്നോ വേദികൾ മാത്രം ചെയ്ത് അന്തർധാനം ചെയ്യുകയാണുണ്ടായത്. അഷ്ടപദിയുടെ വഴങ്ങാത്ത പ്രകൃതമാണോയെന്നൊ, പക്കമേളത്തിനു വരുന്ന ഭാരിച്ച ചിലവാണോയെന്നൊ അറിയില്ല, അഷ്ടപദിയെ ഉപാസിക്കാൻ അധികമാരും മുന്നോട്ടുവന്നില്ല.

🟥 ഇത്തിരിപോന്നൊരു അധ്യോതാവ്
രാധാ-കൃഷ്ണ പ്രണയത്തിൻ്റെ ഉദാത്ത ദൃഷ്ടാന്തമാണ് ഗീതാഗോവിന്ദം. ഗോപികമാരോടുള്ള കൃഷ്ണൻ്റെ അടുപ്പത്തിൽ മനംനൊന്ത രാധ ഭഗവാനെ വിട്ടുപോകുന്നുണ്ടെങ്കിലും, വിരഹം രണ്ടുപേരെയും തീഷ്ണമായി അലട്ടുന്നുണ്ട്. താമസിയാതെ അത്യന്തം നിർവൃതി ജനകമായ അവസ്ഥയിൽ അനുരഞ്‌ജനവും പുനഃസംഗമവും അരങ്ങേറുന്നു. അഷ്ടപദി ആദ്യം ആടിയത് പത്മാവതിയാണെങ്കിലും, അവരുടെ മഹത്സ്ഥാനവുമായി എന്നെ ഒത്തുനോക്കാൻ എനിക്കാവില്ല. അർത്ഥത്തിലും അവതരണത്തിലും ഏറെ ബൃഹത്തായ ഈ നൃത്യശാസ്ത്രത്തിൻ്റെ ഇത്തിരിപോന്നൊരു അധ്യോതാവ് മാത്രമാണ് ഞാൻ. കേവലമായ എൻ്റെ പ്രദർശനങ്ങളിലൂടെ ഞാൻ തേടുന്നത് പത്മാവതിയുടെ വരപ്രസാദമാണ്. പത്മാവതിയോട് അടുത്തു നിൽക്കാനോ, രാധയോട് ചേർന്ന് നിൽക്കാനോ എനിയ്ക്ക് അർഹതയില്ലെങ്കിലും, അറിയപ്പെടാത്തൊരു ഗോപികയെങ്കിലുമാകാനാണ് എൻ്റെ മോഹം! കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള എൺപതോളം പ്രശസ്ത വേദികളിലും, അന്തർദേശീയമായതുൾപ്പെടെ നാലഞ്ച് പ്രമുഖ കലോത്സവങ്ങളിലും അഷ്ടപദി അവതരിപ്പിച്ച്, ഈ നൃത്തശാഖ ദിനംപ്രതി കൂടുതൽ ജനപ്രിയമായിക്കൊണ്ടിരുന്നൊരു കാലഗതിയിലാണ് പൊതുപരിപാടികൾക്ക് പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ട് കൊറോണയെത്തിയത്. എന്നുവരുകിലും, സമയം പാഴാക്കാതെ വേദികളുമായി മുന്നോട്ടു പോയി.

🟥 പുതിയ ആവിഷ്കാരം
നാട്യവൈഭവം ഏറെ വേണ്ടിവരുന്ന പുതിയൊരു ആവിഷ്കാരം ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കവി ഭാനുദത്തയുടെ 'ശിവാഷ്ടപദി' ഒരു പ്രശസ്ത മാസികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചുവന്നപ്പോൾ അതിനു ലഭിച്ച സ്വീകാര്യതയാണ് ഈ കൃതി തിരഞ്ഞെടുക്കുവാൻ പ്രചോദനം. ഇത്രയും കാവ്യാത്മകമായൊരു സൃഷ്ടി നീണ്ട കാലം അജ്ഞാതമായിരുന്നത് ആശ്ചര്യകരമെന്ന് വായനക്കാർ അഭിപ്രായപ്പെട്ടിരുന്നു. ഗുരു ചേമഞ്ചേരിയുടെയും സോപാനരത്നം കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാരുടെയും മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് പുതിയ ഇനത്തിൻ്റെ നാട്യവും സംഗീതവും ക്രമപ്പെടുത്തുന്നത്.
🟥 കുടുംബ പശ്ചാത്തലം
തലശ്ശേരിയിലെ തിരുവങ്ങാടിലാണ് താമസം. ഭർത്താവ് കൃഷ്ണകുമാറിൻ്റെ ഉദ്യോഗസംബന്ധമായാണ്
തലശ്ശേരിയിലെത്തിയത്. ഗുരു ചേമഞ്ചേരി, സീതാലക്ഷ്മി ടീച്ചർ, മുഴപ്പിലങ്ങാട് സാർ, മാരാർ മാഷ് മുതലായ അതുല്യ പ്രതിഭകളെ കണ്ടുമുട്ടാനും, ആ ബാന്ധവം പിന്നീട് അഷ്ടപദിയാട്ടത്തിലേക്ക് എന്നെ എത്തിച്ചതിനുമെല്ലാം വഴിയൊരുക്കിയത് തലശ്ശേരിയിലെ ജീവിതമാണ്. തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിക്കടുത്തുള്ള വരവൂർ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. നൃത്തകലയോട് എനിക്ക് കുട്ടിക്കാലത്ത് തോന്നിയ പ്രണയം തിരിച്ചറിഞ്ഞ പിതാവ് കൂടുതൽ പഠിക്കാനായി എന്നെ കലാമണ്ഡലത്തിൽ ചേർത്തു. ജന്മനാടിന് അടുത്തുതന്നെയുള്ള മച്ചാടിലാണ് ഭർത്തൃഗൃഹം. രണ്ട് ആൺമക്കൾ. പ്രണവ് കൃഷ്ണയും, പ്രവീൺ കൃഷ്ണയും. രണ്ടുപേരും വിദ്യാർത്ഥികളാണ്.