Image

റോഡിലിറങ്ങിയാല്‍ കാറിനകം സ്വകാര്യസ്ഥലമല്ല; സുപ്രീം കോടതി നേരത്തേ പറഞ്ഞു കഴിഞ്ഞു(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് ) Published on 25 April, 2023
റോഡിലിറങ്ങിയാല്‍ കാറിനകം സ്വകാര്യസ്ഥലമല്ല; സുപ്രീം കോടതി നേരത്തേ പറഞ്ഞു കഴിഞ്ഞു(ദുര്‍ഗ മനോജ് )

റോഡിലെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച എ ഐ ക്യാമറാ ദൃശ്യങ്ങള്‍ യാത്രികരുടെ സ്വകാര്യത ലംഘിക്കും എന്ന വാദം, പഴയ കോടതി വിധി പ്രകാരം നിലനില്‍ക്കുന്നതല്ല. സാധാരണ ഗതിയില്‍ അമിതവേഗം പിടികൂടുന്ന ക്യാമറകള്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാത്രം വായിക്കുമ്പോള്‍, കാറിനുള്ളില്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതോ ഫോണ്‍ ഉപയോഗിക്കുന്നതോ പിടികൂടാന്‍ ശേഷിയുള്ള പുതിയ ക്യാമറകള്‍ക്കു കഴിയും. അതോടൊപ്പം പൊന്തി വന്നതാണ് ഇത്തരം ക്യാമറകള്‍ കാറില്‍ സഞ്ചരിക്കുന്നവരുടെ സ്വകാര്യത ലംഘിക്കും എന്ന വാദം. എന്നാല്‍ 2019 ജൂണില്‍ വന്ന സുപ്രീം കോടതി വിധി, സ്വകാര്യ വാഹനം, പൊതുസ്ഥലത്താണെങ്കിലും സ്വകാര്യ സ്ഥലമാണെന്ന 1999 ലെ കേരള ഹൈക്കോടതി വിധി ഖണ്ഡിച്ചു. പൊതു സ്ഥലത്തു നിര്‍ത്തിയിട്ട കാറിനുള്ളില്‍ മറ്റുള്ളവര്‍ പ്രവേശിക്കുന്നതു വിലക്കാമെങ്കിലും കാറിനു സമീപത്ത് എത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് നിയമ തടസ്സമില്ലെന്നു ബെഞ്ച് വ്യക്തമാക്കി. നിലവില്‍ സ്ത്രീകളുടെ സ്വകാര്യത ഹനിക്കുന്ന വിധത്തില്‍ അവരെ നിരീക്ഷിക്കുന്നതും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നത് ഐടി നിയമപ്രകാരം കുറ്റകരമാണ്. അതുപോലെ, സ്വകാര്യ സ്ഥലങ്ങളില്‍ വെച്ച് വ്യക്തികള്‍ നടത്തുന്ന പ്രവൃത്തികള്‍ ചിത്രീകരിക്കുന്നതും നിയമവിരുദ്ധമാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ സ്വകാര്യ ഇടം സംബന്ധിച്ച നിയമപരമായ വ്യാഖ്യാനം പ്രധാനമാണ്.
 
2016ല്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതു പ്രകാരം സഞ്ചരിക്കുന്നതു സ്വകാര്യ വാഹനത്തിലാണെങ്കിലും പൊതു വഴിയുടെ സഞ്ചരിക്കുമ്പോള്‍ ആ കാറിനകം സ്വകാര്യ ഇടമാണെന്നു പറയാനാകില്ലെന്നായിരുന്നു വിധി.
ഏതായാലും ഇത്തരത്തില്‍ ഒരു സുപ്രീം കോടതി വിധി നിലവില്‍ ഉള്ളതിനാല്‍ ഇനി സ്വകാര്യതയുടെ ലംഘനം എന്ന വാദം എത്രമാത്രം നിലനില്‍ക്കുമെന്നും, ക്യാമറയില്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ല എന്നതിനെച്ചൊല്ലിയുള്ള പിഴ ശിക്ഷകള്‍ അനുസരിക്കാന്‍ കൂട്ടാക്കാതെ എത്ര പേര്‍ കേസിനു മുന്നിട്ടിറങ്ങുമെന്നും കാത്തിരുന്നു കാണാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക